വിശ്വവിഖ്യാദ തൂലികക്കാരൻ ഖാലിദ് ഹൊസൈനിയുടെ ഒരു പ്രഖ്യാത നോവലുണ്ട്. And the mountains Echoed എന്നാണതിൻ്റെ പേര്. കുടുംബ ബന്ധത്തിൻ്റെ ഊഷ്മളമളതയും വെൺമയും വിശുദ്ധിയുമെല്ലാമാണ് അതിൻ്റെ ഇതിവൃത്തം, മനോഹരമായ ആഖ്യാനമാണതിൻ്റേത്. അഫ്ഗാനിസ്ഥാനിലെ ഷാദ്ബാഗെന്ന കൊച്ചു ഗ്രാമമാണ് നോവൽ പശ്ചാതലം. ബാപ്പയോടും അവരുടെ രണ്ടാനുമ്മയോടുമൊപ്പം ജീവിക്കുന്ന രണ്ട് കുട്ടികൾ. അബ്ദുള്ള എന്ന ആൺകുട്ടിയും
അവൻ്റെ പെങ്ങൾ പരിയുടെയും കഥയാണ് ആ നോവൽ പറയുന്നത്.
അവരുടെ ബാപ്പ സബൂർ കുടുംബം പോറ്റാനായി നിത്യവും തൊഴിൽ തേടി തൊഴിൽ ചെയ്തു നടക്കുന്ന ഒരു മനുഷ്യനാണ്. കൊടിയ ദാരിദ്ര്യത്തിൻ്റെയും കഠിന ശൈത്യകാലത്തിൻ്റേയും ദുരിതങ്ങളെ മനോഹരമായി വരച്ചിരിടുന്നുണ്ട് ഈ കൃതി.
തൻ്റെ പെങ്ങളെ നല്ല മൊഞ്ചുള്ളവളും മധുരസ്വഭാവമുള്ളവളുമായി കാണുന്നു അവളുടെ ആങ്ങള അബ്ദുള്ള. മുഖ്യ കഥാപാത്രമാണ് അബ്ദുള്ള എന്ന ആൺകുട്ടി. തൻ്റെ പെങ്ങൾക്കും വേണ്ടി അവൻ എന്തും ചെയ്യാൻ തയ്യാറാണ്, ഓളെ അമൂല്യ ശേഖരത്തിലേക്ക് ഒരു തൂവൽ വാങ്ങാനായി അവൻ ആകെ ഉണ്ടായിരുന്ന ഒരു ജോഡി ഷൂസ് പോലും വിൽക്കുന്നുണ്ട്. മാത്രമല്ല വളരെ ഉത്തരവാദിത്വമുള്ള ഒരു മൂത്ത ആങ്ങളയെ പോലെ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് അവൻ.
വ്യത്യസ്ഥ ബന്ധുക്കൾ രക്ത ബന്ധമുള്ളവരും ഇല്ലാത്തവരുമായ എല്ലാവരും ഒരുമിച്ചു കൂടി പരസ്പരം കണ്ടും സംസാരിച്ചും സ്നേഹ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും സന്തോഷത്തിലും സന്ദാപത്തിലുമൊക്കെ ഒരുമിച്ചുണ്ടാകുമെന്ന ഒരു സന്ദേശം കൈമാറൽ കൂടിയാണ് കുടുംബ സംഗമങ്ങളുടെ പൊരുൾ. ഈ കുറിപ്പുകാരൻ കഴിഞ്ഞ വാരങ്ങളിൽ അരീക്കോട് വല്ല്യുപ്പാൻ്റെ മക്കളുടേയും പേരക്കുട്ടികളുടെയും കുടുംബ സംഗമത്തിൽ പങ്കെടുത്തു. ഏറെ ഹൃദ്യമായിരുന്നു പ്രോഗ്രാമുകൾ.
വലിയ തിരക്കുകളൊക്കെ മാറ്റിവെച്ച് ഒരുവിധം ബന്ധുക്കളൊക്കെ അവിടെ വന്നിരുന്നു. മുതിർന്നവരും കുട്ടികളുമൊക്കെ പാട്ടും ഡാൻസും സംസാരവുമൊക്കെയായി അവിടെ സജീവമായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായതായി എനിക്ക് തോന്നിയത് ഞങ്ങളുടെ ആമാമയും സാജ്യാക്കയും പാടിയ ക്ലാസിക്ക് സോംഗാണ്. രണ്ടു പേരും ഒന്നിനൊന്ന് മെച്ചമായിരുന്നു; നല്ല കലാകാരന്മാരാണവർ. ആമാമ മുമ്പേ കുറച്ചൊക്കെ പാടുന്ന ആളാണ്. സ്വന്തം കല്ല്യാണത്തിൻ്റെ അന്ന് പോലും കല്ല്യാണപ്പാട്ടു പാടിയ റെക്കോഡ് ഇന്നും ഞങ്ങളുടെ കുടുംബത്തിൽ ആർക്കും തകർക്കാനായിട്ടില്ല. ഏതായാലും കുടുംബവും കുട്ടികളും ചുറ്റുപാടുമെല്ലാമായി ജീവിത തിരക്കിനിടയിൽ കലയെ മാറ്റി നിർത്തേണ്ടി വന്ന ആമാമയെ പോലുള്ള നിരവധി പേർക്ക് പ്രചോദനമാണ് ഇത്തരം കുടുംബ സംഗമങ്ങൾ.
നിലവിലുള്ള വ്യക്തിബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും വിവാഹം കഴിഞ്ഞെത്തിയ പുതിയ അംഗങ്ങളെ പരിചയപ്പെടാനും കുടുംബ ബന്ധങ്ങളിലെ ഊഷ്മളത സൂക്ഷിക്കാനുമൊക്കെ ഇത്തരം കൂടലുകൾ സഹായകരമാണ്. ബന്ധങ്ങൾ
എല്ലാം ഇന്ന് ശുഷ്കിച്ചുകൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യങ്ങളിൽ ഇന്നത്തെ കുടുംബ സംഗമങ്ങൾക്ക് പ്രാധാന്യമുണ്ട്. ന്യൂനാൽ ന്യൂനപക്ഷമെങ്കിലും ചില സംഗമങ്ങളെങ്കിലും കുടുംബങ്ങളുടെ പ്രൗഢി കാണിക്കുന്നതിനും പൊങ്ങച്ചത്തിനു വേണ്ടിയും നടത്തപ്പെടുന്നവയുമുണ്ട്. അത്തരം കാര്യങ്ങളെ നിരുത്സാഹപ്പെടുത്തേണ്ടതുണ്ട്. ധൂർത്തിന് വഴിയൊരുക്കുന്ന രീതിയിലുള്ള പല മാർഗങ്ങളും കുടുംബ സംഗമങ്ങളിലേക്ക് കടന്നുവന്നിട്ടുണ്ട്. അത്തരം കാര്യങ്ങളെ സമൂഹ നന്മയ്ക്ക് വേണ്ടി മാറ്റി വെറ്റ് ഇത്തരം കാര്യങ്ങളെ നന്മയുടെ ഉദ്യമങ്ങളായി നിലനിർത്തേണ്ടതുണ്ട്.
Poste-Covid ൻ്റെ ഭാഗമായി ഗ്രാമീണ സമൂഹമുൾപ്പെടെ ഉള്ളവയിൽ ഉയർന്നുവന്ന ഒന്നാണ് ഇന്നത്തെ കുടുംബ സംഗമങ്ങൾ. പൊതുവെ ആളുകൾ ഒരുമിച്ചു കൂടുകയും പരസ്പരം സംവദിക്കുകയും ഭക്ഷണ വിഭവങ്ങളൊരുക്കി അവ ഒരുമിച്ച് കഴിക്കുകയും ആട്ടവും പാട്ടുമായി ആഘോഷിക്കുകയും ചെയ്യുന്നതാണ് പൊതുവെ കാണുന്ന രീതികൾ. എങ്ങിനെ ആയിരുന്നാലും ഒരു പുതിയ Social structure - സാമൂഹിക ഘടനയെയാണ് ഇത്തരം സംഘമങ്ങളിലൂടെ എഴുതി ചേർക്കപ്പെടുന്നത്. ഇത്തരം പുതുഘടനകളിലൂടെ നമ്മുടെ സമൂഹം ഈടുറ്റതാകട്ടെ.