Image

അശോകന്റെ ആതിരപ്പള്ളി (കഥ : എം.ഡി. കുതിരപ്പുറം )

Published on 04 January, 2025
അശോകന്റെ ആതിരപ്പള്ളി (കഥ : എം.ഡി. കുതിരപ്പുറം )

മദ്ധ്യാഹ്ന സൂര്യൻ കാർമുകിലുകളോട് ദേഷ്യംപിടിച്ച്  മുഖം ചുവപ്പിച്ച് ഭൂമിക്കു മുകളിൽ കത്തി നിൽക്കുകയാണ്. സൂര്യഭഗവാന്റെ ഈ പിണക്കം ഇനി എത്ര ദിവസത്തേക്ക്കൂടി ഉണ്ടെന്നറിയില്ല.

മനസ്സിൽ ഒന്ന് നിശ്ചയിച്ച് ഒരുവഴി ഇറങ്ങിപുറപ്പെട്ട അശോകന്റെ തീരുമാനത്തെ അതൊന്നും ബാധിച്ചില്ല.

നട്ടുച്ച 12 മണിക്കുള്ള KSRTC യുടെ 
സ്വിഫ്റ്റ് ബസ്സ് പാലക്കാടിനു പോകാൻ, പൊരിവെയിലിൽ ഓടിത്തളർന്നുവന്ന് കോട്ടയം സ്റ്റാൻഡിന്റെ ഒരുഭാഗത്തു വന്ന്  പത്തുമിനിറ്റ് "നടുവെന്ന് നൂർത്തുകൊണ്ട് കിടപ്പുണ്ട് ."

അപ്പോൾ തന്നെ,
"യാത്രക്കാരുടെ ശ്രദ്ധയ്ക്ക് വേണ്ടി" പാലക്കാട്ട് പോകുന്ന വണ്ടിയെ 
കോയമ്പത്തൂർക്ക് പോകുന്ന സ്വിഫ്റ്റ് ബസ്സ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നു എന്ന് പറഞ്ഞു സ്റ്റേഷനിൽ നിന്നും അനൗൺസ്‌മെന്റ് ഉണ്ടായി.

വരേണ്ട സമയത്തിൽനിന്നും 
25 മിനിറ്റ് വൈകിയെത്തിയ പാലക്കാട്‌ പോകുന്ന ബസ്സ് കോയമ്പത്തൂർക്ക് ആണന്ന് പറഞ്ഞ് ആൾക്കാരെ വഴിതെറ്റിക്കുന്ന പണി.

പാലക്കാട് ബസ്സ്, സ്റ്റേഷനിലേയ്ക്ക് കയറിവന്നപ്പോൾ,ഡ്രൈവർ, സ്റ്റീറിങ് ഇടത്തേയ്ക്ക് ഒടിക്കാൻ പരമാവധി ശ്രമിച്ചിട്ടും ഒടിയാതെവന്നപ്പോൾ അയാൾ  മുന്നോട്ട് ഒന്നുകൂടി ശ്രദ്ധിച്ചുനോക്കി.

അത്ഭുതം!! 
സ്ഥിരം ചാടിക്കൊണ്ടിരിക്കുന്ന വൻകുഴി തിരിച്ചറിഞ്ഞ ബസ്സ്, ഗതികെട്ടിട്ട് ഗർത്തത്തിൽ ചാടാതിരിക്കാൻ മസിലുപിടിക്കുന്നതാണെന്നു ഡ്രൈവർക്ക് ബോദ്ധ്യപ്പെട്ടു, അപ്പോൾ അയാൾ ബസ്സിന്റെ ഇങ്ങിതം പോലെ വലത്തോട്ട് വെട്ടിച്ച് വൻ കുഴിഒഴിവാക്കി മുന്നോട്ട് കയറിവന്നു പാർക്ക്‌ ചെയ്തു.
മിണ്ടാപ്രാണി ആണെങ്കിലും 
ബസ്സിനുമില്ലേ നട്ടെല്ലും വാരിയെല്ലും  നടുവ് വേദനയുമൊക്കെ ?

ആയുസ്സിന് ദൈർഖ്യം കുറഞ്ഞവർ KSRTC ബസ്സ് സ്റ്റാൻഡിൽ പെട്ടാൽ 
അവർ ജീവനോടെ വീട്ടിൽ തിരിച്ചെത്തുകയില്ല.
അതാണ് അവിടുത്തെ 
സ്ഥിതിയെന്ന് സ്റ്റേഷനിൽ നിന്ന അശോകന് തോന്നി.
കുണ്ടും കുഴിയും ഉള്ള ബസ്സ് സ്റ്റേഷൻ . 
കുഴിയിലും കരയിലും നിറയെ ബസ്സുകൾ. 
അതിനിടയിൽക്കൂടെ 
താൻതാങ്ങളുടെ വണ്ടി തേടി ഓടുന്ന 
പൊതുജനം.ആ ഓട്ടത്തിനിടയിൽ  അവർക്ക് മറ്റേതെങ്കിലും ബസ്സിന്റെ തട്ടുകിട്ടാഞ്ഞാൽ ഭാഗ്യം.

സർക്കാർ കൊട്ടിഘോഷിച്ചു ഇറക്കിയ കാലത്ത് "Swift "
ആയിരുന്ന ബസ്സിന്റെ ലുക്ക്‌  "sh*t"
ആയിക്കൊണ്ടിരിക്കുന്നത് 
(ചില സ്വിഫ്റ്റ് ബസ്സ് എങ്കിലും)
അധികൃതർ ആരും അറിയുന്നില്ല എന്ന് തോന്നുന്നു.
നിറം മങ്ങിയ പെയിന്റും തേഞ്ഞു മുഷിഞ്ഞ ലുക്ക്‌ ഉള്ള സീറ്റുകളും.
സുരേഷ് ഗോപി ഈ ബസ്സ് കാണാഞ്ഞത് ,അമ്പോ ഭാഗ്യം.

ലിമിറ്റഡ് സ്റ്റോപ്പ്‌ ആയ ഈ ബസ്സ്, സ്റ്റാൻഡിൽ എവിടെപോയി കിടക്കുന്നു എന്ന്  വളരെ വിഷമിച്ചു കണ്ടുപിടിച്ച അശോകൻ നേരത്തെ ബുക്ക്‌ ചെയ്തിരുന്നതനുസരിച്ചുള്ള വിവരങ്ങൾ "ലിമിറ്റഡ് ടോക്ക്" മാത്രം ചെയ്യുന്ന കണ്ടക്ടറേ കാണിച്ചപ്പോൾ 
അദ്ദേഹം അശോകനുള്ള സീറ്റ് കൈചൂണ്ടി കാണിച്ചുകൊടുത്തു.

AC ബസ്സ് ആണെന്ന് ഓർപ്പിക്കാൻ മാത്രം നേരിയ തണുപ്പിന്റെ അംശമുള്ള ബസ്സ് കോട്ടയം സ്റ്റാൻഡിൽ നിന്നും കുഴികൾ താണ്ടി വീണ്ടും യാത്ര ആരംഭിച്ചു.

പരസ്പരം അറിയാത്ത കുറെ ആളുകൾ,സഞ്ചരിക്കുന്ന ഒരു മുറി പോലെ തോന്നുന്ന ബസ്സിൽ പലവിധ ചിന്തകളുമായി ബസ്സിൽ ഇരിക്കുന്നുണ്ട്.
അവർ ഓരോരുത്തവരുടെയും അന്നേരത്തെ മനോവ്യാപാരം ടാപ്പ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ അതിൽ സന്തോഷവും ദുഖവും ആധികളും പകയും പരാതികളും പകവീട്ടലും ഒക്കെ കാണാൻ ഉണ്ടാവും.

മലയാളം സിനിമയുടെ അതിരുകൾ ഭേദിച്ചു തെലുങ്ക്,ഹിന്ദി,തമിഴ് സിനിമകൾ കണ്ടു തുടങ്ങിയപ്പോഴാണ് അശോകൻ കേരളത്തിൽ ആതിരപ്പള്ളി എന്ന സ്ഥലത്ത് അതിമനോഹരമായ ഒരു വെള്ളച്ചാട്ടം ഉള്ളതായിട്ട് മനസിലാക്കിയതുതന്നെ.

ഇന്ത്യ മുഴുവനും പേരുകേട്ട ഇത്രയും മനോഹരമായ ഒരു സ്ഥലം നേരിൽ ചെന്ന് കാണാൻ അയാളുടെ ഉള്ളിൽ മോഹം മുളപൊട്ടിയത് അങ്ങിനെയാണ്.

വെള്ളിത്തിരയിലെ മിന്നും താരങ്ങൾ വെള്ളച്ചാട്ടത്തിന്റെ മുന്നിൽ കിടന്ന് സിനിമയിലെ പാട്ടിനൊത്തു നൃത്തം ചവിട്ടുന്നത് കാണുമ്പോൾ ആരായാലും ദൃശ്യസുന്ദരമായ ആതിരപ്പള്ളിയെ പ്രണയിച്ചുപോകും.

താൻ കണ്ടുവച്ചിട്ടുള്ള പെൺകുട്ടി മഞ്ജുവുമായുള്ള തന്റെ വിവാഹം കഴിയുമ്പോൾ അവളുമായി ആതിരപ്പള്ളിയിൽ വീണ്ടും ഒന്നുകൂടി പോകണമെന്നും വെള്ളച്ചാട്ടത്തിന്റെ കുളിരിൽ ഒന്നിച്ച് സിനിമ താരങ്ങളെപ്പോലെ അലിയണമെന്നും അശോകന്റെയുള്ളിൽ മോഹമുണ്ട്.

പോലീസുകാര് അവരുടെ കയ്യിൽ കിട്ടിയ കേസ് തുടരന്വേഷണം നടത്തുന്നതുപോലെ 
അശോകനും ആതിരപ്പള്ളി എവിടെയാണ് എന്നൊരു തുടരന്വേഷണം നടത്തിനോക്കിയിരുന്നു.

അപ്പോഴാണ് "ചാലക്കുടിക്കാരൻ ചങ്ങായി " കലാഭവൻ മണിയുടെ നാടിനടുത്താണ് ആതിരപ്പള്ളിയും 
അമേരിക്കയിലെ നയാഗ്രയുടെ വംശത്തിൽപ്പെട്ട ആതിരപ്പള്ളി വെള്ളച്ചാട്ടവും ഉള്ളത് എന്നറിഞ്ഞത്.

അതിൻ പ്രകാരം ആതിരപ്പള്ളി ഒന്നു കണ്ടിട്ടേയുള്ളു എന്ന് തീരുമാനമെടുത്ത് സ്വിഫ്റ്റ് ബസ്സിൽ സീറ്റ് തരപ്പെടുത്തി ചാലക്കുടിയ്ക്ക് പോവുകയയാണ് അശോകൻ.

പള്ളിപ്പെരുന്നാളുകൾക്കും മറ്റ് എല്ലാവിധ ആഘോഷങ്ങൾക്കും യാതൊരു ദാക്ഷിണ്ണ്യവുമില്ലാതെ കയ്യയച്ചു ആഘോഷിക്കുന്നവരുടെ നാടാണ് ചാലക്കൂടിയും തൃശൂരും ഒക്കെ എന്നാണ് കേട്ടിട്ടുള്ളത്.
അതുകൊണ്ട് അതിന്റെ പരിധിയിൽ വരുന്ന ആതിരപ്പള്ളിയിൽ ചെല്ലുന്നവരും അവിടെ ആടിത്തിമിർത്തുപോകും.

ചാലക്കുടി "ടൗണിന്റെ ഹൃദയത്തിന് ബ്ലോക്ക്‌ ഉണ്ട്" എന്ന് കണ്ടതിനെ തുടർന്നായിരിക്കണം കുറച്ച് നാൾ മുൻപ് നാഷണൽ ഹൈവേയിൽ അധികൃതർ "ബൈ പാസ്സ്" നടത്തിയത്.

ആ ബൈപാസിന്റെ പരിസരത്തു ഇര കാത്തുകിടന്ന ഒരു ഇനോവ ടാക്സിയാണ് ചാലക്കുടിയിൽ നിന്നും തുടർയാത്രയ്ക്ക് വേണ്ടി അശോകന്റെ കണ്ണിൽപ്പെട്ടത്.

കുഴിക്കാട്ടുശ്ശേരിക്കാരൻ വറീത് മകൻ ലോനപ്പന്റെ വക ആണ്  ഇന്നോവ ടാക്സി.

തന്റെ കാറിന്റെ അടുത്തേയ്ക്ക് ചെന്ന അശോകനോട് ചാലക്കുടി സ്റ്റൈലിൽ നീട്ടികുറുക്കി ലോനപ്പൻ ചോദിച്ചു.

" എങ്ങോട്ടാണ് പോകേണ്ടത്? "

"അത് ചേട്ടാ, ഞാൻ അശോകൻ. ഇവിടെ എങ്ങാണ്ടല്ലേ ആതിരപ്പള്ളി?
അവിടെ പോയി വെള്ളച്ചാട്ടം കാണണം,പിന്നെ രാത്രിയോടെ മടങ്ങണം, 
എങ്ങനെയാ കൂലി?"
അശോകൻ തന്റെ ഇംഗിതം അറിയിച്ചപ്പോൾ ലോനപ്പൻ പറഞ്ഞു.
" അതേ, നിങ്ങള് മീറ്റിൽ കാണുന്ന ഓട്ടത്തിന് ഉള്ള കാശു തന്നാൽ മതി.
ആരെയും പറ്റിച്ച് കാശുണ്ടാക്കരുത് "
എന്നാണ് അപ്പൻ വറീത് എന്നെ പഠിപ്പിച്ചിരിക്കുന്നത് . "

 ശരി എന്ന് പറഞ്ഞു കാറിലേയ്ക്ക് കയറുമ്പോൾ ലോനപ്പനൊരു നേരുള്ളവനാണെന്ന് അശോകന് തോന്നി.
ആതിരപ്പള്ളി ലക്ഷ്യമാക്കി ഇന്നോവ മുന്നോട്ട് കുതിക്കുന്നതുകണ്ടപ്പോൾ " ഈ ഓട്ടം നമുക്ക് കിട്ടിയില്ലല്ലോ " എന്നോർത്ത് പരിസരത്ത് കിടന്ന ചില മുച്ചക്ര വണ്ടിക്കാർ നെടുവീർപ്പെട്ടു.

വീതി അധികം ഇല്ലാത്തതെങ്കിലും തരക്കേടില്ലാത്ത വഴി. ടൌൺ ഏരിയ കഴിഞ്ഞപ്പോൾ റോഡിനിരുവശവും 
നിബിഡമായി നിൽക്കുന്ന വന്മരങ്ങളുടെ വനഭംഗി ദൃശ്യമായി.
കൂർത്ത സൂര്യരശ്മികൾ നിലം തൊടാൻ 
പച്ചിലച്ചാർത്തുമായി മത്സരിക്കുന്ന 
നിഴൽ വീണ റോഡും പരിസരവും.
കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോൾ 
വൻ വളവുകളുള്ള വഴി കുറേക്കൂടി വിജനമായിത്തുടങ്ങി.

ലോനപ്പന്റെ കാറിൽ നിന്നും ഉയരുന്ന നേരിയ ശബ്ദത്തിലുള്ള മ്യൂസിക് റോഡിന്റെ ഇരുവശവുമുള്ള വൃക്ഷ നിബിഡമായ പ്രദേശത്തിന്റെ ഭംഗി ആസ്വദിക്കുന്നതിനു അശോകന് തടസ്സമായില്ല.
" റോഡിന്റെ ഒരു വശത്ത് നിരയായി വച്ചുപിടിപ്പിച്ച എണ്ണാവുന്നതിലധികം എണ്ണമുള്ള 
എണ്ണപ്പനകളും, മറുവശത്ത് ചെങ്കുത്തായ ഭൂമിയിൽ വന്മരങ്ങളും വലിയ പാറക്കെട്ടുകളും കണ്ടുതുടങ്ങിയപ്പോൾ ലോനപ്പൻ പറഞ്ഞു.
" ഇനിയങ്ങോട്ട് വനപ്രദേശമാണ്.
ചിലപ്പോൾ റോഡിലേയ്ക്ക് ആനയിറങ്ങും. "

" ആന എന്ന് പറഞ്ഞാൽ കാട്ടനയാണോ ?"
എന്ന പാഴ്ചോദ്യം ചോദിക്കുമ്പോൾ പാപ്പാന്റെ വരുതിയിൽ വഴിയെ നടത്തിക്കൊണ്ട് പോകുന്ന നാട്ടാനയെ മാത്രം കണ്ടപരിചയമുള്ള കോട്ടയംകാരൻ അശോകന്റെ അടിവയറ്റിൽ നിന്നും പേടികൊണ്ട് 
ഇലഞ്ഞിത്തറമേളം പോലെ എന്തോ ഒന്ന് ഇരമ്പാൻ തുടങ്ങി.

പോരാഞ്ഞതിനു അടുത്ത വളവ് ആയപ്പോൾ വഴിയരുകിൽ മഞ്ഞ പെയിന്റ് അടിച്ച വലിയ സൈൻ ബോർഡിൽ കറുത്ത ആനയുടെ പടമുള്ള ബോർഡ് കാണുന്നു.
" കാട്ടാനകളുടെ സാന്നിധ്യം ഉള്ള സ്ഥലം സൂക്ഷിച്ചുപോകുക. "എന്ന്.

ബോർഡ്‌ കണ്ട് അശോകന്റെ മുഖം വിവർണ്ണമാകുന്നത് ശ്രദ്ധിച്ച ലോനപ്പൻ പറഞ്ഞു.

"നിങ്ങള് പേടിക്കണ്ട, ഞാനില്ലേ കൂടെ." നമ്മളിതെത്ര കണ്ടിരിക്കുന്നു.
ആന എപ്പോഴുമൊന്നും വരത്തില്ല. വന്നാലും എനിക്കറിയാം എന്ത് ചെയ്യണമെന്ന്.ഞങ്ങളിതെത്ര കണ്ടിരിക്കുന്നു.

കേട്ടോ അശോകാ,
എനിക്കൊരുപ്പാപ്പൻ ഉണ്ടായിരുന്നു. പേര് ഈനാശു . മൂപ്പര് ഫോറസ്റ്റ് ൽ ആരുന്നു ജോലി. മൂപ്പരുടെ മുൻപിൽ ഒരാനേം വരില്ലായിരുന്നു.

അതെങ്ങനെ? ഉള്ളിലെ ഭയം മറയ്ക്കാൻ ശ്രമിച്ചുകൊണ്ട് അശോകൻ അത്ഭുതം കൂറി.

ഇതുകേട്ടപ്പോൾ വണ്ടി വിട്ടുകൊണ്ടിരുന്ന ഡ്രൈവർ ലോനപ്പന് ഉത്സാഹം കൂടി.

അതെങ്ങനെയാണെന്ന് വച്ചാൽ ആനയെ ദൂരെക്കണ്ടാൽ മൂപ്പര് ഉറക്കെ ഒരു പ്രത്യേക ശബ്ദം ഉണ്ടാക്കും. അതോടൊപ്പം ഒരു പ്രത്യേക "ഏക് ഷനും."

എന്നിട്ട്?

ഇതുകേട്ടാൽ പിന്നെ ആന 
നിൽക്കില്ല. അത് പേടിച്ച് വന്നവഴിയേ വാലും ചുരുട്ടിപ്പോകും.
മൂപ്പർ ഈ വിദ്യ എനിക്ക് പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിരുന്നതാ.

എന്നിട്ട്?

അതിപ്പോൾ മൂപ്പര് പോയിട്ട് രണ്ടു കൊല്ലായി.

അതുശരി , മൂപ്പർ എങ്ങോട്ടു പോയിന്നാ ?

ആനകുത്തി, ആളുപോയി.
മുന്നിൽക്കണ്ട കുഴിവെട്ടിച്ചുകൊണ്ട്
ലോനപ്പൻ നെടുവീർപ്പെട്ടു.

ശേടാ, അതെങ്ങനെ?
അശോകന് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല.
ആന നേരെ വന്നാൽ പേടിപ്പിക്കാൻ ഉപ്പാപ്പന് അറിയാം എന്ന് പറഞ്ഞിട്ട്?

ഹോ. എന്തുപറയാനാ അശോകാ,
ആന വന്നത് മൂപ്പരുടെ പുറകിൽ നിന്നായിപ്പോയി, അറിഞ്ഞില്ല.

താനീക്കേട്ടത് നേരോ, നുണയോ എന്ന് ചിന്തിച്ചുകൊണ്ട് അശോകൻ 
തന്റെ സീറ്റ്‌ ബെൽറ്റിൽ വെറുതെ കയ്യോടിച്ചു കൊണ്ടിരുന്നപ്പോൾ 
നേരം സന്ധ്യആകാൻ സമയം കുറച്ച് കൂടി ബാക്കി ഉണ്ടെങ്കിലും വനവീഥിയിൽ സന്ധ്യയുടെ ഇരുളിമയും നിശബ്ദതയും കൂടുതൽ നേരത്തെതന്നെ പ്രകടന മായിതുടങ്ങിയിരുന്നു.

പെട്ടെന്നാണത് സംഭവിച്ചത്. ലോനപ്പന്റെ 
ടൊയോട്ട ഇന്നോവ ഒരു വളവ് തിരി ഞ്ഞതും മലഞ്ചേരിവിൽ നിന്നും ഇറങ്ങി വന്ന രണ്ടാനകൾ കുറച്ച് ദൂരെ മുൻപിൽ റോഡിലേയ്ക്ക് ഇറങ്ങി വന്നതും ഒരുപോലെ.അതിലൊരുത്തൻ സൈഡ് മാറിനിന്നു. മറ്റവൻ വണ്ടികളെ നോക്കികൊണ്ട്
"ഞങ്ങളുടെ നാട്ടിൽ നിങ്ങൾക്കെന്തുകാര്യം "എന്നമട്ടിൽ വഴിമുടക്കി റോഡിൽ തന്നെ നിൽപ്പായി.

മറുദിശയിൽ നിന്നും രണ്ടും കൽപ്പിച്ചുവന്ന ഒരു വണ്ടി 
സ്പീടെടുത്തു തൊട്ടു തൊട്ടില്ലാതെ ആനയെകടന്നുപോയി അപക ടാവസ്ഥ തരണം ചെയ്തു രക്ഷപെട്ടു.

മറ്റുവണ്ടികൾ എന്തു ചെയ്യണം എന്നറിയാതെ  ആനയിൽ നിന്നും അകലം പാലിച്ച് നിർത്തിയിട്ടുണ്ട്.
ചില വാഹനങ്ങളിൽ നിന്നും സ്ത്രീ രത്നങ്ങളുടെ നേരിയ നിലവിളി കേൾക്കാൻ തുടങ്ങി.
വിചാരിച്ചിരിക്കാതെ വന്നുപെട്ട സിറ്റുവേഷനിൽ എന്തുചെയ്യണം എന്നറിയാതെ വണ്ടികളിലുള്ളവർ ഭയചകിതരായി.

ഒരു സിലിണ്ടർ ശരിക്ക് വർക്ക് ചെയ്യാത്ത ഡീസൽ എൻജിൻ വിറയക്കുന്നപോലെ കാറിൽ ഇരുന്ന് വിറയ്ക്കുന്ന അശോകനോട്, ധൈര്യം ഭാവിച്ചു ഡ്രൈവർ ലോനപ്പൻ വണ്ടി സൈഡിൽ ഒതുക്കി ആനയുടെ നീക്കം ശ്രദ്ധിച്ചുകൊണ്ട് പറഞ്ഞു.
"ഒന്നും പേടിക്കണ്ട കേട്ടോ. നമ്മൾ ഒച്ച വച്ച് വെറുപ്പിക്കാതിരുന്നാൽ മതി.
അവറ്റകള് ഇത്തിരി കഴിയുമ്പോൾ വഴീന്ന് മാറിക്കോളും.
ഇതിങ്ങനെ ഇടയ്ക്ക് വരുന്നതാ. ഒന്നും ചെയൂല."

തന്റെ ആതിരപ്പള്ളി മോഹത്തെ ആന വിഴുങ്ങും എന്ന് സ്വപ്നത്തിൽ പോലും നിരീച്ചിട്ടില്ലാത്ത അശോകൻ 
തന്റെ പേര് ഒരുകാലത്ത് ലോകത്തിന്റെ നല്ലൊരുഭാഗം അടക്കിവാണ വീരശൂരചക്രവർത്തിയുടെ 
നാമഥേയം ആണെന്നുപോലും മറന്നു.

അതിനിടെ എതിർദിശയിൽ നിന്നും ഏതോ ഒരു വിവരംകേട്ട ന്യൂജൻപയ്യൻ തന്റെ റോയൽ എൻഫീൽഡ് 
കൊണ്ട് വഴിയിൽ നിന്ന ആനയെ വെട്ടിച്ചുകടന്നതാണ് പ്രശ്നമായത്.

അവന്റെ "പ്രത്യേക ഏക്ക്ഷൻ " കണ്ട ആന ഉണ്ടെടാ ചീറിക്കൊണ്ട് അവന്റെ പുറകെ ലോനപ്പന്റെ വണ്ടി കിടന്ന ദിശയിലേയ്ക്ക്.

കലികേറിയ കരിവീരന്റെ കുലുങ്ങി കുലുങ്ങിയുള്ള വരവുകണ്ട്  നേരത്തെ വീരവാദമടിച്ച ഡ്രൈവർ ലോനപ്പന്റെ നെഞ്ച് കിടുങ്ങി. വണ്ടിയിൽ നിന്നും ഇറങ്ങി ഓടാൻ ധൈര്യമില്ല.
ആന അടുത്തുവന്ന് തന്റെ പുന്നാര ഇന്നോവ ചവുട്ടിക്കൂട്ടും. താൻ അതിനുള്ളിൽ കിടന്ന് പപ്പടംപോലെ നുറുങ്ങും. നാളെ തന്റെ വീട്ടിൽ അച്ചൻ ഒപ്പീസ് ചൊല്ലും, പിന്നെ കുഴുക്കാട്ടുശ്ശേരി പള്ളിയിൽ ശവമടക്ക്. അയാൾ പ്രാണഭയത്താൽ വിറച്ചുകൊണ്ട് പുത്തൻപള്ളി മാതാവേ രക്ഷിക്കണേ എന്ന് ഉരുവിട്ടുകൊണ്ടിരുന്നു.

റോയൽ എൻഫീൽഡ് ന്യൂജൻ  ആനയെ വെട്ടിച്ച് എങ്ങനെയോ രക്ഷപെട്ടു.
അല്ലെങ്കിൽ അവന്റെ ഹെൽമെറ്റ് 
ന്റെ ക്വാളിറ്റി കാട്ടാന ടെസ്റ്റ്‌ ചെയ്തേനെ.
ആന കുറച്ച് മുൻപോട്ട് വന്നിട്ട് 
" ഇനിയും ധൈര്യം ഉള്ളവൻ മുന്നോട്ടു വാടാ "
എന്നമട്ടിൽ റോഡിൽ തന്നെ നിന്നത് ആരുടെയോ ഭാഗ്യം.

അപ്പോഴേക്കും ആരോ വിളിച്ചുപറഞ്ഞതനുസരിച്ചു ഫോറെസ്റ്റ് ഉദ്യോഗസ്ഥർ പാഞ്ഞുവന്ന്  കുറച്ചു സമയം കൊണ്ട് അപകടം ഉണ്ടാകാതെ നയത്തിൽ ആനയെ കാടുകേറ്റി.

ശ്വാസം നേരെ വീണ ലോനപ്പൻ നോക്കുമ്പോഴുണ്ട് വണ്ടിയിലിരുന്ന  തന്റെ യാത്രക്കാരനെക്കാണുന്നില്ല.
അയാൾ ഫോറെസ്റ്റ് കാരോട് വിളിച്ചു പറഞ്ഞു.

"സാറെ, എന്റെ വണ്ടിയിൽ ഒരാളുണ്ടായിരുന്നു, ആളിനെ കാണുന്നില്ല.

"കാട്ടനായെക്കണ്ടു തന്റെ ബോധം പോയോ?" ആളെകാണുന്നില്ല പോലും. ഓഫീസർ അയാളെ കളിയാക്കി.

"സത്യമായിട്ടും സാറേ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണാനായിട്ട് കോട്ടയംകാരൻ അശോകൻ എന്നൊരാള് എന്റെ വണ്ടിൽ  ഉണ്ടായിരുന്നു."

ഫോറെസ്റ്റ് ഉദ്യോഗസ്ഥർ ഇന്നോവ ഡ്രൈവർ പറഞ്ഞത് വിശ്വസിക്കണോ വേണ്ടയോ എന്ന ചിന്താക്കുഴപ്പത്തിൽ നിൽക്കുമ്പോ
ഴാണ് റോഡിനു താഴെ ഓലവീശി നിരന്നു നിൽക്കുന്ന എണ്ണപ്പനകളിൽ ഒന്നിന്റെ മണ്ടയിൽ നിന്നും ഒരു വനരോദനം കേട്ടത്.

" ഞാനിവിടുണ്ട് സാറേ രക്ഷിക്കണേ ."

ജീവത്ഭയത്താൽ അശോകനിൽ നിന്നുത്ഭവിച്ച ചെറിയ ആതിരപ്പള്ളി കാരണം ആ പനംചുവട് 
നനഞ്ഞുകിടന്നിരുന്നു.

ജീവിതത്തിൽ ഒരു തൈമാവിൽ പോലും കയറിയിട്ടില്ലാത്ത അശോകൻ മാനം മുട്ടിയ എണ്ണപ്പനയുടെ മണ്ടയിൽ എങ്ങനെ കയറി?
അയാൾക്കുപോലും അറിയില്ല.


MDകുതിരപ്പുറം.

Join WhatsApp News
SC. BOSE 2025-01-05 07:23:22
👍🏻
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക