ന്യൂ ഓർലിയൻസിൽ നവവത്സര ആഘോഷം തകർക്കുമ്പോൾ ജനക്കൂട്ടത്തിനിടയിലേക്കു ഒരാൾ ട്രക്ക് ഓടിച്ചു കയറ്റിയതിനെ തുടർന്നു 10 പേരെങ്കിലും കൊല്ലപ്പെട്ടു. പ്രസിദ്ധമായ ബർബൻ സ്ട്രീറ്റിൽ ഉണ്ടായ 'ഭീകരാക്രമണത്തിൽ' ഡസൻ കണക്കിനാളുകൾക്കു പരുക്കേറ്റിട്ടുമുണ്ട്.
പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ അക്രമി കൊല്ലപ്പെട്ടു.
നഗരത്തിൽ പുതുവർഷം വിടരുന്നതിനു നിമിഷങ്ങൾക്കു മുൻപു ബുധനാഴ്ച്ച പുലർച്ചെ ഉണ്ടായ അതിക്രമത്തെ മേയർ ലാ ടോയ കാന്ററിൽ ഭീകരാക്രമണം എന്നു വിശേഷിപ്പിച്ചു. സംഭവ സ്ഥലത്തു ഉപേക്ഷിക്കപ്പെട്ട സ്ഫോടകവസ്തുക്കൾ എഫ് ബി ഐ പരിശോധിക്കുന്നു. കൂട്ടക്കൊല നടത്താൻ "ഉറച്ചു തന്നെ" എത്തിയ കൊലയാളിയെ പോലീസ് വെടിവച്ചു കൊന്നു
വെളുത്ത നിറത്തിലുള്ള പിക്കപ് ട്രക്കിന്റെ പിന്നിൽ കറുത്ത കൊടി പറത്തിയിരുന്നു.
പുലർച്ചെ 3:15നുണ്ടായ ആക്രമണം ഫ്രഞ്ച് ക്വാർട്ടറിൽ ബർബൺ, കനാൽ സ്ട്രീറ്റുകൾക്കിടയിലാരുന്നു. ബാരിക്കേഡുകൾ തകർത്തു അതിവേഗത്തിൽ പാഞ്ഞ ട്രക്ക് ഡ്രൈവറുടെ ലക്‌ഷ്യം പരമാവധി ആളുകളെ കൊല്ലുക എന്നതായിരുന്നുവെന്നു ന്യൂ ഓർലിയൻസ് പോലീസ് ചീഫ് ആൻ കിർക്പാട്രിക്ക് പറയുന്നു.
പരുക്കേറ്റ 35 പേരെങ്കിലും ആശുപത്രിയിൽ ഉണ്ടെന്നു അവർ പറഞ്ഞു. പ്രതി നടത്തിയ വെടിവയ്പ്പിൽ രണ്ടു ഓഫിസര്മാര്ക്കു പരുക്കേറ്റു. അവർ തിരിച്ചു വെടിവച്ചപ്പോൾ അക്രമി കൊല്ലപ്പെട്ടു.
ലൂയിസിയാന ഗവർണർ ജെഫ് ലാൻഡറി പറഞ്ഞു: "ഭീകരമായ ആക്രമണമാണ് ഉണ്ടായത്
ട്രക്ക് അതിവേഗം ഓടിച്ചുകയറ്റി അപകടമുണ്ടാക്കിയ ശേഷം ഡ്രൈവർ തോക്കുമായി പുറത്തിറങ്ങി തുടർച്ചയായി വെടിവയ്‌ക്കുകയായിരുന്നെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് വെടിവച്ചയാളുമായി ഏറ്റുമുട്ടി. ഏറ്റുമുട്ടലിലാണ് അക്രമി കൊല്ലപ്പെട്ടത്.
യൂണിവേഴ്‌സിറ്റി മെഡിക്കൽ സെൻ്റർ, ടൂറോ ഹോസ്പിറ്റൽ, ഈസ്റ്റ് ജെഫേഴ്‌സൺ ജനറൽ ഹോസ്പിറ്റൽ, ഓക്‌സ്‌നർ മെഡിക്കൽ സെൻ്റർ, ജെഫേഴ്‌സൺ കാമ്പസ്, ഓക്‌സ്‌നർ ബാപ്റ്റിസ്റ്റ് കാമ്പസ് എന്നീ ആശുപത്രികളിൽ ആണ് പരിക്കേറ്റവരെ എത്തിച്ചതെന്ന് ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു.