ഇന്നലെ...
തൊഴുകയ്യോടെ, നിറകണ്ണുകളോടെ, പ്രിയപ്പെട്ട അക്ഷര ചക്രവർത്തിയെ, അവസാനമായി കാണുമ്പോൾ, പ്രണാമങ്ങൾ അർപ്പിക്കുമ്പോൾ, വെറുതെ ഒന്ന് മോഹിച്ചു പോയി... ഒരിക്കലെങ്കിലും, ഒന്നു കണ്ണ് തുറന്നിരുന്നെങ്കിൽ..!
പതിവുള്ള ഗൗരവത്തോടെയാണെങ്കിലും ഒന്ന് നോക്കിയിരുന്നെങ്കിൽ!
പ്രദക്ഷിണത്തിനു മുൻപ്, അങ്ങേ അറ്റത്തെ കൃതാർത്ഥതയോടെ ,തൊട്ടരികിൽ നിന്ന് പിറുപിറുക്കുന്നത്, ഒന്നു കേട്ടിരുന്നെങ്കിൽ!
"മനസ്സിൽ ഓർമ്മകളുടെ കടലിരമ്പം ...
കുട്ടിക്കാലത്ത് വലിയച്ഛന്റെ വീട്ടിൽ വെച്ച് നേരിട്ട് കാണാൻ കഴിഞ്ഞതും, സംസാരിച്ചതും,അന്നത്തെ പത്തുവയസ്സുകാരി,
'നാലുകെട്ടി'ന്റെ ഭ്രമം മുറ്റിനിന്ന ആദരവോടെ, മുതിർന്ന അപ്പുണ്ണിയെന്ന് സങ്കൽപ്പിച്ച് ചായകുടിക്കുന്നതു പോലും നോക്കി നിന്നിരുന്നതും,
പിന്നീട്,വല്ലപ്പോഴും ചെന്നൈയിൽ വരുമ്പോൾ അപൂർവ്വമായി വീണു കിട്ടിയിരുന്ന, ചെറു കൂടിക്കാഴ്ചകൾ, ആദരവോടെ ആസ്വദിച്ചിരുന്നതും,
വർഷങ്ങൾക്കു മുൻപ്, എഴുത്തിന്റെ അച്ചടിപ്പതിപ്പുകളുടെ ലോകത്തിലേക്ക് ആദ്യമായി വാതിൽ തുറന്നു തന്ന സന്ദർഭവും,
ആർട്ടിസ്റ്റായ ഷീല പവിത്രനുമായി, ഗൃഹലക്ഷ്മിക്കു വേണ്ടി ആദ്യത്തെ ഇന്റർവ്യൂ, തയ്യാറാക്കാൻ പറഞ്ഞതും, അത് അച്ചടിച്ചു വന്നപ്പോൾ, ഒട്ടും ഗൗരവം ചോരാതെ തന്നെ, നന്ന്, എന്നു മാത്രം അഭിപ്രായപ്പെട്ടതും,
അന്നത്തെ തുടക്കക്കാരിക്ക് അത് സ്വർഗ്ഗ സമാനമായ അനുഭവമായതും!
അങ്ങിനെ അവിടുന്നങ്ങോട്ടുള്ള, പല പടവുകൾ കയറിയുള്ള യാത്രയ്ക്കിടയിലും മനസ്സിലെ ആരാധനയും, നിറഞ്ഞ ആദരവും കൂടി ക്കൂടി വന്നിരുന്നതും!
കഴിഞ്ഞവർഷം ചെന്നൈയിലെ മലയാളി ക്ലബ്ബിന്റെ സാഹിത്യ വിഭാഗ ത്തിനുവേണ്ടി, നാലുകെട്ട്, അരങ്ങിൽ അവതരിപ്പിച്ചതിനെക്കുറിച്ച്, സംസാരിക്കാൻ, മൊബൈൽ ചിത്രങ്ങളുമായി, വീട്ടിലെത്തിയപ്പോൾ, ഇരട്ടി ഗൗരവം തോന്നിച്ച മുഖത്ത്, ഇടക്കൊരു വെളിച്ചം മിന്നി മറഞ്ഞതും, എങ്ങിനെ മറക്കാനാണ്! "
കേൾക്കുന്നുണ്ടോ,എന്ന്, അറിയാതെ, കുറച്ചുറക്കെ ചോദിക്കാനാഞ്ഞുവെന്നു തോന്നുന്നു. അപ്പോഴാണ്
അനുജത്തി ഓർമ്മിപ്പിച്ചത്, പിന്നിലാളുകളുണ്ട്, നടക്കു! എന്ന്.
പരിഭ്രമത്തോടെയായിരുന്നു സിത്താരയിലെത്തിയത്.
അവസാനമായി ഒന്ന് കാണാനുള്ള ഉൽക്കടമായ മോഹത്തിന്, പ്രിയ സുഹൃത്തായ, രാഗിണിയും കുഞ്ഞികൃഷ്ണനും ,കു ടയായപ്പോഴും, ഉയരങ്ങളിലെ ശിഷ്യഗണങ്ങളും, സ്ഥാനികളും, സുഹൃത്തുക്കളും ചേർന്നുള്ള അവിടത്തെ തിരക്കുകൾക്കുകൾക്കിടയിൽ ഏകലവ്യന്റെ മനസ്സുമായിട്ടായിരുന്നു നിൽപ്പ്, പ്രദക്ഷിണം!
ആൾക്കൂട്ടത്തിൽ എന്നും തനിയെയായിരുന്ന, ഋതുഭേദങ്ങൾക്കതീതമായ, കാലം ബാധിക്കാത്ത അക്ഷരക്കൂട്ടുകളുടെ മാന്ത്രികവിദഗ്ധനായിരുന്ന, പല കടവുകൾക്കിടയിലെയും ഓളങ്ങളും തീരങ്ങളും, കണ്ടറിഞ്ഞിരുന്ന, ജീവിതയാഥാർത്ഥ്യങ്ങളുടെ കശപ്പിലും, സ്വപ്നങ്ങൾ നെയ്യുന്ന മനുഷ്യാത്മാക്കളുടെ മനസ്സറിഞ്ഞിരുന്ന, മഞ്ഞിന്റെ നൈർമ്മല്യത്തോടെ അത് പകർത്തിയിരുന്ന, ഇരുട്ടിന്റെ ആത്മാക്കളെയും, കുട്ടിഏടത്തിയേയും പോലുള്ള, പുറന്തള്ളപ്പെട്ട മനുഷ്യ ജീവികളെയും സൂക്ഷ്മ രചനകളുടെ വിഷയമാക്കിയിരുന്ന, നിത്യ ജീവിതത്തിൽ, വേണ്ടാ, വേഷംകെട്ടെന്ന് ശഠിച്ചിരുന്ന, സദാ ഗൗരവവും വല്ലപ്പോഴും ഒരു ചെറുപുഞ്ചിരിയും മാത്രം അണിയുമായിരുന്ന, വള്ളുവനാടൻ മണ്ണിന്റെ ശ്വാസനിശ്വാസങ്ങൾ, കാണാപ്പാഠമായിരുന്ന,ഒരു പച്ച മനുഷ്യനായിരുന്ന കഥാകാരൻ...!
ഇന്നലെയുടെ കഥകളിലും, ഇന്നും നാളെയും പ്രതിഫലിപ്പിച്ചിരുന്ന, അക്ഷര വിസ്മയഖനികളുടെ നാലുകെട്ട് മാത്രം ഇനി ബാക്കി!
വിട വാങ്ങിയ , മലയാളഭാഷയുടെ എക്കാലത്തെയും പെരുന്തച്ചനാകുന്ന, തൂലികത്തുമ്പിന്റെ ബലത്തിൽ ചലച്ചിത്രങ്ങളുടെ വിജയാധാരവും, അടയാളപ്പെടുത്തിയ ഗുരു സമാനനായ, പ്രിയപ്പെട്ട എഴുത്തുകാരൻ, ഇനിയില്ല എന്നുള്ളത് വിശ്വസിക്കാൻ മനസ്സ് വരുന്നില്ല!
ഇന്നിന്റെ ഇരുട്ടകറ്റാൻ ഇന്നലെയുടെ വെളിച്ചം, എമ്പാടും ബാക്കിയാണെന്നതു മാത്രം ഒരാശ്വാസം!