Image

എ.കെ ആന്റണിക്ക് ആയിരം പൂര്‍ണചന്ദ്ര ദര്‍ശനം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 28 December, 2024
എ.കെ ആന്റണിക്ക് ആയിരം പൂര്‍ണചന്ദ്ര ദര്‍ശനം  (എ.എസ് ശ്രീകുമാര്‍)

അറയ്ക്കപ്പറമ്പില്‍ കുര്യന്‍ ആന്റണി എന്ന എ.കെ ആന്റണിയെ സംബന്ധിച്ചിടത്തോളം തന്റെ വഴിയും സത്യവും ജീവശ്വാസവും കോണ്‍ഗ്രസ് മാത്രമാണ്. പക്ഷേ, കോണ്‍ഗ്രസിന്റെ സ്ഥാപക ദിനവും എ.കെ ആന്റണിയുടെ ജന്മദിനവും ഒരേ ദിവസമായത് കേവലം യാദൃശ്ചികം. ഇന്ന് (ഡിസംബര്‍ 28) എ.കെ ആന്റണി ശതാഭിഷിക്തനായ ദിവസമാണ്. തന്നെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിക്കസേരയിലിരുത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ ദുഖപൂര്‍ണമായ വിടവാങ്ങല്‍ കൊണ്ട് കോണ്‍ഗ്രസിന് ഇക്കുറി പിറന്നാള്‍ ആഘോഷമില്ല. ആഘോഷങ്ങളോട് പണ്ടേ താല്പര്യമില്ലാത്ത ആന്റണിക്കും തിരുവനന്തപുരത്തെ വസതിയില്‍ ഇന്ന് സാധാരണ ദിനം മാത്രം.  

ഒരണയ്ക്ക് ബോട്ടു യാത്ര ചെയ്യാനുള്ള സൗകര്യം പുനസ്ഥാപിക്കാന്‍ വേണ്ടി ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള 1957-ലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ ഒരണസമരത്തിലൂടെ എ.കെ ആന്റണി രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ കെ.എസ്.യു എന്ന വിദ്യാര്‍ത്ഥി സംഘടയ്ക്കും രാഷ്ട്രീയമായ അടിത്തറ രൂപപ്പെടുകയായിരുന്നു. അന്ന് തുടങ്ങിയ ആന്റണിയുടെ പൊതുപ്രവര്‍ത്ത സപര്യയാണ് ഇന്ന് പൂര്‍ണചന്ദ്ര ദര്‍ശനത്തോടെ 84-ാം പിറന്നാളില്‍ എത്തിനില്‍ക്കുന്നത്.

അധികാര രാഷ്ട്രീയം വിട്ട് 2022-ല്‍ രാജ്യതലസ്ഥാനത്തുനിന്ന് നിന്ന് മടങ്ങിയ ആന്റണി കേരളത്തിന്റെ തലസ്ഥാന നഗരിയിലെ  ഈസ്വരവിലാസം റോഡിലുള്ള അഞ്ജനത്തിലാണ് താമസിക്കുന്നത്. അതൊരിക്കലും വിശ്രമ ജീവിതമല്ല. ഡല്‍ഹി വിട്ടെങ്കിലും പാര്‍ട്ടിയില്‍ ഇന്നും അവസാന വാക്കുകളിലൊന്ന് ആന്റണിയുടേതാണ്. അതിനാല്‍ തിരുവനന്തപുരത്തെ 'അഞ്ജനം' കേരളത്തിലെ ഹൈക്കമാന്റാവുന്നു.

തിരുവനന്തപുരത്തുള്ളപ്പോള്‍ എന്നും വൈകിട്ട് കേരളത്തിലെ കോണ്‍ഗ്രസ് ആസ്ഥനമായ ഇന്ദിരാഭവനിലെത്തുന്ന പതിവിന് ആന്റണി മുടക്കം വരുത്തിയിട്ടില്ല. ആന്റണിയെന്ന് കേള്‍ക്കുമ്പോള്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ തെളിമയാര്‍ന്ന മുഖമാണ് ഏവരുടെയും മനസിലോടിയെത്തുക. ആ മുഖമുദ്രയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി, 33-ാമത്തെ വയസില്‍ പാര്‍ട്ടി അധ്യക്ഷന്‍, പിന്നെ കേന്ദ്ര പ്രതിരോധ മന്ത്രി അങ്ങനെ ആഗര്‍ശത്തിന്റെ പിന്‍ബലത്തില്‍ ഉന്നത പദവികള്‍ അനേകം അദ്ദേഹത്തെ തേടിയെത്തി.

രാഷ്ട്രീയക്കാരുടെ ആത്യന്തിക ലക്ഷ്യം അധികാര സമ്പാദനം എന്നതായിരിക്കെ, പുഷ്പം പോലെ അധികാരക്കസേരകള്‍ വലിച്ചെറിഞ്ഞ ഒരേയൊരു കോണ്‍ഗ്രസ് നേതാവാണ് എ.കെ ആന്റണി. ഇപ്പോള്‍ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ടതിനപ്പുറം കോണ്‍ഗ്രസിന്റെ പഴയകാല പ്രതാപം തിരിച്ചുപിടിക്കുകയെന്നതാണ് ആന്റണിയുടെ ഉള്ളിലെ മോഹം. 1940 ഡിസംബര്‍ 28-ന് അറയ്ക്കപറമ്പില്‍ കുര്യന്‍ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് എ.കെ ആന്റണി ജനിച്ചത്. പ്രാഥമിക വിദ്യാസം ചേര്‍ത്തല ഗവ. ഹൈസ്‌കൂളില്‍. പിന്നീട് എറണാകുളം മഹാരാജാസില്‍ നിന്നും ബിരുദവും, എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദവും നേടി.

എഴുപതുകളില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും നേരും നെറിയുമുള്ള നേതാക്കളിലൊരാള്‍ എന്ന പേര് ആന്റണിക്കുണ്ടായിരുന്നു. 'പുണ്യാളന്‍ ആന്റണി' എന്ന പേര് പോലും അദ്ദേഹത്തിന് കിട്ടി. സോണിയാ ഗാന്ധിയുടെ ഏറ്റവും വിശ്വസ്തന്മാരിലൊരാളാണ് ആന്റണി. ഇന്ദിരാ ഗാന്ധിയുമായും രാജീവ് ഗാന്ധിയുമായും വളരെ അടുപ്പം അദ്ദേഹത്തിനുണ്ടായിരുന്നു. 1970-ലാണ് ആന്റണി ആദ്യമായി എം.എല്‍.എയാവുന്നത്. 1977-ല്‍ വെറും 37-ാം വയസ്സില്‍ അദ്ദേഹം കേരളത്തിലെ മുഖ്യമന്ത്രിയായി. കെ.പി.സി.സി അധ്യക്ഷനായി പത്ത് വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചു. മൂന്ന് ടേം കേന്ദ്ര മന്ത്രിപദത്തിലെത്തി.

2006 മുതല്‍ 2014 വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി. പ്രതിരോധ മന്ത്രി പദത്തില്‍ ഒരു നേതാവിന്റെ ദൈര്‍ഘ്യമേറിയ കാലയളവാണിത്. അഞ്ച് തവണ രാജ്യസഭയിലെത്തിയിട്ടുണ്ട് അദ്ദേഹം. കേരളത്തിലെ കോണ്‍ഗ്രസിനുള്ളിലെ എ ഗ്രൂപ്പിനെ നിയന്ത്രിച്ചിരുന്നത് ആന്റണിയായിരുന്നു. ഇന്ദിരയോട് അടിയന്തരാവസ്ഥ പിന്‍വലിക്കണമെന്ന് വരെ ആന്റണി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷമായിരുന്നു എ ഗ്രൂപ്പിന് ആന്റണി നേതൃത്വം നല്‍കിയത്. 2004-ലാണ് ഡല്‍ഹിയിലേക്ക് അദ്ദേഹം പൂര്‍ണമായും കളം മാറിയത്. കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റിയുടെ ഭാഗമായിരുന്നു ആന്റണി. എതിരാളികള്‍പോലും ആന്റണിയുടെ സത്യസന്ധതയെ അംഗീകരിക്കുന്നു.

ആന്റണിക്ക് തന്റെ പാര്‍ട്ടി ജീവശ്വാസമാണ്. ഖദറാകട്ടെ ആദര്‍ശത്തിന്റെ മേലങ്കിയും. അതേസമയം തന്നെ വേദനിപ്പിച്ച് ബി.ജെ.പിയിലേയ്ക്ക് ചേക്കേറിയ സ്വന്തം മകന്‍ അനില്‍ ആന്റണി ജനിക്കും മുമ്പ് കോണ്‍ഗ്രസ് വിട്ട ചരിത്രവും എ.കെ ആന്റണിക്കുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വീണ്ടും കര്‍ണാടകത്തിലെ ചിക്കമംഗ്ലൂരില്‍ ഇന്ദിരാ ഗാന്ധി മത്സരിക്കുകയുണ്ടായി. ഇന്ദിരയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് 1978-ല്‍ ആന്റണി മുഖ്യമന്ത്രി പദം രാജി വയ്ക്കുകയും താമസിയാതെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എ) ഗ്രൂപ്പ് രൂപീകരിച്ച് ഇടതു മുന്നണിയില്‍ ചേരുകയും ചെയ്തത്.

എന്നാല്‍ 1982 ഡിസംബറില്‍ എ.കെ ആന്റണിയുടെ (എ) ഗ്രൂപ്പും കെ കരുണാകരന്റെ (ഐ) ഗ്രൂപ്പും തമ്മില്‍ ലയിച്ചതോടെ കെ കരുണാകരനു ശേഷം കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ രണ്ടാമത്തെ മുതിര്‍ന്ന നേതാവായി എ.കെ ആന്റണി മാറി. തുടര്‍ന്നിങ്ങോട്ടുള്ള ശക്തമായ പാര്‍ട്ടി പ്രവര്‍ത്തനമാണ് ആന്റണിയെ കേന്ദ്ര പ്രതിരോധ മന്ത്രിക്കസേര വരെ കൊണ്ടെത്തിച്ചത്. കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ ആന്റണി വിശ്വസ്തനായ പാര്‍ട്ടി പ്രവര്‍ത്തകനെന്ന ലേബലില്‍ കൂടുതല്‍ ശക്തനാവുകയായിരുന്നു.

1985-ല്‍ ആദ്യമായി രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1996 കാലഘട്ടത്തില്‍ പി.വി നരസിംഹറാവു മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് കാബിനറ്റ് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. പഞ്ചസാര അഴിമതി ആരോപണത്തെ തുടര്‍ന്ന് 1995-ല്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ചു. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയ ആന്റണി 1995-ല്‍ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി. 2001-ല്‍ ചേര്‍ത്തലയില്‍ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനുണ്ടായ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് 2005-ല്‍ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആന്റണി രാജ്യത്തിന്റെ പ്രതിരോധ വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു.

എ.കെ ആന്റണി കോണ്‍ഗ്രസിലെ ഒരു ചടുലമായ കാലഘട്ടമാണ്, ചരിത്രമാണ്. പാര്‍ട്ടി മാത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ നേട്ടങ്ങളുടെയും ജനകീയ പ്രതിഛായയുടെയും ആണിക്കല്ല്. അതുകൊണ്ട് ഒരിക്കല്‍ പടിയിറങ്ങിയ കോണ്‍ഗ്രസിലേയ്ക്ക് അദ്ദേഹം മടങ്ങിയെത്തിയത്. അതിനാല്‍ത്തന്നെ ജനമനസുകളില്‍ നിന്ന് ആന്റണി മാഞ്ഞുപോയില്ല. തന്റെ മകന്‍ ബി.ജെ.പിയിലേയ്ക്ക് പോയപ്പോള്‍, അനിലിന്റെ നടപടി വേദനയുണ്ടാക്കുന്നതാണെന്നും അത് തെറ്റായ തീരുമാനമാണെന്നുമാണ് എ.കെ ആന്റണി വികാരപരമായി പ്രതികരിച്ചത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ അനില്‍ പ്രചാരണം നടത്തുമ്പോള്‍ എ.കെ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് അനില്‍ ആന്റണി അവിടെ തോല്‍ക്കുമെന്നാണ്. ''മക്കളെ കുറിച്ച് എന്നെ കൊണ്ട് അധികം പറയിപ്പിക്കേണ്ട. ഞാന്‍ ആ ഭാഷ ശീലിച്ചിട്ടില്ല. കെ.എസ്.യു കാലം മുതല്‍ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. പത്തനംതിട്ടയില്‍ മകന്‍ അനില്‍ തോല്‍ക്കണം. ആന്റോ ആന്റണി ജയിക്കണം. കാരണം ഞാന്‍ കോണ്‍ഗ്രസുകാരനാണ്, എന്റെ മതം കോണ്‍ഗ്രസാണ്. പത്തനംതിട്ടയില്‍ ഞാന്‍ പ്രചരണത്തിന് ഇറങ്ങിയില്ലെങ്കിലും ആന്റോ ആന്റണി നല്ല ഭൂരിപക്ഷത്തില്‍ ജയിക്കും...''

അച്ഛന്‍ ആന്റണി പറഞ്ഞതുപോലെ ആന്റോ ആന്റണി 66,119 വോട്ടുകള്‍ക്കാണ് സി.പി.എമ്മിലെ ഡോ. തോമസ് ഐസക്കിനെ പരാജയപ്പെടുക്കിയത്. 2,34,406 വോട്ടുകള്‍ നേടിയെങ്കിലും മകന്‍ ആന്റണി മൂന്നാം സ്ഥാനത്തായി. കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ ജനസമ്മതിയും സത്യസന്ധതയും ഒരുപോലെ ഉള്ള നേതാവായി ഇന്നും എ.കെ ആന്റണി തന്റെ ഇടപെടലുകളില്‍ സജീവമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക