Image

സ്നേഹപൂർവ്വം എം. ടി ക്ക് : സന റുബീന 

Published on 27 December, 2024
സ്നേഹപൂർവ്വം എം. ടി ക്ക് : സന റുബീന 

എംടിയുടെ കഥകള്‍ പലതും വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ നെഞ്ചില്‍ സൃഷ്ടിക്കുന്ന പ്രഹരങ്ങളും ആന്ദോളനങ്ങളും സഹിക്കവയ്യാതെ എന്നാല്‍ പുസ്തകം താഴെ വെക്കാനും തോന്നാതെ കഥാപാത്രങ്ങള്‍ ഒരു 'ബാധ'യായി ആവേശിച്ച ദിനരാത്രങ്ങള്‍ പണ്ടുണ്ടായിട്ടുണ്ട്.  മഞ്ഞിലെ വിമലയും വാനപ്രസ്ഥത്തിലെ വിനോദിനിയും കുടഞ്ഞെറിഞ്ഞിട്ടും എന്നില്‍നിന്നും ഇറങ്ങിപ്പോകാന്‍ കൂട്ടാക്കാതിരുന്ന രണ്ടു സ്ത്രീകളാണ്. 
എത്ര മനോഹരമായാണ് ഒരു സ്ത്രീ താൻ സ്നേഹിക്കുന്നവനെ കാത്തിരിക്കുന്നത്!! ഇന്നത്തെ ഫാസ്റ്റ് ട്രാക്ക് തലമുറയ്ക്ക് സങ്കൽപ്പിക്കാനാവുമോ വിമലയുടെ കാത്തിരിപ്പ്?
വരും വരാതിരിക്കില്ല എന്ന വാചകം എത്രയോ തലമുറകളെ അമ്മാനമാടിയില്ല!
വിജ്രംഭിപ്പിച്ചില്ല!!
ഒരു കാരണവും കൂടാതെ മനുഷ്യനെ സ്നേഹിക്കാൻ ആവുമെന്ന് നമ്മെ പഠിപ്പിച്ചത് മഞ്ഞിലെ സർദാർജിയാണ്. അങ്ങനെ എത്രയോ സർദാർജിമാർ ഓരോരുത്തരുടെയും ജീവിതത്തിൽ നിറം പകർന്നിട്ടുണ്ട്! സായാഹ്നങ്ങൾ കടം ചോദിച്ചിട്ടുണ്ട്! ഒരിക്കലും തിരികെ കൊടുക്കുവാനാവാത്ത സായാഹ്നപ്രതീക്ഷകൾ പലരെയും ഇന്നും ജീവിപ്പിക്കുന്നുണ്ടായിരിക്കില്ലേ...

മീഡിയ ഇത്രയും സജീവമല്ലാത്ത കാലത്തു എം. ടി. ദീർഘവീക്ഷണം ചെയ്ത ഒരു കഥയുണ്ട്.
ആധുനികതയിലും പൗരാണികതയിലും മനുഷ്യർ സമീപിച്ച 'കുടുംബം' എന്ന സ്ഫോടനാത്മകമായ  വിശ്വാസത്തിന്റെ തുഞ്ചത്തിരുന്നു വള്ളം തുഴയുന്നവർക്കുള്ള - താനടക്കമുള്ള - മനുഷ്യർക്കു മുൻപിൽ കാലത്തിനുമുൻപേ എം. ടി യിലെ എഴുത്തുകാരൻ  നീട്ടിപ്പിടിച്ച കണ്ണാടിയാണ് ഈ കഥ. കല്പാന്തം എന്ന ചെറുകഥ!

വടക്കേ ഇന്ത്യയിലെ ഒരു പട്ടണത്തിലെ കൊച്ചുകോളനിയിലെ  വീട്ടമ്മ മരിച്ചുകിടക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. മരണപ്പെട്ട സ്ത്രീ തന്നെ കഥ പറയുന്നു!

കഥാനായിക രുഗ്മിണി പുലര്‍ച്ചെ അഞ്ചരമണിക്ക് പാല്‍ക്കാരന്റെ ബെല്ല് കേട്ടുണരുന്നു.  ഒരു ശരാശരി വീട്ടമ്മയുടെ വീട്ടുജോലികളും ഭര്‍ത്താവിന്റെ ദിനചര്യയ്ക്കൊപ്പിച്ചുള്ള ഓട്ടങ്ങളും കാണാം.  വെള്ളിയാഴ്ച രാവിലെ കനത്ത മഴയുണ്ടെങ്കിലും പുറത്തേക്കു പോകാന്‍ തയ്യാറെടുക്കുന്ന ഭാസ്ക്കറിനോട് അവര്‍ ചോദിക്കുന്നു.

”ഈ മഴയത്ത്  എവിടേക്കാ..?”

“ആപ്പീസ് കാര്യത്തിനാണ്...പൂനയിലേക്ക്‌” എന്ന മറുപടി മാത്രമേ അവര്‍ക്ക് കിട്ടുന്നുള്ളൂ.

ജീന്‍സിട്ട് പുറത്തുവന്ന അയാളെ കണ്ടപ്പോള്‍ അവരൊന്നു ചിരിക്കയും ചെയ്തു.”ജീന്‍സോ..”എന്ന ചോദ്യം അയാള്‍ക്ക് ഇഷ്ടപ്പെട്ടുമില്ല.

വിവാഹത്തിനു മുന്‍പേയുള്ള ഭാസ്ക്കറിനെ അവര്‍ക്ക് ഓര്‍മയുണ്ട്. നിറുത്താതെ സംസാരിച്ചിരുന്ന തന്നെ പൊട്ടിച്ചിരിപ്പിച്ചിരുന്ന, തന്‍റെ ശരീരത്തില്‍ നിന്നും കയ്യെടുക്കാതെ തന്നെ വശംകെടുത്തിയിരുന്ന അയാളെ  അവര്‍ ഓര്‍ക്കുന്ന രംഗങ്ങള്‍ വളരെ നനുത്ത രീതിയില്‍ എംടി വരച്ചിട്ടിട്ടുണ്ട്. മുന്‍പ് ലണ്ടനില്‍ പോയിരുന്ന അയാളുടെ ജീവിതത്തിനു ചിട്ടകളുണ്ട്‌.  ആഫ്രിക്കന്‍ കാട്ടിലെ സായിപ്പിന്റെ ചിട്ടകൾ ഉദാഹരിച്ചു അയാൾ അയാളെ മെച്ചപ്പെട്ടവനാക്കുന്നുണ്ട് കഥയിൽ.

   ആധുനിക  കുടുംബത്തിലെ പുരുഷമേല്‍ക്കോയ്‌മയുടെ അടര്‍ത്തിയെടുത്ത അടയാളമാണയാള്‍. വിവാഹശേഷം ഭാര്യയുടെ ജോലി വേണ്ടെന്നുവെപ്പിച്ച സാധാരണപുരുഷന്‍. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സംസാരം പോലും അപൂര്‍വമായി. വിശദീകരണങ്ങളോ സ്നേഹപ്രകടനങ്ങളോ ഇല്ലാതായി. കുട്ടികള്‍ മുതിര്‍ന്നു പറന്നുപാറിയപ്പോള്‍  രാവിലെ ബാറ്ററി നിറച്ചു വൈകിയാലും പ്രവര്‍ത്തിക്കുന്ന ഒരു ഓട്ടോമാറ്റിക് മെഷീന്‍ ആയി മാറി ആ ഭാര്യാപദവി.
ഇയാൾ ഇപ്പോഴും സദസ്സുകളില്‍ ആ പഴയമനുഷ്യന്‍ തന്നെ!മറ്റുള്ളവരോട് ഹാസ്യം വിളമ്പുന്ന, ഭാര്യയെ ലാളിക്കുന്ന, നിര്‍ത്താതെ സംസാരിക്കുന്ന, ചിരിക്കുമ്പോള്‍ കവിളുകളില്‍ മിനുപ്പു പടരുന്ന, അറുപത്തിയേഴാം വയസ്സിലും പെണ്ണുങ്ങള്‍ വന്നു ഒട്ടിനില്‍ക്കുന്ന “ചെറുപ്പക്കാരന്‍!”

എന്നാല്‍ നായിക അവരുടെ തന്നെ വാക്കുകളില്‍ വെള്ളിയിഴകള്‍ നിറഞ്ഞ തലയും രണ്ടുപല്ലുകള്‍ എടുത്തതിനാല്‍ ഒട്ടിപ്പോയ കവിളുകളും ഉള്ളവള്‍...
മുന്‍പ് കുട്ടികള്‍ വിദേശത്ത് നിന്നും കൊടുത്തുവിടുന്ന ക്രീമുകള്‍ തേച്ചിരുന്നെങ്കിലും പിന്നീടതും വേണ്ടന്നു വെച്ചവള്‍.  ഇന്നത്തെയും എന്നത്തേയും സ്ത്രീക്ക് ന്യായങ്ങള്‍ പലതാണ്. നരച്ചു... ഇനി സന്യസിച്ചാല്‍ മതി.
എന്നാല്‍ പുരുഷനോ? അവന്‍ പല്ല് പോയാല്‍ സ്വര്‍ണ്ണപ്പല്ല് പകരം വെയ്ക്കും.  ഇങ്ങനെ നിസ്സംഗമായി ഒഴുകിയ ജീവിതനദിയിലേക്കാണ് കല്‍പ്പാന്തകാലത്തെ പ്രളയം വരുന്നത്.

തന്‍റെ ഫോണില്‍ നിന്നും എങ്ങോട്ടും ലൈന്‍ കിട്ടാതിരുന്ന ഒരു നിമിഷത്തില്‍ അവരെ തേടിവന്ന ഒരു ഫോണ്‍കാള്‍ ആണ് അവരെക്കൊണ്ട് ആ രാത്രിവരെ ജീവിച്ചാല്‍മതി എന്ന തീരുമാനം എടുപ്പിക്കുന്നത്.
തന്‍റെ ഭര്‍ത്താവ് ഓഫീസിലെ സെക്രട്ടറിയായ, മകളോളം പ്രായമുള്ള യുവതിയുമായി ഗസ്റ്റ്ഹൗസില്‍ തങ്ങുന്നു എന്ന വാര്‍ത്ത കേട്ടിട്ടും വളരെ ശാന്തതയോടെ അതിനോട് പ്രതികരിച്ചു അയാളെയും തന്നെയും ഒരുമിച്ചു തോല്‍പ്പിക്കാന്‍ അവര്‍ പ്രളയത്തിലേക്ക് വാതില്‍ തുറക്കുന്നു.

   രുഗ്മിണിയുടെ ചെറുപ്പക്കാലത്ത് ഭാസ്ക്കറിനെപറ്റി ചുരുങ്ങിയത് രണ്ടു പ്രേമമെങ്കിലും കേട്ടിട്ടുണ്ട്. ഒന്നില്‍ അയാളെ മുറിച്ചുവെച്ചപോലെ ഒരാണ്‍കുട്ടി ഉണ്ടെന്നുംവരെ കേട്ടിരുന്നു! പിന്നെന്തിനാണ് അവര്‍ ഇപ്പോള്‍ മരിച്ചത്?

   സ്വന്തം മകള്‍ക്ക് പ്രത്യേകമായി മുറിവേണമെന്ന നിര്‍ബന്ധം വന്നപ്പോള്‍  പൂജാമുറി മകൾക്കു കൊടുത്തു ദൈവത്തെ എടുത്തു ചുമരിലേക്കു മാറ്റിക്കളഞ്ഞു കഥാനായിക! അതും ഓര്‍മവെച്ച നാള്‍ മുതല്‍ വിശ്വസിച്ചു ജപിക്കുന്ന തന്‍റെ സ്വന്തം ദൈവത്തോട് കോംപ്രമൈസ് ചെയ്യാന്‍ തയ്യാറായ അവര്‍ തന്‍റെ സ്വന്തം പുരുഷന്‍റെ പേര്‍സണല്‍ സ്പേസിലേക്ക് വന്ന കാമുകിയോടും അയാളോടുമുള്ള പ്രതിഷേധം മരണത്തില്‍ കാണിച്ചു, തന്നെയും ചുമരില്‍ പ്രതിഷ്ഠിക്കാവുന്ന ഫോട്ടോയിലേക്ക് ഒതുക്കിയാല്‍ മതി അല്ലാതെ തന്‍റെ ചൈതന്യമുള്ള ശരീരത്തിന്‍റെ യാതൊരു ഗുണങ്ങളും നിങ്ങള്‍ക്കിനി കിട്ടാന്‍ പോകുന്നില്ല എന്നുറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്തത്!  

മരണം അറിഞ്ഞെത്തിയ ഭര്‍ത്താവിനെ നോക്കാം ഇനി. മരണവീട്ടിലേക്ക് കാമുകി കടന്നുവരുന്നു.
"എനിക്ക് ഇനി നീയേ ഉള്ളൂ"  എന്ന ആകുലഭാവത്തില്‍ അയാള്‍ കാമുകിയെ നോക്കുന്നു. ഏകദേശം നാലുവര്‍ഷമെങ്കിലും ആയുസ്സുണ്ട് ഇവരുടെ ബന്ധത്തിന്. എന്നാല്‍ " പടുവൃദ്ധനെ ഏറ്റെടുക്കും എന്ന വിചാരം ഉണ്ടെങ്കിൽ അതെല്ലാം മനസ്സിൽ വെച്ചാൽ മതി " എന്ന മറുപടി അവൾ കണ്ണുകളാൽ നൽകി പുറത്തേക്കു നടക്കുന്നു. ഇതുകണ്ട ശവശരീരം ചിരിക്കുന്നു.

ഇങ്ങനെയൊരവസരത്തില്‍ ആരും വൃദ്ധനായ തന്‍റെ കാമുകനെ ഏറ്റെടുക്കയില്ലെന്ന പ്രായോഗികബുദ്ധിയുടെ ഇടപെടല്‍ ഇവിടെ കാണാം. ഇന്ന് മക്കള്‍പോലും വയസ്സായ മാതാപിതാക്കളെ സദനങ്ങളില്‍ നടതള്ളുന്ന കാഴ്ചകള്‍ ചുറ്റിലും ഉള്ളപ്പോള്‍ യാതൊരു ഉത്തരവാദിത്തമോ കടപ്പാടുകളോ ഇല്ലാത്ത “ഒരു വെറും കാമുകനെ” ഏറ്റെടുക്കാന്‍ തനിക്കു കഴിയില്ലെന്ന് പ്രഖ്യാപിക്കയാണ് ഈ പെണ്‍കുട്ടി ഇവിടെ.

ഒരു  പെണ്‍കുട്ടിയുടെ മനസ്സറിയാന്‍ കഴിയാതെ പോയതാണ് അയാളുടെ പരാജയം. അതുപോലെ തന്‍റെ നിഴലായി മാറി തനിക്കുവേണ്ടി ജീവിച്ച മറുപാതിയുടെ മനസ്സറിയുന്നതിലും അയാള്‍ പരാജയപ്പെട്ടു. എക്കാലത്തെയും പുരുഷന്‍റെ പരാജയകാരണങ്ങളില്‍ ഒന്ന്!

ദൈനംദിനജീവിതത്തിൽ ഒരാളെ ഏറ്റെടുക്കുമ്പോൾ അയാളെ ശുശ്രൂഷിക്കണം... വീട്ടുകാര്യങ്ങൾ.. ദിനചര്യകൾ... രോഗപീഡകള്‍.... 
ഒരു വൃദ്ധനെ ഏറ്റെടുത്തിട്ടെന്തു കിട്ടാൻ? പക്ഷേ അയാൾ മേലധികാരി ആകുമ്പോൾ അയാളുടെ “കാമുകി” ആകാൻ സുഖമുണ്ട്.
അതൊരു ലഹരിയും ആഴത്തിൽ തൊടാത്ത ഒഴുക്കുമാണ്. ക്യാബിനിൽ വെച്ചു ഒരു കെട്ടിപ്പിടുത്തം. നാല് ചുംബനം. ഇത്രയേ വേണ്ടൂ....മാത്രമല്ല അയാളിലൂടെ താന്‍ ഉള്‍കൊള്ളുന്ന ഒരു ചെറിയ സമൂഹത്തെ ഭരിക്കാം എന്ന വിലകുറഞ്ഞ അഹങ്കാരത്തിന്റെ ശേഷിപ്പുകളും ഉന്തി നില്‍ക്കുന്നു! അതിലുപരി ശീതീകരിച്ച ഹോട്ടല്‍മുറികളിലെ ജീവിതമല്ല യഥാര്‍ത്ഥജീവിതമെന്ന് നല്ല ബോധ്യമുണ്ട് ഈ പെണ്‍കുട്ടിക്ക്.

കഥാനായികയുടെ ശവമെടുപ്പോടെ ഇവിടെ കഥയവസാനിക്കുന്നു. എന്നാൽ ശവമെടുപ്പ് കഴിയുമ്പോൾ അയാളറിയും അത്‌ ആത്മഹത്യയാണെന്നും  അതിനു കാരണക്കാരൻ താനാണെന്നും! അതൊരു ഭീതിദമായ അവസ്ഥയായിരിക്കും.
കാമുകി ഉപേക്ഷിച്ചു എന്ന സത്യവും നേരിടണം. ലോകപരിചയമുള്ള അറുപത്തിയേഴു വയസ്സായ രണ്ടു പെണ്മക്കൾ ഉള്ള കഥാനായകൻ ആരെയെങ്കിലും സ്നേഹിച്ചിട്ടുണ്ടായിരുന്നോ..? സദസ്സുകളിൽ പൊട്ടിച്ചിരിക്കുന്ന, വീട്ടില് വന്നാൽ മിണ്ടാത്ത ഇയാൾക്ക്‌ ആരോടെങ്കിലും സ്നേഹമുണ്ടാ യിട്ടുണ്ടോ...? ശരീരത്തോടല്ലാതെ? അവനവനോടല്ലാതെ?സ്വയം സമര്‍പ്പണമില്ലാത്ത പുരുഷന്മാരെ കുറെ സൃഷിടിച്ചു എം ടി തന്‍റെ കഥകളില്‍.
സമർപ്പണമില്ലാത്തവരിൽ ആരു സമർപ്പിക്കപ്പെടാൻ വരും ?


   ഇനിയൊരു മറുപുറം വരയ്ക്കാം.  
ഏതൊരു സ്ത്രീപുരുഷബന്ധത്തിലും പുരുഷന്‍ തന്നോടടുക്കുന്ന ഏതൊരു സ്ത്രീയിലും തേടുന്നതൊരു അമ്മമനസ്സാണെന്നും നേര്‍പകുതിയിലെ വാത്സല്യമാണെന്നും, സ്ത്രീ അവളെ ലാളിക്കുന്ന അല്ലെങ്കില്‍ അവളോട്‌ കരുണ കിനിയുന്ന മനസ്സാണ് പുരുഷനില്‍ നോക്കുന്നതെന്നും ഞാന്‍ വായിച്ച, അല്ലെങ്കില്‍ അനുഭവങ്ങളിലൂടെ അറിഞ്ഞ ജീവിതങ്ങള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഈ അമ്മമനസ്സിന്റെ തിരസ്ക്കരണം പുരുഷനെ ചെകുത്താനും അധമനുമാക്കുന്നുവെന്നും തോന്നിയിട്ടുണ്ട്. അതുപോലെ നെഞ്ചിലേറ്റാന്‍ കൊതിക്കുന്ന സ്നേഹത്തില്‍നിന്നും ഉണ്ടാകുന്ന പ്രഹരങ്ങള്‍ സ്ത്രീയെ ദുര്‍ദേവത യാക്കി മാറ്റുമെന്നും കണ്ടിട്ടുണ്ട്. പരസ്പരപൂരകങ്ങളാകേണ്ട ഈ സ്നേഹങ്ങള്‍ക്ക്‌ ഓട്ടയുണ്ടാകുന്നത് സ്നേഹരാഹിത്യത്തില്‍ നിന്നുമാത്രമാണ്. ആ ഓട്ടയിലൂടെ ഒലിച്ചുപോകുന്നത് മിടുക്കോടെ കെട്ടിയുയര്‍ത്തി എന്നഹങ്കരിക്കുന്ന ജീവിതം തന്നെയാണ്.

   ഇവിടെ “കല്പ്പാന്ത”ത്തിലെ നായകനോട് കുറച്ചുകൂടി ആര്‍ദ്രത എം.ടി. ക്ക് കാണിക്കാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.
തന്‍റെ കാമുകിയോട് പുരുഷന്‍ പലപ്പോഴും നനുത്ത സമീപനമായിരിക്കും കാണിക്കുക. തനിക്കു വഴങ്ങാത്ത ലാളനങ്ങളും മൃദുലതയും വാത്സല്യവും  മനസ്സിന്‍റെ ഇരുളറകളില്‍ നിന്നും പൊടി തട്ടിയെടുത്തു അവളുടെ മുന്നിലൊരു താലത്തില്‍ സമര്‍പ്പിക്കാന്‍ അയാള്‍ തയ്യാറായെന്നുവരാം. ഭാര്യ എപ്പോഴും പുരുഷന്‍റെ തിരക്കുകളും, കോപത്തിന്‍റെയും പ്രായോഗികത യുടെയും മുനയുള്ള ചീളുകള്‍ ഏറ്റുവാങ്ങി മുറിപ്പെടുന്നവള്‍ ആണെങ്കില്‍ ( ബഹുലൈംഗികതയെ പ്രോത്സാഹിപ്പിക്കുകയല്ല എന്നെടുത്ത് പറയട്ടെ,) കാമുകിക്ക് കിട്ടുന്നത് എപ്പോഴും വാഴയിലയിലെ ഞാവല്‍പ്പഴങ്ങളാണ്. അതിന്‍റെ നേര്‍മയും മണവും നാവിലലിയുന്ന മധുരവും നിറവും അവളെയും അയാളെയും ഒരുമിച്ചു  ഭ്രമിപ്പിക്കുന്നുണ്ടാവാം!
ഇതെല്ലാം മനസ്സിലാക്കാന്‍ കഴിയുന്നൊരു കാമുകിയെ സ്രൃഷ്ടിക്കുവാന്‍ എം.ടി. മനപൂര്‍വം ശ്രമിച്ചില്ലെന്ന് വേണം കരുതാന്‍.
ആ ഇലയിലെ ഞാവല്‍പ്പഴങ്ങള്‍ അവര്‍ക്കുള്ളതല്ല എന്നദ്ദേഹം തീരുമാനിച്ചിരിക്കാം...

എം. ടി. മഞ്ഞുപോലെ മാഞ്ഞുപോകുമ്പോൾ മനസ്സ് ശൂന്യമാകുന്നു. അദ്ദേഹത്തിനല്ലാതെ മറ്റൊരാൾക്ക് എഴുതാനാകാത്ത 'മഞ്ഞിലേക്ക്' അദ്ദേഹം മറയുന്നു.

മറയുമൊരോ പകലിലും നീ കാത്തുനിൽക്കുന്നു.
മഴനിലാവിൻ മനസ്സുപോലെ പൂത്തുനിൽക്കുന്നു...
സമയം കടന്ന മാത്രകൾ...
പിരിയാൻ വിടാത്തൊരോർമകൾ....

മരണമില്ലാത്തവനേ....
അങ്ങേയ്ക്ക് ആയിരം ഇന്ദ്രനീലിമയോടെ പ്രണാമം ..!

 
 

Join WhatsApp News
(ഡോ.കെ) 2024-12-28 00:44:50
മരിക്കുന്നതിന് മുൻപ് അയച്ചു കൊടുക്കേണ്ടതായിരുന്നു.മഹത്വം ജീവിക്കുമ്പോഴാണ് പറയേണ്ടത്.മരിച്ചതിന് ശേഷം മഹത്വം പറഞ്ഞിട്ടെന്ത് കാര്യം.ഇതേ എം.ടി തന്നെയാ ചില കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് അടിമപ്പെട്ട് നിർമ്മാല്യം എന്ന സിനിമയുടെ സ്ക്രിപ്റ്റിൽ വെളിച്ചപ്പാടിനെക്കൊണ്ട് ദേവി വിഗ്രഹത്തിൽ കാർക്കിച്ചു തുപ്പിച്ചത്.അതെ എം.ടി തന്നെ അവസാന കാലങ്ങളിൽ കമഴ്ന്നു കിടന്നു ദേവിയുടെ വിഗ്രഹത്തിനു മുന്നിൽ പ്രണാമം ചെയ്തു കരഞ്ഞു പ്രാർത്ഥിച്ചത്.അയാൾ പ്രമുഖ അക്ഷര സ്നേഹിയെന്നതിൽ യാതൊരു സംശയവുമില്ല.മരണം ഒരു ദുഷ്പ്രവർത്തിയെയും വെളുപ്പിക്കുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക