അന്ന് ഓൺലൈൻ ജോലി കഴിഞ്ഞപ്പോൾ രാത്രി 12 മണിയായി. സൂസൻ നല്ല ഉറക്കത്തിലാണ്. ലൈറ്റ് ഓൺ ചെയ്ത് അവളെ ഉണർത്തണ്ടല്ലോ എന്ന് കരുതി ശബ്ദമുണ്ടാക്കാതെ ഞാൻ ബെഡിൽ കിടന്നു. പെട്ടെന്നാണ് വാട്സ്ആപ്പിൽ മെസ്സേജ് വന്ന ശബ്ദം കേട്ടത്. ഫോൺ എടുത്തു നോക്കി, തൻറെ കൂടെ ഓഫീസിൽ ജോലി ചെയ്യുന്ന നിമ്മിയാണ്!
"ഇവളെന്താ ഈ സമയത്തു്?" മനസ്സിൽ ചോദിച്ചു.
"ഡാ, ഞാൻ എഫ് ബി യിൽ ഒരു ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ടുണ്ട്, പ്ലീസ് അക്സെപ്റ്റ്."
കൂടെ ജോലി ചെയ്യുന്ന ആരെയും ഞാൻ ഫേസ് ബുക്കിൽ ഫ്രണ്ടായി എടുത്തിട്ടുണ്ടായിരുന്നില്ല. എങ്കിലും പാവം, റിക്വസ്റ്റ് ചെയ്തതല്ലേ എന്ന് കരുതി അക്സെപ്റ്റ് ചെയ്തിട്ട് കിടക്കാൻ തുടങ്ങിയപ്പോൾ, വീണ്ടും മെസ്സേജ്. കിടന്നു കൊണ്ടു തന്നെ ഫോൺ നോക്കി, അവൾ തന്നെയാണ്.
"താങ്ക് യു ഡാ, നിനക്ക് ഉറങ്ങാറായോ? എന്താണെന്നറിയില്ല കിടന്നിട്ടു എനിക്ക് ഉറക്കം വരുന്നില്ല! നിനക്ക് ഉറങ്ങാൻ ധൃതിയില്ലെങ്കിൽ എന്നെ വിളിക്കാമോ, നമുക്ക് കുറെ നേരം സംസാരിക്കാം." പെട്ടെന്ന് മനസ്സൊന്നു പിടച്ചു! ഈ പാതിരാത്രിക്ക് ഇവൾക്കെന്ത് സംസാരിക്കാനെന്നു മനസ്സിലോർത്തു. വിളിക്കാമെന്നോ ഇല്ലെന്നോ പറഞ്ഞില്ല. എൻറെ വിളി കിട്ടാതെവരുമ്പോൾ അവൾ തിരിച്ചു വിളിച്ചാലോ എന്നുകരുതി ഫോണിൻറെ സ്പീക്കർ ഓഫാക്കി വച്ചു.
എൻറെ കൂടെ ബെഡിൽ കിടക്കുന്ന സൂസനെ ഞാൻ നോക്കി. അവൾ നല്ല ഉറക്കമാണ്. ഒരു നിമിഷം മനസ്സിലേക്ക് എന്തൊക്കെയോ ചിന്തകൾ ഓടിവന്നു. പാവം സൂസൻ, എന്നെ വിശ്വസിച്ച്, എൻറെ ഭാര്യയായി, എൻറെ കൂടെ ഇറങ്ങിത്തിരിച്ചവളാണ്. എനിക്കുവേണ്ടി അവളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയുമൊക്കെ ഉപേക്ഷിച്ചാണ്, ഇതിനു മുമ്പ് പരിചയമില്ലാത്ത എൻറെ കൂടെ സൂസൻ പോന്നത്. അതും വെറുമൊരു വിശ്വാസത്തിൻറെ പേരിൽ. ആ പരസ്പര വിശ്വാസമാണ് ഞങ്ങളെ ഒരുമിച്ച് നിർത്തുന്നത് . ആ വിശ്വാസത്തിൽ ഞാനായി കളങ്കം വരുത്തുന്നത് ഒരിക്കലും ശരിയല്ല . പാതിരാത്രിക്ക് വന്ന നിമ്മിയുടെ ഫോൺ കോളിന്റെ ഉദ്ദേശം എന്തുതന്നെയായാലും, അത് ശരിയല്ല എന്ന് എന്റെ മനസ്സാക്ഷി മന്ത്രിച്ചു! എഴുന്നേറ്റിരുന്ന് നിമ്മിയെ എഫ്. ബി. യിൽ നിന്നും മെസ്സഞ്ചറിൽ നിന്നും അൺഫ്രണ്ട് ചെയ്തു. ഫോൺ നമ്പറും ബ്ലോക്ക് ചെയ്തിട്ട് ഉറങ്ങാൻ കിടന്നപ്പോൾ മനസ്സിൽ അല്പംപോലും കുറ്റബോധം തോന്നിയില്ല! ഉറങ്ങിക്കിടന്ന സൂസനെ കെട്ടിപ്പിടിച്ച് അവളുടെ കവിളിൽ മൃദുവായി ഉമ്മ വെച്ചിട്ട്, അവളുടെ ചെവിയിൽ മന്ത്രിച്ചു, "ഐ ലവ് യു സൂസൻ."