Image

എ പെര്‍ഫെക്ട് ജെന്റില്‍മാന്‍(A Perfect Gentleman) -ബിനോയ് തോമസ്

ബിനോയ് തോമസ് Published on 01 January, 2025
എ പെര്‍ഫെക്ട് ജെന്റില്‍മാന്‍(A Perfect Gentleman) -ബിനോയ് തോമസ്

2005, ജൂലൈ മാസം, പ്രസിഡന്റ് ജോര്‍ജ് ബുഷ്, ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ബഹുമാനാര്‍ത്ഥം നടത്തിയ സ്‌റ്റേറ്റ് ഡിന്നറില്‍ മന്‍മോഹന്‍ സിംഗിനെക്കുറിച്ച് പറഞ്ഞ വാക്കുകളആണ്: എ പെര്‍ഫെക്ട് ജെന്റില്‍മാന്' ആ അഭിസംബോധന അക്ഷരാര്‍ത്ഥത്തില്‍ ശരിയുമായിരുന്നു. ഡിസംബര്‍ 26-ന് അന്തരിച്ച അദ്ദേഹത്തെകുറിച്ച് അങ്ങനെയല്ലാതെ, മറ്റൊന്നും ആര്‍ക്കും ചിന്തിക്കാനാവില്ലല്ലോ. ഞാന്‍ ആദ്യമായി മന്‍മോഹനെ കാണുന്നതും 2005-ലാണ്. അന്ന്, ഭാര്യ ഗുര്‍ഷറന്‍ കൗറുമായി മേരിലാന്റിലെ  ആന്‍ഡ്രൂസ് എയര്‍ഫോഴ്‌സ് ബേസില്‍ എയര്‍ഇന്ത്യ വിമാനത്തില്‍, വന്നിറങ്ങിയ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോകാന്‍ എനിക്കായി. വാഷിംഗ്ടണ്‍ പോസ്റ്റ് വിവരിച്ചപോലെ- മൃതഭാക്ഷി, ചെറിമുഖത്ത്, പകുതിയും മറക്കുന്ന കണ്ണട, നീല തലക്കെട്ട്, ആകപ്പാടെ, ഒരു അദ്ധ്യാപകന്റെ രൂപം. വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞതും ശരിയായിരുന്നു. ഒരു അക്കാദമിക്ക് ലുക്ക് ആയിരുന്നു എന്നും അദ്ദേഹത്തിന്.

അല്‍പം അതിശയോക്തിയോടു കൂടി-ഒരു രാജ്യത്തിന് കെട്ട്താലി ഉണ്ടെന്ന് സങ്കല്‍പിക്കുക. ആ കെട്ടുതാലി പോലും പണയം വെയ്‌ക്കേണ്ടി വന്ന രാജ്യമായിരുന്നു 80 കളിലെയും, 90-കളിലെയും ഇന്ത്യ. കടുത്ത സാമ്പത്തിക പ്രതിസന്ധിയും, പട്ടിണിയും, ദാരിദ്ര്യവും നിറഞ്ഞ ഇന്ത്യയിലെ 888 കോടി(1991-ലെ ജനസംഖ്യ) ജനതയുടെ സമഗ്രവികസനത്തിന്, രാഷ്ട്രീയക്കാരനല്ലാത്ത, ഒരു ടെക്‌നോക്രാറ്റ് ധനകാര്യമന്ത്രിയായി വരണമെന്ന് 1991-ല്‍ പ്രധാനമന്ത്രിയായ പി.വി. നരസിംഗറാവു ആഗ്രഹിച്ചു. മലയാളിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറി, പി.സി. അലക്‌സാണ്ടറാണ് നരസിംഹ റാവുവിനോട്, മന്‍മോഹന്‍സിംഗിനെ നിര്‍ദ്ദേശിച്ചത്. കേംബ്രിഡ്ജിലും, ഓക്‌സ് ഫോര്‍ഡിലും പഠിച്ച, റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായിരുന്ന മന്‍മോഹന്‍ എന്ന സാമ്പത്തിക വിദഗ്ദന്‍, ധനകാര്യമന്ത്രിയാകാന്‍ ശരിക്കും യോഗ്യനായിരുന്നു. പിന്നീട് ഇന്ത്യ കണ്ടതെല്ലാം ചരിത്രം.

പ്രശസ്ത ഫ്രഞ്ച് കവിയും, നോവലിസ്റ്റും, പിന്നീട് രാഷ്ട്രീയക്കാരനും ആയ വിക്ടര്‍ ഹ്യൂഗോയുടെ പ്രശസ്തമായ ഒരു വാചകം ഉണ്ട്. No Power on Earth can stop an idea whose time has come' ഇതിന്റെ മലയാള തര്‍ജ്ജമ: ശരിയായ സമയത്തുണ്ടാകുന്ന ഒരാശയത്തെ തടയാന്‍ ലോകത്തിലെ ഒരു ശക്തിക്കും കഴിയില്ല.'വിക്ടര്‍ ഹ്യൂഗോയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട്, 1991-ല്‍ മന്‍മോഹന്‍ തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചപ്പോള്‍, അതുവരെ സോഷ്യലിസമാര്‍ഗത്തില്‍ സഞ്ചരിച്ചിരുന്ന ഇന്ത്യക്ക് പുതുമയായിരുന്നു. സ്വകാര്യവല്‍ക്രണം, ഉദാരവല്‍ക്കരണം, ആഗോള വല്‍ക്കരണം, ഇതെല്ലാം ഇന്ത്യക്കാര്‍ക്ക് പുതുമയുള്ള വാക്കുകളായി. പെര്‍മിറ്റ് രാജും, ലൈസന്‍സ് രാജും, ദൂരെ എറിഞ്ഞ്, പാര്‍ലമെന്റിനെ സാക്ഷിയാക്കി അന്ന് മന്‍മോഹന്‍ ലോകത്തോട് ഉറക്കെ പറഞ്ഞു- ഒരു ആഗോളസാമ്പത്തിക ശക്തിയായി ഇന്ത്യ ഇനി കുതിച്ചു ഉയരുമെന്ന്- അത്തൊരമൊരു ആശയമായ എനിക്ക് തോന്നുന്നു. ലോകം മുഴുവനും ഇത് ഉച്ചത്തിലും, വ്യക്തമായും കേള്‍ക്കട്ടെ.' കാലചക്രം തിരിഞ്ഞപ്പോള്‍, മന്‍മോഹന്‍ അന്ന് പറഞ്ഞത് ശരിയായി. അദ്ദേഹത്തിന്റെ നയങ്ങള്‍ ഇന്ത്യയെ ഉയര്‍ത്തി. ഇന്ത്യ വിജയിച്ചു. ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിച്ചു. 2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. അധികാരത്തില്‍ വന്നപ്പോഴും, മന്‍മോഹന്‍ തുടങ്ങിവെച്ച നയങ്ങള്‍ അതേപടി തുടരുന്നുവെന്നതും, ഇവിടെ ശ്രദ്ധേയം.

ബിനോയ് തോമസ് മന്‍മോഹന്‍സിംഗിനോടൊപ്പം

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ, ഏറ്റവും നിറപ്പകിട്ടാര്‍ന്ന ഒരു കാലഘട്ടമാണ് 2004-ല്‍, ഒരു ചരിത്രനിയോഗം പോലെ, ആക്‌സിഡന്റില്‍ പ്രധാനമന്ത്രി(Accidental Prime Minister) ആയി ചുമതല ഏറ്റശേഷം അടുത്ത 10 വര്‍ഷങ്ങള്‍. കാശ്മീര്‍ പ്രശ്‌നത്തിന് ശാശ്വതമായ ഒരു പരിഹാരം, ഇന്ത്യയുടെ വളര്‍ച്ചക്ക് ആവശ്യമാണെന്ന് മന്‍മോഹന്‍ വിശ്വസിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ് പെര്‍വേസ് മുഷറാഫുമായി, തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോഴാണ്. ഇന്ത്യയെ നടുക്കിയ 2008-ലെ മുംബൈ ആക്രമണം നടക്കുന്നത്. അന്ന് പാക്ക് ഭീകരന്‍ തട്ടിയെടുത്തത് 166 വിലപ്പെട്ട ഇന്ത്യന്‍ ജീവനുകളാണ്. ഇന്ത്യ, പാക്കിസ്ഥാനെ ആക്രമിച്ചേക്കും എന്ന് ലോകരാജ്യങ്ങള്‍ സംശയിച്ചിരുന്നുവെങ്കിലും, മന്‍മോഹന്‍ സംയമനം പാലിച്ചു.


2001-ലെ ഭീകരാക്രമണത്തിനുശേഷം, അഫ്ഗാനിസ്ഥാനിലെയും, പാക്കിസ്ഥാനിലെയും തീവ്രവാദങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍, അമേരിക്ക കച്ചകെട്ടി ഇറങ്ങിയപ്പോള്‍ സ്വാഭാവികമായും, രണ്ടു രാജ്യങ്ങളും സഹകരണ പങ്കാളികളായി. യു.എസ്.- ഇന്ത്യ ബന്ധത്തിലെ, ഏറ്റവും നിര്‍ണ്ണായകമായ, ചുവടുവെപ്പുകളാണ് പിന്നീട് ലോകം കണ്ടത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ ആണിക്കല്ലായിരുന്നു. 2005-ല്‍ ആരംഭിച്ച യു.എസ്.-ഇന്ത്യ സിവില്‍ ന്യൂക്ലിയര്‍ കരാര്‍ ചര്‍ച്ചകള്‍. ഈ കരാര്‍, ഇന്ത്യയിലെ പ്രതിപക്ഷപാര്‍ട്ടികള്‍, പ്രത്യേകിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ ശക്തമായി എതിര്‍ത്തിട്ടും, അവര്‍ കൊണ്ടുവന്ന അവിശാസ പ്രമേയ വോട്ടിനെ അതിജീവിച്ചും, മന്‍മോഹന്‍ ഉറച്ചു നിന്നു. ദുര്‍ബലനെന്ന് എതിരാളികള്‍ ആക്ഷേപിച്ച മന്‍മോഹനിലെ, ശക്തനായ, രാഷ്ട്രനേതാവിനെയാണ് നാമിവിടെ കണ്ടത്. 2007-ല്‍ ഇന്ത്യയുടെ ജി.ഡി.പി. വളര്‍ച്ച നിരക്ക് 9% ആയി വര്‍ധിച്ചു. ചൈനക്ക് പിന്നില്‍ വേഗത്തില്‍ വളരുന്ന, രണ്ടാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നതും മന്‍മോഹന്റെ കാലത്താണ്. 2010-ലെ 'Right to education Act' അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ്. ഇന്ന് ഞാന്‍ എന്താണോ, അത് എന്റെ വിദ്യാഭ്യാസം കൊണ്ടാണ് എന്ന് അന്ന് ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ നയം, ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ഉന്നതിക്ക് കളമൊരുക്കി. ഗ്രാമീണ തൊഴിലുറപ്പ്, ഭക്ഷ്യസുരക്ഷ നിയമനിര്‍മ്മാണം എന്നിവയിലൂടെ, ഇന്ത്യയിലെ 26 കോടി ഗ്രാമീണ ജനതയുടെ പട്ടിണിയാണ് അദ്ദേഹം മാറ്റിയത്.
യു.എസ്.-ഇന്ത്യ ബന്ധം ഏറ്റവും ഊഷ്മളമായത് ബുഷ്- മന്‍മോഹന്‍ കാലത്താണ്. 2009-ല്‍ മന്‍മോഹന്റെ നേതൃത്വത്തില്‍ രണ്ടാം യു.പി.എ. സര്‍ക്കാര്‍ വന്നപ്പോള്‍, യു.എസിലും ഭരണമാറ്റം നടന്നിരുന്നു. 2009-ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ബറാക്ക് ഒബാമ വന്നപ്പോഴും മന്‍മോഹന്റെ ഇന്ത്യ, അമേരിക്കയുമായി നല്ല ബന്ധം തുടരുകയും, അതൊരുപടി കൂടി ഉയരുകയും ചെയ്തു. '21-ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണ്ണായകമായ ബന്ധം' എന്നായിരുന്നു അക്കാലത്ത് പ്രസിഡന്റ് ഒബാമ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയില്‍ മാത്രമല്ല, സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലും ലോകം ആദരിച്ചിരുന്ന മന്‍മോഹന്റെ ഉപദേശങ്ങള്‍, ലോകസാമ്പത്തിക രംഗത്തെ അപകടകരമായ മാന്ദ്യതയില്‍ നിന്ന് കരകയറാന്‍ താന്‍ തേടിയിരുന്നതായി, പ്രസിഡന്റ് ഒബാമ ഒരിക്കല്‍ പറയുകയുണ്ടായി.

രണ്ടാം യു.പി.എ. സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആരോപണങ്ങള്‍ മന്‍മോഹന്റെ സല്‍പേരിന് കളങ്കം ചാര്‍ത്തിയപ്പോഴും, ആരും അദ്ദേഹത്തിനെ അഴിമതിക്കാരന്‍ എന്ന് വിളിച്ചില്ല. എന്നാല്‍ അക്കാലത്ത് അദ്ദേഹം കാണിച്ച മൗനം ഒട്ടേറെ ആരോപണങ്ങള്‍ക്ക് വിധേയമായി.

ഒരു മനുഷ്യന്‍ ജനിക്കും, മരിക്കും. ഈ ജനനത്തിനും, മരണത്തിനും ഇടയില്‍ ചെയ്യുന്ന കാര്യങ്ങളിലാണ് കാലം ഒരു വ്യക്തിയെ സ്മരിക്കുക. പലപ്പോഴും ഒരു വ്യക്തി ചെയ്യുന്ന പ്രവര്‍ത്തികളുടെ ഗുണം ഉണ്ടാകുന്നത് കാലങ്ങള്‍ക്ക് ശേഷമാണ്. പി.വി.നരസിംഹറാവുവിനെ ഇവിടെ നാം ഓര്‍ക്കണം. അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോഴോ, മരണശേഷമോ അര്‍ഹിക്കുന്ന അംഗീകാരം ആരും കൊടുത്തില്ല. മരണശേഷം, അദ്ദേഹത്തിന്റെ മൃതശരീരം, തന്റെ പാര്‍ട്ടിയുടെ കേന്ദ്ര ഓഫീസില്‍ പോലും വെയ്ക്കാന്‍ സമ്മതിച്ചില്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടി. ഇന്ദ്രപ്രസ്ഥത്ത്, അദ്ദേഹം അര്‍ഹിച്ച ഒരു ശവസംസ്‌ക്കാരം പോലും കൊടുക്കാന്‍ വിസ്മരിച്ച ഭരണകൂടം. പക്ഷേ, കാലചക്രം തിരിഞ്ഞപ്പോള്‍, ഇന്ന് നമ്മള്‍ പറയുന്നു. 'നരസിംഹറാവു ആണ് ആധുനിക ഇന്ത്യയുടെ ശില്‍പി' എന്ന്. നരസിംഹറാവു, മന്‍മോഹനും 1990-ന്റെ ആരംഭത്തില്‍ തുടങ്ങിവെച്ച സാമ്പത്തിക പരിഷ്‌കാരങ്ങളാണ് 2014-ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരും പിന്തുടരുന്നത്. ഇരുവരും തുടങ്ങിവെച്ച പരിഷ്‌കാരങ്ങളാണ്, ഇന്നത്തെ ഇന്ത്യയുടെ  കുതിപ്പിന് അടിത്തറ പാകിയത്. ഇന്നത്തെ ഭരണകൂടം, താന്‍ ആരംഭിച്ച പരിഷ്‌കാരങ്ങളുടെ വിളവെടുപ്പും, പിതൃത്വവും ഏറ്റെടുത്തപ്പോഴും, എല്ലാം ചെയ്തിട്ടും, മൗനം കൊണ്ട് സ്‌നേഹം മാത്രം വിതച്ച മന്‍മോഹന്‍ മിണ്ടാതെ ഇരുന്നതെയുള്ളൂ. തന്റെ സ്വതസിദ്ധമായ മൗനത്തിലൂടെ. 


വരും കാലം മന്‍മോഹനെ, എങ്ങനെയാണ് ഓര്‍ക്കുക എന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. 2006-ല്‍ പ്രശസ്ത അമേരിക്കന്‍ ജേര്‍ണലിസ്റ്റ്-ചാര്‍ളി റോസിന് മന്‍മോഹന്‍ നല്‍കിയ അഭിമുഖം ഇവിടെ പ്രസക്തമാണ്. ഇന്ത്യയിലെ കോടികണക്കിന് വരുന്ന ജനതയുടെ പട്ടിണിയും, രോഗദുരിതങ്ങളും മാറ്റി, അവരെ കൈപിടിച്ച് ഉയര്‍ത്താന്‍ ഞാനാഗ്രഹിക്കുന്നു. വര്‍ണ്ണം, വര്‍ഗ്ഗം, ജാതി, മതം, ഭാഷ എന്നീ വൈവിദ്ധ്യങ്ങള്‍കൊണ്ട് ഇത്രയും സങ്കീര്‍ണ്ണമായ മറ്റൊരു രാജ്യം ഈ ലോകത്തില്‍ ഇല്ല. എന്നാല്‍, ഈ വൈവിദ്ധ്യങ്ങളിലൂന്നി, അവയില്‍ നിന്ന് ശക്തി സംരക്ഷിച്ച്, ഏതാണ്ട് ഒരു ബില്യന്‍ വരുന്ന ജനതയുടെ സാമൂഹികവും, സാമ്പത്തികവുമായ, ഉയര്‍ത്തെഴുന്നേല്‍പ്പ്, അതും, ജനാധിപത്യത്തിന്റെ മതില്‍ക്കെട്ടുകളില്‍ നിന്നുകൊണ്ട് നേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.' 'തീര്‍ച്ചയായും, ഇന്ത്യയുടെ വളര്‍ച്ച, നേട്ടങ്ങള്‍, 21-ാം നൂറ്റാണ്ടിലെ മനുഷ്യകുലത്തിന് ഒരു പാഠമാകും.' ഇന്നത്തെ ഇന്ത്യയുടെ കുതിപ്പ് കാണുമ്പോള്‍ 2006-ല്‍ മന്‍മോഹന്‍ പറഞ്ഞ കാര്യങ്ങള്‍ എത്ര സത്യമായി എന്നിവിടെ നാം ചിന്തിക്കണം.

കാലം തന്നെ എങ്ങനെ ഓര്‍ക്കും എന്ന ചോദ്യത്തിന് അദ്ദേഹം ഒരിക്കല്‍ നല്‍കിയ മറുപടി- 'വരും തലമുറ എന്നോട് കരുണ കാണിക്കും.' പ്രിയ മന്‍മോഹന്‍-താങ്കള്‍ പറഞ്ഞത്-ശരിയാകും. തീര്‍ച്ചയായും. 26 കോടി ജനതയുടെ പട്ടിണ അകറ്റി, ആധുനിക ഇന്ത്യ എന്ന രാജീവ് ഗാന്ധിയുടെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ച, ധനകാര്യമന്ത്രി, പ്രധാനമന്ത്രി, അതിലുപരി, മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ വരും തലമുറകള്‍ താങ്കളെ ഓര്‍ക്കും. ഇന്ത്യ എന്നും താങ്കളോട് കടപ്പെട്ടിരിക്കും.

ബുദ്ധിമാനായ, ചിന്താശക്തിയുള്ള, ശ്രദ്ധാലുവും, സത്യസന്ധനുമായ, തികച്ചും അസാധാരണ മാന്യതയുള്ള, വ്യക്തി, എന്ന് 2008- ലെ സെപ്റ്റംബറില്‍, താങ്കളുടെ ബഹുമാനാര്‍ത്ഥം പ്രസിഡന്റ് ഒബാമ നല്‍കിയ അത്താഴ വിരുന്നില്‍ താങ്കളെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തുകൊണ്ട് പ്രിയപ്പെട്ട മന്‍മോഹന്‍ജീ-നമോവാകും!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക