ഡോക്ടർ മൻമോഹൻ സിംഗ് ഒരാഴ്ച മുമ്പ് മരിച്ചപ്പോൾ കുറെയേറെ പേർക്ക് ആദ്യമായി 'നേരം വെളുത്തു'. ശ്രീലങ്കയെ പോലെ കടക്കെണിയിൽ പെടുമായിരുന്ന ഇന്ത്യയെ സാമ്പത്തിക വളർച്ചയുടെ പാതയിൽ കൊണ്ടുവന്നത് ഡോക്ടർ മൻമോഹൻ സിംഗാണെന്ന് ഇടതു-വലതു നിരീക്ഷകർ മൊത്തത്തിലെഴുതി. ശ്രീലങ്കയുടെ അങ്ങേയറ്റം മോശമായ സാമ്പത്തിക സ്ഥിതിയാണ് പലരുടേയും കണ്ണു തുറപ്പിച്ചത്. പലർക്കും ഇക്കാര്യത്തിൽ 'ബോധോദയം' വന്നെങ്കിലും നമ്മുടെ ഇന്ത്യൻ ധനകാര്യമന്ത്രി നിർമല സീതാരാമന് ഇനിയും ബോധം തെളിഞ്ഞിട്ടില്ല. അതുകൊണ്ടാണെന്നു തോന്നുന്നു, അവർ ജൈവകൃഷിക്ക് വേണ്ടി 'പരമ്പരാഗത് കൃഷി വികാസ് യോജന' എന്ന പേരിലുള്ള PKVY-ക്ക് വേണ്ടി കഴിഞ്ഞ ജൂൺ 30, 2024 വരെ 2,078.67 കോടി രൂപ വകയിരുത്തിയത്.
ഇന്ത്യയുടെ കേന്ദ്ര മന്ത്രിസഭ 2024 നവംബർ 25-ൽ കേന്ദ്ര സർക്കാർ പദ്ധതിയായി അംഗീകരിച്ചിരിക്കുന്ന 'നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗിനു' (NMNF) വേണ്ടി ₹2481 കോടിയാണ് 'ഓവറോൾ ഔട്ട്‌ലേ' ആയി പ്രഖ്യാപിച്ചിട്ടുള്ളത്. യൂണിയൻ ക്യാബിനെറ്റ് ഇത്തരത്തിൽ ഒരു തീരുമാനം എടുക്കുമ്പോൾ അതിൽ കേന്ദ്ര ധനകാര്യ മന്ത്രിയുടെ 'റോൾ' ഒരിക്കലും തള്ളിക്കളയാൻ ആവില്ല. 'നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിങ്ങ്' എന്ന സ്വപ്ന പദ്ധതിക്കുവേണ്ടി
365.64 കോടി രൂപ 2024-25 ബഡ്ജെറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. 10,000 'ബയോ ഇൻപുട്ട് റിസോഴ്സ് സെൻറ്ററുകൾ' രാജ്യത്ത് തുറക്കും എന്നതാണ് വേറൊരു കേന്ദ്ര സർക്കാർ പ്രഖ്യാപനം. ജൈവകൃഷി വികസിപ്പിച്ച് വികസിപ്പിച്ച് ഇന്ത്യൻ ധനകാര്യമന്ത്രി നിർമലാ സീതാരാമൻ ഇന്ത്യയെ അടുത്ത ശ്രീലങ്ക ആക്കുമെന്നാണ് തോന്നുന്നത്. വന്ദന ശിവയും, ജൈവ കൃഷിയുമാണ് വലിയൊരളവുവരെ ശ്രീലങ്കയെ സാമ്പത്തികമായി തകർത്തതെന്നുള്ള വസ്തുത നമ്മുടെ ധന മന്ത്രി സൗകര്യപൂർവ്വം മറക്കുന്നൂ.
മിക്ക ഇന്ത്യക്കാരും ഇന്ന് മൂന്ന് നേരം ഭക്ഷിക്കുന്നത് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവം ഗവൺമെൻറ്റിൻറ്റെ ഒരു പ്രധാന പദ്ധതി ആയി 1966-ലെ ക്ഷാമത്തിന് ശേഷം നടപ്പിൽ വരുത്തിയതുകൊണ്ടാണ്. ജനാധിപത്യ ഇന്ത്യ 'ഫുഡ് സഫിഷ്യൻറ്റ്' ആയിട്ട് അധിക കാലമൊന്നുമായിട്ടില്ല. നെഹ്രുവിനും, ഇന്ദിരാ ഗാന്ധിക്കുമാണ് ഇന്ത്യയുടെ 'ഫുഡ് സെൽഫ് സഫിഷ്യൻസിക്ക്' നന്ദി പറയേണ്ടത്. ഇന്ത്യയിൽ ധവള വിപ്ലവം നെഹ്രുവിൻറ്റെ കാലത്താണ് ആരംഭിച്ചത്. വർഗീസ് കുര്യൻറ്റെ നെത്ര്വത്ത്വത്തിൽ ഗുജറാത്തിലായിരുന്നു തുടക്കം. വർഗീസ് കുര്യനും 'കൈറ ഡിസ്ട്രിക്ട് കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസഴ്സ് യൂണിയൻ ലിമിറ്റഡ്' സ്ഥാപിച്ച ത്രിഭുവൻ ദാസ് പട്ടേലും ഒന്നിച്ചപ്പോഴാണ് 'അമുൽ' പിറവിയെടുത്തത്.
ഹരിത വിപ്ലവം പിന്നീട് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് ശാസ്ത്രജ്ഞനായ നോർമൻ ബെർലാഗിനെ കൂട്ട് പിടിച്ചാണ് ഉണ്ടായത്. 1966-ൽ ഇന്ത്യയിൽ കടുത്ത ഭക്ഷ്യ ക്ഷാമം ഉണ്ടായി. ഇതിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഭക്ഷ്യ ധാന്യങ്ങൾ കിട്ടുവാൻ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്ക സന്ദർശിക്കുകയും പ്രെസിഡൻറ്റ് ലിൻഡൻ ജോൺസണിൻറ്റെ സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ലിൻഡൻ ജോൺസൺ ഇന്ത്യക്ക് അടിയന്തിരമായി 3 മില്യൺ ടൺ ഭക്ഷ്യ ധാന്യങ്ങളുടെ സഹായവും, 9 ദശ ലക്ഷം ഡോളറിൻറ്റെ സഹായവും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ഇന്ദിരാ ഗാന്ധി ഹരിത വിപ്ലവത്തിലൂടെ ഭക്ഷ്യോൽപ്പാദനം കൂട്ടുക എന്നത് ഗവൺമെൻറ്റിൻറ്റെ മുഖ്യ അജണ്ടയാക്കി മാറ്റിയതും അതിൽ വിജയിച്ചതും.
വർഗീസ് കുര്യനും, ത്രിഭുവൻ ദാസ് പട്ടേലും ഒന്നിച്ചുണ്ടാക്കിയ 'അമുൽ' നാലഞ്ജു ദിവസങ്ങൾക്ക് മുമ്പ് ദേശീയ പത്രങ്ങളിൽ ഇരുപതോളം 'ജൈവ പ്രോഡക്റ്റ്സിനെ' കുറിച്ചുള്ള ഒരു പേജ് നീളമുള്ള പരസ്യം കൊടുത്തിട്ടുണ്ടായിരുന്നു. പരിപ്പ്, പയർ,ആട്ട, അരി എന്നു തുടങ്ങി ഇൻഡ്യാക്കാർ പലവ്യഞ്ജന കടയിൽ നിന്ന് നിത്യോപയോഗത്തിനു വേണ്ടി വാങ്ങിക്കുന്ന ധാന്യങ്ങൾ മിക്കതും അമുലിൻറ്റെ ആ ഇരുപതോളം 'ജൈവ പ്രോഡക്റ്റ്സിനെ' കുറിച്ചുള്ള പരസ്യത്തിൽ ഉണ്ടായിരുന്നു.
1970-കളിൽ ഇന്ത്യ നടപ്പിലാക്കിയ പുതിയ സങ്കരയിനം വിത്തുകളും, അന്ന് നടപ്പിലാക്കിയ 'ഹയ്യ് യീൽഡിങ് വെറയ്റ്റി' (HYV) ഇനം ഗോതമ്പും, അരിയുമാണ് ഈ ഇൻഡ്യാ മഹാരാജ്യത്തെ പട്ടിണി മാറ്റിയത്. അതു കാണാതെ നാടൻ വിത്തിനങ്ങൾക്കും, ജൈവ കൃഷിക്കും വേണ്ടി വാദിക്കുന്നത് തെറ്റിധാരണ ജനിപ്പിക്കാൻ മാത്രമേ ഉതകത്തുള്ളൂ. ശ്രീലങ്കയിൽ വന്ദന ശിവയുടെ ഉപദേശപ്രകാരം ജൈവ കൃഷിക്ക് പോയതാണ് ഇന്നിപ്പോൾ അവർ പിച്ചതെണ്ടുന്ന അവസ്ഥയിലേക്ക് പോവാനുള്ള ഒരു പ്രധാന കാരണം. വന്ദന ശിവ ഇന്ത്യയിലെ ഹരിത വിപ്ലവത്തിനും എതിരായിരുന്നു. ഭാഗ്യത്തിന് പ്രായോഗിക വീക്ഷണം ഉണ്ടായിരുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വന്ദന ശിവയുടെ ജൈവ കൃഷിയേയും, സുഭാഷ് പാലേക്കറിൻറ്റെ 'സീറോ കോസ്റ്റ് ഫാമിങ്ങിനേയും’ ഇന്ത്യയിൽ അകറ്റി നിറുത്തി.
സംഘ പരിവാറുകാരുടെ 'സ്വദേശി ജാഗരൺ മഞ്ച്' ഇൻറ്റലക്ച്വൽ ഫീൽഡിൽ തീവ്ര ഇടതുപക്ഷമായ നക്സലയിറ്റുകാരെ പോലെ അനേകം മൂഢ സങ്കൽപ്പങ്ങൾക്ക് അടിമപ്പെട്ടവരാണ്. ഇന്ത്യയുടെ ഐശ്വര്യപൂർണ്ണമായ ഭാവിയെ പറ്റി യാഥാർഥ്യ ബോധത്തോടുകൂടി കാണാതെ, തങ്ങളുടെ മൂഢ സങ്കൽപ്പത്തിനനുസരിച്ചുള്ള സ്വപ്‌നങ്ങൾ നെയ്യുന്നവരാണ് 'സ്വദേശി ജാഗരൺ മഞ്ചിൽ' പെട്ടവർ. ആധുനിക സയൻസിലൂടെയും ടെക്നൊളജിയിലൂടെയുമാണ് ഇന്ത്യയിൽ മാത്രമല്ല ലോകത്തെവിടേയും മണ്ണിൻറ്റെ ഫലഭൂയിഷ്ഠത ഉറപ്പാക്കപ്പെടുന്നതെന്നുള്ള ശാസ്ത്ര തത്വം ഉൾക്കൊള്ളാൻ മടിക്കുന്നവരാണ് ഇക്കൂട്ടർ.
യൂറിയ, പൊട്ടാഷ് പോലുള്ള വളങ്ങളും, അരിയുടെ കാര്യത്തിൽ IR-8, ജയ പോലുള്ള വിത്തിനങ്ങളും, ഗോതമ്പിൻറ്റെ കാര്യത്തിൽ 'ഹയ്യ് യീൽഡിങ് വെറയ്റ്റികളും' ആണ് ഇന്ത്യയിൽ വൻതോതിലുള്ള കാർഷിക ഉൽപ്പാദനത്തിന് വഴി തെളിച്ചത്. അത് മറന്നുകൊണ്ട് ഇന്ത്യയിൽ ഇന്നിപ്പോൾ പലരേയും തെറ്റിദ്ധരിപ്പിക്കുവാൻ ഈ 'സ്വദേശി ജാഗരൺ മഞ്ച്' കൂട്ടർക്ക് സാധിക്കുന്നുണ്ട്. ഇന്നിപ്പോൾ 'സെലക്റ്റീവ് അംനേഷ്യയോട്' കൂടി ഈ 'സ്വദേശി ജാഗരൺ മഞ്ജുകാർ' അവരുടെ പ്രൊപ്പഗാണ്ട നടത്തുകയാണ്.
ഇന്ത്യയെ 'സ്വകാര്യവൽക്കരണത്തിൻറ്റെ പാതയിലേക്ക് തള്ളിവിട്ട ആൾ എന്ന നിലയിൽ വിമർശനാത്മകമായി ഡോക്ടർ മൻമോഹൻ സിംഗിനെ വിലയിരുത്തണം' എന്ന് പണ്ടത്തെ നക്‌സലൈറ്റ് അനുഭാവികളും, സ്വദേശി ജാഗരൺ മഞ്ജുകാരും ഇടക്കിടക്ക് വിളിച്ചു പറയുന്നുണ്ട്. 1991-ൽ തുടങ്ങിയ ആ സ്വകാര്യവൽക്കരണവും, 'വെൽത് ക്രിയേഷനും' ആണ് ഇന്ത്യയെ രക്ഷിച്ചതെന്നുള്ള നഗ്ന സത്യം ഈ രണ്ടു കൂട്ടരും സൗകര്യപൂർവ്വം മറക്കുന്നൂ.
ഒരു സമൂഹം വികസനത്തിൻറ്റെ കാര്യത്തിൽ 'കുതിച്ചു ചാട്ടം' നടത്തണമെങ്കിൽ സമൂഹത്തിൽ 'വെൽത് ക്രിയേഷൻ' എന്നുള്ളത് നടക്കണം. ഇന്ത്യയിലെ ദാരിദ്ര്യം മാറ്റുന്നതിനെ കുറിച്ച് പല മൂഢ സങ്കൽപ്പങ്ങളും ആണ് ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ഉള്ളത്. ഇന്ത്യയെ ചൈനയോ ദക്ഷിണ കൊറിയയോ ആക്കാൻ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും ഒരുപോലെ സമ്മതിക്കില്ല. ഒരു സാധാരണ പൗരൻറ്റെ പെർ ക്യാപ്പിറ്റാ ഇൻകം' അതല്ലെങ്കിൽ ആളോഹരി വരുമാനം 10-20 വർഷങ്ങൾക്കുള്ളിൽ തന്നെ നാലും അഞ്ചും ഇരട്ടിയായി വർധിക്കുമ്പോൾ മാത്രമേ ദാരിദ്ര്യം മാറുകയുള്ളൂ. ദക്ഷിണ കൊറിയയിലും, ചൈനയിലുമൊക്കെ സംഭവിച്ചതും അതാണ്. പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട ആ 'വെൽത് ക്രിയേഷന്' ഇന്ത്യയിലെ ഇടതുപക്ഷവും വലതുപക്ഷവും എന്നും എതിരായിരുന്നു. ഇന്ത്യൻ സാമ്പത്തിക വളർച്ചയെ ഇടതുപക്ഷം മൂഢമായ വിപ്ലവ സങ്കൽപ്പങ്ങൾ പറഞ്ഞു എതിർത്തു; വലതുപക്ഷത്തിനാകട്ടെ 'സ്വദേശി' സങ്കൽപ്പങ്ങളായിരുന്നു ഉണ്ടായിരുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജെർമനിയും, ജപ്പാനും രാഷ്ട്ര പുനഃനിർമാണ പ്രക്രിയ നടത്തിയാണ് പിന്നീട് ലോകത്തിലെ വൻ സാമ്പത്തിക ശക്തികളായി മാറിയത്. വളരെ ചെറിയ രാജ്യങ്ങളായ ദക്ഷിണ കൊറിയ, ജപ്പാൻ - ഇവരൊക്കെ അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ സൃഷ്ടിച്ചാണ് പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട 'വെൽത് ക്രിയേഷൻ' സംജാതമാക്കിയത്. L .G ., സാംസങ്ങ്, ഡേവൂ, ഹ്യുണ്ടായ്, ടൊയോട്ട, മിറ്റ് സുബുഷി - അങ്ങനെ പല അന്തർ ദേശീയ നിലവാരത്തിലുള്ള ബ്രാൻഡുകൾ ഈ രണ്ടു രാജ്യങ്ങളിലുമുണ്ട്. ഇന്ത്യയിലും അങ്ങനെയുള്ള വികസനമാണ് വരേണ്ടത്.
'ക്യാപ്പിറ്റൽ ഇൻവെസ്റ്റ്‌മെൻറ്റ്' അതല്ലെങ്കിൽ മൂലധന നിക്ഷേപത്തിലൂടെ അല്ലാതെ ഇന്ത്യയിൽ തൊഴിൽ സൃഷ്ടിക്കപ്പെടുകയില്ലാ. 'ഏഷ്യൻ ടൈഗേഴ്‌സ്' രാജ്യങ്ങളിലെ വളർച്ചാ നിരക്ക് പുനഃസൃഷ്ടിക്കാനാണ് ചൈനയിൽ ഡെങ് സിയാവോ പിംഗ് ശ്രമിച്ചത്. ബൂർഷ്വയെ ചെറുക്കുന്നതിന് പകരം ഡെങ് സിയാവോ പിംഗ് "To get rich is glorious" - എന്ന പുതിയ മുദ്രാവാക്യം മുന്നോട്ടു വെച്ചു. സമൂഹത്തിൽ ഉണ്ടാകേണ്ട ആ 'വെൽത് ക്രിയേഷൻറ്റെ' പാഠങ്ങൾ നമ്മുടെ സഖാക്കൾ ഇനിയെങ്കിലും ഉൾക്കൊള്ളേണ്ടതുണ്ട്. "Money is not a dirty word" - എന്നതായിരിക്കണം വളരുന്ന ഒരു സമ്പത് വ്യവസ്ഥയിലെ മുദ്രാവാക്യം. നമ്മുടെ ഇന്ത്യൻ സഖാക്കൾ ചൈനയിൽ നിന്ന് കണ്ടുപഠിക്കേണ്ട വിലയേറിയ പാഠമാണിത്. 'വെൽത് ക്രിയേഷൻ' ആണ് ദാരിദ്ര്യത്തേയും തൊഴിലില്ലായ്മയേയും ചെറുക്കാൻ ഏറ്റവും നല്ലത്; അല്ലാതെ പഴയ മോഡൽ കമ്യൂണിസ്റ്റ് ദിവാസ്വപ്നങ്ങളല്ലാ.
ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാൻ ചൈനയിലെ പോലെ ഉൽപ്പാദനം ഉണ്ടാകണം; അതിന് മൂലധന നിക്ഷേപം വേണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിചാരിച്ചാൽ അതൊന്നും അത്ര എളുപ്പം നടപ്പുള്ള കാര്യമല്ല. നഷ്ടം മാത്രം വരുത്തുന്ന, പൊതുജനങ്ങളുടേയും, മധ്യവർഗ്ഗത്തിൻറ്റേതുമായ നികുതിപ്പണം തിന്ന് കൊഴുക്കുന്ന പൊതുമേഖലയെ തളക്കണം എന്നും, സ്വകാര്യമേഖലയെ വളർത്തണമെന്നും ഇൻഡ്യാക്കാരെ പഠിപ്പിച്ചത് ഡോക്ടർ മൻമോഹൻ സിംഗ് ആയിരുന്നു. സോഷ്യൽ ക്യാപിറ്റൽ കൊണ്ട് ജി.ഡി.പി. ഉയർത്തുന്നതങ്ങനെയെന്നും ഡോക്ടർ മൻമോഹൻ സിംഗ് കാണിച്ചുതന്നു.
ഡോക്ടർ മൻമോഹൻ സിങ്ങിനെ ഇൻഡ്യാക്കാർ കാണേണ്ടത് അന്ധവിശ്വാസങ്ങളിൽ നിന്ന് നമ്മുടെ കണ്ണു തുറപ്പിച്ച വ്യക്തിയായിട്ടാണ്. മൂലധന ശക്തികൾ എന്നുള്ളത് ലോക സമ്പദ് വ്യവസ്ഥയിലെ യാഥാർദ്ധ്യമാണെന്നും, ലാഭം എന്നത് മൂലധനം നിക്ഷേപിക്കുന്ന സംരംഭകരുടെ അവകാശമാണെന്നുമുള്ളതുമായ പ്രായോഗികമായ സത്യം ഇൻഡ്യാക്കാരെ പഠിപ്പിച്ച വ്യക്തിയാണ് ഡോക്ടർ മൻമോഹൻ സിംഗ്. കോൺഗ്രസ്സിലെ 'സ്വദേശി-സോഷ്യലിസ്‌റ്റ്' സങ്കൽപ്പങ്ങളിൽ അഭിരമിച്ചിരുന്ന നേതാക്കളെ ആ 'മഹാരോഗത്തിൽ' നിന്നും മുക്തനാക്കിയതും ഡോക്ടർ മൻമോഹൻ സിംഗ് ആയിരുന്നു. അദേഹത്തിൻറ്റെ ഔദ്യോഗിക ജീവിതകാലം ഒരു പെൻഡുലം ആടുന്നതുപോലെ 'ലൈസൻസ് പെർമിറ്റ് രാജ്' എന്ന ഇന്ത്യൻ സോഷ്യലിസത്തിൽ നിന്ന് അർദ്ധ മുതലാളിത്തത്തിലേക്കുള്ള 'സ്വിങ് പീരീഡ്' ആയിരുന്നു. അതിൻറ്റെ എല്ലാ ഗുണദോഷ ഫലങ്ങളും മഹാ ഭൂരിപക്ഷം ഇൻഡ്യാക്കാർക്കും അനുഭവവേദ്യമാക്കിയ ഒരു 'ട്രാൻസിഷൻ പീരീഡ്' ആയിരുന്നു ഡോക്ടർ മൻമോഹൻ സിംഗ് അധികാരം കയ്യാളിയിരുന്ന കാലം. ആ 'ട്രാൻസിഷൻ പീരീഡ്' ആണ് ഇന്നുകാണുന്ന ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയത്.
വേൾഡ് ബാങ്ക് സംഘത്തിൻറ്റെ കാറിനു മുന്നിൽ ചാടിയ കേരളത്തിലെ നക്‌സലൈറ്റ് അനുഭാവികളും, കൊക്ക കോളയെ ഇന്ത്യയിൽ നിന്ന് പുറത്താക്കിയതിനു പിന്നിൽ പ്രധാന പങ്കു വഹിച്ച സ്വദേശി ജാഗരൺ മഞ്ജുകാരും വികസന സങ്കൽപ്പങ്ങളിൽ 'ഒരേ തൂവൽ പക്ഷികളാണ്'; രണ്ടിനേയും പലപ്പോഴും ഒറ്റ വണ്ടിയിൽ തന്നെ കെട്ടാം. ഇപ്പോഴിതാ, 'പരമ്പരാഗത് കൃഷി വികാസ് യോജന' എന്ന പേരിലുള്ള PKVY-ക്ക് 2,078.67 കോടി രൂപ വകയിരുത്തിക്കൊണ്ട് നമ്മുടെ ധനമന്ത്രിയും സ്വദേശി ജാഗരൺ മഞ്ജുകാരുടെ 'ട്രാപ്പിൽ' പെടുന്നൂ. അമുൽ ദേശീയ പത്രങ്ങളിൽ ഇരുപതോളം 'ജൈവ പ്രോഡക്റ്റ്സിനെ' കുറിച്ചുള്ള ഒരു പേജ് നീളമുള്ള വമ്പൻ പരസ്യം കൂടി കൊടുക്കുമ്പോൾ, ഇന്ത്യ ഇനി ശ്രീലങ്കയുടെ വഴിയേ നീങ്ങുമോ? കണ്ടു തന്നെ അറിയണം കാര്യങ്ങൾ.
(ലേഖകൻറ്റെ ഈ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരമാണ്. അതിന് ലേഖകൻറ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)