Image

അവൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

Published on 06 January, 2025
അവൾ (ചെറുകഥ: ദീപ ബിബീഷ് നായർ)

ഏകയായിരുന്നവൾ... പുറമേ ചിരിക്കുമ്പോഴും ഉള്ളിലെ സങ്കടങ്ങളെ പുറം ലോകമറിയാതിരിക്കാൻ പാടുപെട്ടിരുന്നവൾ. ജന്മം കൊണ്ടും കർമ്മം കൊണ്ടും ഏകാന്തതയുടെ ഏതോ മാസ്മരിക ലോകത്ത് സ്വന്തം വിധിയെ മാത്രം പഴിചാരിക്കൊണ്ട് ,വേറൊരു ലോകം  പടുത്തുയർത്താൻ ശ്രമിച്ചവൾ.. അനാഥയായിരുന്നില്ല എങ്കിലും  അനാഥത്വത്തിന്റെ തീക്ഷ്ണതയറിഞ്ഞ് ആ ചൂടിലുരുകിയെരിയാൻ തുടങ്ങിയവൾ. അവൾക്കും ചില നൊമ്പരങ്ങളുണ്ട്. വാക്കുകളേകിയ നൊമ്പരങ്ങൾ. അസൂയയും ധാർഷ്ട്യവും പൂണ്ട അധികാരവർഗ്ഗത്തിന്റെ അഹങ്കാരത്തിന്റെ പ്രതീകമായ വാക്കുകളേകിയ മുറിവുകൾ . നല്ലതാണെന്ന് അംഗീകരിക്കാനുള്ള മടിയും , മറ്റൊരാൾ അംഗീകരിക്കുന്നതിലെ അസഹിഷ്ണുതയും ആകാമത്. ഇതിലേതായാലും ഇതൊന്നുമറിയാത്ത ഒരു പാവം മനസിനെ തച്ചുടയ്ക്കാൻ തക്കവണ്ണം ശക്തിയുണ്ടായിരുന്നിരിക്കും അവൾ കേട്ടിരുന്ന പല  വാക്കുകൾക്കും.
ഇങ്ങനെയും ജീവിതങ്ങളുണ്ടോ എന്ന് ഉള്ളിലെ വിങ്ങലിനിടയിലും സ്വയം ചോദ്യങ്ങൾ ചോദിക്കുന്നവൾ.  അവൾ ഇങ്ങനെയൊന്നുമായിരുന്നില്ല, വാചാലയായിരുന്നു , എപ്പൊഴും ഒരു തിളക്കം ആ കണ്ണുകളിൽ കാണാമായിരുന്നു. പക്ഷേ ഇപ്പോൾ അവൾ മൗനത്തിലാണ്. പുറത്തേയ്ക്കൊഴുകാൻ തയ്യാറായി ലാവയായി ഉള്ളിലടിഞ്ഞിരിക്കുന്ന സങ്കടങ്ങളുടെ അഗ്നിപർവ്വതങ്ങൾ മൗന വാത്മീകം ഭേദിച്ച് ഒരു നാൾ പുറത്തു വരും. ഇന്ന്  ഒരപരിചിതയെപ്പോലെ നിശബ്ദയാണവൾ. പുറത്തേയ്ക്ക് ഒഴുകുവാനാകാതെ  ഉള്ളിലെ വിങ്ങൽ അവളെ ശ്വാസംമുട്ടിയ്ക്കുന്നുണ്ടാകണം. 
നോവുകളുടെ കാർമേഘങ്ങൾ കണ്ണുനീരായ് അടരുമ്പോഴും സൂര്യനായ്  ജ്വലിച്ച് കത്താൻ വിധിയെഴുത്തപ്പെട്ടവൾ. ബന്ധങ്ങളുടെ ചങ്ങലയിൽ പൂട്ടിയിട്ട നേർക്കാഴ്ചയാണവൾ . നോവുകളുടെ ചിതയിലേയ്ക്ക് എണ്ണയൊഴിച്ചുകൊണ്ട് വീണ്ടും വീണ്ടുമാളിക്കത്തുന്നവൾ.  നിദ്രാവിഹീനമായ
രാത്രികളിൽ വേദനകൾ കടിച്ചമർത്തി  ആർക്കും വേണ്ടാതെ ജീവിക്കുന്നവൾ. 
എല്ലാമുണ്ടായിട്ടും ഒന്നുമില്ലാതെ, ഓർമ്മകളുടെ ഓരങ്ങളിലെവിടെയോ എന്നോ കളഞ്ഞു പോയ ചെറു മാണിക്യം തേടുന്നവൾ.
          ഒരു താലിചരടിന്റെ അധികാരത്തിൽ ആഗ്രഹങ്ങളും സ്വപ്നങ്ങളും നഷ്ടങ്ങളുടെ കണക്ക് പുസ്തകത്തിൽ കൂട്ടിയും കഴിച്ചും നോവുകൾ മാത്രം ബാക്കി വയ്ക്കുമ്പോൾ, കണ്ണുനീർ നിറച്ച നോവിന്റെ തൂലികക്കൊണ്ട് തൻ്റെ ഹൃദയത്തിൽ കുറിപ്പെഴുതുന്നവൾ.  കാലത്തിന്റെ നാല് ചുമരുകൾക്കുള്ളിലെ ഇരുട്ടറയിൽ അവൾ പൊഴിച്ചിറക്കിയ കണ്ണുനീരിന്, അവളനുഭവിച്ച വേദനയ്ക്ക് സാക്ഷി അവൾ മാത്രം.   അവളുടെ  തേങ്ങലിൽ എൻ്റെ ഉള്ള് പിടയുകയാണ്. രക്തബന്ധനങ്ങളുടെ നോവിൽ നീറി പുകയുന്ന അവൾക്ക് ഇനിയെങ്കിലും രക്ഷപെടണ്ടേ? ബന്ധങ്ങളുടെ മഹത്വം  അറിയാത്തവരുടെ മുന്നിൽ ,അവളെ അറിയാത്തവരുടെ മുന്നിൽ എന്തിന് സ്നേഹത്തിന് വേണ്ടി അവൾ യാചിക്കണം. അവളെ അറിയാനും മനസ്സിലാക്കാനും കഴിയില്ലായെങ്കിൽ ഒരു വിധിക്കും കാത്ത് നിൽക്കാതെ എത്ര പ്രിയമെന്ന് തോന്നിയാലും ഒരു തിരിഞ്ഞു നോക്കാതെ അവരിൽ നിന്നും ഇറങ്ങി നടന്നേൽക്കണം. ജന്മം കൊണ്ടും കർമ്മം കൊണ്ടും അവൾ ആരുടേയും നേരമ്പോക്കല്ല. ഒരു താലി ചരടിൽ കെട്ടിയിട്ട് ഉമിത്തീയിൽ നീറ്റിയെടുക്കാൻ അടിമചന്തയിൽ നിന്നും വില കൊടുത്ത് വാങ്ങി വന്ന അടിമയുമല്ല. സ്നേഹത്തെ, കാപട്യത്തിന്റെ വർണ്ണങ്ങൾ ചാർത്തി ആഘോഷമാക്കുന്നവരുടെ മുന്നിൽ അവൾ എന്തേ തോറ്റു പോകുന്നു. സ്ത്രീ എന്നാൽ കാമപൂർത്തീകരണത്തിന് യന്ത്രമല്ല. അതിലും മഹത്വമാർന്ന രൂപങ്ങളാൽ അവൾ അലംകൃതമാണ്.
അവളെ രക്ഷപെടാൻ നാമുൾപ്പെടുന്ന സമൂഹം അനുവദിക്കുമോ? വാക്കുകൾ കൊണ്ടും നോക്കുകൾ കൊണ്ടും കല്ലെറിയാൻ കാത്തിരിക്കുന്ന കപടമുഖങ്ങളല്ലേ ചുറ്റും? ക്ഷമയുടെ നെല്ലിപ്പലക കഴിഞ്ഞു, ഇനിയായിരിക്കും അവളെ നിങ്ങളും അറിയുക.... അതെ ഇനിയെങ്കിലുമൊരു മാറ്റം അത് അനിവാര്യമാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക