ആരായിരുന്നു എനിക്ക് എം ടി? സാഹിത്യകാരൻ, പത്രാധിപർ, തിരക്കഥാകൃത്ത്,
സിനിമാ സംവിധായകൻ, വള്ളുവനാടിനെയും അതിന്റെ സാംസ്കാരിക പരിസരങ്ങളേയും
സാഹിത്യത്തിൽ ആർക്കും തുടച്ചുനീക്കാൻ ആവാത്ത വിധം പ്രതിഷ്ഠിച്ച ആൾ,
മലയാളത്തിന്റെ എഴുത്തു ഭാഷയെ മാറ്റിമറിച്ച ആൾ, ലോക സാഹിത്യത്തിലെ എല്ലാ
പുതുച ലനങ്ങളെയും അപ്പപ്പോൾ ത്തന്നെ വായനയുടെ നിരന്തര സപര്യ കൊണ്ട്
മനസ്സിൽ ആവാഹിച്ചു നടന്ന ആൾ, പുത്തൻ സാഹിത്യാഭിനിവേശങ്ങളെ ആവേശത്തോടെ
സാഹിത്യാഭിരുചികളുടെ പൂമുഖത്ത് കസേരകൊടുത്തു ഇരുത്തിയ ആൾ? തിരക്കഥ
എഴുത്തിലൂടെ മലയാള സിനിമയ്ക്ക് മറ്റൊരു ഭാവുകത്വം നിർമ്മിച്ചു കൊടുത്ത
ആൾ? സാഹിത്യമായാലും സിനിമയായാലും തൊട്ടതൊക്കെ പൊന്നാക്കിയ ആൾ? ആരാണ്
എനിക്ക് എം ടി?
കൃത്യമായ ഒരു ഉത്തരം ഇന്നും എനിക്ക് സാധ്യമല്ല എന്നതാണ് സത്യം. എംടി
എന്റെ മനസ്സിൽ എന്നും ഉരുത്തിരിഞ്ഞു പോന്നത് ഇതിന്റെയൊക്കെ
ആകത്തുകയായിട്ടാണ്.
ഞാൻ എഴുതി തുടങ്ങുന്ന കാലം,എം ടി എന്ന പേരും എംടിയുടെ കഥകളും നോവലുകളും
മലയാളികളുടെ മനസ്സിൽ കത്തി നിൽക്കുന്ന കാലമായിരുന്നു. അദ്ദേഹത്തിന്റെ
എഴുത്ത് ശൈലിയുടെ ലാളിത്യം, അദ്ദേഹത്തെ വായിച്ചപ്പോഴൊക്കെ മനസ്സിന്റെ
അടിത്തട്ടിൽ ഒരു നിലാ തുണ്ട് പോലെ കിടന്നു. . നാലുകെട്ട് എന്ന നോവലിലെ
കഥാപാത്രങ്ങൾ ഏതാണ്ട് അതേ നാടൻ സാംസ്കാരിക പരിസരത്തിൽ വളർന്ന
നമുക്കൊക്കെ തൊട്ടറിയാവുന്നവർ ആകുമ്പോഴും അതിൽ എം ടി. കേന്ദ്രീകരിച്ചത്
ഒരു നാലുകെട്ടിന്റെ തകർച്ച സാമൂഹ്യതലത്തിൽ ജീർണ്ണി ച്ചു പോകുന്ന
കൂട്ടുകുടുംബ വ്യവസ്ഥയുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന ആശയമായിരുന്നു. .
വ്യക്തിഗതമായ / കുടുംബപരമായ കാര്യങ്ങളാണെന്ന് ഉപരിപ്ലവമായി
തോന്നിപ്പിക്കുമ്പോഴും പശ്ചാത്തലത്തിൽ രാഷ്ട്രീയവും സാമൂഹ്യവുമായ
മാറ്റങ്ങളുടെ പെരുമ്പറകൾ പല സൃഷ്ടികളിലും കലമ്പിക്കൊണ്ടിരുന്നു.
വീടിന്റെ അകത്തളങ്ങളിലെ കണ്ണീരിനെയും മുറുമുറുപ്പുകളെയും ഇരുട്ടു മൂ
ലകളിൽ നിന്നും ഉയർന്ന വിശ്വാസങ്ങളേയും ബന്ധങ്ങളിൽ ദാരിദ്ര്യം
ഉണ്ടാക്കുന്ന വിള്ളലുകളെയും കുറിച്ച് ഇത്രയും സത്യസന്ധതയോടെ പരസ്യമായി
എഴുതാമോ എന്ന് ഞാൻ അന്ന് എന്നോട് ത്തന്നെ ചോദിച്ച് അമ്പരന്നു
നിന്നിട്ടുണ്ട് . ഒരു പരിധിവരെ കഥ എഴുതാൻ എനിക്ക് ധൈര്യം തന്നത് ആ
വിഷയാവതരണങ്ങളും അത് പ്രതിപാദിക്കപ്പെട്ട കഥന രീതികളും ആയിരിക്കണം.ഞാൻ
സംസാരിക്കുന്ന വള്ളുവനാടൻ ഭാഷയിൽ കഥയെഴുതാം എന്നും കഥ എഴുതാൻ വേണ്ടത്
പാണ്ഡിത്യമല്ലെന്നും ഉള്ള അറിവ് പതുക്കെ പതുക്കെ എന്നിലേക്ക് കിനിയാൻ
തുടങ്ങിയത് ആ വായനകളുടെ കാലത്താണെന്ന് തോന്നുന്നു . എനിക്ക് വളരെ
പരിചിതമായ നാടൻ ജീവിത പരിസരങ്ങളും ആചാര അനുഷ്ഠാനങ്ങളുടെ ഭംഗിയേറിയ
ഐതിഹ്യങ്ങളും വിശ്വാസങ്ങൾ പുതച്ചുനിന്ന പേരാലും പാലയും യക്ഷികളുടെ
മുടിയിഴഞ്ഞ ഇടവഴികളും ഭഗവതിയുടെ അരമണികിലുക്കവും ഒക്കെ അങ്ങോളം
ഇങ്ങോളം ചിതറി കിടന്ന എന്റെ കൗമാരത്തിന്, അകത്തളങ്ങളിലെ
ഇരുട്ടിനെക്കുറിച്ചും അധികാരത്തിന്റെ ഔദ്ധ്ധ്യത്യത്തെക്കുറിച്ചും
അച്ഛനെയും അമ്മയെയും കുറിച്ചും വരെ എഴുതാം എന്ന അറിവ് വലിയ
ഊന്നുവടിയായി മനസ്സിൽ നിന്നിരുന്നു എന്ന് ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ
സന്തോഷത്തോടെ ഓർത്തുപോകുന്നു.
എഴുതി തുടങ്ങുന്ന കാലത്ത് എംടിയെ പോലെ എഴുതുക, മലയാളസാഹിത്യത്തിലേക്ക്
അദ്ദേഹം പുതുതായി കൊണ്ടുവന്ന വള്ളുവനാടൻ ഭാഷ ഉപയോഗിക്കുക
എന്നൊക്കെയായിരുന്നു ഞങ്ങളെപ്പോലുള്ള മിക്ക തുടക്കക്കാരുടെയും ലക്ഷ്യം.
മലയാളത്തിന്റെ എഴുത്തു ഭാഷയിൽ, രൂപകല്പനയിൽ എംടി അക്കാലം മുതലേ അത്രമേൽ
സ്വാധീനം ചെലുത്തിയിരുന്നു. സാമൂഹ്യപ്രശ്നങ്ങൾ പ്രധാന വിഷയമാക്കിയ
തകഴിയേയും കേശവദേവിനെയും പോലുള്ള വലിയ എഴുത്തുകാരുടെ ശൈലിയിൽ നിന്ന്,
വ്യക്തി /കുടുംബം എന്നിവ കേന്ദ്രമാക്കിയുള്ള എഴുത്ത് രൂപങ്ങളിലേക്ക്
മലയാള സാഹിത്യം മാറിക്കൊണ്ടിരുന്ന കാലം കൂടിയായിരുന്നു അത്. ആദ്യ കഥകളിൽ
നിന്ന് വ്യത്യസ്തമായി എംടിയുടെ എഴുത്തിൽ ക്രമേണ ക്രമേണ മനുഷ്യ
മനസ്സിന്റെ ഉള്ളറകളിലേക്കുള്ള നോട്ടം സൂചിമുന പോലെ സൂക്ഷ്മമാകുന്നത്
കാണാം. അത്തരം എഴുത്ത്കൾ മലയാളസാഹിത്യത്തിന് ഒരു പുതിയ ഭാവുകത്വം നൽകി.
വ്യക്തിയുടെ ജീവിത പരിസരങ്ങളിലെ മാറ്റം, സാമൂഹിക ചലനങ്ങളെയും ബന്ധങ്ങളിലെ
ഉലച്ചിലുകളെയും ഒരുപോലെ പ്രതിഫലിപ്പിച്ചു. മലയാള സാഹിത്യത്തിന്റെ എഴുത്ത്
ശൈലി പതുക്കെ പതുക്കെ അപ്പാടെ മാറി.
വള്ളുവനാടൻ ഭാഷയുടെ ഭംഗി എന്ന വിശേഷണത്തോടെയാണ് തുടക്കം മുതലേ എംടിയുടെ
എഴുത്ത് ശൈലി ആദരിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതും. അന്നുവരെ
അംഗീകരിക്കപ്പെട്ടിരുന്ന അച്ചടി ഭാഷയിൽ നിന്ന് തികച്ചും വ്യത്യസ്തമായ
സംസാരഭാഷ അതിന്റെ എല്ലാ പ്രാദേശിക ചുവയോടും കൂടി ഒരു കൂസലുമില്ലാതെ എം ടി
സാഹിത്യത്തിൽ പ്രയോഗിച്ചപ്പോൾ കേരളം അത് സാകൂതം നോക്കി നിന്നു. ഒരു നദി
ഉത്ഭവിക്കുന്നിടത്ത് ഒഴുക്ക് രൂപപ്പെടുന്ന പോലെ ഭാഷയിലും ഒരു പുതിയ
ഭാവുകത്വം ഉ രുത്തിരിയുകയായിരുന്നു . പിന്നെ പിന്നെ എംടിയുടെ ഭാഷയായി
മലയാളത്തിന്റെ ഭാഷ. സാഹിത്യം മാത്രമല്ല ദൃശ്യമാധ്യമങ്ങളും ആ വരവേൽപ്പ്
ഉൾക്കൊള്ളാൻ വെ വെമ്പൽ പൂണ്ടു.
മലയാളസാഹിത്യത്തിന്റെ സുവർണ കാലം എന്ന് വിളിക്കപ്പെട്ടിരുന്ന കാലത്തിന്
ആരംഭം കുറിച്ചത് മാതൃഭൂമിയിൽ അക്കാലത്ത് തലയെടുപ്പോടെ ഒരുമിച്ച്
അണിനിരന്ന ഒരുപറ്റം എഴുത്തുകാരാണ്.
സാഹിത്യത്തിലെ പല പുത്തൻ പ്രവണതകളെയും നെഞ്ചേറ്റിയ ഓ വി വിജയൻ മുതൽ
മുകുന്ദൻ, സക്കറിയ, മാധവിക്കുട്ടി എം. പി., കാക്കനാടൻ തുടങ്ങിയ
മഹാരഥന്മാർ അണിനിരന്ന് നിന്ന് ഒരേസമയം നിറഞ്ഞ വ്യത്യസ്തതകളോടെ
എഴുതിയിരുന്ന മാതൃഭൂമി വാരികയായിരുന്നു അന്ന് സാഹിത്യത്തിലെ ബെഞ്ച്
മാർക്ക് . അവർക്കിടയിൽ
സ്ഥാനം പിടിക്കുക ഒരു തുടക്കക്കാരനെ/ തുടക്കക്കാരിയെ
സംബന്ധിച്ചിടത്തോളം സ്വപ്ന സാക്ഷാത്കാരമായി . എന്തെഴുതിയാലും ആദ്യം
മാതൃഭൂമിക്ക് അയച്ചുകൊടുക്കുക എന്നത് ഞങ്ങൾ ചെറുപ്പക്കാർക്കിടയിൽ
പതിവായത് അതിനാലാണ് .
പെട്ടെന്നൊന്നും പ്രസിദ്ധീകരിക്കപ്പെടില്ല എന്ന അറിവോടെ
തന്നെയായിരുന്നു ഞങ്ങൾ അത് ചെയ്തിരുന്നത് . അന്ന് മാതൃഭൂമി വാരികയുടെ
ചുക്കാൻ പിടിച്ചിരുന്നത് എം ടിയായിരുന്നു എന്ന് വളരെ കഴിഞ്ഞാണ് ഞാൻ
അറിഞ്ഞത്. നേരിട്ട് ചെന്നുകണ്ട് പത്രാധിപരുമായി സംസാരിക്കുകയോ
എഴുത്തെഴുതുകയോ ചെയ്യുന്നത് എഴുത്തു കാരികളെ സംബന്ധിച്ചിടത്തോളം
അക്കാലത്ത് പതിവായിരുന്നില്ല.. സ്ഥിരമായി മാതൃഭൂമിയിൽ എഴുതിയിരുന്ന ഞാൻ
എംടിയെ നേരിട്ട് കണ്ടിട്ടുള്ളത് വെറും അഞ്ചു തവണയാണ്. ജ്ഞാനപീഠം
കിട്ടിയപ്പോൾ ബോംബെ നൽകിയ സ്വീകരണം ഏറ്റു വാങ്ങാൻ വന്നപ്പോഴായിരുന്നു
ആദ്യ കണ്ടുമുട്ടൽ.എംടി യെ പരിചയപ്പെടുത്താൻ സംഘാടകർ എംടിയുടെ
മുന്നിലേക്ക് കൊണ്ട് ചെന്നപ്പോൾ , "ഇപ്പോൾ സ്ഥിരമായി ബോംബെയിൽ ആണല്ലേ"
എന്ന ഒരു ചോദ്യം മാത്രം ചോദിച്ച്, ചിരിക്കണോ വേണ്ടയോ എന്ന
സംശയത്തോടെയുള്ള മുഖഭാവവുമായി അദ്ദേഹം സ്റ്റേജിലേക്ക് കയറി പോയി.
അന്വേഷിയുടെ ഒരു സമ്മേളനത്തിനുവേണ്ടി കോഴിക്കോട് ചെന്നഎന്നെ ,
"തേജസ്സി"നു എന്തിന് ലേഖനം കൊടുത്തു എ ന്ന് ചോദിച്ച് മയത്തിൽ
ശകാരിക്കുകയാണ് ചെയ്തത്..PFI യുടെ പത്രമാണ് "തേജസ്" എന്ന്
എനിക്കറിയാമായിരുന്നില്ല. അന്ന് സമ്മേളനത്തിന് മുൻപ് കഥകളെ കുറിച്ച്
അല്ലാതെ വേറെ കുറെ കാര്യങ്ങൾ സംസാരിച്ചു. . എന്റെ രണ്ട് കഥകളെ
ആസ്പദമാക്കി VKP സംവിധാനം ചെയ്ത സിനിമയുടെ വിവാദവുമായി ബന്ധപ്പെട്ടാണ്
പിന്നെ ഞാൻ എംടിയെ കാണുന്നത്. അഷ്ടമൂർത്തി കൂടെയുണ്ടായിരുന്നു. മാനസിക്ക്
സിനിമക്ക് കഥ എഴുതേണ്ട ആവശ്യമില്ലല്ലോ.ആ കഥകൾ എത്രയോ മുൻപ്
പ്രസിദ്ധീകരിച്ചതല്ലേ എന്നാണ് എം ടി ചോദിച്ചത് . സിനിമാ ലോകത്തെ
കുതന്ത്രങ്ങളെ പറ്റിയും അദ്ദേഹം പോലും നേരിട്ട ദുരനുഭവങ്ങളെപറ്റിയും
അവിടെ നിത്യേന നടക്കുന്ന ചതികളെപ്പറ്റിയും നിർത്താതെ സംസാരിച്ചു. ഒരു
പൈപ്പ് തുറന്നിരിക്കുന്നത് പോലെ തുടർച്ചയായി സംസാരിക്കുന്ന എം. ടി യെ ഞാൻ
ആദ്യമായാണ് അന്ന് കണ്ടത്. കഥകളുടെ സത്യാവസ്ഥ അറിയുന്നതുകൊണ്ടും
എന്നോട് സഹതാപം തോന്നിയത് കൊണ്ടും ആയിരിക്കണം,രണ്ട് ഷർട്ട് കൂട്ടി
തുന്നാൻ കൊടുത്താൽ കൂട്ടിതുന്നിയ ഷർട്ട്,തുന്നൽ കാരന്റെതാകുമോ എന്നാണ്
വിവാദത്തെ പറ്റി ചോദിച്ച മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ച തത്രെ.
പിന്നെയുള്ള ഓർമ്മ, എന്റെ കഥാ സമാഹാരം പ്രകാശിപ്പിക്കുമ്പോൾ പറഞ്ഞ
വാക്കുകളാണ്.വായനക്കാർക്കായി ഏറെ ഇടം വിട്ടു കൊടുക്കുന്ന മാനസി, വായനയെ
തികഞ്ഞ ചുമതലാബോധം ആവശ്യമായ ഒരു ജോലിയാക്കുന്നു എന്നാണ് അന്ന് അദ്ദേഹം
പറഞ്ഞത്..
1968 ൽ ആണ് എം ടി മാതൃഭൂമി വാരികയുടെ പത്രാധി പരാകുന്നത്.ആധുനികത
സാഹിത്യത്തിൽ തല നീട്ടിയിരുന്ന കാലം കൂടിയായിരുന്നു അത്. പത്രാധിപർ
എന്നനിലയ്ക്ക് അതുവരെ മലയാളസാഹിത്യത്തിൽ കാണാതിരുന്ന പല പുതുമകളെയും
ഒപ്പം പുത്തൻ കൂറ്റുകാരെയും
എം ടി വായനക്കാർക്ക് മുൻപിൽ കാഴ്ച വച്ചു. എം പി നാരായണ പിള്ളയുടെ
ജോർജ് ആറാമന്റെ കോടതി ആധുനികതയുടെ നാന്ദിയായി നമ്മുടെ മുന്നിലുണ്ട്.
എന്നും ലോക സാഹിത്യത്തിനൊപ്പം നടന്ന എംടി.അതിലെ പുത്തൻ പ്രവണതകളെ
മുഴുവൻ തന്റെ ചിറകുകൾക്കുഉള്ളിലൊതുക്കി എന്ന് എനിക്ക് പലപ്പോഴും
തോന്നിയിട്ടുണ്ട്. അത് ഒരുപക്ഷേ മലയാളത്തിന്റെ പുണ്യമായി നമ്മെ യൊക്കെ
വന്ന് തൊട്ടിട്ടുണ്ടാകണം. അത്രയും പരപ്പും ആഴത്തിലുമുള്ള വായന ഉള്ളവരെ
അപൂർവമായേ എനിക്ക് ഇന്നുവരെ പരിചയപ്പെടാൻ കഴിഞ്ഞിട്ടുള്ളൂ.അതിന്റെ
പ്രതിഫലനം കൂടിയാവാം, പുത്തൻ എഴുത്തുകാരെ അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച
പത്രാധിപർ കൂടി ആയിരുന്നു എംടി.
കഥകൾ, നോവലുകൾ, തിരക്കഥകൾ, പുരാണങ്ങളുടെയും പ്രാദേശിക മിത്തുകളുടെയും
വീരഗാഥ കളുടെയും പുനർ നിർമ്മാണങ്ങൾ, വിശകലനങ്ങൾ. ഒപ്പം തലയുയർത്തി
നിൽക്കുന്ന മറ്റു സാഹിത്യ സൃഷ്ടികളുടെ വായനകൾ. അവയിൽ കൂടെ എല്ലാം
അദ്ദേഹം നോക്കിയത് മനുഷ്യമനസ്സിന്റെ ഉള്ളിലേക്ക് തന്നെ യായിരുന്നു.
ലോകത്തെവിടെയായാലും സങ്കടവും ദുരിതങ്ങളും വിശപ്പും പ്രതിസന്ധികളും ഒക്കെ
ഒരുപോലെ തന്നെ ആയതിനാൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നും
വായിക്കുന്നവന്റെ കൂടെ നടന്നു. താനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ എന്ന്
വായനക്കാർ ഓരോരുത്തരും അത്ഭുതപ്പെട്ടതും
അതുകൊണ്ടായിരിക്കണം..അദ്ദേഹത്തിന്റെ പ്രശസ്തിക്കും ജനകീയതയ്ക്കും ഏറ്റവും
പ്രധാനമായ കാരണം ഇതാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. എം ടി.,അദ്ദേഹ മ
ടക്കമുള്ള നമ്മളെ കുറിച്ചാണ് എഴുതിയത്. നാടൻ ഗ്രാമത്തിൽ നിന്നും
നഗരത്തിലേക്ക് ചേക്കേറിയ കഥാപാത്രങ്ങളും നമ്മളൊക്കെ തന്നെയായത്
അതുകൊണ്ടാണ്. സേതുവും ഗോവിന്ദൻകുട്ടിയും നമ്മളിൽ ഉണ്ട്. മനുഷ്യ
മനസ്സുകളിലെ കറുപ്പുകളെ ഒന്നും അദ്ദേഹം വെളുപ്പിക്കാൻ ശ്രമിച്ചില്ല.
അദ്ദേഹത്തിന്റെ നായകന്മാർ വില്ലന്മാരും ആയിരുന്നു. അതായത് അതൊക്കെ നമ്മൾ
തന്നെയായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ കൃതികളുടെ വിജയവും.
വായനക്കാർ അനായാസം ആ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിച്ചു
നിർമ്മാല്യത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന എം ടി അവിടെയും തൊട്ടതൊക്കെ
പൊന്നാക്കി. ( രാഷ്ട്രപതിയുടെ സ്വർണ്ണ ചകോരം ലഭിച്ച സിനിമയാണ് അത്.
സംവിധാനത്തെക്കാൾ തിരക്കഥ എഴുതുന്നതായിരുന്നത്രെ അദ്ദേഹത്തിനിഷ്ടം. (
നിർമാല്യം മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്ത സിനിമ).
എം ടി തിരക്കഥ എഴുതിയാൽ സംവിധായകന് ജോലി പകുതിയാകും എന്നൊരു ചൊല്ല്
തന്നെ അക്കാലത്ത് ഉണ്ടായി.. ക്യാമറ കണ്ണിലൂടെ കഥാസന്ദർഭങ്ങൾ കണ്ട എം ടി
സിനിമയിലും ഒരു പുതിയ ഭാവുകത്വത്തിന് ഇടം നൽകി. മനസ്സിന്റെ ഉള്ളറകളെ
കുറിച്ചാണ് സിനിമയിലും എംടി സംസാരിച്ചത്. ഇരുട്ടിന്റെ ആത്മാവ് എന്ന സിനിമ
കണ്ടതിനു ശേഷം അടുത്ത വീട്ടിലെ ഭ്രാന്തൻകുട്ടിയെ കൂട്ടുകാർക്കൊപ്പം
നിന്ന് കല്ലെറിഞ്ഞതിന് മാപ്പ് ചോദിച്ച് ദൈവങ്ങൾക്ക് മുമ്പിൽ നിന്ന്
കരഞ്ഞ് ഏത്തമിട്ട ഞാനെന്ന പെൺകുട്ടിയെ ഇന്നും എന്റെ മനസ്സ്
ചുമക്കുന്നുണ്ട്.പുരാണങ്ങളോടുള്ള സമീപനങ്ങളെ, പ്രാദേശികമായ
മിത്തുകളെക്കുറിച്ചുള്ള ധാരണകളെ എല്ലാം തലകീഴാക്കി നിർത്തി പ്രേക്ഷകന്റെ
ന്യായബോധ്യങ്ങളെ അദ്ദേഹം
മുഖാമുഖം തിരിച്ചു നിർത്തി. വീരഗാഥ യും രണ്ടാമൂഴവും പഞ്ചാഗ്നിയും
എന്തിന് നിർമ്മാല്യം പോലും( പള്ളിവാളും കാൽ ചിലമ്പും എന്നായിരുന്നു ആ
കഥയുടെ പേര് )അദ്ദേഹത്തിന്റെ തൂലികയിൽ നിന്നുതിർന്ന യാദൃശ്ചിതകളല്ല. ഒരു
ചിന്താഗതിയുടെ ബാക്കിപത്രങ്ങളാണ് അവ. ഒരാളുടെ ശരികൾ മാത്രമല്ല ശരി എന്ന
വിശ്വാസത്തിന്റെ ഉറവകൾ.
ഉഗ്രൻ പ്രസ്താവനകളും പ്രഖ്യാപനങ്ങളും നിരീക്ഷണങ്ങളും ഒന്നും എം ടി
സ്വന്തം എഴുത്തിൽ നടത്താറില്ല. എന്നാൽ പല കഥാസന്ദർഭങ്ങളിലും വരുന്ന
മുനയുള്ള സംഭാഷണശകലങ്ങൾ അവയ്ക്കൊക്കെ പകരം നിൽക്കാൻ മതിയായിരുന്നു
താനും.ഒരു മനോഗതിയുടെ മുഴുവൻ കണ്ണാടിയായിട്ടുണ്ട് അവ.നമ്മുടെ ജീവിതങ്ങളിൽ
പലപ്പോഴും നമുക്ക് അവയെ ഉദ്ധരിക്കാൻ തോന്നുന്നത് അതുകൊണ്ടാണ്.
എഴുത്തുകാരൻ എന്ന നിലയ്ക്ക് സ്വന്തം സ്വാതന്ത്ര്യത്തെ അത്യധികം വിലമതിച്ച
എം ടി. ഒരു പ്രത്യയശാസ്ത്രത്തിന്റെയും അടിമയാകാൻ തയ്യാറായിരുന്നില്ല.
തനിക്കിഷ്ടമില്ലാത്ത ആശയങ്ങളോട് അവ എവിടെ നിന്നു വന്നാലും അദ്ദേഹം
ശക്തമായി പ്രതികരിച്ചു. യുക്തിയുക്തം വിയോജിച്ചു. എംടിയുമായുള്ള
സ്വകാര്യ സംഭാഷണങ്ങൾ പലപ്പോഴും വിലപ്പെട്ടത് ആകുന്നത് അതുകൊണ്ടാണ്.
പലകാര്യങ്ങളും പരിഭവമില്ലാതെ അദ്ദേഹം തുറന്നു പറയും. ചിലരോട്
മാത്രം.തന്റെ സ്വകാര്യതയും മൗനവും പല വിമർശനങ്ങൾക്കിടയിലും അദ്ദേഹം
വാശിയോടെ നിലനിർത്തിയത് വേണ്ട എന്ന് തോന്നിയവരെ അകറ്റിനിർത്താനാണ്
എന്നാണ് എന്റെ തോന്നൽ. ഒരു വർഷത്തിൽ ഒരു അഭിമുഖം മാത്രം അനുവദിച്ചു
കൊടുക്കുന്ന ഒരു ലോക സാഹിത്യകാരനെ (ഗു ന്തർ ഗ്രാസ്)പറ്റി അദ്ദേഹം
ബഹുമാനപൂർവ്വം സംസാരിച്ചത് പറഞ്ഞു കേട്ടിട്ടുണ്ട് . എംടിക്കുവേണ്ടി
ഏതെങ്കിലും പുസ്തകം തെരഞ്ഞെടുക്കേണ്ടി വരുമ്പോൾ എന്നും എന്നെ
അലട്ടിയിട്ടുള്ളത് അദ്ദേഹം ഇതൊക്കെ എന്നേ വായിച്ചിരിക്കുമല്ലോ എന്ന
ചിന്തയാണ്. 200- 300 പേജുകളിൽ അധികം ഒരു ദിവസം അദ്ദേഹം
വായിക്കുമായിരുന്നത്രേ. അതിൽ തുടക്കക്കാരുടെ പുസ്തകങ്ങൾ മുതൽ
മഹാരഥന്മാരുടെ എഴുത്ത് വരെ ഉൾക്കൊള്ളും. വായനയിൽ ഏറ്റവും അപ്ഡേറ്റ്
ആയിരുന്നു എം ടി. ഈ പരന്ന, ആഴത്തിലുള്ള വായനയുടെ പശ്ചാത്തലത്തിലാണ്
അദ്ദേഹം പത്രാധിപരായി ഇരുന്നു മലയാള സാഹിത്യത്തിലെ സുവർണ്ണകാലം
സൃഷ്ടിച്ചത്. കഥയും നോവലും സിനിമയും തിരക്കഥയും ഒക്കെ എഴുതിയ ആ ബഹുമുഖ
പ്രതിഭയോട് എന്നപോലെ തന്നെ, പത്രാധിപരായിരുന്ന എം ടി യോടും മലയാളം
എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു എന്നാണ് എന്റെ പക്ഷം.
അടുത്ത കഥ മാനസിയോട് മാതൃഭൂമിയിലേക്ക് അയക്കാൻ പറയൂ എന്ന്
എം.ടി.പറഞ്ഞിരിക്കുന്നു എന്ന് എഴുതിയ ഈ എൻ മുരളീധരൻ നായരുടെ കത്ത്(
ശ്രീ. നായനാരുടെ സെക്രട്ടറിയും യുഗ രശ്മി എന്ന സമാന്തരമാസികയുടെ
പത്രാധിപരും ആയിരുന്നു അദ്ദേഹം) കിട്ടിയപ്പോൾ സന്തോഷത്തേക്കാൾ കൂടുതൽ
അമ്പരപ്പാണ് തോന്നിയത്. ആ കത്ത് കയ്യിൽ പിടിച്ച് അനങ്ങാതെ കുറെ നേരം
വെറുതെ ഇരുന്നു. പേടിയായിരുന്നു മനസ്സ് നിറയെ. യുഗ രശ്മിയിൽ എഴുതിയ എന്റെ
കഥ വായിച്ചിട്ട് ആണത്രേ മുരളീധരൻ നായരോട് അദ്ദേഹം അങ്ങനെ പറഞ്ഞത്. 20
വയസ്സായിരുന്നു എനിക്കപ്പോൾ. മനസ്സ് ഒന്നാകെ വിറച്ചു. കഥ
നന്നായില്ലെങ്കിൽ? മാത്രമല്ല യുഗരശ്മിയിൽ അദ്ദേഹം വായിച്ച ആ കഥ
മാതൃഭൂമിയിലേക്ക് മുൻപ് ഞാൻ അയച്ചിട്ടുള്ളതായിരുന്നു. അന്ന്
തിരുവില്ലാമലയിൽ തന്നെ ഉണ്ടായിരുന്ന വീകെഎൻ നോട് ഞാൻ ഈ പേടി പങ്കുവെച്ചു.
എഡിറ്റർ മാതൃഭൂമി വീക്കിലി എന്ന് എഴുതാതെ ശ്രീ എം ടി വാസുദേവൻ നായർ
മാതൃഭൂമി വീക്കിലി എന്ന അഡ്രസ്സിൽ കഥ അയക്കാൻ പറഞ്ഞത് വി കെ എൻ ആണ്.
ആരെങ്കിലും ആവശ്യപ്പെട്ടാൽ കഥ എഴുതാൻ കഴിയുന്ന ആളല്ല ഞാൻ. അതെന്റെ
വലിയൊരു പരിമിതിയാണ്. എഴുതണമെന്ന് തോന്നുമ്പോൾ മാത്രം എഴുതാൻ കഴിയുന്ന
എനിക്ക് , ആ തോന്നൽ എവിടെ നിന്ന് വരുന്നു എന്ന് അറിയില്ലെങ്കിലും. മനസ്സ്
ആ തോന്നലിന് വേണ്ടി പിന്നെയും കുറച്ചു കാലം കാത്തിരുന്നു. മാസങ്ങൾക്ക്
ശേഷം, അതെ, മാസങ്ങൾക്ക് ശേഷം, മനസ്സ് ചുട്ടുപൊള്ളുന്ന ഒരു ഉച്ചയിൽ ഒരു
കഥ എഴുതാൻ ഇരുന്നത് ഇന്നും ഓർമ്മയുണ്ട്. പൊതുവേ കഥ തിരുത്തി എഴുതാത്ത
ആളാണ് ഞാൻ. ഒറ്റയിരിപ്പിൽ ട്രാൻസിലെന്ന പോലെ ഇരുന്ന് മാത്രം എഴുതാൻ
കഴിയുന്ന ആളായതുകൊണ്ട് ആയിരിക്കണം പിന്നീട് അവ തിരുത്താൻ എനിക്ക്
സാധിക്കാറില്ല. അങ്ങനെ അവസാനം രണ്ടും കൽപ്പിച്ച് എം ടി വാസുദേവൻ നായർ
എന്ന അഡ്രസ്സിൽ ആ കഥ മാതൃഭൂമിയിലേക്ക് അയച്ചു. രണ്ടാഴ്ച്ചക്ക് ശേഷം
സാധാരണ വരുന്ന ഖേദപൂർവ്വം എന്ന മറുപടിക്ക് പകരം ആ കഥ
സ്വീകരിച്ചിരിക്കുന്നു എന്ന കത്താണ് കിട്ടിയത്. വത്മീകം എന്നായിരുന്നു ആ
കഥയുടെ പേര്... വിശ്വസിക്കാനാവാതെ ഞാൻ തരി ച്ചിരുന്നു.. അതിനുശേഷമൊ
അതിനുമുൻപോ എംടിയ്‌ക്ക് ഒരു കത്തും ഞാനെഴുതിയിട്ടില്ല.
കഥകളെക്കുറിച്ച് ഒരിക്കലും നേരിട്ട് സംസാരിച്ചിട്ടും ഇല്ല. മാതൃഭൂമി
വീക്കിലിയിൽ നിന്നു പിന്നെ ഒരു കഥയും മടങ്ങി വന്നില്ല. . ഇനി
മറ്റൊരാളുടെ കീഴിലും ഒന്നും എഴുതിയില്ലെങ്കിലും എനിക്കൊന്നും വരാനില്ല
എന്ന തോന്നലാണ് എനിക്കത് തന്നത്. കാരണം മലയാള സാഹിത്യത്തിൽ ചെറുകഥാകൃത്ത്
ആയി എന്നെ അടയാളപ്പെടുത്തിയത് എം ടി ആണ്. അതായിരുന്നു എനിക്ക് കിട്ടിയ
ഏറ്റവും വലിയ അംഗീകാരവും.
ഒരുപക്ഷേ ആവശ്യമില്ലാത്തത് പറഞ്ഞ് അദ്ദേഹത്തെ ഒരിക്കലും
അലോസരപ്പെടുത്താതിരുന്നതിന് എനിക്ക് കിട്ടിയ സമ്മാനമായിരിക്കണം
അത്.!!മൗനം അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.
വർഷങ്ങൾക്കു മുൻപ് കണ്ടപ്പോൾ എന്നെ അടുത്തേക്ക് വിളിച്ചു തന്റെ
രോഗവിവരം പറഞ്ഞു. അതിനെ അതിജീവിക്കുമെന്നും. ഒരു ആത്മകഥ എഴുതാത്തത്
എന്താണെന്ന് അപ്പോഴാണ ഞാൻ ചോദിച്ച് പോയത് . സ്വന്തം ജീവിതത്തിന്റെ പല
താളുകളും മലയാള സാഹിത്യത്തിൽ ചിതറി കിടപ്പുണ്ട് എന്നായിരുന്നു ഉടനെയുള്ള
മറുപടി. ഒന്നും പറയാതെ ഞാൻ ആ കാൽ തൊട്ടു. തലയിൽ ഒരു പൂ പോലെ വന്നു
വീണ കൈക്ക് കീഴെ അൽപ്പനേരം അനങ്ങാതെ നിന്നു. അനുഗ്രഹം! എം ടി യുടെ
അനുഗ്രഹം!
ഒരു കൊടുമുടിക്ക് കീഴേക്കിടക്കുന്ന ചെറുകല്ലാണ് താനെന്ന് തോന്നിയ ആ
നിമിഷത്തിൽ . ആ കൈ സ്പർശം തന്ന തണുപ്പിൽ പെട്ടെന്ന് എന്റെ കണ്ണുനിറഞ്ഞു.
കേരളത്തിലാണല്ലോ പിന്നീട് എപ്പോൾ വേണമെങ്കിലും പോയി കാണാമല്ലോ
എന്നോർത്തിരുന്നത് , വെറുതെ.ഒരിക്കലും നടന്നില്ല. പോയി കാണണമെന്ന്
വല്ലാതെ മോഹിച്ചത് അദ്ദേഹം മാതൃഭൂമി ലിറ്റററി ഫെസ്റ്റിവലിൽ നടത്തിയ
പ്രസംഗത്തിനുശേഷമായിരുന്നു. കഥകളിലെന്ന പോലെ എന്റെ മനസ്സിലുള്ളത് പലതും
അദ്ദേഹം പറഞ്ഞത് കേട്ട് എനിക്ക് അത്ഭുതം തോന്നി. അധികാര
ദുർവിനിയോഗത്തിനും സ്വേച്ഛാധിപത്യ പ്രവണതകൾക്കും എതിരെ ധൈര്യപൂർവ്വം
ഉച്ചരിക്കപ്പെട്ട വാക്കുകൾ ചരിത്രത്തിൽ നിന്ന് പഠിക്കാതെ പോകുന്നോ എന്ന്
സംശയം തോന്നിപ്പിച്ച ഒരു കാലഘട്ടത്തിന് നേരെ വിരൽചൂണ്ടി നിന്നപ്പോൾ കേരളം
സ്തബ്ധമായി നിന്നതു കണ്ടു . പഴയതല്ലേ എന്ന് പുച്ഛിച്ചുതള്ളിയ വരോട്,
ചരിത്രം ആവർത്തിക്കുമല്ലോ എന്ന പ്രതികരണത്തിന് കത്തിയുടെ മുനക്കൂർപ്പ്
വന്നതും കണ്ടു.. ലോക സാഹിത്യത്തിലൂടെ നടന്നു തേഞ്ഞ കാലടികൾ
അനുഭവസ്ഥലികളിൽ നിന്ന് കുതറുന്നതിന്റെ ചങ്ങല കിലുക്കത്തിൽ,സമൂഹത്തിന്റെ
കാവൽക്കാരനാവണം എഴുത്തുകാരും കലാകാരന്മാരും എന്ന വാചകം മനസ്സിൽ വീണ്ടും
വീണ്ടും തികട്ടി. സഹിക്കാനാവാതെ ഒരു മെസ്സേജ് അയച്ചു. അത് ഇന്നുവരെ
അദ്ദേഹം കണ്ടിട്ടില്ല..
ആ കാൽക്കൽ നിൽക്കുമ്പോൾ എന്താണ് ഞാൻ പ്രാർത്ഥിക്കേണ്ടത് എന്ന് പലതവണ
ആലോചിച്ചു നോക്കി. ഓരോ വാക്കും ഇത് പോരാ എന്ന് പറഞ്ഞു പിടിതരാതെ
മനസ്സിൽ നിന്ന് വഴുതുകയാണ്.അതിനാൽ പറഞ്ഞു പറഞ്ഞു ക്ളീഷേ ആയ ആ
വാക്കിലേക്ക് തന്നെ മടങ്ങട്ടെ.
ഗുരോ, പ്രണാമം. . ഗുരുദക്ഷിണയായി തരാൻ കൈക്കുമ്പിളിൽ നിറച്ച് വച്ച ഈ
ഓർമ്മകളല്ലാതെ അങ്ങേക്ക് ഉചിതമായ മറ്റൊന്നും എന്റെ കയ്യിലില്ല...