ദൈവദൂതരുടെ ആനന്ദഗീതം
ഇപ്പോൾ കേൾക്കുന്നില്ല.
പുൽക്കൂട്ടിൽ എത്തിയ കുഞ്ഞാടുകളും
ഇപ്പോൾ നിശബ്ദരാണ്.
കിഴക്കുദിക്കിൽ ഉദിച്ചുയർന്ന നക്ഷത്രവും
ഇപ്പോൾ അദൃശ്യമാണ്.
സമ്മാനങ്ങളുമായി വന്ന രാജാക്കന്മാർ
തിരികെ പോയിരിക്കുന്നു.
ഈ രാവിൽ അവിടെ എന്താണ്
സംഭവിച്ചുകൊണ്ടിരിക്കുന്നത്…
തിരുക്കുടുംബം
ഈജിപ്തിലേക്ക്
ഓടി മറഞ്ഞിരിക്കുന്നു…
രണ്ടു വയസ്സ് വരെയുള്ള കുട്ടികളെ
കൊല്ലുവാൻ ഹേറോദോസിന്റെ തിട്ടൂരം…
ദീനരോദനങ്ങളായ് നേർത്തു പോകുന്ന
പൈതങ്ങളുടെ അലറിക്കരച്ചിലുകൾ…
മക്കൾ മടിയിൽ മരിക്കുന്ന അമ്മമാരുടെ
അടങ്ങാത്ത നിലവിളികൾ…
ഓമനപ്പുത്രൻമാർ
കബന്ധങ്ങളാകുന്ന
ഹൃദയം പിളർക്കുന്ന കാഴ്ചകൾ…
ദൈവപുത്രന്റെ തിരുപ്പിറവിയിൽ
ബലിയാടാകുന്ന കുഞ്ഞുങ്ങൾ…
ഓർമ്മകളിലുരുകുന്ന ഹൃദയവുമായ്
ഒരു നൂറ് വ്യാകുല മാതാക്കൾ…
കദനത്തിൽ മുങ്ങിയ ആ അമ്മമാർക്ക്
ഒരു പിടി കണ്ണീർ പൂക്കൾ.
—--------------------------
(" ജ്ഞാനികൾ തന്നെ കബളിപ്പിച്ചു എന്നു മനസ്സിലാക്കിയ ഹേറോദോസ് രോഷാകുലനായി. അവരിൽ നിന്നും മനസ്സിലാക്കിയ സമയമനുസരിച്ച്
അവൻ ബേത് ലേഹമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതിൽ
താഴെയും വയസ്സുള്ള എല്ലാ ആൺകുട്ടികളെയും ആളയച്ച് വധിച്ചു".
(ബൈബിൾ: മത്തായി (2: 16-18).)