Image

കഥ അദ്ദേഹത്തിന്റെ, നമ്മളുടെയും (സുധീർ പണിക്കവീട്ടിൽ)

Published on 04 January, 2025
കഥ അദ്ദേഹത്തിന്റെ, നമ്മളുടെയും (സുധീർ പണിക്കവീട്ടിൽ)

ഒരാളുടെ ആത്മകഥയിലൂടെ നമ്മൾ അറിയുന്നത് ആ വ്യക്തിയെപ്പറ്റിയും അദ്ദേഹം ജീവിച്ചിരുന്ന സമൂഹത്തെപ്പറ്റിയും കാലത്തെപ്പറ്റിയുമായിരിക്കും. മലയാളത്തിൽ ഇരുപതാം നൂറ്റാണ്ടിലാണ് ആത്മകഥ ഒരു പുതിയ സാഹിത്യരൂപമായി വളർന്നത്. സാഹിത്യത്തിലെ ജനുസ്സുകളിൽ ഒന്നാണ് ആത്മകഥ.

നമുക്ക് പരിചയമില്ലാത്ത ഇന്നലെകളുടെ വിവരണം വായനക്കാരിൽ ജിജ്ഞാസയുളവാക്കുംവിധമായിരിക്കുക എന്നത് എഴുത്തുകാരന്റെ രചനാരീതിയും സാഹിത്യത്തിലുള്ള മികവുമനുസരിച്ചിരിക്കും. അതേപോലെ എഴുത്തുകാരൻ സത്യസന്ധത പാലിച്ചിരിക്കണം. ആത്മകഥകൾ ഒരു തരത്തിൽ കുമ്പസാരം പോലെയാണ്. താൻ ജീവിച്ച സമൂഹത്തോട് ആത്മാർത്ഥതയോടെ പറയുന്ന കാര്യങ്ങൾ. അത് പലപ്പോഴും ഒരു വെല്ലുവിളിയാകാറുണ്ട്. അതിനെ വിജയിക്കുമ്പോൾ ആത്മകഥകളും  സ്വീകരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യും. പാപങ്ങളിൽ നിന്നും മുക്തി കിട്ടാൻ വൈദികന്റെ മുന്നിൽ കുമ്പസരിക്കുന്നപോലെ ആത്മകഥയെഴുതുന്ന ആളിനും തന്റെ കഥ സഹൃദയസമക്ഷം  മുന്നോട്ട് വയ്ക്കുമ്പോൾ അത് സത്യസന്ധമായിട്ടായിരിക്കണമെന്ന  നിര്ബന്ധമുണ്ടായിരിക്കണം. പല ആത്മകഥകളും അതിഭാവുകത്വത്തോടെ ഇല്ലാത്തതൊക്കെ എഴുതി ചേർത്ത് പുറത്തു വിടുന്നുന്നുണ്ട്.

ശ്രീ മാത്യ ഡാനിയൽ തന്റെ ആത്മകഥക്ക് “ആത്മകഥ ഒരു തുടർക്കഥ” എന്നാണു പേരിട്ടിരിക്കുന്നത്. എല്ലാ ആത്മകഥകളും തുടർക്കഥകൾ തന്നെ. ഏതോ ഒന്നിൽ നിന്നും  ആരംഭിക്കുന്നതാണ്. ഒരാളുടെ മാത്രമായിട്ടാണ് അത് അവതരിപ്പിക്കപ്പെടുന്നെങ്കിലും അതിൽ കലിപിത കഥകൾ പോലെ അനവധി കഥാപാത്രങ്ങളും സാഹചര്യങ്ങളുമുണ്ട്. വായനക്കാർക്ക് വളരെ പരിചിതമായ സംഭവങ്ങളും ജീവിതവും. ശ്രീ മാത്യു ഡാനിയൽ അമേരിക്കയിലേക്ക് കുടിയേറിയ ഒരു മലയാളിയാണ്.  വിവാഹത്തിലൂടെ വിദേശത്തേക്ക് എന്നൊരു യോഗം കുറെ വർഷങ്ങൾക്ക് മുമ്പ്  മലയാളികൾക്കുണ്ടായിരുന്നു.ശ്രീ മാത്യു ജീവിതമാർഗ്ഗം തേടി ആസാമിലെത്തുന്നതോടെ  കഥ രൂപപ്പെടുന്നു. അതിനു മുൻപായി തന്റെ വീടും മാതാപിതാക്കളും സഹോദരന്മാരും അടങ്ങുന്ന ജീവിതവും വളർന്നുവന്ന സ്ഥലവും ഒക്കെ ചുരുക്കമായി വിശദീകരിക്കുന്നുണ്ട്. ധാരാളം ചിത്രങ്ങൾ അദ്ദേഹം പുസ്തകത്തിൽ കൊടുത്തിട്ടുണ്ട്.  അനുഭവങ്ങളാണ് ആത്മകഥകളുടെ ഉള്ളടക്കം. ഭൂതകാലത്തിൽ നിന്നും അവയെല്ലാം ഓർമ്മിച്ചെടുത്ത്  എഴുതുക. അതിൽ ഒരു ആനന്ദവും എഴുത്തുകാരൻ ആസ്വദിക്കുന്നുണ്ടായിരിക്കും. ആത്മകഥകളുടെ സ്വഭാവവും ആഖ്യാനരീതിയും പലരും പല വിധത്തിൽ ഉപയോഗപ്പെടുത്തുമ്പോൾ ശ്രീ മാത്യു വളരെ സരളമായി നമ്മോട് നേരിട്ട് പറയുന്നപോലെ എഴുതിയിട്ടുണ്ട്. 

ആസ്സാമിലേക്കുള്ള വണ്ടിയിൽ കയറുമ്പോൾ അദ്ദേഹം സ്വയം മനസ്സിലാക്കുന്നു എത്ര എളുപ്പത്തിലാണ് സമയം കടന്നുപോകുന്നത്.  താനിന്നു  ഒരു യുവാവാണ്. ഉദ്യോഗാർത്ഥിയാണ്. ഓരോ ഇന്നലെകളും നമ്മെ മാറ്റിയാണ് മുന്നിലേക്ക്  വിടുന്നത്. വണ്ടിയിലെ സഹയാത്രികൻ ചോദിക്കുന്നു. എങ്ങോട്ടാണ് കുഞ്ഞേ? അയാളോട് തന്റെ ബാല്യം മുതലുള്ള കഥകൾ, പറഞ്ഞു കേട്ടിട്ടുള്ള കഥകൾ എല്ലാം പറയുന്നു. അതാണ് കഥ, തുടർക്കഥ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന കഥ. ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ വെണ്മണി വില്ലേജിൽ ഒരു സാധാരണ കുടുംബത്തിൽ ജനനം അച്ഛൻ സ്‌കൂൾ അധ്യാപകൻ. മൂന്നു സഹോദരങ്ങൾ. മിസ്റ്റർ കോളേജ് സ്ഥാനം നേടി. പതിനൊന്നു അദ്ധ്യായങ്ങളിലായി കഥകൾ പറഞ്ഞു തീർക്കുന്നു.

ആസ്സാമിൽ നിന്നുമുള്ള കഥാനായക്‌നറെ പ്രയാണങ്ങൾ, പ്രണയം വിവാഹം, സ്വച്ഛന്ദ ജീവിതം അങ്ങനെ ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ സംഭവങ്ങളുടെ വിവരണം. വടക്കേ ഇന്ത്യയിലേക്ക് അക്കാലത്ത് നേഴ്‌സിംഗിനായി ചേക്കേറിയ ഒത്തിരി വെള്ളരിപ്രാവുകളിൽ ഒന്നിനെ അദ്ദേഹവും ഇണയാക്കി. പ്രണയത്തെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം "ദേഖിയെ ഏക് ദിൻ പ്യാർ ഹോ ജായേഗാ  എന്നാണു" ജീവിതത്തിലെ ചില സത്യങ്ങൾ സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം വെളിപ്പെടുത്തുന്നു. ജീവിതം സുഖകരം എന്ന് അദ്ദേഹം ആശ്വസിച്ചു തുടങ്ങിയപ്പോൾ ദുരന്തങ്ങൾ അദ്ദേഹത്തെ വേട്ടയാടി. കാൻസർ എന്ന ഭീകരൻ ഭാര്യയുടെ ജീവൻ അപഹരിച്ചു. രണ്ടും മക്കളുമായി ജീവിതം ആരംഭിച്ചപ്പോൾ വീണ്ടും ഒരു പങ്കാളിയെ കണ്ടെത്തി. അവരുടെ മക്കളും സ്വന്തം മക്കളുമായി രണ്ടാമതും ജീവിതം തുടരുമ്പോൾ സ്വന്തം മകളും കാൻസറിന്‌   കീഴടങ്ങുന്നു.
ആദ്യഭാര്യയും മകളും നഷ്ടപ്പെട്ട ദുഃഖത്തിൽ നിന്നും അദ്ദേഹം ഒരു സത്യം മനസ്സിലാക്കിയതായി നമ്മുടെ അറിവിലേക്ക് നല്കുന്നുണ്ട്. മനസ്സിനേറ്റ മുറിവുകൾ കാലത്തിനു മായ്ക്കാൻ പറ്റുമെന്ന് പറയുന്നത് ശരിയല്ല. അദ്ദേഹം എഴുതുന്നു. 

ചില വേദനകൾ, വേർപാടുകൾ,  അപമാനങ്ങൾ ഒഴിവാക്കുകൾ മാറുന്നുവെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ പറ്റിയേക്കും. പക്ഷെ അതങ്ങനെ ഉള്ളിൽ നീറി നീറി കിടക്കും മരിക്കുന്നത്  വരെ. പ്രതിസന്ധികളിൽ തളരാതെ ജീവിതം മുന്നോട്ടു നയിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നൽകുന്നത്. ആദ്യഭാര്യ കാൻസർ ബാധിതയായി മരണപ്പെട്ടപ്പോൾ അദ്ദേഹം അവരുടെ ഓർമ്മക്കായി ലോകപകാരപ്രദമായ ചികിത്സ സഹായപദ്ധതി രൂപീകരിച്ച്  ഇപ്പോൾ അത് വളരെ വിപുലമായ രീതിയിൽ നടത്തികൊണ്ടുപോകുന്നു. ശേഷിക്കുന്ന വർഷങ്ങളിലും സമൂഹത്തിന്റെ നന്മക്കായി പ്രവർത്തിക്കണമെന്ന സദുദ്ദേശത്തോടെ മുന്നോട്ട് ജീവിതം നയിക്കുന്നു.
സമൂഹത്തിലെ വളരെയധികം മനുഷ്യരുടെ ജീവിതത്തിന്റെ ഒരു നേർപതിപ്പായി ഈ രചനയെ കാണാം. പ്രത്യേകിച്ച് അമേരിക്കൻ മലയാളികൾക്ക് സുപരിചിതമായ അനുഭവങ്ങളും ജീവിതവും ഇതിൽ കാണാം. 
ശ്രീ മാത്യു ഡാനിയലിനു ആയുരാരോഗ്യങ്ങൾ നേരുന്നു.

ശുഭം

(മാത്യു ഡാനിയലിന്റെ “ആത്മകഥ അതൊരു തുടർക്കഥ” എന്ന പുസ്തകത്തിന്റെ കോപ്പികൾക്കായി അദ്ദേഹവുമായി ബന്ധപെടുക. മാത്യു ഡാനിയൽ, 122 Straw, Irvine, CA 92618, email matdaniel@hotmail.com)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക