Image

എം.ടി എന്നും എം.ടിയായിരുന്നു (ഷുക്കൂർ ഉഗ്രപുരം)

Published on 29 December, 2024
എം.ടി എന്നും എം.ടിയായിരുന്നു (ഷുക്കൂർ ഉഗ്രപുരം)

2023 ജൂലൈയിലാണ് ഞാൻ അവസാനമായി എം.ടിയെ കാണുന്നത്. കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ മാതൃഭൂമി ബുക്സ് സംഘടിപ്പിച്ച എം.ടിയുടെ നവതിയാഘോഷവുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാമായിരുന്നു അത്. എം.ടി എന്ന രണ്ടക്ഷരം മലയാളികളുടെ ഹൃദയത്തോട് ചേർന്നാണിരിക്കുന്നത്. അതിനൊരുപാട് കാരണങ്ങളുണ്ട്. ഒരിക്കൽ എം.ടി തന്നെ പറഞ്ഞു - ബഷീറിനെ പോലെ എഴുതാനാണിഷ്ടം. പക്ഷെ എം.ടി എഴുതിയതൊക്കെ ആയത് എം.ടി എഴുതിയത് പോലെയാണ്. ഇനി മറ്റാർക്കും അങ്ങനെ എഴുതാനാകുമെന്നും തോന്നുന്നില്ല. ബഷീറിനെപ്പോലെ എം.ടിയും യുനിക്ക് ആയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. എം.ടിയുടെ മരണ ശേഷം അദ്ദേഹത്തെ ജാതിവാദിയാക്കാനും സ്ത്രീ വിരുദ്ധനും വർഗ്ഗീയവാദിയാക്കാനുമൊക്കെ ചിലർ പരിശ്രമിക്കുന്നത് കണ്ടു. സത്യത്തിൽ എം.ടി അത്തരക്കാരനായിരുന്നില്ല എന്ന് എല്ലാവരും മനസ്സിലാക്കിയ കാര്യമാണ്. വളരെ അത്യാവശ്യത്തിന് മാത്രം സംസാരിക്കുകയും ആവശ്യമില്ലാത്ത ഒരു വാക്ക് പോലും ഉപയോഗിക്കാതിരിക്കുകയും ചെയ്ത മനുഷ്യനാണ് എം.ടി. നോട്ട് നിരോധന സമയത്ത് ശക്തമായ ഭാഷയിൽ അതികാരികളെ വിമർശിച്ച എം.ടിയുടെ ശബ്ദം ഇപ്പോഴും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്.  എം.ടി സാഹിത്യ അക്കാദമിയുടെ തലപ്പത്തുള്ള കാലത്ത് ഒരൊറ്റ ജാതിവാദിക്കോ വർഗ്ഗീയ വാദികൾക്കോ ഒരു കസേരയിടാൻ അവിടെ സാധിച്ചില്ല. ഇതിലൂടെ കേരളത്തിൻ്റെ സാംസ്ക്കാരിക വിശുദ്ധി സൂക്ഷിക്കാൻ ആ മനുഷ്യന് കഴിഞ്ഞു. എം.ടിയുടെ വലിയ നേട്ടങ്ങളിൽ ഒന്നായി എനിക്ക് തോന്നിയത് സാഹിത്യ അക്കാദമിയിൽ അദ്ദേഹമുള്ളപ്പോൾ എടുത്ത കണിശ തീരുമാനങ്ങളാണ്. എം.ടിയെ കുറിച്ച് പലരും പല കാര്യങ്ങളും എഴുതിക്കണ്ടു. 

അതിൽ വ്യത്യസ്തമായ ഒന്ന് ഇതാ - മുൻ മുഖ്യമന്ത്രി സി.എച്ചും എം.ടിയും തമ്മിലുള്ള കാര്യത്തെ കുറിച്ച് എഴുത്തുകാരൻ നൗഷാദ് കുനിയില്‍ ആണ് അത് കുറിച്ചത്.

"ഇന്ന്, ജൂലെെ 15 ന്, എം.ടി.ക്ക് 89 വയസ്സ് തികഞ്ഞു. സി.എച്ച്. ജീവിച്ചിരുന്നുവെങ്കില്‍ ഇന്ന് അദ്ദേഹത്തിന് 95 വയസ്സിന്റെ ചുറുചുറുക്ക് പൂര്‍ത്തിയായേനെ!

സി.എച്ചിന്റെയും എം.ടി.യുടെയും ജന്മദിനം ഒരേ ദിനമായതിലെ ആകസ്മിക സൗന്ദര്യം പ്രദാനം ചെയ്യുന്ന ആഹ്ലാദം ആവോളം നുകര്‍ന്ന്, സി.എച്ചിനെ എം.ടി. ഓര്‍ത്തെടുക്കുന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ളൊരോര്‍മ്മക്കുറിപ്പ് വീണ്ടും വായിച്ച് രണ്ടു ലെജെന്‍ഡുകളെ ഒരൊറ്റ ഫ്രെയ്മിലിങ്ങനെ നോക്കിനില്ക്കുകയാണ്... 

എം.ടി. എഴുതുകയാണ്:

ഞാന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലിചെയ്യവെ, അതിലെ പുസ്തക നിരൂപണ പംക്തിയായ 'വളരുന്ന സാഹിത്യത്തി'നുവേണ്ടി നിരൂപകര്‍ക്കായി പുസ്തകങ്ങള്‍ അയക്കുന്നതും എന്റെ ഉത്തരവാദിത്തമായിരുന്നു. കൂടെ അച്ചടിച്ച സ്ലിപ്പുണ്ടാവും. താഴെ ചേർത്ത പുസ്തകങ്ങൾ ഇതുസഹിതം രെജിസ്റ്റർ ചെയ്തയക്കുന്നു. കഴിയുന്നതും --- ആം തീയതിക്കുമുമ്പേ റിവ്യൂ ചെയ്തയച്ചാൽ ഉപകാരം.'പലരും പറഞ്ഞസമയത്തൊന്നും അയയ്ക്കുകയില്ല. പുസ്തകനിരൂപകരുടെ ലിസ്റ്റിൽ ഉള്ള 'എം.കെ.അത്തോളി' സി.എച്ച്.മുഹമ്മദ് കോയയാണെന്ന് തുടക്കത്തിലേ ഞാൻ കണ്ടെത്തിയിരുന്നു. ആറേഴു പുസ്തകങ്ങളുടെ കെട്ടായിരിക്കും അയയ്ക്കുന്നത്. മിക്കവാറും ഞങ്ങൾ നിർദ്ദേശിച്ച തീയതിക്കുമുമ്പായിത്തന്നെ അദ്ദേഹത്തിൻറെ നിരൂപണങ്ങൾ വന്നുചേരും. കഥയും കവിതയുമല്ലാത്ത ഗ്രന്ഥങ്ങളാണ് സി.എച്ചിന് അയച്ചുകൊടുക്കാറുള്ളത്. കുറേക്കൂടി ഭേദപ്പെട്ട പുസ്തകങ്ങൾ മാറ്റിവയ്ക്കാൻ ഞാൻ ശ്രദ്ധിച്ചു. വൈജ്ഞാനിക കൃതികൾ, യാത്രാവിവരണങ്ങൾ...

ഒരുദിവസം സി.എച്ച്. അപ്രതീക്ഷിതമായി പെട്ടെന്ന് മുറിയിലേക്ക് കയറിവന്നു. കൃഷ്ണവാര്യർ ഉണ്ടായിരുന്നില്ല.

“ഈയിടെ അയച്ച ഒരു റിവ്യൂ?”

“കിട്ടി. കൊടുത്തിട്ടുണ്ട്.”

"അടിച്ച് കഴിഞ്ഞോ?"

അദ്ദേഹത്തിന് നല്ല ഉത്കണ്ഠ ഉണ്ടെന്ന് തോന്നി. ഒരു യാത്രാവിവരണ ഗ്രന്ഥത്തിന്റെ റിവ്യൂ ആയിരുന്നു.

"ഇല്ല. പേജ് പ്രൂഫ് രാവിലെ നോക്കിയിട്ടേയുള്ളൂ."

"ഭാഗ്യം. ഒരു കറക്ഷനുണ്ട്."

ഞാൻ പേജ് പ്രൂഫും കോപ്പിയും വരുത്തി. കൈകൊണ്ട് അച്ചുനിരത്തിയിരുന്ന കാലമാണ്. മഷിപുരണ്ട 'കോപ്പി' (ഒറിജിനലിന് പത്രമാപ്പീസിൽ 'കോപ്പി' എന്നാണു പറയുക)യും പേജുപ്രൂഫും വന്നു. അദ്ദേഹം കോപ്പി വാങ്ങി ധൃതിയിൽ അവസാന പാരഗ്രാഫ് വായിച്ചു. എന്നിട്ട് ചില വരികൾ വെട്ടി. മേശപ്പുറത്ത് നിന്ന് കുത്തിക്കുറിക്കാൻ വെച്ച ന്യൂസ്പ്രിൻറ് പാഡിൽ നിന്ന്‌ ഒരു പേജ് ചീന്തി, ധൃതിയിൽ എന്തോ എഴുതി. വായിച്ചു നോക്കി. എന്നിട്ട് എൻറെ നേരെ നീട്ടി. 

“അവസാനം ഇതുമതി.”

“ഓ”

“ബുദ്ധിമുട്ടായോ?”

"ഹേയ് ഇല്ല." ഞാൻ നോക്കി. അദ്ദേഹം വെട്ടിയ വരികൾ ഇതായിരുന്നു:

"എസ്.കെ.പൊറ്റെക്കാട്ടിന്റെയും മറ്റും യാത്രാവിവരണങ്ങൾ വായിച്ചാസ്വദിച്ച മലയാളികൾ ഈ ഗ്രന്ഥ൦ വായിച്ചുതീർക്കാനിട വന്നാൽ പറഞ്ഞേക്കും: 'ദേവദൂതർ കടക്കാൻ മടിക്കുന്നേടത്ത് വിഡ്‌ഢികൾ പാഞ്ഞുകയറുന്നു."

തിരുത്തിയത് ഏകദേശം ഈ രൂപത്തിലായിരുന്നു:

"എസ്.കെ.പൊറ്റെക്കാട്ടിൻറെ പ്രശസ്തമായ യാത്രാവിവരണങ്ങൾ അനുഭവിച്ച മലയാളികളുടെ അടുത്തേക്കാണ് തൻറെ ഗ്രന്ഥ൦ എത്തുന്നതെന്ന് ഗ്രന്ഥകാരൻ രചനാവേളയിൽ ഓർമിക്കേണ്ടതായിരുന്നു." അദ്ദേഹം എഴുന്നേറ്റു. ചിരിച്ചുകൊണ്ട് പറഞ്ഞു: "ഇതും ശകാരമാണ്. പക്ഷെ, ആദ്യത്തേത് കുറച്ചധികം ക്രൂരമായി എന്ന് പിന്നെ തോന്നി." കൈ തന്നു ചിരിച്ചുകൊണ്ട് അദ്ദേഹം പുറത്തേയ്ക്കുപോയി.

പലതിരക്കുകൾക്കിടയിൽ എഴുതിയയച്ച ഒരു പുസ്തകാഭിപ്രായത്തിലെ വരികളെ വീണ്ടും ഓർമിക്കുകയും ധൃതിയിൽ വന്ന് തിരുത്തുകയും ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി. താൻ ഏറ്റെടുത്ത ജോലിയിലുള്ള ശ്രദ്ധയും നിഷ്കർഷയും ഒരുവശത്ത്. ശകാരമായാലും എതിരഭിപ്രായമായാലും അത് ക്രൂരമാവരുത് എന്ന ഹൃദയവിശാലത മറുവശത്ത്. 

തുടക്കക്കാരനായ ഒരു പത്രപ്രവർത്തകന് ചിന്തിക്കാൻ ധാരാളം വകനൽകിയ ഒരു തിരുത്തലിനാണ് ഞാൻ സാക്ഷ്യം വഹിച്ചത്.

ചെറിയ ഒരനുഭവം. അത് വലിയ ഒരു ജീവിത ദർശനത്തിലേക്ക് കടന്നുചെല്ലാൻ പ്രേരിപ്പിക്കുന്നതായിരുന്നു."

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക