Image

എന്റെ എഡിറ്റര്‍ (അഹ്‌മദ് ശരീഫ് പി)

Published on 03 January, 2025
എന്റെ എഡിറ്റര്‍ (അഹ്‌മദ് ശരീഫ് പി)

1989ല്‍ ഞാന്‍ ഒരു വെറും ട്രെയ്‌നിയായി കോഴിക്കോട് കേരള കൗമുദിയില്‍ തുടരുകയായിരുന്നു. കൗമുദിയില്‍ സ്ഥിരപ്പെടുത്തുക എന്നത് അപൂര്‍വ പ്രതിഭാസമാണ്. മൂന്നാം വര്‍ഷത്തില്‍ അങ്ങനെ നില്‍ക്കുമ്പോള്‍ ഒരു ഓഫര്‍ വരുന്നു. ഫോണിന്റെ അങ്ങേതലയ്ക്കല്‍ എസ് ജയചന്ദ്രന്‍ നായര്‍. 

പോരുന്നോ എന്റെ കൂടെ ബോംബെയിലേക്ക്. കണ്‍ഫര്‍മേഷന്‍ തരാം. എനിക്ക് ബോംബെയെ കുറിച്ചു ഒന്നും അറിയില്ല. ഹിന്ദിയും കഷ്ടി. എങ്കിലും ഞാന്‍ ഓക്കേ പറഞ്ഞു.

ഭാര്യയെയും മകനെയും ഒറ്റയ്ക്ക് തിരൂരങ്ങാടിയില്‍ വിട്ട് ഞാന്‍ വണ്ടി കയറിയത് എസ് ജയചന്ദ്രന്‍ നായര്‍ എന്ന ഇതിഹാസത്തിന്റെ ഒറ്റ വാക്ക് വിശ്വസിച്ചിട്ടാണ്. തനിക്ക് പറ്റിയ മണ്ണ് അവിടെയാണ്. മുമ്പ് കലാ കൗമുദിക്ക് വേണ്ടി അവുക്കാദര്‍ കുട്ടി നഹയെ കുറിച്ച് ഫീച്ചര്‍ എഴുതാന്‍ ഏല്‍പിച്ച പരിചയം മാത്രമായിട്ടും എന്തുകൊണ്ട് ഞാന്‍ ? അതേ പുതിയ എഴുത്തുകാരെ കൈ പിടിച്ചു ഇയര്‍ത്തുന്നതില്‍ ഇത് പോലെ പങ്ക് വഹിച്ച മറ്റൊരു എഡിറ്ററെ മലയാളത്തില്‍ കാണാനാവില്ല. പ്രസാദ് ലക്ഷ്മണ്‍, റോയ് മാത്യു, വിജു വി നായര്‍ എല്ലാവരെയും അദ്ദേഹം ബോംബെയിലേക്ക് കൊണ്ടു വന്നു.

മലയാളത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് മാത്രം ഒരു സീരിയസ് മാഗസിന്‍ ആയി വിലസുന്ന കാലം. അതില്‍ തമ്പ്രാക്കന്മാര്‍ എഴുതുന്നതേ അക്കാലത്തു വരൂ. അപ്പോഴാണ് തിരുവനന്തപുരം പേട്ടയിലെ കേരള കൗമുദി ആപ്പീസില്‍ എഡിറ്റര്‍ എം എസ് മണിക്ക് മുമ്പില്‍ ഇദ്ദേഹം കലാ കൗമുദി എന്ന വാരികയുടെ പ്രൊപോസല്‍ വയ്ക്കുന്നത്. കൗമുദിക്ക് പിറകിലെ വീട്ടില്‍ വാരിക തുടങ്ങി. അതോടെ നിരവധി പുതിയ എഴുത്തുകാര്‍ മത ജാതി വ്യത്യാസമില്ലതെ എഴുതുന്നു. ജയചന്ദ്രന്‍ സര്‍ പ്രസിദ്ധീകരിക്കുന്നു. ബോംബെയിലേക്ക് ഇടയ്ക്കിടെ അത് എഴുത്, ഇത് എഴുത് എന്നൊക്കെ നിര്‍ദേശം വരും.

ഞങ്ങള്‍ അവിടെ എം പി നാരായണപിള്ളയുടെ തമാശകള്‍ കേട്ട് ചിരിച്ചു കളിച്ചു നടക്കുന്ന കാലം. അപ്പോഴതാ സാര്‍ നേരിട്ട് വരുന്നു. അന്ന് ജനങ്ങള്‍ തിങ്ങി ഞെരുങ്ങുന്ന ബോംബെയില്‍ ഞങ്ങള്‍ പോഷ് ഏരിയയിലുള്ള കഫാ പരേഡില്‍ കൗമുദിയുടെ ജോളി മേക്കര്‍ ചേംബര്‍ എന്ന വലിയ ഫ്‌ളാറ്റില്‍ താമസിക്കുന്നു. മനോരമയ്ക്ക് പോലും അന്ന് ബോംബെയില്‍ സ്വന്തമായ ഇത്ര നല്ല ഫ്‌ലാറ്റും നരിമാന്‍ പോയന്റ് എന്ന കിടിലന്‍ സ്ഥലത്തു ഓഫിസും ഇല്ല. താമസവും ഞങ്ങള്‍ ഒരുമിച്ചു. എം എസ് മണിയും അവിടെ തന്നെ. ചിലപ്പോള്‍ എം പി നാരായണപിള്ളയും വരും. അദ്ദേഹത്തിന്റെ പ്രേരണയിലാണ് കലാ കൗമുദി ദിനപത്രമായി ബോംബെയില്‍ തുടങ്ങിയത്.

മറാഠി പോയിട്ട് ഹിന്ദി പോലും നന്നായി അറിയാത്ത എന്നെ പിടിച്ചു നേരെ ബോംബൈ തെരുവിലേക്ക് ഇറക്കി വിടുമ്പോള്‍ അങ്ങേരുടെ മനസ്സില്‍ എന്തായിരുന്നു എന്നറിയില്ല. കഴിഞ്ഞ ആഴ്ച്ച മരിച്ച ഓംപ്രകാശ് ചൗത്താലയുടെ പത്ര സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാനായിരുന്നു ആദ്യ നിയോഗം. തിരിച്ചു വന്ന് താറുടുത്തു ഞൊണ്ടി കയറി വന്ന ചൗത്താലയെക്കുറിച്ചാണ് ഞാന്‍ എഴുതിയത്. അടുത്തേക്ക് വിളിച്ചു കീശയിലെ മൗണ്ട് ബ്ലാങ്ക് പേന എടുത്ത് തന്ന അദ്ദേഹം സ്‌നേഹം തന്നു.ഒരിക്കലും കൊള്ളിച്ചു ചവിട്ടി അരച്ചു കലക്കി കുടിക്കുന്ന ആളായിരുന്നില്ല അദ്ദേഹം.

ഈ പ്രോത്സാഹനം യുവ എഴുത്തുകാര്‍ക്ക് വാരിക്കോരി കൊടുത്തിരുന്നു. മൊറാര്‍ജി ദേശായി, രാജീവ് ഗാന്ധി, വി പി സിങ്, ചന്ദ്ര ശേഖര്‍ തുടങ്ങി നാല് പ്രധാനമന്ത്രിമാരെയും അദ്വാനി, വാജ്പേയ്, ബാല്‍താക്കറെ, ശരത് പവാര്‍, കാന്‍ഷി റാം, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ തുടങ്ങി എത്രയോ ഉന്നതരെ ഇന്റര്‍വ്യൂ ചെയ്യാന്‍ എനിക്ക് കഴിഞ്ഞതും ഒരു പക്ഷെ തനിക്ക് അവിടെയാണ് നല്ലത് എന്ന ജയചന്ദ്രന്‍ നായരുടെ വാക്കുകള്‍ മൂലം ആവാം. പിറവി, സ്വം എന്നീ സിനിമകള്‍ എഴുതിയതും അദ്ദേഹമാണ്. സ്വമ്മിന് അവാര്‍ഡ് ലഭിക്കുമ്പോള്‍ ഞങ്ങള്‍ ബോംബെയിലുണ്ട്. സാര്‍ തന്ന അന്നത്തെ പാര്‍ട്ടി ആര്‍ക്കും വിസ്മരിക്കാന്‍ ആവില്ല.

കൗമുദിയിലെ കേസും വക്കാണവുമെല്ലാം ആസൂത്രണം ചെയ്തിരുന്നത് ബോംബൈ ഓഫിസില്‍ നിന്നായിരുന്നു. പക്ഷെ ജയചന്ദ്രന്‍ നായര്‍ കൗമുദി വിടുന്നത് തിരുവന്തപുരത്തു വച്ചു തന്നെയാണ്. നിങ്ങള്‍ ശ്രദ്ധിക്കാഞ്ഞിട്ടാണ് കലാ കൗമുദി ഗുണം പിടിക്കാത്തതെന്ന് ഒരു നാള്‍ എം എസ് മണി അദ്ദേഹത്തിന്റെ മുഖത്തു നോക്കി പറഞ്ഞു. ഒരക്ഷരം ഉരിയാടാതെ ഒന്നും എടുക്കാതെ അദ്ദേഹം പടിയിറങ്ങി. അപ്പോള്‍ തന്നെ ഇന്ത്യന്‍ എക്‌സ്പ്രസ് അദ്ദേഹത്തെ വിളിച്ചു സമകാലിക മലയാളം ഏല്‍പിച്ചു. ഒറ്റ ആഴ്ച കൊണ്ടാണ് അത് തുടങ്ങിയത്. വരകളുടെ ആശാന്‍ നമ്പൂതിരിയെ അദ്ദേഹം കൊണ്ടു വന്നതാണ്. എം കൃഷ്ണന്‍ നായരുടെ സാഹിത്യ വാരഫലം കുങ്കുമത്തില്‍ നിന്ന് പൊടി തട്ടി എടുത്ത് കൗമുദിയിലും പിന്നെ സമകാലിക മലയാളത്തിലും ആവിഷ്‌കരിച്ചതും ജയചന്ദ്രന്‍ നായര്‍ തന്നെ. മാഗസിന്‍ ജേണലിസം സവര്‍ണരില്‍ നിന്നും താഴേക്ക് സാധാരണക്കാരിലേക്ക് ഇറക്കി കൊണ്ടു വന്നതും മറ്റാരുമല്ല.

വൈക്കം മുഹമ്മദ് ബഷീറിനോട് വല്ലാത്ത അടുപ്പമായിരുന്നു ഈ മനുഷ്യന്. ബഷീറിന്റെ മകള്‍ ഷാഹിനയുടെ ഭര്‍ത്താവ് സൗദിയില്‍ നിന്നു മടങ്ങവേ മരിക്കുന്നത് മുംബൈയില്‍ വെച്ചാണ്. വേണ്ടതെല്ലാം ചെയ്ത് കൊടുക്കാന്‍ സാര്‍ ഫോണ്‍ ചെയ്ത് പറഞ്ഞപ്പോള്‍ ബഷീറിനെ പോലെ സാറും വല്ലാതെ പ്രയാസപെട്ടിരുന്നു. ആ പേന ഇപ്പോഴും സൂക്ഷിക്കാന്‍ എനിക്ക് കാരണങ്ങള്‍ ഇനിയും നിരവധിയുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക