Image

എംടി എന്ന രണ്ടക്ഷരം (യു.എ.നസീർ)

Published on 27 December, 2024
എംടി എന്ന രണ്ടക്ഷരം (യു.എ.നസീർ)

നമ്മുടെ കാലഘട്ടത്തിലെ അക്ഷരങ്ങളുടെ തമ്പുരാനും തുഞ്ചത്ത് എഴുത്തച്ഛന്റെ കാവലാളും ആയിരുന്നു എന്ന കാര്യത്തിൽ ആർക്കും സംശയമില്ല.  എം ടി വാസുദേവൻ നായർ എന്ന സാഹിത്യത്തിലും പത്രാധിപരംഗത്തും സാംസ്കാരിക , ചലചിത്ര മേഖലകളിലെല്ലാം ചരിത്രം കുറിച്ച ഒരു മഹദ് വ്യക്തിയുടെ  കാലഘട്ടത്തിൽ ജീവിച്ചു എന്നത് തന്നെ  മലയാളികളായ നമുക്കെല്ലാവർക്കും അഭിമാനികരമാണ്. മറ്റു ചില  ബഹുമുഖ  പ്രതിഭകളെ പ്പോലെ തന്നെ പുറമേക്ക് മൗനിയും , മിതഭാഷയും, ഗൗരവപ്രകൃതക്കാരനുമാണെങ്കിലും  അടുത്തറിയുവന്നവർക്ക് അദ്ദേഹം സ്നേഹ സ്പർശം നൽകിയ പ്രിയപ്പെട്ട  "വാസ്വോട്ട " നായിരുന്നു. പതിറ്റാണ്ടുകൾക്ക് മുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലഘട്ടത്തിലാണ് " നാലു കെട്ടും" എം.ടി എന്ന നോവലിസ്റ്റും ശ്രദ്ധിക്കപ്പെടാൻ ഇടയായത്. അതിന് മുമ്പ് തന്നെ അക്കാലത്തെ ചന്ദിക, മാതൃഭൂമി ആഴ്ചപ്പതിപ്പുകളിൽ ഈ പേരും പതിഞ്ഞിരുന്നു. ചന്ദ്രിക  പത്രാധിപന്മാർ   ആയിരുന്ന സി.എച്ച് മുഹമ്മദ് കോയ , എൻറെ പിതാവ് യു എ ബീരാൻ എന്നിവരുമായി അക്കാലം മുതലേ എം ടി അടുപ്പമുണ്ടായിരുന്നു എന്നെല്ലാം പിന്നീടാണ് മനസ്സിലായത്. 


അമേരിക്കയിൽ പോകുന്നതിനും മുമ്പ് കുടുംബ സുഹൃത്ത് അച്ചുവേട്ടൻ്റ  (അച്ചു ഉള്ളാട്ടിൽ) കൂടെ അവരുടെ വള്ളത്തോളിലെ റിസോർട്ടിലെ ഒരു ചടങ്ങിൽ ഒരു പകൽ മുഴുവൻ എം.ടി യോടൊത്ത് ചിലവഴിക്കാൻ കഴിഞ്ഞത് അപൂർവ്വ ഭാഗ്യമായി കരുതുന്നു. പിന്നീട് അവിചാരിതമായി പ്രവാസി ആയ ഉടനെ ഒരു ദിവസം ന്യൂയോർക്കിലെ കേരള സെൻ്ററിൽ എം.ടി വരുന്നുണ്ടെന്നു അക്ഷര സ്നേഹിയായ ഒരു  സുഹൃത്ത് അവസാന നിമിഷം വിളിച്ചു പറഞ്ഞപ്പോൾ അന്ന് പൊതു പ്രവർത്തന രംഗത്ത് സജീവമല്ലായിരുന്നെങ്കിലും കേരള സെൻ്റർ ഭാരവാഹി സ്റ്റീഫനുമായുള്ള അടുപ്പത്തിൽ എം.ടി യുടെ മനോഹരമായ ഒരു പ്രഭാഷണം കേൾക്കാൻ സാധിച്ചത് ഇന്നും ഓർമ്മിക്കുകയാണ്.

 " വായനകൾ പ്രിൻ്റ് എഡിഷനിൽ നിന്നും  ഓൺലൈനിലേക്ക് വഴിമാറിക്കൊണ്ടിരിക്കുകയാണെങ്കിലും, വെളുത്ത തോ മഞ്ഞയോ ആയ കടലാസ്സുകളിൽ കറുത്ത അക്ഷരങ്ങൾ വായിക്കുമ്പോൾ നേരെ നമ്മുടെ മനസ്സിലും ഹൃദയത്തിലും ആവരികൾ പതിയുകയാണെന്നും , കമ്പ്യൂട്ടറിൽ വായിക്കുമ്പോൾ ആ സുഖവും, സൗകര്യവും, ഓർമ്മയിൽ നിൽക്കലും ഉണ്ടാവില്ല" എന്ന് എം.ടി പറഞ്ഞത് 25 വർഷങ്ങൾക്ക് മുൻപാണ് എന്ന് കൂടി നാം ഓർക്കണം. അന്നും ഭക്ഷണ ശേഷം കുറച്ചു നേരം അദ്ദേഹത്തിൻ്റെ വാചാലമായ മൗനവും പുറമെക്ക് കാണിക്കാത്ത സ്നേഹവും അനുഭവിക്കാൻ സാധിച്ചു. എം.ടി യുടെ വളരെ അടുത്ത സുഹൃത്തും, പ്രമുഖ സാഹിത്യകാരനുമായ പുനത്തിൽ കുഞ്ഞബ്ദുള്ള രണ്ടു മൂന്നാഴ്ചകൾ  ന്യൂയോർക്കിൽ എൻ്റെ കൂടെ താമസിച്ചിരുന്നു. മിക്കവാറും ദിവസങ്ങളിൽ ഇവർ തമ്മിൽ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. അതിനിടക്ക് ഒന്നു രണ്ടു തവണ എന്നെക്കൊണ്ടും സംസാരിപ്പിക്കും. 

പിന്നീട് എൻ്റെ മകളുടെ കല്യാണത്തിനു ക്ഷണിക്കാമെന്നു കരുതി ഫോണിൽ വിളിച്ചപ്പോൾ വരാൻ കഴിയില്ല എന്ന് ഒറ്റയടിക്ക് മറുപടിയും കിട്ടിയിട്ടുണ്ട്.  പതിനഞ്ചു വർഷം മുമ്പ് കോട്ടക്കൽ ആര്യവൈദ്യ ശാലയിൽ  വാത സംബന്ധമായ ചികിത്സക്ക് യശ ശരീരനായ ഡോക്ടർ പി.കെ വാര്യർ പതിനാല് ദിവസം അഡ്മിറ്റ് ആകാൻ പറഞ്ഞപ്പോൾ എനിക്ക് ആദ്യം അനുവദിച്ചത് മൂന്നാം നിലയിൽ ഒരു മുറിയിലാണ്. തൊട്ടടുത്ത മുറിയിൽ എം.ടി ഉണ്ടെന്ന് ആര്യവൈദ്യ ശാലയിലെ സുഹൃത്തുക്കൾ പറഞ്ഞിരുന്നെങ്കിലും, ഏറെ വില പിടിച്ച അഥിതിയെ  ഇപ്പോൾ ശല്യപ്പെടുത്തണ്ട എന്ന് കരുതി കാണാൻ നിന്നില്ല. എല്ലാ വർഷവും എം.ടി ആര്യ വൈദ്യശാലയിൽ കുറച്ചു ദിവസങ്ങൾ ഉണ്ടാകും. എം.ടി യുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അദ്ദേഹത്തിൻ്റെ ബന്ധുവും ഞങ്ങളുടെയൊക്കെ സുഹൃത്തുമായ ആര്യ വൈദ്യ ശാലയിലെ തന്നെ എം.ടി രാമകൃഷ്ണനാണ്. 

നാട്ടുകാരായ സന്ദർശകർ വരുന്നത് കാരണവും , മറ്റു  സൗകര്യങ്ങളും  നോക്കി അഡ്മിറ്റ് ആയ ദിവസം വൈകുന്നേരം തന്നെ ഞാൻ താഴെ നിലയിലെ ഒരു മുറിയിലേക്ക് മാറി. രണ്ടാം ദിവസം എന്നെ കാണാൻ അന്നത്തെ മലപ്പുറം എം.എൽ.എ കൂടിയായ  ഡോക്ടർ എം.കെ.മുനീർ വന്നപ്പോൾ നമുക്ക് എം.ടി.യെ കാണാൻ പോകാം എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നതിന്നടയിൽ ഡോക്ടർ പുനത്തിൽ കുഞ്ഞബ്ദുള്ളയും വന്നു. പിന്നീട് ഞങ്ങൾ  മൂന്നു പേരും  കൂടി എം.ടി യെ കാണാൻ  ചെന്നപ്പോൾ നസീറും ഇവിടെ താഴെ അഡ്മിറ്റ് ആയിരിക്കുകയാണെന്നു പുനത്തിൽ പറഞ്ഞു. ഇത് കേട്ട  ഉടനെ "അവൻ മിനിയാന്നു ഇവിടെ നേരെ എതിർ വശത്തെ  മുറിയിലായിരുന്നു പക്ഷെ അവന് റൂം വലിപ്പം പോരാത്ത കാരണം താഴെക്ക്  മാറിയതാണ്" സ്വത സിദ്ധമായ ഗൗരവത്തിൽ വാസ്വോട്ടൻ്റെ  മറുപടി കേട്ട് വല്ലാതായിപ്പോയി . ഉഴിച്ചിൽ കാർ ആരോ വിവരങ്ങൾ  അദ്ദേഹത്തോട്  പറഞ്ഞതാണ്. ഏതായാലും  അദ്ദേഹം മനസ്സു തുറന്നു സംസാരിക്കുന്നത് കുറെ കേൾക്കാൻ സാധിച്ചു. 

അഞ്ചു  വർഷം മുൻപ് എം.ടി യുടെ അയൽവാസിയും  പ്രിയ സഹപ്രവർത്തകനുമായ സമദ് പൊന്നേരി യുടെ ആവശ്യ പ്രകാരം അമേരിക്കയിലെ  " നന്മ" എന്ന സംഘടനയുടെ പ്രസിഡണ്ട് എന്ന നിലയിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി നിളാ നദിക്കരയിൽ അർഹതപ്പെട്ടവർക്ക്  വീടുകളും , സ്വയം തൊഴിൽ കണ്ടെത്താൻ പശുക്കളെയും മറ്റും വിതരണം ചെയ്യാൻ കൂടല്ലൂർ എന്ന വിശ്വ വിഖ്യാതമായ ഗ്രാമത്തിൽ പോയപ്പോൾ വാസ്വോ ട്ടൻ്റെ ബന്ധുക്കളെയും , ലോക പ്രശസ്തരായ ചില കഥാ പാത്രങ്ങളെയും കാണുവാനും കുറെ സമയം സംസാരിക്കാനും സാധിച്ചത് മറ്റൊരു  പുണ്യ കർമ്മമായ ഭാഗ്യമായി കരുതുന്നു.

അത്യാസന്ന നിലയിലാണ് എന്ന് അറിഞ്ഞപ്പോൾ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പോയി കുറച്ചു നേരം  പുറത്ത് നിൽക്കണമെന്ന്  ആഗ്രഹിച്ചതായിരുന്നു. അതിനു സാധിച്ചില്ല. സാഹിത്യ കുല പതിക്ക് പ്രണാമം.

യു.എ.നസീർ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക