കലാകാരൻ എന്ന നിലയിൽ അമേരിക്കൻ മലയാളികള്ക്ക് സുപരിചിതനായ ജെംസൺ
കുര്യാക്കോസ് വ്യത്യസ്തനാകുന്നത് ആഴമേറിയ സൗഹൃദം കൊണ്ടാണ്.
അദ്ദേഹത്തിന്റെ അമ്പതാം ജന്മദിനം പ്രമാണിച്ചു സുഹൃത്തുക്കൾ സർപ്രൈസ്
പാർട്ടി ഒരുക്കിയപ്പോൾ വന്നെത്തിയത് ട്രൈസ്റ്റേറ്റ് മേഖലയിലെ
പ്രമുഖരടക്കം 200 ൽ പരം പേർ! ഇത്രയും പേർ ഒരു പാർട്ടിക്ക് എത്തണമെങ്കിൽ
അതിന്റെ കാരണക്കാരനും അത് സംഘടിപ്പിക്കുന്നവരും എത്രയധികം സമൂഹത്തിൽ
സ്വാധീനം ചെലുത്തുന്നു എന്നത് വ്യക്തം. സൗഹൃദങ്ങളിലെ ഈ സമ്പന്നത
അധികമാർക്കും കൈവരിക്കാനാവുന്നതല്ല.
അൻപത് എന്ന നാഴികക്കല്ല് കടക്കുന്നുവെങ്കിലും യുവത്വം കൈമോശം വരാത്ത
ജെംസൺ വിവിധ തലങ്ങളിലാണ് പ്രവർത്തിക്കുന്നത്.
സംഗീതം ജന്മസിദ്ധമായ കഴിവാണ്. പരിപോഷിപ്പിക്കാതെയും പ്രോത്സാഹനം
ലഭിക്കാതെയും മൂടിവച്ചാലും പാടാൻ നിയോഗമുള്ളവർ പാടുക തന്നെ ചെയ്യും
എന്നതിന് ഉദാഹരണമാണ് ജെംസൺ . ജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോൾ,
മതത്തിന്റെ പേരിൽ സംഗീതപഠനം മുടങ്ങിയതുൾപ്പെടെയുള്ള തന്റെ അനുഭവങ്ങൾ
അദ്ദേഹം ഇ-മലയാളി വായനക്കാരുമായി പങ്കുവയ്ക്കുകയാണ്...
ആദ്യകാല ജീവിതം?
തൃശൂരാണ് സ്വദേശം. ഏകദേശം 25 അംഗങ്ങളുള്ള കൂട്ടുകുടുംബത്തിലാണ് ഞാൻ
ജനിച്ചത്. പിതാവിന്റെ കുടുംബം പ്രൊട്ടസ്റ്റന്റ് ചർച്ചിലെ യാഥാസ്ഥിക
വിശ്വാസികളായിരുന്നു. എട്ടാം ക്ലാസ് വരെ അവിടെയാണ് വളർന്നത്. ആ നാട്ടിലെ
സകല കുട്ടികളും കളിക്കാൻ ഒത്തുകൂടിയിരുന്നത് ഞങ്ങളുടെ വീട്ടിലാണ്.സിനിമ
കാണുന്നതും പാട്ടുപാടുന്നതുമെല്ലാം പാപമാണെന്ന് കരുതുന്നവരായതുകൊണ്ട്
കലാപരമായ കഴിവുകൾക്ക് യാതൊരുവിധ പ്രോത്സാഹനവും
ലഭിച്ചിരുന്നില്ല.ക്രിസ്തീയ ഗീതങ്ങൾ മാത്രമേ പാടിയിരുന്നുള്ളു. ഒരു ദിവസം
പാട്ട് ക്ലാസ്സിൽ ചേർന്നത് ഓർമ്മയുണ്ട്. പാട്ടുപഠിക്കുന്നത് ബൈബിൾ
വിശ്വാസങ്ങൾക്ക് എതിരാണെന്ന് പറഞ്ഞ് പിറ്റേ ദിവസം തന്നെ അപ്പാപ്പൻ അത്
വിലക്കി.
ചായിപ്പൻകുഴി ഗവണ്മെന്റ് എൽപി സ്‌കൂൾ, വെള്ളിക്കുളങ്ങര കോൺവെന്റ് സ്കൂൾ
എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഞാൻ പഠിച്ച കോൺവെന്റിലെ
മ്യൂസിക് ടീച്ചറാണ് 'വരവീണ മൃദുപാണി' എന്നുതുടങ്ങുന്ന ഒരു ഗീതം ആദ്യമായി
പഠിപ്പിച്ചത്. മറ്റൊന്നും പഠിക്കാത്തതുകൊണ്ടായിരിക്കും,ഇടയ്ക്കിടെ ഈ ഗീതം
തന്നെ ഉരുവിട്ട് ഹൃദിസ്ഥമാക്കിയിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ
ഫോട്ടോഗ്രാഫി മത്സരത്തിൽ ജില്ലാതലത്തിൽ സമ്മാനം ലഭിച്ചിട്ടുണ്ട്.എട്ടാം
ക്ലാസ് മുതൽ കുറ്റിക്കാട് സെന്റ് സെബാസ്ററ്യൻസിൽ ഹൈസ്‌കൂളിലായിരുന്നു.
പിന്നീട് വടക്കാഞ്ചേരി വ്യാസ എൻഎസ്എസ് കോളജിൽ പ്രീഡിഗ്രി ഫസ്റ്റ്
ഗ്രൂപ്പിന് ചേർന്നു.കണക്കിൽ ബിരുദം നേടിയതും അവിടെ
നിന്നുതന്നെയാണ്.സൗകര്യാർത്ഥം അമ്മച്ചിയുടെ തറവാടുവീട്ടിലായിരുന്നു ആ
സമയത്ത് താമസം.അതും കൂട്ടുകുടുംബമായിരുന്നു.അവർ ഓർത്തോഡോക്സ് യാക്കോബായ
സഭക്കാരായിരുന്നതുകൊണ്ട് പാഠ്യേതര പ്രവർത്തനങ്ങൾക്ക്
വിലക്കൊന്നുമുണ്ടായിരുന്നില്ല.മാതൃസഹോദരന് സംഗീതത്തിൽ
താല്പര്യമുണ്ടായിരുന്നു. അദ്ദേഹമാണ് എന്നെ പാടാൻ പ്രോത്സാഹിപ്പിച്ചത്.
വോളിബോൾ ടീമിലും ഉണ്ടായിരുന്നു. കമ്പ്യൂട്ടർ ബൂം വന്ന കാലയളവായതുകൊണ്ട്
അന്നത്തെ ചെറുപ്പക്കാരെപ്പോലെ ഐടി പരിജ്ഞാനം നേടുകയും ചാലക്കുടിയിൽ തന്നെ
അഞ്ചുവർഷം കമ്പ്യൂട്ടർ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തു.സ്വന്തമായി ഒരു
വരുമാനം വന്ന ശേഷം, പാട്ട് ഗൗരവത്തോടെ കാണാനും വാരാന്ത്യങ്ങളിൽ
പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി.
അമേരിക്കയിൽ വന്ന ശേഷമാണോ കലാരംഗത്ത് കൂടുതൽ തിളങ്ങാൻ സാധിച്ചത്?
എന്റെ ലോകം കുറച്ചുകൂടി വിശാലമാക്കിയത് അമേരിക്കയാണ്. എന്നാൽ,ആ യാത്ര
എളുപ്പമായിരുന്നില്ല. ഡിവോഷണൽ പ്രോഗ്രാമുകൾ ലഭിക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കയിൽ വന്ന ആദ്യഏഴെട്ടുവർഷം കാത്തിരുന്നിട്ട് ആകെ രണ്ട് പരിപാടികളിൽ മാത്രമേ
പങ്കെടുക്കാൻ കഴിഞ്ഞുള്ളു. ഇവിടെ അതിന് ഡിമാൻഡ് ഇല്ലെന്ന് പിന്നീട്
മനസ്സിലായി. സെക്കുലർ പ്രോഗ്രാമുകളുടെ ഭാഗമായതോടെ കൂടുതൽ പേർ എന്നെ
അറിയാൻ തുടങ്ങി.തുടർന്ന്, ട്രൈ-സ്റ്റേറ്റ് മേഖലയിൽ മിക്കവാറും
വാരാന്ത്യങ്ങളിൽ പ്രോഗ്രാമുകൾ ലഭിക്കുകയും ചെയ്തു.കേരളത്തിൽ നിന്ന്
ചലച്ചിത്രതാരങ്ങൾ വരുന്ന ഷോകളിൽ അസിസ്റ്റ് ചെയ്യാനും അവസരമുണ്ടായി.
റേഡിയോ ജോക്കി ആയും പ്രവർത്തിച്ചിരുന്നല്ലോ?
ഇവന്റ് ക്യാച്ച് എന്ന കമ്പനി എന്നെ ഒരു പ്രോഗ്രാം ചെയ്യാൻ വിളിച്ചു.16
മലയാള സിനിമാഗാനങ്ങൾ അവിടെവച്ചുതന്നെ പഠിച്ച് പാടേണ്ടതായി
വന്നു.അതുകേട്ട് ഇഷ്ടപ്പെട്ടതിന്റെ ഫലമായാണ് ആർജെ ആകാൻ വഴിയൊരുങ്ങിയത്.
മഴവിൽ എഫ്എം എന്ന റേഡിയോ സ്റ്റേഷനിൽ ആർജെ ആയതിലൂടെ ധാരാളം കലാകാരന്മാരെ
പരിചയപ്പെടാൻ കഴിഞ്ഞു. 2012 മുതൽ പ്രൊഫഷണലായി പാടാൻ തുടങ്ങി.
സംഗീതസപര്യയിലെ ഗുരുസ്ഥാനീയർ?
ഗുരു അന്നമനട ബാബുരാജിൻ്റെ കീഴിലാണ് കർണാടക സംഗീത പരിശീലനം ആരംഭിച്ചത്.
ജെംസൺ തുമ്പൂർ സുബ്രഹ്മണ്യം മാഷിന് കീഴിൽ പഠനം തുടർന്നു. ഗന്ധർവ്വസംഗീതം
എന്ന പരിപാടിയിലെ ഫൈനലിസ്റ്റായിരുന്ന ശാലിനി രാജേന്ദ്രനുമായുള്ള സൗഹൃദം
എന്റെ സംഗീതത്തെ പരിപോഷിപ്പിക്കാൻ ഏറെ സഹായകമായിട്ടുണ്ട്. ഡോ.ലോല കേശവൻ
എന്ന ഗുരുവിനെ പരിചയപ്പെടുത്തിത്തന്നതും ശാലിനിയാണ്.
നടൻ, അവതാരകൻ എന്നീ നിലകളിലെ അനുഭവങ്ങൾ?
2014 ൽ ലോങ്ങ് ഐലൻഡിലെ താളലയം ട്രൂപ്പിന്റെ 'മാന്ത്രികച്ചെപ്പ്' എന്ന 2.5
മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സ്റ്റേജ് ഡ്രാമയിൽ അഭിനയിച്ചു. നോർത്ത്
അമേരിക്ക,കാനഡ എന്നിവിടങ്ങളിലെ 16 സ്റ്റേജുകളിൽ ആ നാടകം
കളിച്ചു.കുറച്ചുഹ്രസ്വ ചിത്രങ്ങളിലും വേഷമിട്ടു. ഏഷ്യാനെറ്റ് യുഎസ്എ യിൽ
ഒരു അഭിമുഖ പരിപാടിയുടെ അവതാരകനായിരുന്നു. അതിലൂടെ നിരവധി
സിനിമാതാരങ്ങളും പിന്നണി ഗായകരുമായും അടുത്തിരുന്ന് സംസാരിക്കാനും
ചിലരുമായി സൗഹൃദം സ്ഥാപിക്കാനും സാധിച്ചു.ഫ്ലവേഴ്സ് യുഎസ്എ യിലും പരിപാടി
അവതരിപ്പിച്ചിട്ടുണ്ട്.ഐടി പ്രൊഫഷണലായ അഭയകുമാറുമായുള്ള സൗഹൃദത്തിന്റെ
പേരിൽ അദ്ദേഹമെഴുതിയ 'പ്രിയൻ ഓട്ടത്തിലാണ്' എന്ന ചിത്രത്തിൽ ചെറിയൊരു
വേഷം ചെയ്തിട്ടുണ്ട്. പാടാനോ വോളിബോൾ കളിക്കാനോ അഭിനയിക്കാനോ ഇന്ന്
വരെയും ആരോടും അവസരം ചോദിച്ചിട്ടില്ല.തേടിയെത്തുന്ന അവസരങ്ങൾ വേണ്ടെന്ന്
വച്ചിട്ടുമില്ല.ഐടി പ്രൊഫഷണൽ ആയതുകൊണ്ടുതന്നെ നമ്മുടെ ഉപജീവനമാർഗ്ഗത്തിന്
കോട്ടം തട്ടാത്ത രീതിയിൽ മാത്രമേ മറ്റുകാര്യങ്ങൾക്ക് പുറകേ
പോകാറുള്ളൂ.ദുബൈയിലുള്ള എന്റെ സുഹൃത്ത് സെറീന സംവിധാനം ചെയ്യുന്ന 'തേറ്റ'
എന്ന ഹ്രസ്വചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. ജനുവരിയിൽ ചിത്രീകരണം
ആരംഭിക്കും. അതിനുവേണ്ടി നാട്ടിൽ പോകാനിരിക്കുകയാണ്.
കലാരംഗത്ത് ആരാധനയോടെ കാണാൻ കൊതിക്കുന്ന വ്യക്തി?
കലാരംഗത്തെ രണ്ടുപേരോടാണ് എനിക്ക് കടുത്ത ആരാധന-കെ.ജെ.യേശുദാസ്,മോഹൻലാൽ
എന്നീ രണ്ട് ഇതിഹാസങ്ങളോട്.ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന സമയത്ത് 'ഒരു
യാത്രാമൊഴി' എന്നുള്ള സിനിമയുടെ ഷൂട്ടിങ് അമ്മയുടെ വീട്ടിൽ നടക്കുമ്പോൾ
ലാലേട്ടനെ നേരിൽ കാണാൻ ഭാഗ്യമുണ്ടായി. അമേരിക്കയിൽ വന്ന ശേഷം ദാസേട്ടനെ
കാണാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞു.ചിത്ര
ചേച്ചിക്ക്(കെ.എസ്.ചിത്ര) മുൻപിൽ പാടാൻ സാധിച്ചതും ഒപ്പം കുറച്ചുസമയം
ചിലവഴിക്കാൻ കഴിഞ്ഞതും മറ്റൊരു ഭാഗ്യം.
അൻപതാം പിറന്നാൾ പിന്നിട്ടിരിക്കുന്നു,എന്താണ് മനസ്സിൽ തോന്നുന്നത്?
സൗഹൃദമാണ് എക്കാലവും എന്റെ ബലവും ബലഹീനതയും.നോർത്ത് അമേരിക്കയിലെ
സുഹൃത്തുക്കൾ ചേർന്ന് നൽകിയ സർപ്രൈസ് പാർട്ടിയാണ് അൻപതാം പിറന്നാൾ
അവിസ്മരണീയമാക്കിയത്. 250 പേരാണ് അവിടെ ഒത്തുചേർന്നത്.
പലവിധ തിരക്കുകളുടെ ബന്ധപ്പെട്ട് കുടുംബത്തിന് അധികം സമയം കൊടുക്കാൻ
സാധിച്ചിട്ടില്ലെന്നാണ് തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നത്. അതുകൊണ്ടുതന്നെ
പരിപാടികളുടെ കാര്യത്തിൽ കുറച്ച് സെലെക്ടിവ് ആയിട്ട് മക്കൾക്കുവേണ്ടി
കൂടുതൽ സമയം നൽകുമെന്നൊരു തീരുമാനം ഈ പിറന്നാളിന് എടുത്തിരിക്കുകയാണ്.
സംഗീത ആൽബങ്ങൾ ചെയ്യാനും സമയം കണ്ടെത്തണമെന്നുണ്ട്.
കേരളത്തിലുള്ളവരെ സഹായിക്കാൻ അമേരിക്കയിലെ മലയാളി സംഘടനകളിൽ സഹകരിക്കേണ്ടതുണ്ടോ?
2015 ൽ ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കാൻ
മുൻകൈ എടുത്തിരുന്നു.ഇവിടെയുള്ള സംഘടനകളെയൊക്കെ അതിന്റെ ഭാഗവാക്കാക്കിയത്
അവയിലൊക്കെ സജീവമായിരുന്നതുകൊണ്ടാണ്.പിന്നീട് സംഗീതത്തിൽ
ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി സംഘടനാപ്രവർത്തനങ്ങൾക്ക്
വിരാമമിട്ടു. അടുത്തുള്ള സംഘടനകളുടെ ഷോ ആങ്കർ ചെയ്യുകയും സംഗീത പരിപാടി
അവതരിപ്പിക്കുകയും ചെയ്യുമെന്നല്ലാതെ ഭാരവാഹിത്വം ഏറ്റെടുക്കേണ്ടെന്നാണ്
തീരുമാനം.
20 വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് 45 പ്രാവശ്യമെങ്കിലും ഞാൻ നാട്ടിൽ
വന്നിട്ടുണ്ട്. ശമ്പളത്തിന്റെ ഒരു നിശ്ചിത ഭാഗം നാട്ടിൽ സഹായം
ആവശ്യമുള്ളവർക്ക് നൽകാറുണ്ട്. ന്യൂജേഴ്‌സിയിൽ ഒരു ഡ്രാമ ഹോസ്റ്റ് ചെയ്ത്
അതിലൂടെ സമാഹരിക്കുന്ന പണം കേരളത്തിൽ ചാരിറ്റി പ്രവർത്തനത്തിന്
വിനിയോഗിക്കണം എന്നൊരു ആഗ്രഹമുണ്ട്.
കുടുംബം?
ഭാര്യ ആനി നഴ്‌സാണ്.മക്കൾ തോമസ്,തിമോത്തി,ഡേവിഡ്.മൂവരും
വിദ്യാർത്ഥികൾ.ഞാൻ അമേരിക്കയിൽ വന്നകാലത്ത് പലരും പറഞ്ഞുകേട്ടിട്ടുള്ളത്
കുട്ടികൾ ജനിച്ച് കുറച്ചുനാൾ വീട്ടിൽ മലയാളം സംസാരിക്കുമ്പോൾ കുഞ്ഞുങ്ങൾ
ഏറ്റുപറയുമെന്നും സ്‌കൂളിൽ പോകുന്നതോടെ അത് നിൽക്കും എന്നുമാണ്.
അതുകൊണ്ടുതന്നെ മക്കൾ മാതൃഭാഷ മറക്കരുതെന്നത് ഒരു വെല്ലുവിളി പോലെയാണ്
കണ്ടത്. തീവ്രമായ ആഗ്രഹം ഉള്ളിലുള്ളതുകൊണ്ടാകാം,എന്റെ മൂന്ന് ആണ്മക്കളും
മലയാളം നന്നായി എഴുതുകയും വായിക്കുകയും ചെയ്യും.മൂത്ത മകനിപ്പോൾ 17
വയസ്സായി. കോവിഡ് ലോക്ക്ഡൗൺ സമയത്തൊഴിച്ച് എല്ലാ വേനലവധിക്കും മക്കളുമായി
നാട്ടിൽ വന്നിട്ടുണ്ട്. ഭാഷ അറിയാവുന്നതുകൊണ്ട് അവർക്ക് കേരളത്തിൽ
എല്ലാവരുമായും ഇടപഴകാൻ എളുപ്പമാണ്.
അമ്മ 2019 ൽ മരണപ്പെട്ടു.അപ്പച്ചൻ നാട്ടിലുണ്ട്.ഇപ്പോൾ 84
വയസ്സായി.രണ്ടുസഹോദരിമാരുണ്ട്.
പ്രതികരണങ്ങൾ,നേട്ടങ്ങൾ?
ദുബൈയിലെ ഗ്ലോബൽ വില്ലേജ്, ട്രാൻസ് വേൾഡ് റേഡിയോ, വിശ്വ വാണി
എന്നിവയിലെ പ്രകടനങ്ങൾക്കാണ് കൂടുതൽ പേരിൽ നിന്ന് നല്ല പ്രതികരണം
ലഭിച്ചിട്ടുള്ളത്. 2001 മുതൽ 2005 വരെ, ഇവാഞ്ചലിക്കൽ മിഷൻ ഇന്ത്യയിലെ
ഡിപ്പാർട്ട്‌മെൻ്റ് ഓഫ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻ നിർമ്മിച്ച
ഭക്തിഗാന ആൽബങ്ങൾ ചെയ്യാൻ തുടർച്ചയായി അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത നൃത്താധ്യാപകൻ ആർ.എൽ.വി ആനന്ദ് മാഷുമായി സഹകരിച്ച്, ശാസ്ത്രീയ
നൃത്ത പ്രകടനങ്ങൾക്ക് സംഗീതം നൽകാൻ സാധിച്ചത് വലിയൊരു നേട്ടമായി
കാണുന്നു.ക്നാനായ കമ്മ്യൂണിറ്റിക്ക് വേണ്ടി ആൽബം ചെയ്തിട്ടുണ്ട്.
പൂർവ്വവിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായും ഒരു പാട്ട് കംപോസ്
ചെയ്തിട്ടുണ്ട്. കൂടുതൽ ആൽബങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം.
ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഫിലോസഫി?
ഒരു കാര്യത്തിലും ടെൻഷൻ അടിക്കാറില്ല. കഴിഞ്ഞുപോയ കാര്യങ്ങൾ നമ്മൾ
വിചാരിച്ചാൽ മാറ്റാൻ സാധിക്കില്ല. നടക്കാനുള്ളത് നടക്കുകയും
ചെയ്യും.അപ്പോൾ പിന്നെ ഉള്ള സമയം വെറുതെ ഓരോന്ന് ചിന്തിച്ചും ആലോചിച്ചും
കളയരുതെന്നതാണ് എന്റെ പോളിസി.
ആർക്കും ഒരു ഉപകാരവും ചെയ്തില്ലെങ്കിലും ഉപദ്രവം ചെയ്യരുതെന്ന് നിർബന്ധമുണ്ട്.