ആരായിരുന്നു നിനക്കു ഞാനെന്നൊരിക്കൽ നീ എഴുതീടണം,
നിന്റെ വരികളിലൊന്നിൽ ആരായിരുന്നു ഞാനെന്നു നീ എഴുതുമ്പോൾ ,
ഒരുപക്ഷേ ഞാൻ ഓർമ്മകൾ മാത്രമായ് മറഞ്ഞിരിക്കാം !
ആരുമല്ലായിരുന്നു ഞാനെന്ന് പലകുറി നീ പറയുമ്പോഴും , എന്തിനു നീ വെറുതെ എനിക്കായി തണൽ കുട വിരിച്ചു,
എന്തിനു നിൻ ചെമ്പനീർ മാനസം എനിക്ക് മുന്നിൽ തുറന്നു,
എന്തിനു നിൻ പൊന്നോടക്കുഴൽ എനിക്കായ് നീട്ടി?
എന്തിനെൻ വിരസ സന്ധ്യകളിൽ സംഗീത സാന്ദ്രമാം സ്വപ്നങ്ങൾ നിരത്തി ?
പ്രണയാതുരനായ നിൻ ഹൃദയമേതോ മഴച്ചാറ്റലിലൊലിച്ചു പോയെന്നും,
കദനക്കടലായിരുന്നു നിറഞ്ഞ നിൻ മിഴിയിണകളെന്നും
എന്നോ ഉറക്കെ നീ പാടിയതോർക്കുന്നു ഞാൻ ! എങ്കിലും എഴുതേണമൊരു വരിയെങ്കിലുമെനിക്കായി നീ ,
അതിൽ എഴുതണം ആരായിരുന്നു നിനക്ക് ഞാനെന്നും !