ഇന്ത്യയിലെ പരമോന്നത നിയമമായ ഭരണഘടന 'കുന്തവും കുടച്ചക്രവു'മാണെന്ന് പറഞ്ഞ് അവഹേളിച്ച സി.പി.എമ്മിന്റെ മന്ത്രി സജി ചെറിയാന്‍ ഇപ്പോള്‍ കേരളത്തിലെ നിയമ വ്യവസ്ഥയെയും വെല്ലുവിളിച്ചിരിക്കുന്നു. യു പ്രതിഭ എം.എല്‍.എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്സൈസിന് നേരെയാണ് മന്ത്രിയുടെ കലിതുള്ളല്‍. ''കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി. എഫ്.ഐ.ആര്‍ ഞാന്‍ വായിച്ചതാണ്. അതില്‍ മോശപ്പെട്ടത് ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്‌തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോ. ഞാനും പുകവലിക്കുന്നയാളാണ്...'' മന്ത്രി പറഞ്ഞു.
''പുക വലിച്ചെന്ന് എഫ്.ഐ.ആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ..? അവര്‍ വര്‍ത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോള്‍ പുക വലിച്ചു. അതിനെന്താണ്..? വലിച്ചത് ശരിയാണെന്നല്ല. ചെയ്‌തെങ്കില്‍ തെറ്റാണ്. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ..? ആ പരിഗണന കൊടുക്കണ്ടേ..? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ..? സ്വഭാവികമായി പറയും. ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം.ടി വാസുദേവന്‍ നായര്‍...''
ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റ് ജനാധിപത്യ സംവിധാനത്തില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രി പറഞ്ഞ വാക്കുകളാണിത്. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന ഈ മന്ത്രി സി.പി.എമ്മിനും ഇടതുപക്ഷത്തിനും മാത്രമല്ല, കേരളത്തിലെ ജനങ്ങള്‍ക്കും ജനാധിപത്യ സംവിധാനത്തിനും ഒരു ബാധ്യതയാണ്. യാതൊരു ലൈസന്‍സുമില്ലാതെ സി.പി.എമ്മുകാരന്‍ എന്ന ധാര്‍ഷ്ട്യത്തില്‍ നാവാടുന്ന മന്ത്രി ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയതിന് നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ നവംബറില്‍ ഉത്തരവിട്ടിരുന്നു.
2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സി.പി.എം മല്ലപ്പള്ളി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍...' എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കവേ ആയിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം. തുടര്‍ന്ന് 2022 ജൂലൈ 6-ന് മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ ആറ് മാസത്തെ ഇടവേളക്ക് ശേഷം 2023 ജനുവരി 4-ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി ഭരണഘടനയെത്തന്നെ അവഹേളിക്കുകയായിരുന്നു. ഭരണഘടനയോടുള്ള അനാദരവ് രാജ്യത്തോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്.
മന്ത്രിയെ കുരുക്കിലാക്കിയ വിവാദ പരാമര്‍ശങ്ങള്‍ ഇങ്ങനെയായിരുന്നു. ''ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വച്ചിരിക്കുന്നത്. ബ്രീട്ടീഷുകാരന്‍ പറഞ്ഞു തയാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്നു ഞാന്‍ പറയും. അതില്‍ കുറച്ചു ഗുണങ്ങള്‍ ഇട്ടിട്ടുണ്ട്. മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡില്‍ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാന്‍ പറ്റുന്ന ഭരണഘടനയാണിത്...''
അതേസമയം കായംകുളം എം.എല്‍.എ യു പ്രതിഭയുടെ മകന്‍ കനിവും ലഹരി കൂട്ടുകാരും ഉള്‍പ്പെട്ട കേസില്‍ പാര്‍ട്ടിയില്‍ നിന്ന് ആദ്യമായി പ്രതികരിച്ചത് സജി ചെറിയാനാണ്. പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. മന്ത്രിക്ക് എല്ലാം അറിയാമെങ്കിലും ജനങ്ങളുടെ കണ്ണില്‍ പൊടി വിതറാനുള്ള ബോധപൂര്‍വമായ ശ്രമമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഇത് അബദ്ധജഡിലവും അപലപനീയവുമാണ്.
കനിവ് ഉള്‍പ്പെടെ 9 പേരടങ്ങുന്ന സംഘത്തില്‍ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലര്‍ന്ന 500 മില്ലീ ലിറ്റര്‍ പുകയില മിശ്രിതം എന്നിവ കണ്ടെടുത്തതയി കുട്ടനാട് എക്സൈസ് സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. കഞ്ചാവ് മിശ്രിതം ഉപയോഗിക്കുന്നതിന് തയാറാക്കിയ കുപ്പി, പപ്പായ തണ്ട് എന്നിവ കണ്ടെത്തിയെന്നും ക്രൈം ഒക്കറന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. നാട്ടുകാരായ രണ്ടു പേരെ സാക്ഷികളായും ചേര്‍ത്തു. തകഴി പാലത്തിനടിയില്‍ ആളൊഴിഞ്ഞ ഭാഗത്ത് നിന്നാണിവരെ പിടികൂടുന്നത്. സംഘം മദ്യപിക്കുമ്പോഴാണ് എക്സൈസ് പരിശോധന നടത്തിയത്.
മന്ത്രിയുടെ അഭിപ്രായത്തില്‍ പുക കഞ്ചാവി വലിക്കുന്നതും മദ്യപിക്കുന്നതും വലിയ മഹാ അപരാധമൊന്നുമല്ല. അതില്‍ മോശപ്പെട്ട ഒന്നുമില്ല താനും. എന്നാല്‍ ലഹരിക്കടിമയായി സന്തം മക്കള്‍ വഴിപിഴച്ചുപോകുന്നതുകണ്ട് മാതാപിതാക്കള്‍ ഹൃദയം പൊട്ടി വിലപിക്കുന്ന ഒരു ദുരന്ത ഘട്ടത്തിലാണ് മന്ത്രിയുടെ ഉത്തരവാദിത്തമില്ലായ്മ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ പ്രകടമാവുന്നത്.
കേരളത്തിലെ സ്‌കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇന്ന് ലഹരി മാഫിയയുടെ പിടിയിലാണ്. നിയമംവഴി സ്ഥാപിതമായ എക്സൈസ് വകുപ്പ്, കഞ്ചാവും മാരകമായ പുകയില ഉല്‍പ്പന്നങ്ങക്കും മയക്കുമരുന്നിനെതിരെയും ശക്തമായ ശിക്ഷാ നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ് സജി ചെറിയാന്റെ പാഴ്വാക്കുകള്‍ നമ്മെ അസ്വസ്ഥരാക്കുന്നത്. കായംകുളത്ത് എസ് വാസുദേവന്‍ പിള്ള രക്തസാക്ഷിദിനം ഉദ്ഘാടനം ചെയ്ത് യു പ്രതിഭയും ഇരിക്കുന്ന വേദിയിലായിരുന്ന മന്ത്രിയുടെ വിടുവായത്തം.
ഇങ്ങനെ ബെല്ലും ബ്രേക്കുമില്ലാത്ത വര്‍ത്തമാനം പറയുന്ന മന്ത്രിയെ നിലയ്ക്കുനിര്‍ത്താന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും തയ്യാറാകുമോയെന്ന് തോന്നുന്നില്ല. കാരണം സമീപകാല സംഭവങ്ങളില്‍ ഇവര്‍ വേട്ടക്കാര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന് മനസിലാക്കാം. പക്ഷേ ഇരകളോടൊപ്പമാണെന്ന് വീരവാദം മുഴക്കുകയും ചെയ്യും.
ദാര്‍ശനികമേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായ കുഞ്ഞുണ്ണി മാഷ് ചൊല്ലിയപോലെ...
''ഒരു തീപ്പെട്ടിക്കൊള്ളി തരൂ
ഒരു ബീഡി തരൂ
ഒരു ചുണ്ടുതരൂ
ഞാനൊരു ബീഡി വലിച്ചു രസിക്കട്ടെ..!''