Image

ദിവ്യ ഉണ്ണിയുടെ നൃത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ചയ്ക്ക് പുറമെ സംഘാടകരുടെ വന്‍ സാമ്പത്തിക തട്ടിപ്പും (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 01 January, 2025
ദിവ്യ ഉണ്ണിയുടെ നൃത്ത പരിപാടിയില്‍ സുരക്ഷാ വീഴ്ചയ്ക്ക് പുറമെ സംഘാടകരുടെ വന്‍ സാമ്പത്തിക തട്ടിപ്പും  (എ.എസ് ശ്രീകുമാര്‍)

കൊച്ചി, കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഉമാ തോമസ് എം.എല്‍എ അപകടത്തില്‍പ്പെട്ട പരിപാടിയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടന്നതായാണ് വിവരം. ചലചിത്ര നടി ദിവ്യ ഉണ്ണിയുടെ ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ എന്ന ഇവന്റ് മാനേജ്‌മെന്റ ഗ്രൂപ്പിന്റെ ഡയറക്ടര്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ വിശ്വാസ വഞ്ചനാക്കുറ്റത്തിനും കലൂര്‍ പോലീസ് കേസെടുത്തിരിക്കുന്നു. പരിപാടിയിലെ സാമ്പത്തിക തട്ടിപ്പുകളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. നടി ദിവ്യ ഉണ്ണിയുടെയുംപരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സിജോയുടെയും മൊഴിയെടുക്കും. സംഘാടനവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്.

കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്നിരിക്കുന്നതിനാല്‍ പോലീസ് കടുത്ത നടപടികളിലേയ്ക്കാണ് നീങ്ങുന്നത്. ഉമാ തോമസിന് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തില്‍ സംഘാടകരുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തയിരിക്കുന്നത്. അതിനാല്‍ മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം ചെയ്തെന്ന ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

സ്റ്റേഡിയത്തില്‍ 15 അടി ഉയരത്തിലുള്ള സ്റ്റേജ് നിര്‍മ്മിച്ച മുളന്തുരത്തി സ്വദേശി ബെന്നി, മൃദംഗ വിഷന്‍ സി.ഇ.ഒ ഷെമീര്‍ അബ്ദുള്‍ റഹീം, ഓസ്‌കാര്‍ ഇവന്റ്സ് മാനേജര്‍ കൃഷ്ണ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയയത്. മൃദംഗവിഷന്‍ ഡയറക്ടറായ നിഗോഷ്, ഭാര്യ, സി.ഇ.ഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാമ്പത്തിക ചൂഷണത്തിന്റെ പേരില്‍ നൃത്താധ്യാപകരെയും പ്രതിചേര്‍ക്കും. ഇവര്‍ വഴിയായിരുന്നു സംഘാടകര്‍ വന്‍ തോതില്‍ പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന രീതിയിലാണ് ഈ അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുക.

പരിപാടിയുടെ നടത്തിപ്പിനായി നര്‍ത്തകരായ ഓരോ കുട്ടിയില്‍ നിന്നും 2,000 രൂപയും, സാരി വാങ്ങുന്നതിനായി 1600 രൂപയുമാണ് നിന്നും പിരിച്ചിരിച്ചെടുത്തിരിക്കുന്നത്. എന്നാല്‍ ഇവരില്‍നിന്ന് 5,000 രൂപ വീതം  വാങ്ങിയെന്നാണ് മൃദംഗ വിഷന്‍ സംഘാടകര്‍ക്ക് എതിരെയുളള ആരോപണം. 12,000 പേരാണ് നൃത്തം അവതരിപ്പിച്ചത്. 150 രൂപയായിരുന്നു ടിക്കറ്റ് ചാര്‍ജ്. 25,000-ത്തോളം പേര്‍ പരിപാടി കാണാന്‍ സേറ്റേഡിയത്തിലെത്തിയിരുന്നു. ഏകദേശ കണക്കനുസരിച്ച് അഞ്ച്കോടിയിലധികം രൂപ സംഘാടകരടെ കൈകളിലെത്തിയെന്നാണ് സൂചന.

അതേസമയം നര്‍ത്തകര്‍ക്ക് കല്ല്യാണ്‍ സില്‍ക്സ് നല്‍കിയ വസ്ത്രത്തിന്റെ പേരിലും സംഘാടകര്‍ തട്ടിപ്പ് നടത്തി. സാരി ഒന്നിന് 390 രൂപ നിരക്കിലാണ് കല്ല്യാണ്‍ സില്‍ക്സ് പ്രത്യേകമായി നെയ്ത് നല്‍കിയത്. എന്നാല്‍ സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ വീതം ഈടാക്കി എന്ന് പിന്നീടാണ് അറിഞ്ഞതെന്ന്, സംഭവം വിവാദമായപ്പോള്‍ കല്യാണ്‍ സില്‍ക്സ് പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇതു സംബന്ധിച്ച് പരിപാടിയില്‍ പങ്കെടുത്ത നര്‍ത്തകരുടെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

''കല്യാണ്‍ സില്‍ക്സ് കേരളത്തിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ ആന്‍ഡ് റീട്ടെയില്‍ വസ്ത്ര വ്യാപാര ശൃംഖല ആയതുകൊണ്ട് മൃദംഗനാദത്തിന്റെ സംഘാടകര്‍ 12,500 സാരികള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈന്‍ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിര്‍മ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകര്‍ക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പരിപാടിയുടെ വേദിയില്‍ ഉണ്ടായ ചില നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത് സംഘാടകര്‍ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്...'' കല്യാണ്‍ സില്‍ക്സ് അറിയിച്ചു.

വിവാദ നൃത്ത പരിപാടിയിലെ സുരക്ഷാ വീഴ്ചകള്‍ ഒരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. 25,000 പേരെ നിയന്ത്രിക്കാന്‍ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നത് കേവലം 25 പൊലീസുകാര്‍ മാത്രമായിരുന്നു. പരിപാടിയുടെ സുരക്ഷാ മേല്‍നോട്ടത്തിനായി 25 പൊലീസുകാര്‍ മതിയെന്ന് മൃദംഗ വിഷന്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. 25 പൊലീസുകാരെ വിട്ടുകിട്ടുന്നതിനുള്ള നിയമപ്രകാരമുള്ള തുകയും സംഘാടകര്‍ സര്‍ക്കാറിലേക്ക് അടച്ചിട്ടുണ്ട്. പൊലീസുകാര്‍ക്ക് പുറമെ 150-ഓളം സ്വകാര്യ സെക്യുരിറ്റി ജീവനക്കാര്‍ പരിപാടി നിയന്ത്രിക്കാന്‍ ഉണ്ടാകുമെന്നും അതിനാലാണ് കൂടുതല്‍ പൊലീസുകാര്‍ വേണ്ടാത്തത് എന്നുമാണ് സംഘാടകര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ആവശ്യത്തിന് സെക്യുരിറ്റി ജീവനക്കാരേയും സംഘാടകര്‍ എത്തിച്ചിരുന്നില്ല.

ഇതിനിടെ ഉമാ തോമസിനെ അഡ്മിറ്റ് ചെയ്തിരിക്കുന്ന കൊച്ചി റെനൈ മെഡിസിറ്റിയില്‍ നിന്നും പുതുവര്‍ഷ ദിനത്തില്‍ ശുഭ വാര്‍ത്തയാണ് കേട്ടത്. ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടമാര്‍. ഉമാ തോമസ് മക്കളോട് ഹാപ്പി ന്യൂ ഇയര്‍ എന്ന് പറഞ്ഞു. ആരോഗ്യനിലയില്‍ ഇന്നലത്തേക്കാള്‍ നേരിയ പുരോഗതിയുണ്ട്. തലച്ചോറിന്റെ കാര്യത്തില്‍ പുരോഗതിയുണ്ട്. ശ്വാസകോശത്തിന്റെ പരിക്കും മെച്ചപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ ടീം അറിയിച്ചു.

വെന്റിലേറ്റര്‍ പിന്തുണ ഒഴിവാക്കുന്നതുസംബന്ധിച്ചു നിരീക്ഷിച്ചു തീരുമാനമെടുക്കും. വേദനയുണ്ടെന്ന് ഉമാ തോമസ് അറിയിച്ചതായി ഡോക്ടര്‍ പറഞ്ഞു. മരുന്നുകൊണ്ട് ഒരുപരിധിവരെ വേദന കുറയ്ക്കാനാകും. വേദനകാരണം ശ്വാസം പൂര്‍ണമായും എടുക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഉമാ തോമസ് ശരീരം ചലിപ്പിച്ചതായി എം.എല്‍.എയുടെ സോഷ്യല്‍ മീഡിയ ടീം അറിയിച്ചു.

ഡിസംബര്‍ 29-ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന 'മൃദംഗനാദം 2024' എന്ന നൃത്തപരിപാടിക്കിടെയായിരുന്നു അപകടം. ഉറപ്പില്ലാത്ത റിബണ്‍ ബാരിക്കേഡ് സ്ഥാപിച്ച വി.ഐ.പി ഗാലറിയിലൂടെ നടക്കുന്നതിനിടെ എം.എല്‍.എ താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ എം.എല്‍.എയുടെ തല കോണ്‍ക്രീറ്റ് സ്ലാബില്‍ ഇടിച്ചതാണ് ഗുരുതര പരിക്കിന് ഇടയാക്കിയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക