പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ പ്രശസ്തനായ എഴുത്തുകാരൻ കെ.ഈശോ മത്തായി ഓർമ്മയായിട്ട് 43 വർഷം. മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാർഡ് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പാറപ്പുറത്തിന്റെ നിരവധി പ്രശസ്തമായ നോവലുകൾ മലയാളചലച്ചിത്രങ്ങൾ ആക്കിയിട്ടുണ്ട്.
മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14-ന് കിഴക്കേ പൈനുംമൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ് കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ തന്റെ 19-ആം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. പട്ടാള ക്യാമ്പിലെ കലാപരിപാടികളിൽ അവതരിപ്പിക്കുവാൻ നാടകങ്ങൾ എഴുതിയിരുന്ന മത്തായിക്ക് ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ നേടാനായി. ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തി. സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഡയറക്ടർ ബോർഡ് അംഗം, വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1981 ഡിസംബർ 30-ന് അന്തരിച്ചു.
ചെറുകഥ, നോവൽ എന്നീ വിഭാഗങ്ങളിൽ രണ്ടുതവണ ഇദ്ദേഹം കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. 1966-ൽ നാലാൾ നാലുവഴി എന്ന ചെറുകഥയ്ക്കും 1971-ൽ അരനാഴികനേരം എന്ന നോവലിനുമാണ് പുരസ്കാരങ്ങൾ ലഭിച്ചത്.
ഞങ്ങളുടെ നാട്ടുകാരൻകൂടിയായ ആ സാഹിത്യകാരൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!