Image

നീലച്ചിറകുള്ള മൂക്കുത്തി ; ഒരു ഉത്തരാധുനിക നോവൽ : ഡോ.ആനിയമ്മ ജോസഫ്

Published on 05 January, 2025
നീലച്ചിറകുള്ള മൂക്കുത്തി ; ഒരു ഉത്തരാധുനിക നോവൽ : ഡോ.ആനിയമ്മ ജോസഫ്

ആധുനികം എന്നല്ല, ഉത്തരാധുനികം എന്നു  മനോരമ ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ച സന റുബീനയുടെ "നീലച്ചിറകുള്ള മൂക്കുത്തി" എന്ന  നോവലിന്റെ പശ്ചാത്തലത്തെക്കുറിച്ചും  രചനാശൈലിയെക്കുറിച്ചും  പറയാം.  

ഈ നോവൽ നോവല്ല ആയി അക്ഷരസ്ത്രീ:The Literary Woman എന്ന സാഹിത്യസംഘടന 2018- ലെ  "അ" എന്ന സമാഹാരത്തിൽ  നാല് അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് അമേരിക്കയിലെ മലയാളം പത്രികയിൽ നോവൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. ഇ -  മലയാളി ഓൺലൈൻ പത്രത്തിൽ 2021-2022 ൽ വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു.
ശേഷം 2024 ഒക്ടോബർ 
26 - നാണ്  മനോരമ ബുക്സിൽ നിന്നും "ഹോർത്തൂസി"ന്റെ  വിശാലമായ ആകാശ/നക്ഷത്ര മണ്ഡലത്തിലേക്കു പറന്നുയർന്നത്! മലയാളിയുടെ പ്രിയ കഥാകാരൻ ശ്രീ എം മുകുന്ദനും പ്രിയ എഴുത്തുകാരൻ
ശ്രീ എൻ. ഇ. സുധീറും ചേർന്നാണ് ഹോർത്തൂസിൽ നീലച്ചിറകുള്ള മൂക്കുത്തി പ്രകാശിപ്പിച്ചത്.

നോവലിസ്റ്റ് സനയുടെ ഒരു പ്രത്യേകത ആയിരിക്കുമെന്ന് എനിക്കൊരു തോന്നൽ, പറക്കുവാനുള്ള വെമ്പൽ!(ഏതു മനുഷ്യനും ഉള്ള വെമ്പൽ തന്നെ!) ആദ്യനോവലിന്റെ പേര് "മേലോട്ട് പെയ്യുന്ന മേഘങ്ങൾ" എന്നായിരുന്നു. ഈ നോവലിനാകട്ടെ "നീലച്ചിറകുള്ള മൂക്കുത്തി" എന്നും. ചിറകു വിരിച്ചു കഥാകൃത്തും പറക്കട്ടെ എന്ന് ഞാൻ ആത്മാർത്ഥമായി  ആഗ്രഹിക്കുന്നു, ആശംസിക്കുന്നു!

കഥയുടെ ഭൂമിക ഉത്തരേന്ത്യയും വിദേശരാജ്യങ്ങളും ആയതിനാൽ ഒരു exotic feeling ആണ് നമുക്ക് കിട്ടുക.
കൊൽക്കത്ത, ദില്ലി, മുംബൈ, കൂടാതെ  അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളും  കഥക്ക് ഈറ്റില്ലമായി വരുന്നുണ്ട്.
ബിസിനസ്,  ഫാഷൻ ഷോകൾ,
ഐ പി എൽ, സിനിമ, തുടങ്ങി നിരവധി രംഗങ്ങൾ നോവലിലുണ്ട്.
മറ്റൊരിടത്തു  ഇരുണ്ട  "സോനാഗച്ചി"യും അവിടുത്തെ ഹതഭാഗ്യരായ  സ്ത്രീകളുടെയും കുട്ടികളുടെയും  കഥയും ഉണ്ട് . മഹാകവി രബീന്ദ്രനാഥ്‌ ടാഗോറിന്റെ വിശ്വവിഖ്യാത നഗരത്തിന്റെ ഇരുളടഞ്ഞ വേറിട്ടൊരു  പരിച്ചേദം സോനാഗിച്ചിയിലെ "വെളിച്ച"മില്ലാത്ത ഇടുങ്ങിയ തെരുവുകളിൽ നാം കാണുന്നു.

സന്ദർഭത്തിനും സാഹചര്യത്തിനും ഇണങ്ങുന്ന ദൃഢതയുള്ള, കരുത്തുള്ള ഭാഷയാണ് സനയുടേത്. പാരായണക്ഷമത അല്പവും ചോർന്നുപോകാത്ത ശൈലിയും! കഥയ്ക്ക് പ്രധാനമായും ഉത്തരേന്ത്യൻ 'ടച്ച്' ഉണ്ടെങ്കിലും ദുർഗ്രാഹ്യത അല്പവും ഇല്ല എന്നുള്ളതും ഒരു മേന്മയായി കണക്കാക്കാവുന്നതാണ്.

വജ്രവ്യവസായിയായ റായ് വിദേതൻ ദാസിന്റെയും മുംബൈ നടി മിലാൻ പ്രണോതിയുടെയും ജീവിതത്തിൽ നിന്നാണ് 
നോവൽ തുടങ്ങുന്നത്.
സ്നേഹമില്ലാതെ മനസ്സ് ഉൾപ്പെടാതെ  ശരീരം ഉപയോഗിക്കുന്നതിന്റെ മനശാസ്ത്രം എന്താണെന്ന്  നായിക പ്രശസ്ത നടി  മിലാൻ പ്രണോതി അവൾ വിദേത്‌ എന്നു വിളിക്കുന്ന ദാസിനോട്  ചോദിക്കുമ്പോൾ അയാൾക്ക് ഒരേ ഒരു ഉത്തരമേയുള്ളൂ. "ഇറ്റിസ് ജസ്റ്റ് ഫിസിക്കൽ ബേബി...ജസ്റ്റ് ഫിസിക്കൽ..."

ഇത്തരം പുരുഷഫിലോസഫി അടക്കം  ഇന്നത്തെ തലമുറയ്ക്ക് പറയാനുള്ള പല കാര്യങ്ങളും നോവലിൽ സന പറഞ്ഞുവെക്കുന്നു.
ധനികയും ഹിന്ദി നടിയുമായ തനുജ തിവാരി ഇവരുടെ ജീവിതത്തിലേക്ക് കൊടുങ്കാറ്റായി വരുന്ന ഉദ്വേഗത്തിന്റെ മുൾമുനയിൽ സഹൃദയരെ നിർത്തുന്ന ഒരുപാട് മുഹൂർത്തങ്ങളുണ്ട് ഈ നോവലിൽ.
അതുപോലെ 
അതിപുരാതനമായ കളിമൺ പാത്രനിർമാണ ത്തെക്കുറിച്ചും  മറ്റു  കരകൗശലകലകളെക്കുറിച്ചും നോവലിൽ പരാമർശമുണ്ട്.

മനോരമ ബുക്സ് ആണ് നീലച്ചിറകുള്ള മൂക്കുത്തി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
വില 340/ 
മനോരമ യൂണിറ്റ് ഓഫീസുകൾ, മാതൃഭൂമി ബുക്സ്, H&സി ബുക്സ്,
ആമസോൺ, ഫ്ളിപ്കാർട്ട് എന്നിവയിലും മനോരമ ഓൺലൈനിലും  പുസ്തകം ലഭ്യമാണ്.


ഡോ.ആനിയമ്മ ജോസഫ്
( പ്രസിഡന്റ്, അക്ഷരസ്ത്രീ : The Literary Woman )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക