റോം: യുദ്ധത്തിന്റെ ക്രൂരത ഏറെ അനുഭവിക്കുന്ന ഉക്രൈനിൽ, ആളുകളുടെ ആരോഗ്യ സംരക്ഷണത്തിനായി, ഫ്രാൻസിസ് പാപ്പാ തന്റെ ക്രിസ്തുമസ് സമ്മാനമായി ആധുനിക ചികിത്സാക്രമീകരണങ്ങളോടുകൂടിയ വാഹനം അയച്ചു. പാപ്പായുടെ ഉപവിപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന കർദിനാൾ കോൺറാഡ് ക്രാജേവ്സ്കിയും വാഹനത്തിൽ ഉക്രൈനിലെത്തി. ബോംബാക്രമണത്തിൽ തകർക്കപ്പെട്ട ആശുപത്രിയിലേക്ക്, ആറു അൾട്രാസൗണ്ട് മെഷീനുകളും പാപ്പാ സംഭാവനയായി നൽകി.
റോമിൽ നിന്നും 2200 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ്, വാഹനം ഉക്രൈനിലെത്തിച്ചത്. ഉക്രൈനിലെ ലിവിവിലുള്ള ആശുപത്രിയിലേക്കാണ് വാഹനം നൽകിയത്. ശസ്ത്രക്രിയകൾക്കുള്ള സൗകര്യവും ഈ ആശുപത്രിയിൽ ഉള്ളതിനാൽ, നിരവധിയാളുകൾക്ക് ഈ സംരംഭം പ്രയോജനപ്പെടുത്താം.
പാപ്പയുടെ സമ്മാനം വളരെ സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്ന്, കർദിനാൾ ക്രാജേവ്സ്കി യാത്രയ്ക്കിടയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ക്രിസ്തുമസ് കാലഘട്ടത്തിൽ, പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായിട്ടാണ്, ഉക്രൈനിൽ കർദിനാൾ എത്തിയത്. എലിസബത്തിന്റെ സഹായത്തിനായി എത്തിയ മറിയത്തെ പോലെ, പരിശുദ്ധ പിതാവിന് വേണ്ടി താൻ ഈ നാട്ടിൽ എത്തിയിരിക്കുന്നുവെന്നും കർദിനാൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഡിസംബർ 18 ബുധനാഴ്ച ഫ്രാൻസിസ് പാപ്പായാണ് വാഹനം ആശീർവദിച്ചത്. അതേ ദിവസം തന്നെ, കർദ്ദിനാൾ ക്രാജെവ്സ്കി യാത്ര പുറപ്പെടുകയും ചെയ്തു. ഫ്രാൻസിസ് പാപ്പായുടെ സഹായമെത്തിക്കുന്ന ഒൻപതാമത്തെ യാത്രയാണിത്.