Image

ഓർമ്മകളുടെ ഒരായിരം പവിഴമുത്തുകൾ : മിനി വിശ്വം

Published on 06 January, 2025
 ഓർമ്മകളുടെ ഒരായിരം പവിഴമുത്തുകൾ : മിനി വിശ്വം

ഒറ്റക്കിരിക്കുമ്പോൾ തിരതല്ലി കേറിവരുന്ന ഓർമ്മകളുടെ ഒരായിരം പവിഴമുത്തുകൾ ചിന്നിത്തെറിച്ചു മനസ്സിന്റെ ഓരോ മുക്കിലും മൂലയിലും പറ്റിപ്പിടിച്ചങ്ങു കിടക്കും.ഇടയ്ക്കു അതോരുന്നുമെടുത്തു  പൊടിതട്ടി അവിടെ തന്നെ സൂക്ഷിക്കും. ഇല്ലെങ്കിൽ പ്രായമാകുന്നതിന്റെ  ഒഴുക്കിൽ കാലക്രമേണ അതു പായൽ  പിടിച്ചു വഴുവഴുത്ത്‌ മനസ്സിൽ നിന്ന്  പ്രായത്തിനൊപ്പം  ഒഴുകി പോയെങ്കിലോ . അങ്ങനെ വിടാനൊക്കില്ലല്ലോ. വിട്ടാൽ,ഈ ഓർമത്തുണ്ടുകൾ  വിട്ടു പറിഞ്ഞു പോയാൽ 
ഇടക്കോടിവരുന്ന  എകാന്ത നിമിഷങ്ങൾക്ക് എന്തു രസമാണുള്ളത്.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലക്കടുത്ത്‌ വള്ളംകുളം എന്ന ചെറു ഗ്രാമം. പേരു പോലെ തന്നെ മഴ വന്നാൽ വെള്ളം മടങ്ങിപോകാൻ മടിച്ചു നിൽക്കുന്ന നാട്. അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ഒരു മഴക്കാലത്ത്  നടവഴിയിൽ തോണി കയറി വന്നാണ് അമ്മയെ പെണ്ണ് കണ്ടതെന്ന്. വീടിനടുത്തുള്ള പമ്പ നദിയുടെ   ഭാഗമായ ചെറുതോട്ടിലാണ്  കുളിയും, നനയുമെല്ലാം..

ഒരു മദ്ധ്യ വേനലവധി  സമയം. കുറച്ചു ദിവസം  അവിടെ നിർത്താനായി അച്ഛൻ എന്നെ അവിടെ കൊണ്ടാക്കി. അമ്മയുടെ അച്ഛനും, കല്യാണ പ്രായമെത്തിയ അമ്മയുടെ അനിയത്തിയും, അപ്പൂപ്പന്റെ പെങ്ങളുമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പട്ടാളത്തിൽ നിന്നും വിരമിച്ച കണിശക്കാരനായിരുന്ന  അപ്പൂപ്പനെയും , സമീപത്തുള്ള പ്രൈമറി സ്കൂളിൽ നിന്നും  ഹെഡ്മിസ്ട്രസ്സായി വിരമിച്ച അവിവാഹിതയായ അപ്പൂപ്പന്റെ പെങ്ങളെയും പേടി കണ്ണുകളോടെയാണ് കണ്ടിരുന്നത്. അപ്പൂപ്പനെ കുറിച്ചുള്ള മധുരമായ ഓർമ വർഷത്തിൽ ഒരിക്കൽ തവിട്ട് നിറമുള്ള കവറിൽ മധുരമുള്ള ചെറിയ വട്ടത്തിലുള്ള ബ്രിട്ടാനിയാ ബിസ്‌ക്കറ്റുമായി ഞങ്ങളെ കാണാൻ വരുന്നതാണ്.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ വലിയമ്മയുടെ മകൾ രാധയും അവിടെ വന്നു. എനിക്ക് സന്തോഷമായി.വിശാലമായ പറമ്പിൽ മാവ്, പ്ലാവ്, തെങ്ങ് എന്നിവ കൂടാതെ നിറയെ ജാതി മരങ്ങളും, ഒരു മഞ്ചാടി മരവും എപ്പോഴും കൊഴിഞ്ഞു വീഴുന്ന പൂക്കളുമായി ഒരു ഇലഞ്ഞി മരവും ഉണ്ട്.വേലിയായി കരിമ്പിൻ ചെടികളും. നടുക്ക് നീളത്തിൽ മുറികളുമായി സാമാന്യം വലിയ വീട്. മുറ്റത്ത്‌ ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം തുടങ്ങിയ  ചെടികളും പൂവിട്ടു നിന്നിരുന്നു. കുളിമുറിയോട് ചേർന്ന് പുറത്തെ അടുപ്പിൽ ചൂട്ടും, കൊതുമ്പും വച്ച് വെള്ളം ചൂടാക്കാനായി വലിയ ഒരു ചെമ്പു പാത്രവും നിറയെ വെള്ളവും ഉണ്ടായിരുന്നു. വെള്ളം ചൂടായാൽ അകത്തു നിന്നു തന്നെ കോരി കുളിക്കാൻ പാകത്തിനാണ് ആ വീട്ടിലെ കുളിമുറി.

താഴെ വീണു കിടക്കുന്ന ഇലഞ്ഞി പൂവ്  എടുത്തു കൊരുത്ത്‌ മാല കെട്ടുക, മഞ്ചാടിക്കുരു എടുത്തു ഒരു ടിന്നിൽ ശേഖരിക്കുക ഇതൊക്കെ ആയിരുന്നു എന്റെയും,
രാധയുടെയും വിനോദം.

രാവിലെ ഉണർന്നാൽ അപ്പൂപ്പന്റെയും, ചിറ്റയുടെയും കൂടെ ഞങ്ങൾക്കും ചെറിയ പണികൾ ചെയ്യാനായി തരും. പറമ്പിലെ ചേനക്കും, ചേമ്പിനും, കാച്ചിലിനുമൊക്കെ ഇടാനായി ചാരം എടുത്തു കൊടുക്കണം, ചെടികൾക്ക് വെള്ളം നനക്കണം  തുടങ്ങി  ചെറു പണികൾ പിന്നെയും ഉണ്ട്. അതിനു ശേഷമേ പ്രഭാത ഭക്ഷണം ഉളളൂ.

പണിയെല്ലാം ഒതുക്കി ചന്ദ്രിക ചിറ്റയും ,( അമ്മയുടെ അനിയത്തി )ഞാനും, രാധയും കൂടി കുളി, നന ഇത്യാദി കാര്യങ്ങൾക്കായി  തോട്ടിലേക്കു നടക്കും. അപ്പോഴാണ്  'ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം..'എന്നു തുടങ്ങുന്ന ഗാനം മൂളിക്കൊണ്ട് ചിറ്റയുടെ മുറച്ചെറുക്കനായ ഉണ്ണി ഒരു ഇലഞ്ഞി പൂമാലയുമായി ഒരു മരത്തിൽ ചാരി അവിടെ നിൽക്കുന്നത് കണ്ടത് . അവർ രണ്ടു പേരും കൂടി എന്തൊക്കെയോ സംസാരിക്കുന്നു.ഉണ്ണി കൊടുത്ത പൂമാലയുമായി അൽപ്പം നാണത്തോടെ ചിറ്റ നടന്നു തോട്ടിലെത്തും.വീട്ടിലെത്തിയാൽ ചിറ്റയുടെ മാത്രം തുണികൾ സൂക്ഷിക്കുന്ന പെട്ടിയിൽ അതു ഭദ്രമായി വക്കും. ഇടക്കൊക്കെ പെട്ടി തുറന്നു അതെടുത്തു അൽപ്പം നാണത്തോടെ മണത്തു നിൽക്കുന്നത് ഞങ്ങൾ ഒളിഞ്ഞിരുന്നു കാണാറുണ്ട്.

അന്നത്തെ പ്രണയങ്ങളെല്ലാം മനസ്സിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും. വീട്ടിൽ ഒന്നു സൂചിപ്പിക്കാൻ പോലും ഭയമായിരുന്നു.  മിക്കതും നഷ്ട്ട പ്രണയങ്ങളായി മാറുന്നു. ഇന്ന് രണ്ടുപേരും മറ്റൊരു വിവാഹം കഴിച്ചു മക്കളും ചെറുമക്കളുമായി സുഖമായി ജീവിക്കുന്നു 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക