"ഞാൻ സഹോദരൻറ്റെ കാവൽക്കാരനോ?" എന്ന പ്രസിദ്ധമായ ബൈബിൾ ചോദ്യത്തിന് "അതേ" എന്നു ഉത്തരം നൽകുന്ന സാമൂഹിക കൂട്ടായ്മ്മയായാണ് വൈസ്‌മെൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങളെ ഞാൻ മനസ്സിലാക്കുന്നത് എന്ന് പ്രസിദ്ധ ഹിന്ദുസ്ഥാനി സംഗീതസ്ഥനും മ്യൂസെക്കോളജിസ്റ്റുമായ ഫാദർ ജോസഫ് പാലക്കൽ പ്രസ്താവിച്ചു. വൈസ്‌മെൻ ഇന്റർനാഷണൽ ക്ലബ്ബിന്റെ നോർത്ത് അറ്റ്ലാന്റിക് റീജിയണൽ ക്രിസ്തുമസ് പരിപാടികൾക്ക് മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
"കുട്ടി മനുഷ്യൻ്റെ പിതാവാണ്" എന്ന വരി വില്യം വേർഡ്‌സ്‌വർത്തിൻ്റെ കവിതയിൽ നിന്നാണ് വരുന്നത്, അവിടെ ഒരു വ്യക്തിയുടെ ബാല്യകാല അനുഭവങ്ങളും കാഴ്ചപ്പാടുകളും അവർ മുതിർന്നവരായി മാറുന്നതിനെ രൂപപ്പെടുത്തുന്നുവെന്ന ആശയം പ്രകടിപ്പിക്കുന്നു. ചെറുപ്പത്തിൽ വികസിപ്പിച്ച ശീലങ്ങളുടെയും പെരുമാറ്റത്തിൻ്റെയും ഫലമാണ് മനുഷ്യൻ. ക്രിസ്തുമസിൽ ഉണ്ണി യേശുവിനെ ദർശിക്കുമ്പോൾ അതാണ് ഓർത്തെടുക്കേണ്ട തത്വമെന്നും അങ്ങനെ ക്രിസ്തുമസ് ഒരുമയുടെയും മാനവികതയുടെ പര്യായമായാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പ്രസ്താവിച്ചു.
ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിൽ ടൈസൺ സെന്ററിൽ വച്ചു നടത്തപ്പെട്ട സമ്മേളനത്തിനു നോർത്ത് അറ്റ്ലാന്റിക് റീജിയനിൽനിന്നുള്ള നിരവധി ക്ലബ്ബ്കൾ പങ്കെടുത്തു. റീജിണൽ ഡയറക്ടർ കോരസൺ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുൻ ഏരിയ പ്രസിഡന്റ് ഷാജു സാം, ഏരിയ പ്രസിഡന്റ് എലെക്ട് ജോസഫ് കാഞ്ഞമല, റീജിണൽ ഡയറക്ടർ എലെക്ട് ജോർജ്ജ് കെ. ജോൺ, ക്ലബ്ബ് പ്രെസിഡന്റന്മാരായ തോമസ് സാമുവേൽ, ചാർളി ജോൺ, ജോസഫ് മാത്യൂസ്, വർഗീസ് പോത്താനിക്കാട്, ഫിലിപ്പ് മഠത്തിൽ, ആൻ എബ്രഹാം, സൂസമ്മ ലൂക്കോസ് എന്നിവർ നേതൃത്വം നൽകി.
കാലത്തികവിങ്കൽ ദൈവപുത്രൻ ജനിച്ചു എന്ന് പറയപ്പെടുന്നു. എല്ലാ സംഭവങ്ങൾക്കും കാലത്തിൻറ്റേതായ ഒരു ഭാഷ്യമുണ്ടെന്നും, ഖലീൽ ജിബ്രാന്റെ ഭയം എന്ന കവിതയിൽ സമുദ്രത്തിലേക്ക് പതിച്ചു ഇല്ലാതാകുന്ന നദിയുടെ ഭയം, അത് സമുദ്രമായി മാറ്റപ്പെടുകയാണ് എന്ന തിരിച്ചറിവിലൂടെ ഇല്ലാതാകുന്ന തിരിച്ചറിവാണ് ഈ സംഘടനയിലൂടെ നേടുന്നതെന്നു അദ്ധ്യക്ഷൻ കോരസൺ പറഞ്ഞു.
റീജിണൽ സെക്രെട്ടറി ജിം ജോർജ്ജ് മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. റീജിണൽ ട്രെഷറർ ഷാജി സക്കറിയ കൃതജ്ഞത നേർന്നു. എഡിറ്റർ സിബി ഡേവിഡ് തയ്യാറക്കിയ സ്മരണിക പ്രകാശനം ചെയ്യപ്പെട്ടു. ജേക്കബ് വർഗീസ് , അലൻ അജിത്ത് എന്നിവർ നിയന്ത്രിച്ച വിവിധ കലാപരിപാടികൾ മിഴിവേകി. ഡയനാമിസ് എന്റെർറ്റൈന്മെന്റ് എന്ന യുവജന ബാൻഡ് സംഗീതം ആലപിച്ചു.