പോകാത്ത ജല യാത്രയിലെ മുങ്ങിമരണം
അവളെ ശ്വാസംമുട്ടിക്കുന്നു.
കയറാത്ത മരത്തിൽ നിന്നുള്ള വീഴ്ച
അവളെ വേദനിപ്പിക്കുന്നു.
കാണാത്ത തെരുവിൽ വെച്ചുള്ള പീഡനം
അവളെ ഭയപ്പെടുത്തുന്നു.
ഇല്ലാത്ത കാമുകന്റെ തിരസ്കാരം
അവളെ നോവിക്കുന്നു.
ജനിക്കാത്ത കുഞ്ഞിന്റെ മരണം
അവളെ കരയിക്കുന്നു.
ഇത് ജീവിതം തന്നെയോയെന്ന് സംശയിച്ച്
അവൾ മരിക്കാൻ ഒരുങ്ങുന്നു.
മരണവും ശാശ്വതമല്ലെന്നോർത്ത്
അവൾ ജീവിതം തുടരുന്നു.
ഈ ജീവിതം മറ്റൊരാളുടെ സ്വപ്നമോ
എന്നവൾ അൽഭുതം കൂറുന്നു.