Image

സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പി; ഡോ. മന്‍മോഹന്‍സിംഗ് രാജ്യത്തിന് നല്‍കിയ സംഭവാനകളെക്കുറിച്ചറിയാം (വെള്ളാശേരി ജോസഫ്)

Published on 27 December, 2024
സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്പി; ഡോ. മന്‍മോഹന്‍സിംഗ് രാജ്യത്തിന് നല്‍കിയ സംഭവാനകളെക്കുറിച്ചറിയാം (വെള്ളാശേരി ജോസഫ്)

ഇന്നലെ വൈകിട്ട് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗ്‌ അന്തരിച്ചു. ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ഡോക്ടർ മൻമോഹൻ സിംഗ്‌ നൽകിയ സംഭാവനകളെ കുറിച്ച് ഈ നിമിഷത്തിൽ നമുക്കൊന്ന് അനുസ്മരിക്കാം.

ഇന്ത്യക്ക് 1991-ൽ പ്രധാനമന്ത്രി ചന്ദ്രശേഖറിൻറ്റെ കാലത്ത് 'ബാലൻസ് ഓഫ് പേമെൻറ്റ് ക്രൈസിസ്' പരിഹരിക്കാൻ വിദേശത്ത് സ്വർണം പണയം വെക്കേണ്ടിവന്നു. അവിടുന്നാണ് പൂർണ്ണമായ ഉദാരവൽകരണത്തിൻറ്റെ തുടക്കം. കഴിഞ്ഞ കുറെയേറെ വർഷങ്ങളായി ക്രൂഡ് ഓയിൽ വിലകുറഞ്ഞതിന് ശേഷമാണ് നമ്മുടെ 'ഫോറെക്സ് റിസേർവ്' ഒക്കെ ശക്തമായ നിലവിൽ എത്തിയത്. 1991-ലെ ബാലൻസ് ഓഫ് പേമെൻറ്റ് ക്രൈസിസിൻറ്റെ സമയത്ത് രണ്ടോ മൂന്നോ ആഴ്ച വെളിയിൽ നിന്നും അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള 'ഫോറിൻ റിസേർവ്' മാത്രമേ അന്ന് ഇന്ത്യക്ക് ഉണ്ടായിരുന്നുള്ളു. വേൾഡ് ബാങ്കും, ഇൻറ്റർ നാഷണൽ മോനിട്ടറി ഫണ്ടും (IMF) ഇന്ത്യക്ക് ലോൺ തരാൻ അന്ന് തയ്യാറല്ലായിരുന്നു. ആ സമയത്ത് കഴിവുള്ള, ഒരാളെ ആയിരുന്നു ധനകാര്യ മന്ത്രി പദവിയിലേക്ക് വേണ്ടിയിരുന്നത്. അങ്ങനെയാണ് പ്രൊഫഷണൽ ഇക്കോണമിസ്റ്റായ ഡോക്ടർ മൻമോഹൻ സിംഗ് ഫിനാൻസ് മിനിസ്റ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കാലഘട്ടത്തിൻറ്റെ ആവശ്യം ആയിരുന്നു അത്.

സത്യം പറഞ്ഞാൽ, ഇന്ത്യയുടെ സാമ്പത്തിക മാറ്റത്തിന് ദീർഘമായ ഒരു ചരിത്രമുണ്ട്. ഇന്ത്യയുടെ സാമ്പത്തിക മാറ്റം1980-കളുടെ തുടക്കത്തിൽ തന്നെ തുടങ്ങിയിരുന്നു. ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിൻറ്റെ അംബാസിഡറിനും, ഫിയറ്റിൻറ്റെ പ്രീമിയർ പദ്മിനി കാർ കമ്പനിക്കും വർഷത്തിൽ ഇരുപതിനായിരം കാർ ഉണ്ടാക്കാൻ മാത്രമേ ലൈസൻസ് കിട്ടിയിരുന്നുള്ളൂ. അതിൽ നിന്ന് വ്യത്യസ്തമായി മാരുതിക്ക് വർഷം 2 ലക്ഷം കാറുണ്ടാക്കാൻ അനുമതി കിട്ടിയതും, ആ പ്രൊജക്റ്റ് വലിയ വിജയമായതും 1980-കളുടെ തുടക്കത്തിൽ രാജീവ് ഗാന്ധിയുടെ ഉറച്ച പിന്തുണയോടെ ആയിരുന്നു. രാജീവ് ഗാന്ധിയാണ് നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ ആദ്യം വിമർശിച്ചു തുടങ്ങിയത്. പിന്നീട് പ്രധാനമന്ത്രി ആയപ്പോൾ വ്യവസായികളെ കൂടെ കൂട്ടി റഷ്യ പോലുള്ള രാജ്യങ്ങൾ രാജീവ് ഗാന്ധി സന്ദർശിക്കുകയും ചെയ്തു. ഇതൊക്കെ അന്നുവരെ പ്രധാനമന്ത്രിമാർ അനുവർത്തിച്ചിരുന്ന രീതികളിൽ നിന്ന് വിത്യാസമുള്ളതായിരുന്നു.

1980-കളിൽ സിമൻറ്റ് ഉത്പാദനത്തിൽ ആറു വർഷത്തിനുള്ളിൽ 'ലൈസൻസ് പെർമിറ്റ്' എടുത്തു കളഞ്ഞത് മോണ്ടെക് സിങ് ആലുവാലിയയുടെ നെത്ര്വത്തിലുള്ള ഒരു കമ്മിറ്റിയുടെ ശ്രമഫലത്തിൽ ആയിരുന്നു. 'കൺസ്ട്രക്ഷൻ സെക്റ്റർ' വികസിക്കാൻ ആ നയം മാറ്റം കളമൊരുക്കി. ഇങ്ങനെ കാർ നിർമാണവും, വൻതോതിലുള്ള സിമൻറ്റ് ഉത്പാദനവുമായിരുന്നു സാമ്പത്തിക ഉദാരവൽക്കരണത്തിന് 'ബാക്ഗ്രൗണ്ട്' ആയി വർത്തിച്ചത്.

വേൾഡ് ബാങ്കിൽ ജോലി ചെയ്തിരുന്ന മോണ്ടെക് സിംഗ്‌ ആലുവാലിയ 1979-ൽ തന്നെ ഇന്ത്യയിൽ ജോയിൻറ്റ് സെക്രട്ടറി ആയി ജോലി തുടങ്ങിയിരുന്നു. ഡോക്ടർ മൻമോഹൻ സിംഗ്‌ അതിനു മുമ്പേ ഇന്ത്യയിൽ സെക്രട്ടറി പദവിയിൽ ഉണ്ടായിരുന്നു. രണ്ടു പേർക്കും പിന്നീട് മാത്രമേ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം ലഭിച്ചുള്ളൂ. കോൺഗ്രസിൽ ജയറാം രമേശും, മണിശങ്കർ അയ്യരും, പി. ചിദംബരവും മാത്രമേ പരസ്യമായി ഉദാരവത്കരണ നയത്തെ പിന്താങ്ങിയിരുന്നുള്ളൂ. നരസിംഹ റാവു അടക്കം മിക്ക കോൺഗ്രസുകാരും പഴയ സോഷ്യലിസ്റ്റ്-സ്വദേശി ഐഡിയകൾ ഉള്ളവർ ആയിരുന്നു. അതുകൊണ്ട് ഡോക്ടർ മൻമോഹൻ സിംഗ്‌ അനുവർത്തിച്ച നയം ആദ്യം പോളിസികൾ പ്രഖ്യാപിക്കുക; പിന്നീട് ഗവൺമെൻറ്റിൻറ്റേയും കോൺഗ്രസ് പാർട്ടിയുടേയും പിന്തുണ തേടുക എന്നുള്ളതായിരുന്നു.

സാമ്പത്തിക ഉദാരവൽക്കരണത്തിനു വേണ്ടിയുള്ള 30 പേജുള്ള 'എം ഡോക്കുമെൻറ്റ്' മോണ്ടെക് സിങ് ആലുവാലിയയുടെ സൃഷ്ടി ആയിരുന്നു. സാമ്പത്തിക ഉദാരവൽക്കരണത്തിനു വേണ്ടിയുള്ള 30 പേജുള്ള 'എം ഡോക്കുമെൻറ്റിൽ' ആരുടേയും പേരില്ലായിരുന്നു. പക്ഷെ 30 പേജുള്ള 'എം ഡോക്കുമെൻറ്റ്' മോണ്ടെക് സിങ് ആലുവാലിയയുടെ സൃഷ്ടി ആയിരുന്നു എന്ന് പലർക്കും അറിയാമായിരുന്നു. പിന്നീടാണ് ചന്ദ്രശേഖർ പ്രധാനമന്ത്രി ആയിരുന്നപ്പോൾ സ്വർണം വിദേശത്ത് പണയം വെച്ച് 'ഫോറിൻ എക്സ്ചേഞ്ജ് ക്രൈസിസ്' പരിഹരിക്കുവാൻ ഉള്ള തീരുമാനം ഉണ്ടായത്.

സാമ്പത്തിക ഉദാരവൽക്കരണത്തിനു വേണ്ടിയുള്ള 'എം ഡോക്കുമെൻറ്റും', പിന്നീട് ഡോക്ടർ മൻമോഹൻ സിംഗ് ഐ.ഐ.എം. ബാംഗ്ലൂരിൽ വെച്ചു ചെയ്ത ഒരു ദീർഘമായ പ്രഭാഷണവുമാണ് സാമ്പത്തിക ഉദാരവൽക്കരണത്തിന് 'ബാക്ഗ്രൗണ്ട്' ആയി മാറിയത്. ഈ സംഭവങ്ങളെല്ലാം മുൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ ആയിരുന്ന മോണ്ടെക് സിങ് ആലുവാലിയയുടെ സർവീസ് സ്റ്റോറിയായ 'Backstage - The Story Behind India's High Growth Years' എന്ന പുസ്തകത്തിൽ കൃത്യം കൃത്യമായി പറയുന്നുണ്ട്. ധനകാര്യ മന്ത്രി ഡോക്ടർ മന്മോഹൻ സിംഗിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യമൊന്നും പ്രധാനമന്ത്രി നരസിംഹ റാവു ഒരിക്കലും കൊടുത്തിരുന്നില്ല. ഇക്കാര്യവുമായി ബന്ധപ്പെട്ട് മോണ്ടെക് സിങ് ആലുവാലിയയുടെ സർവീസ് സ്റ്റോറിയായ 'Backstage - The Story Behind India's High Growth Years' എന്ന പുസ്തകത്തിൽ പറയുന്ന ഒരു സംഭാഷണമുണ്ട്. ഒരിക്കൽ നരസിംഹ റാവു ഡോക്ടർ മൻമോഹൻ സിങിനോട് പറഞ്ഞു: ”If the reforms succeeds; I will claim my share of the credit. If they fail; you will be blamed” ('Backstage - The Story Behind India's High Growth Years', പേജ് 175) ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ റാവുവിൻറ്റെ 'വിഷൻ'. ഉദാരവൽക്കരണവുമായി ബന്ധപ്പെട്ടുള്ള വിമർശനങ്ങൾക്കൊക്കെ അന്ന് മറുപടി പറഞ്ഞിരുന്നത് ഡോക്ടർ മൻമോഹൻ സിങ് ആയിരുന്നു; അല്ലാതെ പ്രധാനമന്ത്രി നരസിംഹ റാവു അല്ലായിരുന്നു. പ്രധാന മന്ത്രി ആകുന്നതിനു മുമ്പ് പ്ലാനിംഗ് കമ്മീഷൻ മെമ്പർ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, റിസേർവ് ബാങ്ക് ഗവർണർ, സാമ്പത്തിക ശാസ്ത്രത്തിലെ പ്രൊഫസർ, ധനകാര്യ മന്ത്രി - ഇവയെല്ലാം ആയിരുന്നു ഡോക്ടർ മൻമോഹൻ സിംഗ്. സാമ്പത്തിക മേഖലയെ കുറിച്ചുള്ള വിപുലമായ അറിവും അനുഭവ സമ്പത്തുമാണ് അദ്ദേഹത്തെ പലർക്കും പ്രിയങ്കരൻ ആക്കിയത്. ഈയിടെ നിതിൻ ഗഡ്കരി പോലും രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് കരുത്തുറ്റ സംഭാവനകൾ നൽകിയ വ്യക്തി എന്ന രീതിയിൽ ഡോക്ടർ മൻമോഹൻ സിംഗിനെ ആദരിക്കണമെന്നു പറഞ്ഞു.

ഡോക്ടർ മൻമോഹൻ സിങ്ങിന് 'മാക്രോ ഇക്കണോമിക്സ്' മേഖലയിൽ വിപുലമായ അറിവുണ്ടായിരുന്നു. അതുകൊണ്ട് ഈ മേഖലയിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ ധനകാര്യമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് അറിയാമായിരുന്നു. ഡോക്ടർ മൻമോഹൻ സിങ്, മോൺടക്ക് സിങ് അഹ്ലുവാലിയ, സി. രംഗരാജൻ - ഇവരായിരുന്നു ഉദാരവൽക്കരണം എന്ന നയം ഇന്ത്യയിൽ നടപ്പാക്കിയത്. ഈ ടീമിനെ നയിച്ചത് ഡോക്ടർ മൻമോഹൻ സിങ് തന്നെ ആയിരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ടിലേത് ഒരു 'Knowledge Based' ഇക്കോണമി ആണെന്നുള്ളത് ഡോക്ടർ മൻമോഹൻ സിങ്ങിന് അറിയാമായിരുന്നു. സിംഗപ്പൂർ, തായ്വാൻ, ഹോംഗ് കോംഗ്, ദക്ഷിണ കൊറിയ - ഈ 'ഏഷ്യൻ ടൈഗേഴ്സ്' രാജ്യങ്ങളിൽ സംഭവിച്ച സാമ്പത്തിക വളർച്ചയെ കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ബോധ്യം ഉണ്ടായിരുന്നു. പല ഇൻറ്റർവ്യൂവുകളിലും ഡോക്ടർ മൻമോഹൻ സിംഗ് ഇതു പറഞ്ഞിട്ടുമുണ്ട്.  'ഏഷ്യൻ ടൈഗേഴ്സ്' രാജ്യങ്ങളിൽ സംഭവിച്ച സാമ്പത്തിക വളർച്ച ഇന്ത്യയിലും ആവർത്തിക്കാനാണ് ഡോക്ടർ മൻമോഹൻ ശ്രമിച്ചത്.

1947-ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ മലേറിയ കൊണ്ടു തന്നെ ഒരു കോടിയോളം ജനം ഓരോ വർഷവും മരിച്ചിരുന്നു എന്നാണ് സ്വാമിനാഥൻ അയ്യർ കുറച്ചു നാൾ മുമ്പ് ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയത്. മലേറിയ കൂടാതെ കോളറ, ടൈഫോയിഡ്, ക്ഷയം - ഈ രോഗങ്ങളൊക്കെ ഓരോ വർഷവും പതിനായിരകണക്കിന് ഇൻഡ്യാക്കാരുടെ ജീവൻ എടുത്തിരുന്നു. ആ അവസ്ഥയിൽ നിന്ന് ഇന്ന് നാം എവിടെ നിൽക്കുന്നു? ധവള വിപ്ലവം, ഹരിത വിപ്ലവം, 'ബ്ലൂ റവലൂഷൻ' എന്ന് വിളിക്കപ്പെടുന്ന മീൻ പിടുത്തത്തിൽ ഉണ്ടായ ഗണ്യമായ വർധന, ടെലികോം റവലൂഷൻ, കമ്പ്യൂട്ടറൈസേഷൻ - ഇതെല്ലാം പിന്നീടുവന്നു.

മനുഷ്യൻറ്റെ ആയുർദൈർഖ്യം സ്വാതന്ത്ര്യം കിട്ടിയ വർഷങ്ങളിൽ നിന്നിപ്പോൾ വളരെ ഗണ്യമായി കൂടി. ദാരിദ്ര്യ നിർമാർജനത്തിൽ നാം വലിയ മുന്നേറ്റം നടത്തിയുട്ടെണ്ടെന്നുള്ളത് കൃത്യമായ വസ്തുതയാണ്. 407 മില്യണിൽ നിന്ന് 269 മില്യണിലേക്ക് 2004-05 കാലഘട്ടത്തിൽ നിന്ന് 2011-12-ൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ എത്തിക്കുവാൻ സാധിച്ചു എന്ന്‌ നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത് ഒരു നിസാര നേട്ടം അല്ല. എല്ലാ അർത്ഥത്തിലും ഇത്‌ മഹനീയമായ നേട്ടം തന്നെയാണ്. 138 ദശ ലക്ഷം ജനതയെയാണ് 2004-05 -നും 2011-12-നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ നമുക്ക് ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കുവാൻ സാധിച്ചു എന്നാണ് നാഷണൽ സാമ്പിൾ സർവേകൾ വ്യക്തമാക്കുന്നത്. ഉദാരവൽക്കരണ നയത്തിൻറ്റെ മുപ്പതാം വാർഷികത്തിൽ ഡോക്ടർ മൻമോഹൻ സിംഗ് അവകാശപ്പെട്ടത് 40 കോടി ജനത്തെ ദാരിദ്ര്യത്തിൽ നിന്ന് കര കയറ്റാനായി എന്നാണ്. 40 കോടി കുറച്ചു കൂടിയ അവകാശവാദമാണെന്നാണ് ഇതെഴുതുന്നയാൾക്ക് തോന്നുന്നത്. പക്ഷെ 25-30 കോടി ഇന്ത്യൻ ജനത്തെ ദാരിദ്ര്യത്തിൽ നിന്ന് ഉദാരവൽക്കരണം മൂലം കരകയറ്റി എന്നുള്ള കാര്യത്തിൽ ആർക്കും തർക്കമുണ്ടാവാൻ വഴിയില്ലെന്നാണ് തോന്നുന്നത്.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ 30 കോടിയിൽ മിച്ചമേ ജനസംഖ്യ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോൾ ഇന്ത്യയിൽ 140 കോടിയിൽ മിച്ചം ജനസംഖ്യയുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള രാജ്യത്ത് ഇന്ത്യയുടെ പരിമിതമായ വിഭവങ്ങളും സേവനങ്ങളും എത്തിക്കുക എന്നത് നിസാര കാര്യമൊന്നുമല്ലാ. ഇത്ര വലിയൊരു ജനതക്ക് വിഭവങ്ങൾ ലഭ്യമാക്കാൻ 'പ്രൊഡക്റ്റീവ് ഫോഴ്സസ്' അതിനനുസരിച്ച് വളരണമായിരുന്നു. പക്ഷെ അതുണ്ടായില്ല. 1991-ന് ശേഷം ഡോക്ടർ മൻമോഹൻ സിംഗ് പ്രൊഡക്റ്റീവ് ഫോഴ്സസിനെ വളരാൻ അനുവദിച്ചു.

ഗ്രാമീണ മേഖലക്ക് തൊഴിലുറപ്പ് പദ്ധതി, ആധാർ, ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനലക്ഷങ്ങളുടെ സാമ്പത്തികമായ ഉയർച്ച, ഇന്ത്യയിൽ ആഗോള രീതിക്കനുസരിച്ചുള്ള വികസനം, ഡൽഹി മെട്രോ പോലുള്ള ഇൻഫ്രാസ്ട്രക്ച്ചർ മികവ് - ഇതൊക്കെ ഡോക്ടർ മൻമോഹൻ സിംഗ് സർക്കാരിൻറ്റെ നേട്ടങ്ങളായിരുന്നു. ഡോക്ടർ മൻമോഹൻ സിംഗ് കൊണ്ടുവന്ന സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ ഫലമായി ശക്തമായ മധ്യവർഗം ഇന്ത്യയിൽ രൂപം കൊണ്ടു. ഈ മധ്യവർഗം പല രാജ്യങ്ങളിലേയും ജനസംഖ്യകൾ ഒന്നിച്ചുവെക്കുന്ന അത്രയുമുണ്ട്. ഈ ശക്തമായ മധ്യവർഗ്ഗവും, ആഭ്യന്തര വിപണിയും ഉള്ളതുകൊണ്ടായിരുന്നു 2008-ൽ അമേരിക്കയിൽ തുടങ്ങിയ സാമ്പത്തിക തകർച്ച ഇന്ത്യയെ ബാധിക്കാതിരുന്നത്. ലോകമാകെ പിന്നീട് വന്ന  സാമ്പത്തിക മാന്ദ്യം നമ്മെ അധികം ബാധിച്ചില്ല.

ഇന്ത്യ ഇന്ന് അനുഭവിക്കുന്ന എല്ലാ ആധുനിക സൗകര്യങ്ങൾക്കും നാം ആദ്യം നന്ദി പറയേണ്ടത് ഡോക്ടർ മന്മോഹൻ സിങ്ങിൻറ്റെ ഉദാരവൽക്കരണത്തിനാണ്. 40-45 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലെ മധ്യ വർഗത്തിൻറ്റെ കഥ എന്തായിരുന്നൂ? ഒരു ഗ്യാസ് കണക്‌ഷൻ കിട്ടുവാൻ ഏതാണ്ട് 5 വർഷം; ഒരു ഫോൺ കണക്‌ഷൻ കിട്ടുവാൻ ഏതാണ്ട് 6 വർഷം; ഒരു ബജാജ് സ്‌കൂട്ടർ ബുക്ക് ചെയ്തതിന് ശേഷം കിട്ടുവാൻ ഏതാണ്ട് 6-7 വർഷം.

ഇന്നിപ്പോൾ ഇന്ത്യയാകെ മാറി. ആറാം ശമ്പള കമ്മീഷൻറ്റേയും, ഏഴാം ശമ്പള കമ്മീഷൻറ്റേയും നിർദേശങ്ങൾ നടപ്പിലാക്കിയതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളം കുത്തനെ കൂടി. തദനുസൃതമായി സംസ്ഥാന ജീവനക്കാരുടേയും ശമ്പളം കൂടി. പ്രൈവറ്റ് സെക്റ്റർ ഇന്ത്യയിൽ ശക്തി പ്രാപിച്ചു. ഇന്നിപ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ ഇടയിലുള്ള ക്രയ-വിക്രയ ശേഷി വളരെയധികം കൂടി. പി.പി.പി.-അഥവാ 'പർച്ചയ്സിംഗ് പവർ പാരിറ്റി'-യും, റെവെന്യു വരുമാനം കൂടിയതുമൊക്കെ 1991-ൽ ഡോക്ടർ മൻമോഹൻ സിംഗ് കൊണ്ടുവന്ന സാമ്പത്തിക ഉദാരവൽക്കരണത്തിൻറ്റെ വൻ നേട്ടങ്ങളാണ്. ഈ വസ്തുതകളൊക്കെ ചരിത്രബോധമുള്ള എല്ലാവരും ഓർമിക്കേക്കേണ്ടതുണ്ട്.

(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ല.)

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക