Image

വിവാഹ ആഡംബരങ്ങൾ ( റൂബിയുടെ ലോകം : റൂബി എലിസ )

Published on 06 January, 2025
വിവാഹ ആഡംബരങ്ങൾ ( റൂബിയുടെ ലോകം : റൂബി എലിസ )

ഒരു വിവാഹമാണ്.

വിവാഹം കഴിച്ചു എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനും, വിവാഹം കഴിക്കുമ്പോൾ തങ്ങൾക്ക് ഇഷ്ടം പോലെ സ്വത്ത് ഉണ്ടെന്ന് അറിയിക്കാനും, വിവാഹമെന്ന പേരിൽ ആഘോഷം

നടത്തുന്ന മിഡിൽ ക്ലാസ്സ്‌ കുടുംബങ്ങൾ പലതും വിവാഹ ആർഭാടത്തിന്റെ ആഘാതത്തിൽ നിന്നും മുക്തി നേടാൻ വർഷങ്ങൾ എടുക്കും.

പണ്ടത്തെപ്പോലെ രണ്ടു ദിവസത്തെ, നാട്ടുകാരും കുടുംബങ്ങളും ഒക്കെ സഹായിച്ചും സഹകരിച്ചുമൊക്കെ ഉള്ള, വിവാഹപരിപാടിയൊന്നുമല്ല ഇപ്പോൾ...

പ്രീ-വെഡിങ് ഫോട്ടോ ഷൂട്ട് മുതൽ മാസങ്ങൾ നീളുന്ന ആഘോഷങ്ങൾ ആണ്.

ഒപ്പം, കച്ചവട സംസ്കാരത്തിന്റെ ഭാഗമായി വന്നു ചേർന്ന ഹൽദി-മെഹന്തി പോലുള്ള ഉത്തരേന്ത്യൻ ആചാര അനുഷ്ഠാനങ്ങൾ വേറെയും.

ഇവന്റ് മാനേജ്മെന്റുകൾ സംഘടിപ്പിക്കുന്ന ബാച്ചിലർ പാർട്ടിയും സ്റ്റേജും ആങ്കറും ബഫെയും ഡീജെയും കോക്ടെയിൽ പാർട്ടിയും...

അങ്ങനെ മധ്യവർഗ്ഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം എടുത്താൽ പൊന്താത്ത ബാധ്യതകൾ ആണ് ഓരോ വിവാഹങ്ങളും ഉണ്ടാക്കിവയ്ക്കുന്നത്.

സമ്പന്ന വർഗ്ഗം സമൂഹത്തിൽ കാണിക്കുന്നതുപോലെയൊക്കെ ചെയ്യണം എന്നാൽ മാത്രമേ സമൂഹത്തിൽ സ്റ്റാറ്റസ് ഉണ്ടാകൂ എന്ന് ധരിക്കുന്നവരാണ് മധ്യവർഗ്ഗം. എല്ലാക്കാര്യത്തിലും സമ്പന്ന വർഗ്ഗത്തെ അനുകരിക്കാൻ ശ്രമിക്കുന്നവരാണ് ഇക്കൂട്ടർ. അടിസ്ഥാന വർഗ്ഗത്തിൽ നിന്നും തങ്ങൾ വ്യത്യസ്തരാണ് എന്ന് കാണിക്കാനുള്ള ഒരു ശ്രമം.

അടിസ്ഥാന വർഗ്ഗം ആകട്ടെ, തങ്ങളുടെ സ്റ്റാറ്റസ് മധ്യ വർഗ്ഗത്തിലേക്ക് എത്തിക്കാനുള്ള പെടാപ്പാടിലും ആയിരിക്കും. സമ്പാദിക്കുന്നതിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിലും ആണ് ഇതൊക്കെ ചെയ്യുന്നത് എങ്കിൽ അതിനെ അംഗീകരിക്കാം അഭിനന്ദിക്കാം. പക്ഷേ ആർഭാടം കാണിച്ചും ചെലവുകൾ വരുത്തിവെച്ചും അനാവശ്യമായി നിർമ്മിച്ച് എടുക്കുന്ന സ്റ്റാറ്റസുകൾ അഭിലഷണീയമല്ല. അതൊന്നും സ്ഥിരത ഉള്ളതും അല്ല.

ഒന്നാമത് വിവാഹമെന്ന് പറയുന്നത് രണ്ടു വ്യക്തികളുടെ ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്ന ദിവസം മാത്രമാണ്. വിവാഹം കഴിച്ചു കൊണ്ടോ കഴിക്കാതെയോ ഇപ്പോൾ ഒരുമിച്ച് ജീവിക്കാൻ പറ്റും. എങ്ങനെ ജീവിച്ചാലും ഫലം ഒന്നു തന്നെ. വിവാഹം കഴിച്ച് ജീവിക്കുന്നവരും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കുന്നവരും വേർപിരിയണമെന്ന് തോന്നുമ്പോൾ വേർപിരിയാറുണ്ട്, സന്താനോല്പാദനം നടത്തണമെന്ന് തോന്നുമ്പോൾ അത് ചെയ്യാറുണ്ട് , ഒരുമിച്ച് ദീർഘകാലം പോകണം എന്ന് തോന്നിയാൽ അതും ചെയ്യാറുണ്ട്.

പിന്നെ എന്തിനാണ് വിവാഹമെന്ന അമിത ചെലവും ബാധ്യതകളും ഓരോ കുടുംബങ്ങളും തലയിലേറ്റുന്നത്?

നിയമപ്രകാരം രജിസ്റ്റർ ചെയ്യേണ്ടത് ഇപ്പോൾ വിവാഹങ്ങൾക്ക് നിർബന്ധമുണ്ട്. അതുകൊണ്ട് മതാചാരപ്രകാരമുള്ള ചടങ്ങുകൾ ആവശ്യമുള്ളവർ പരമാവധി ലളിതമായ രീതിയിൽ അത് നടത്തുകയും മത വിശ്വാസികൾ അല്ലാത്തവർ രജിസ്റ്റർ ഓഫീസിൽ ഒപ്പിടുകയും ചെയ്താൽ വിവാഹം എന്ന ചടങ്ങ് അങ്ങനെ കഴിഞ്ഞു കിട്ടും...

ഇനി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒക്കെ തങ്ങളുടെ സന്തോഷത്തിന്റെ പേരിൽ ഒരു പാർട്ടി കൊടുക്കണം എന്നാണ് ആഗ്രഹം എങ്കിൽ, വിവാഹമൊക്കെ കഴിഞ്ഞ് എല്ലാവർക്കും പറ്റുന്ന ഒരു ദിവസം പരിഗണിച്ച് നല്ലൊരു ട്രീറ്റ് കൊടുക്കുകയും ആവാം. അതാകുമ്പോൾ വിവാഹം എന്ന പാക്കേജ് അവിടെ കടന്നു വരില്ല. അതുകൊണ്ടുതന്നെ വെറുമൊരു ട്രീറ്റ് എന്നതിലേക്ക് ചുരുങ്ങുമ്പോൾ ചെലവും പതിന്മടങ്ങ് കുറയ്ക്കാൻ പറ്റും.

നേരിട്ട് അറിയാവുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട്, വിവാഹ ബാധ്യതകളുടെ പേരിൽ മനസമാധാനം ഇല്ലാത്ത രാത്രികളാണ് പിന്നീടങ്ങോട്ട്. ആർഭാട പൂർണ്ണമായ ഒരു വിവാഹവും വലിയൊരു മാളിക വീടും നിർമ്മിച്ചു കഴിഞ്ഞാൽ ശരാശരി മലയാളി യുവാക്കൾ ( യുവതികളും) പിന്നീട് ഒന്നിനും സാധിക്കാത്ത വിധം സാമ്പത്തികമായി തകർന്നുപോകും. ജീവിതത്തിൽ എല്ലാം ഇതാണ് എന്നാണ് ഇവരെയൊക്കെ തലമുറകളായി ധരിപ്പിച്ചു വച്ചിരിക്കുന്നത്.

അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങൾ ഒക്കെയുള്ള ഒരു വീട് അല്ലെങ്കിൽ ഒരു ഫ്ലാറ്റ് മുറി, അതല്ലെങ്കിൽ വാടക വീട് പോരെ സാധാരണ കുടുംബങ്ങൾക്ക് ജീവിക്കാൻ? മിച്ചം പിടിക്കുന്ന പണം ഉപയോഗിച്ച് അവധി ദിവസങ്ങളിലും വെക്കേഷനുകളിലും ഒക്കെ ലോകം ചുറ്റാൻ ഇറങ്ങാം ഈ മനുഷ്യർക്ക്. നിങ്ങൾ നാട്ടിൽ കാണുന്ന വിദേശ ടൂറിസ്റ്റുകൾ ഒക്കെ ഇങ്ങനെ സാമ്പത്തിക മാനേജ്മെന്റ് വിദഗ്ധമായി നടത്തി ലോകം ചുറ്റി കാണാൻ വരുന്നവരാണ്. അല്ലാതെ പണം അമിതമായി കുമിഞ്ഞു കൂടിയത് എങ്ങനെയെങ്കിലും ചെലവാക്കാൻ വേണ്ടി നാട്തെണ്ടുന്നവരല്ല.

നമ്മുടെ ആളുകളുടെ ഒരു പ്രശ്നമെന്നത് നമ്മുടെ കാര്യങ്ങൾ നമുക്ക് സ്വയം തീരുമാനിക്കാൻ ധൈര്യമില്ല എന്നതാണ്. ചിന്തിക്കാനും പ്രവർത്തിക്കാനും ധൈര്യപ്പെടുക ജീവിതം സന്തോഷകരമാകും..👍

Join WhatsApp News
Jayan varghese 2025-01-06 22:41:09
ആചാരങ്ങളുടെ അടിമകളായ സമൂഹങ്ങൾക്ക് മേൽ ചൂഷണ സംവിധാനങ്ങളുടെ ദുരഭിമാന ഇരയൊളിപ്പിച്ച ചൂണ്ടകൾ നീണ്ടു വരുമ്പോൾ പാവങ്ങൾ അതിൽ കൊത്തിക്കുടുങ്ങുന്നു ! ആദർശ ധീരരായ സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ത്യാഗോജ്വലമായ സമർപ്പണം കൊണ്ടേ ഇതിനെ പറിച്ചെറിയാൻ പറ്റൂ എന്നിരിക്കെ വിപ്ലവകാരികൾ തങ്ങളുടെ വിപ്ലവത്തിന്റ വിത്ത് സ്വന്തം ജീവിത നിലങ്ങളിൽ വിതച്ചു വിളവെടുക്കുമ്പോൾ മാത്രമേ സമൂഹം അത് പിന്തുടരുകയുള്ളു. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക