വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതും കൗതുകകരവുമായ ഒരു ബോര്‍ഡ് 2023 ജൂണ്‍ 30-ാം തീയതി ഉത്തര്‍പ്രദേശിലെ ഹാപൂര്‍ ജില്ലയിലുള്ള ഖാട്ടു ശ്യാം ക്ഷേത്രത്തിന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. കീറിയ ജീന്‍സും കുഞ്ഞു പാവാടയും വേണ്ട, ശരീരം നന്നായി മറയ്ക്കുന്ന മാന്യമായ വസ്ത്രങ്ങള്‍ മാത്രം ധരിച്ച് ക്ഷേത്രത്തില്‍ വരാന്‍ ഭക്തരോട് നിര്‍ദ്ദേശിക്കുന്ന പ്രസ്തുത ബോര്‍ഡ് സ്ഥാപിച്ചത് ക്ഷേത്ര സമിതി തന്നെയാണ്. ക്ഷേത്ര കോമ്പൗണ്ടില്‍ ചെറിയ വസ്ത്രങ്ങളോ കുഞ്ഞുപാവാടയോ റിപ്ഡ് ജീന്‍സോ ധരിക്കാന്‍ അനുവാദമില്ല. ഇത്തരം വസ്ത്രങ്ങള്‍ നിരോധിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് ബാനര്‍. അതായത്, ക്ഷേത്ര ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയതായി ഖാട്ടു ശ്യാം ക്ഷേത്ര കമ്മിറ്റി അറിയിക്കുകയായിരുന്നു.
കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ഹാഫ് പാന്റ്‌സ്, ബര്‍മുഡ, മിനി സ്‌കേര്‍ട്ട്, കീറിയ ജീന്‍സ്, നൈറ്റ് സ്യൂട്ടുകള്‍ തുടങ്ങിയ വസ്ത്രങ്ങള്‍ ധരിക്കരുതെന്ന് ഭക്തരോട് അഭ്യര്‍ത്ഥിയ്ക്കുന്നു. അനുചിതമായ വസ്ത്രം ധരിച്ചെത്തുന്ന ഭക്തര്‍ ക്ഷേത്രത്തിന് പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കണമെന്നും ക്ഷേത്ര കമ്മിറ്റി നിര്‍ദ്ദേശിക്കുന്നു. പുതിയ ഡ്രസ് കോഡ് നടപ്പാക്കാനുള്ള ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനത്തെ നിരവധി ഭക്തര്‍ സ്വാഗതം ചെയ്തു. രാജ്യത്തുടനീളമുള്ള നിരവധി പ്രമുഖ ക്ഷേത്രങ്ങള്‍ ഭക്തര്‍ക്ക്, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാന്യമായ ഡ്രസ് കോഡുകള്‍ നടപ്പിലാക്കിയ പശ്ചാത്തലത്തിലായിരുന്നു ഖാട്ടു ശ്യാം ക്ഷേത്രത്തിലെയും നടപടി.
നിരവധി ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ഉത്തരാഖണ്ഡിലെ മഹാനിര്‍വാണി അഖാഡയും ഭക്തര്‍ക്ക് വസ്ത്രധാരണരീതി നടപ്പിലാക്കിയവരില്‍ ഉള്‍പ്പെടുന്നു. ഉത്തരാഖണ്ഡില്‍ ഡ്രസ് കോഡ് നടപ്പിലാക്കിയ മറ്റ് ക്ഷേത്രങ്ങളില്‍ ഹരിദ്വാറിലെ കന്‍ഖലിലെ ദക്ഷ് പ്രജാപതി ക്ഷേത്രം, പൗരി ജില്ലയിലെ നീലകണ്ഠ മഹാദേവ ക്ഷേത്രം, ഡെറാഡൂണിലെ തപ്കേശ്വര്‍ മഹാദേവ് ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്നു. ദക്ഷിണേന്ത്യയിലെയും മഹാരാഷ്ട്രയിലെയും ക്ഷേത്രങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ തീരുമാനം നിലവില്‍ ഉണ്ട്.
പുരുഷന്‍മാര്‍ അമ്പലങ്ങളില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിക്കുന്നത് സംബന്ധിച്ച് കേരളത്തിലും അടുത്ത ദിവസം വിവാദമുയര്‍ന്നു. ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നുമുള്ള ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായ പ്രകടനമാണ് ഇരുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടത്. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലാണ് ക്ഷേത്രാചരങ്ങളിലെ പോരായ്മകളെ സ്വാമി വിമര്‍ശിച്ചത്. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്തുവന്നു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്റെ പ്രതികരണം തമാശ കലര്‍ന്നതായിരുന്നു. തൊഴുകല്‍ പഴയ രീതിയിലാണെന്നും അതുകൊണ്ട് ആരെങ്കിലും അമ്പലത്തില്‍ കയറി ''ഹായ്...'' പറയുമോ എന്നുമാണ് മുരളീധരന്റെ പരിഹാസം. ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ രീതിയാണെന്നും ആ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിമാരാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പോലെ തീരുമാനിക്കേണ്ട കാര്യമല്ലിത്. അത്തരം കാര്യങ്ങള്‍ ക്ഷേത്രങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതാണെന്നും അതില്‍ കയറി പരിഷ്‌കാരങ്ങള്‍ വരുത്താന്‍ നില്‍ക്കേണ്ട എന്നും മുരളീധരന്‍ പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് ഈ വിഷയം ക്ലോസ് ആയെന്നാണ്. ''സ്വാമി ആദ്യം അഭിപ്രായം പറഞ്ഞു. മുഖ്യമന്ത്രി അതിനെ പിന്തുണച്ചു. അതിനെതിരെ ജി സുകുമാരന്‍ നായര്‍ അഭിപ്രായം പറഞ്ഞു. അതിന് മറുപടി സ്വാമിയും പറഞ്ഞു. അതോടെ ആ വിഷയം ക്ലോസ്...'' എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. രാഷ്ട്രീയത്തിന് വേണ്ടി ക്ഷേത്രാചാരങ്ങളെ പറ്റി പറയരുത് എന്ന് വ്യക്തമാക്കിയ അദ്ദേഹം, ക്ഷേത്രങ്ങളില്‍ ഉടുപ്പ് അഴിക്കേണ്ട ആവിശ്യമില്ലെന്നും സ്ത്രീകള്‍ പൂജ നടത്തുന്ന ക്ഷേത്രങ്ങളുണ്ടെന്നും പറഞ്ഞു. വേഷഭൂഷാധികള്‍, ആശയം, മുദ്രാവാക്യം എന്നിവ കാലത്തിനനുസരിച്ച് മാറണമെന്ന നിലപാടാണ് വെള്ളാപ്പള്ളിയുടേത്.
ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരങ്ങളാണുള്ളതെന്നും അതില്‍ മാറ്റം വരുത്തണമോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി എന്നും ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ലെന്ന് പറഞ്ഞായിരുന്നു കെ.ബി ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
ക്ഷേത്രങ്ങളില്‍ തൊഴാനെത്തുമ്പോള്‍ ഷര്‍ട്ടഴിക്കണോ വേണ്ടയോ എന്നതില്‍ പൊതുചര്‍ച്ച ആവശ്യമാണെ നിലപാടാണ് ദേവസ്വം ബോര്‍ഡുകള്‍ എടുത്തിരിക്കുന്നത്. ഷര്‍ട്ട് ധരിക്കണോയെന്നതില്‍ ക്ഷേത്രംതന്ത്രിമാരുടെ നിലപാടും നിര്‍ണായകമാകും. സ്വാമി സച്ചിദാനന്ദയുടെ നിര്‍ദേശം ശ്രീനാരായണക്ഷേത്രങ്ങളില്‍ നടപ്പാകുമെന്നുറപ്പാണെങ്കിലും ദേവസ്വം ബോര്‍ഡിനുകീഴിലെ ക്ഷേത്രങ്ങളില്‍ വ്യത്യസ്തരീതിയിലാണ് ആചാരങ്ങള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുകീഴിലെ ശബരിമലയില്‍ ഇത്തരം ആചാരമില്ല. എന്നാല്‍, മറ്റുക്ഷേത്രങ്ങളില്‍ ഇതല്ല സ്ഥിതി.
ഇതിനിടെ സനാതനധര്‍മത്തെയും ശ്രീനാരായണ ഗുരുവിനെയും മുന്‍നിര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കമിട്ട സംവാദത്തിന് രാഷ്ട്രീയ മാനങ്ങളുണ്ട്. ശ്രീനാരായണ ഗുരു സനാധന ധര്‍മത്തിന്റെ വക്താവല്ല എന്നാണ് പിണറായി പറഞ്ഞത്. 2023 സെപ്റ്റംബറില്‍ സി.പി.എമ്മിന്റെ സഖ്യകക്ഷിയായ ഡി.എം.കെ.യുടെ നേതാവ് ഉദയനിധി സ്റ്റാലിന്‍ സനാതനധര്‍മത്തിനെതിരേ നിശിതവിമര്‍ശം ഉന്നയിച്ചപ്പോള്‍ സി.പി.എം പ്രത്യേകിച്ചൊരു നിലപാട് എടുത്തിരുന്നില്ല. സനാതനധര്‍മവും ശ്രീനാരായണീയ ദര്‍ശനങ്ങളും കൂട്ടിക്കലര്‍ത്തി മുഖ്യമന്ത്രി നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ക്കാണ് രാഷ്ട്രീയ നിറം കൈവന്നത്. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കൈവരിച്ച മുന്നേറ്റം തങ്ങളുടെ ഹിന്ദു വോട്ടുബാങ്കില്‍ കാര്യമായ ചോര്‍ച്ചയുണ്ടാക്കിയിട്ടുണ്ടെന്ന പിണറായി വിജയന്റെ തിരിച്ചറിവാണ് സനാതനധര്‍മ വിവാദം കൊഴുപ്പിച്ചത്. സനാധന ധര്‍മം ഉന്‍മൂലനം ചെയ്യേണ്ട ഒന്നാണെന്നാണ് ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത്.
''സ്ത്രീകളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് വീടുവിട്ട് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയിലായി, അവരുടെ ഭര്‍ത്താക്കന്മാര്‍ മരിച്ചാല്‍ അവരും മരിക്കേണ്ടി വരും. ഇതിനെതിരെയാണ് തന്തൈ പെരിയാര്‍ സംസാരിച്ചത്. പെരിയാറും അണ്ണനും കലൈഞ്ജറും പറഞ്ഞതാണ് ഞാന്‍ ആവര്‍ത്തിച്ചത്...'' എന്നാണ് തന്റെ പരാമര്‍ശം വിവാദമായപ്പോള്‍ ഉദയനിധിയുടെ വിശദീകരണം.
വാസ്തവത്തില്‍ സനാധന ധര്‍മത്തിന്റെ അര്‍ത്ഥം തേടി തലപുണ്ണാക്കേണ്ടതില്ല. സനാതനമെന്നാല്‍ എന്നുമുള്ളതെന്നാണ് അര്‍ത്ഥം. എല്ലാക്കാലവും വിലമതിക്കുന്ന ധര്‍മം തന്നെ സനാതന ധര്‍മം. ധരിക്കുന്നത് അഥവാ താങ്ങി നിര്‍ത്തുന്നത് എന്താണോ അതാണ് ധര്‍മം. ലോകത്തെ നിലനിര്‍ത്തുന്ന ശാശ്വത വ്യവസ്ഥകളാണ് ധര്‍മത്തിന്റെ സ്വരൂപം. സത്യം, ദാനം, ദയ, ശുദ്ധി എന്നിവ ചേര്‍ന്ന ജീവിത രീതിയാണ് സനാതനധര്‍മം.
ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനമാണ്. സത്യം, ദാനം, ദയ, ശുദ്ധി എന്നിവ തന്നെയാണ് ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളിലുള്ളത്. പക്ഷേ ഒരു രാഷ്ട്രീയക്കാരനോ ഒരു മതത്തിന്റെ വക്താവോ ആയല്ല ഗുരു നിലകൊണ്ടത്, രാഷ്ട്രത്തെ നേര്‍രേഖയില്‍ സഞ്ചരിക്കാന്‍, സ്വന്തം ജീവിതവും പ്രവര്‍ത്തിയും കൊണ്ട് വിഗ്രഹ വിഗ്രഹഭജ്ഞകനെന്ന് വരച്ചുകാട്ടിയ സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന മേല്‍വിലാസത്തിലാണ്.
'ഉല്‍സവ കാലങ്ങളില്‍ മുസ്ലീങ്ങള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല...'' എന്ന അറിയിപ്പ് ബോര്‍ഡ് പലയിടത്തും കണ്ടിട്ടുണ്ട്. എന്നാല്‍ കഥകളിപ്പദങ്ങള്‍ പാടാന്‍ മുസ്ലീമായ കലാമണ്ഡലം ഹൈദരാലി വേണമായിരുന്നു. സാത്വികനായ ഗാനഗന്ധര്‍വന്‍ യേശുദാസ് ക്രിസ്ത്യാനി ആയതുകൊണ്ട് ഗുരുവായൂരമ്പലത്തില്‍ കേറ്റില്ല. എന്നാല്‍ ഗുരുവായൂരപ്പനെപ്പറ്റി അദ്ദേഹം പാടിയ പാട്ടുകള്‍ യഥേഷ്ടം കേള്‍ക്കുന്നതിന് പ്രശ്‌നമില്ല. ഇതാണ് രാഷ്ട്രീയ കേസരികള്‍ നാഴികയ്ക്ക് നാല്‍പ്പതുവട്ടം വീരവാദം മുഴക്കുന്ന 100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ പുരോഗമന വാദം.
ഇവര്‍ക്ക് ക്ഷേത്രത്തിന്റെ അര്‍ത്ഥമെന്തെന്ന് അറിയാമോ..? ക്ഷയത്തെ ത്രാണനം ചെയ്യുന്നതാണ് ക്ഷേത്രം. ക്ഷയമെന്നാല്‍ നാശം. ത്രാണനത്തിന്റെ അര്‍ത്ഥം രക്ഷിക്കല്‍ എന്നാണ്. നാശത്തില്‍ നിന്ന് രക്ഷിക്കുന്നതെന്തോ അതാണ് ക്ഷേത്രം. അവിടെ മൂര്‍ത്തികള്‍ക്ക് മുന്നില്‍ ജാതിയില്ല, മതമില്ല. 'മതം' (അഭിപായം) ഉള്ള മനുഷ്യ 'ജാതി' (വർഗം) മാത്രമേയുള്ളൂ.