ഒരു വാക്കു കൊണ്ടോ, നോട്ടം കൊണ്ടോ, ഒരു ഫോണ്‍ കോളു കൊണ്ടോ, ഒരു സന്ദര്‍ശനം കൊണ്ടോ പരിഹരിക്കപ്പെടാമായിരുന്ന എത്രയോ അവസരങ്ങള്‍, ബന്ധങ്ങള്‍ നമ്മുടെ ഉദാസീനത മൂലം, ഇനിയൊരിക്കലും തിര്യെ പിടിക്കാനാവാത്ത വിധം നമ്മുടെ കൈയില്‍ നിന്നും വഴുതി പോയിട്ടുണ്ട്.
ദുരന്തങ്ങള്‍ പെയ്തിറങ്ങിയ ഒരു വര്‍ഷമാണ് നമ്മുടെ കണ്‍മുമ്പില്‍ കൂടി കടന്നു പോയത്.
2024-ല്‍ എന്നെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവമായിരുന്നു എന്റെ ബാല്യകാല സുഹൃത്തായിരുന്ന ജോസിന്റെ വേര്‍പാട്.
അവസാനകാലത്ത് എന്നെ ഒരു നോക്കു നേരില്‍ കാണുവാന്‍ അവന്‍ വളരെ ആഗ്രഹിച്ചിരുന്നു.
ആശുപത്രിക്കിടക്കയില്‍ നിന്നും, ആരുടെയോ സഹായത്തോടെ ഓക്‌സിജന്‍ മാസ്‌ക്ക് മാറ്റിയ ശേഷം അവന്‍ എന്നോടു സംസാരിച്ചു.
'എനിക്കു തീരെ വയ്യാടാ!' ജോസിന്റെ ശബ്ദം ഇടറിയിരുന്നു. കണ്ണുകളില്‍ ആശങ്കയുടെ നനവ്. ഒന്നോ രണ്ടോ മിനിറ്റ് വളരെ ബദ്ധപ്പെട്ട് എന്നോടു സംസാരിച്ചു. എന്നെ കാണണമെന്നുള്ള ആഗ്രഹം പറയാതെ പറഞ്ഞു.
ജോസിന്റെ രോഗത്തിന്റെ ഗുരുതരാവസ്ഥയെപ്പറ്റി, അവന്റെ സഹോദരന്‍, അനിയന്‍ എന്നെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ജോസിനെ ഉടനെ പോയി കാണണമെന്ന് എന്റെ ഭാര്യയും നിര്‍ദ്ദേശിച്ചു. എന്തോ ചില കാരണങ്ങളാല്‍, യാത്ര രണ്ടു മൂന്നു ദിവസത്തേക്കു മാറ്റി വെച്ചു.
വിധി നടപ്പാക്കുവാന്‍ കാലം ആര്‍ക്കും വേണ്ടിയും കാത്തു നില്‍ക്കാറില്ല.
മുള്ളുവേലികള്‍ കൊണ്ട് അതിരുകള്‍ തമ്മില്‍ വേര്‍തിരിവില്ലാതിരുന്ന ഒരു കാലത്ത്, തൊട്ടടുത്തുള്ള വീടുകളില്‍ ഒരേ വര്‍ഷം, ഒരേ മാസം രണ്ടോ മൂന്നോ ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു ഞങ്ങളുടെ ജനനം.
ഓര്‍മ്മയില്‍ ഇന്നും മങ്ങാതെ മായാതെ നില്‍ക്കുന്ന എത്രയോ രസകരമായ സംഭവങ്ങളാണ് ഞങ്ങള്‍ ഒരുമിച്ചു പങ്കിട്ടിരിക്കുന്നത്.
കുട്ടിക്കാലത്ത് കുസൃതികളുടെ രാജകുമാരനായിരുന്നു ജോസ്. ജോസിനെ മുന്നില്‍ നിര്‍ത്തി ഞങ്ങള്‍ ഒരുമിച്ചു ചെയ്യുന്ന കുരുത്തക്കേടുകള്‍ക്കെല്ലാം, ശിക്ഷ കിട്ടിയിരുന്നത് ജോസിനാണ്. പിതാവ് ഒരു അദ്ധ്യാപകനായിരുന്നതിനാല്‍ ശിക്ഷയുടെ കാര്യത്തില്‍ ഇളവൊന്നുമുണ്ടായിരുന്നില്ല.
ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ എ്‌ന്റെ പിതാവ് എനിക്കൊരു തല്ലു തന്നിട്ടുള്ളൂ-അത് വെറുമൊരു തലോടലു പോലെ മാത്രമേ എനിക്കു തോന്നിയിട്ടുള്ളൂ-അത്ര തങ്കപ്പെട്ട സ്വഭാവമായിരുന്നു എന്റേത്. സത്യത്തില്‍ സ്വഭാവ മഹിമ കൊണ്ടു തങ്കപ്പന്‍ എന്നൊരു പേരായിരുന്നു എനിക്കു കൂടുതല്‍ യോജിച്ചത്.
ഞങ്ങളുടെ വീട്ടിലെ പോലീസ് ഡിപ്പാര്‍ട്ടുമെന്റ് കൈകാര്യം ചെയ്തിരുന്നതാണ്. അമ്മയുടെ കൈയില്‍ നിന്നും തരക്കേടില്ലാത്ത മര്‍ദ്ദനമുറകള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.
സത്യന്‍, അംബിക, അടൂര്‍ഭാസി തുടങ്ങിയവര്‍ അഭിനയിച്ച 'കളഞ്ഞു കിട്ടിയ തങ്കം' പത്തനംതിട്ട വേണുഗോപാല്‍ ടാക്കീസില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു. ആ സിനിമായൊന്നു കാണുവാന്‍ അതിയായ മോഹം.
മനസുണ്ടെങ്കില്‍ മാര്‍ഗ്ഗവുമുണ്ട്. വീട്ടു മുറ്റത്ത് ഉണങ്ങാനിട്ടിരിക്കുന്ന റബര്‍ ഷീറ്റുകളില്‍ മൂന്നെണ്ണം എടുത്ത് ജോസ് മുണ്ടിനിടയില്‍ തിരുകി. എന്നെയും കൂട്ടി മണ്ണാരക്കുളഞ്ഞി കളീക്കലെ ജോഷ്വായുടെ റബ്ബര്‍കടയില്‍ പോയി മോഷണമുതല്‍ വിറ്റു കാശാക്കി. ഒന്നരയുടെ 'ചന്ദ്രിക' ബസിനു കയറി പത്തനംതിട്ടയിലെത്തി.
'കൈ നിറയെ വളയിട്ട പെണ്ണേ
കല്യാണ പ്രായമായ പെണ്ണേ...'
പത്തനംതിട്ട ടൗണിനെ പുളകമണിയിച്ചുകൊണ്ട് കളിയല്ല കല്യാണം എന്ന സിനിമയിലെ ഹിറ്റ്ഗാനം ഉച്ചഭാഷിണിയില്‍ക്കൂടി മുഴങ്ങുന്നു.
തറടിക്കറ്റെടുക്കുന്നത് ഒരു തറപ്പരിപാടി ആയതു കൊണ്ട്, അന്തസിനു കോട്ടം തട്ടാതെ ചാരുബെഞ്ചിനാണു ടിക്കറ്റ് എടുത്തത്.
സിനിമാ കണ്ടു കഴിഞ്ഞപ്പോള്‍, അക്കാലത്തു പത്തനംതിട്ടയില്‍ പുതുതായി തുടങ്ങിയ 'എവര്‍ഗ്രീന്‍' ഹോട്ടലിലേക്കു പോയി. അവിടുത്തെ 'പൊറോട്ട-മട്ടണ്‍ ചാപ്‌സ്' വളരെ പ്രശസ്തി നേടിയ ഒരു ഐറ്റമായിരുന്നു. രണ്ടു പേര്‍ക്കും കൂടി അഞ്ചുരൂപയില്‍ താഴെ മാത്രമേ ബില്ലു വന്നുള്ളൂ.
പത്തനംതിട്ടയില്‍ ബില്ലെഴുതി കൊടുക്കുന്ന ആദ്യത്തെ ഹോട്ടലായിരുന്നു എവര്‍ 'ഗ്രീന്‍'-
അതുവരെ 'മുന്നേ വരുന്ന കഷണ്ടി പറ്റ് ഒരു രൂപാ, പിറകേ വരുന്ന മീശ അന്‍പതു പൈസാ'-എന്ന രീതിയാണ് തുടര്‍ന്നു പോന്നത്.
രുചികരമായ ഭക്ഷണം കഴിച്ചു കഴിയുമ്പോള്‍ അതിനു മേമ്പൊടിയായി ഒരു സിഗരറ്റു കൂടി വലിക്കണമല്ലോ. എവര്‍ഗ്രീനില്‍ മാത്രം കിട്ടുന്ന ഓരോ 'പ്ലേയേഴ്‌സ്' സിഗരറ്റു കൂടി വാങ്ങി- നല്ല വിലയുള്ള ആ സിഗരറ്റിന്റെ പുകക്ക് നല്ല സുഗന്ധമാണ്- അതും നീട്ടി വലിച്ച്, വീട്ടിലെത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചൊന്നും ആലോചിക്കാതെ, വെട്ടിപ്രം വഴി നടന്നു വീട്ടിലെത്തി.
പുളിക്കലെ ഉണ്ണിച്ചായന്റെ കടയുടെ ഇരുളിന്റെ മറവില്‍ ഒളിച്ചിരുന്നു ബീഡി വലിച്ച് രസിച്ചതും ഞാനും ജോസും ഒരുമിച്ചാണ്.
പിന്നീടാണ് പ്രായം ഒരു പടികൂടി കടന്നപ്പോള്‍, കൊച്ചുവീട്ടിലെ കുഞ്ഞുമോന്റെ മാടക്കടയില്‍ തട്ടിനിടയില്‍ ഒളിപ്പിച്ചു വെച്ചു കച്ചവടം നടത്തുന്ന ഓരോ പൊടികുപ്പി(ചാരായം)അകത്താക്കിയതും ഓര്‍മ്മയില്‍ തികട്ടി വരുന്നു.
'പിള്ളാരേ അച്ചായന്‍ അറിയരുതേ- വീട്ടില്‍ കയറുന്നതിനു മുന്‍പേ കുറച്ചു മാവില വായിലിട്ടു ചവച്ചോണേ!' കുട്ടികളെ നേര്‍വഴിക്കു നടത്തുന്ന നല്ലവനായ കുഞ്ഞുമോന്റെ ഉപദേശം.
കുഞ്ഞൂഞ്ഞു പണിക്കന്റെ നീല പെയിന്റടിച്ച ആശാന്‍ വണ്ടിയിലാണു ഞാനും ജോസും സൈക്കിള്‍ കയറ്റം അഭ്യസിച്ചത്.
വീട്ടുകാര്‍ ഉറങ്ങിയതിനു ശേഷം, ജോസിന്റെ ധൈര്യത്തില്‍ അമ്പലപ്പരിപാടികള്‍ക്കു പോകുന്ന പരിപാടിയും വല്ലപ്പോഴും ഉണ്ടായിരുന്നു.
സിനിമ, പന്തുകളി, സൈക്കിള്‍ കയറ്റം, കലാപരിപാടികള്‍ തുടങ്ങിയ ഒരു പരിപാടിക്കും നേരായ മാര്‍ഗ്ഗത്തില്‍ കൂടി പോകുവാന്‍ അക്കാലത്ത് വീട്ടില്‍ നിന്നും അനുവാദം കിട്ടുകയില്ല. ഇതിനൊക്കെ പെര്‍മിഷന്‍ തരുന്നത് രക്ഷിതാക്കള്‍ക്ക് ഒരു കുറച്ചിലായിരുന്നു.
'നിന്നോടില്ലിയോ പോകണ്ടാ എന്നു പറഞ്ഞത്'- എന്ന വാചകം എത്രയോ തവണ കേട്ടിരിക്കുന്നു.
പത്താം ക്ലാസു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടു വഴിക്കായി. പിന്നീട് ഒരുമിച്ച് അമേരിക്കയിലായിരുന്നെങ്കിലും, ഞാന്‍ ന്യൂയോര്‍ക്കിലും, ജോസ് ഹൂസ്റ്റണിലുമായിരുന്നതിനാല്‍, മൂന്നോ നാലോ തവണ മാത്രമേ നേരില്‍ കാണുവാനുള്ള അവസരം ലഭിച്ചിരുന്നുള്ളൂ.
എങ്കിലും വല്ലപ്പോഴുമൊക്കെ ഫോണില്‍ക്കൂടി ബാല്യകാല സ്മരണകള്‍ ഓര്‍ത്തെടുത്ത് ചിരിക്കുമായിരുന്നു.
റിട്ടയര്‍മെന്റ് കാലമായപ്പോഴേക്കും ജോസിനു പലവിധ രോഗങ്ങള്‍ പിടിപെട്ടു. എല്ലാം ഒരു 'ടേക്ക് ഇറ്റ് ഈസി' അപ്രോച്ചില്‍ തരണം ചെയ്തു.
കുടുംബാംഗങ്ങളോടൊപ്പം വളരെ സന്തുഷ്ടമായ ഒരു ജീവിതമായിരുന്നു ജോസിന്റേത്.
എന്നാല്‍ അവസാനമായി ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോള്‍, ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നു ജോസിനു ഉറപ്പായിരുന്നു.
ആ അവസരത്തിലാണു എന്നെ വിളിച്ചത്. ജോസിന്റെ എന്നോടുള്ള സ്‌നേഹം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാരന്, അവസാനമായി എന്നെ ഒന്നു നേരില്‍ കാണണമെന്നുള്ള ആഗ്രഹം സഫലീകരിച്ചു കൊടുക്കുവാന്‍ എനിക്കു കഴിയാതെ പോയതിലുള്ള കുറ്റബോധം എനിക്കുണ്ട്.
'പിന്നീടാവട്ടെ' എന്നു കരുതി മാറ്റിവെയ്ക്കുന്ന പല കാര്യങ്ങള്‍ക്കും കരു പിന്നീട് ചിലപ്പോള്‍ ഉണ്ടായെന്നു വരില്ല.
സെപ്റ്റംബര്‍ 18-നു പുലര്‍ച്ചയോടെ ജോസ് യാത്രയായി. 2024-നെ എന്നും ഓര്‍മ്മിക്കുവാന്‍ എനിക്കൊരു കാരണം കൂടി.
നന്മ നിറഞ്ഞ ഒരു നവവത്സരം എല്ലാവര്‍ക്കും നേരുന്നു!