Image

തിരുവനന്തപുരം ടാഗൂർ തിയറ്ററും 2025 -ലെ സ്ക്കൂൾ കലോത്സവ നാടകങ്ങളും - സുധീർ പരശ്വേരൻ

Published on 08 January, 2025
തിരുവനന്തപുരം ടാഗൂർ തിയറ്ററും 2025 -ലെ സ്ക്കൂൾ കലോത്സവ നാടകങ്ങളും - സുധീർ പരശ്വേരൻ

നാടകമാധ്യമത്തിൻ്റെ കേളികൊട്ടുയുയരുന്നത് നാടകത്തെ മറ്റെന്തെനിക്കാളും പ്രണയിക്കുന്നവരുടെ ഉത്സവമാണ്. അതുകൊണ്ടാണ് നാടകമത്സരം നടക്കുന്നിടത്ത് സദസിൽ നാടകത്തെ അകമഴിഞ്ഞ് സ്നേഹിക്കുന്നവർ ഇടവേളകളിൽ പാടിയും ആടിയും കൊട്ടിയും അരങ്ങിനെയും പ്രേക്ഷക സമൂഹത്തേയും കൂടുതൽ സജീവമാക്കുന്നത്.

തിരുവനന്തപുരം ടാഗൂർ തിയറ്റേർ കേരളത്തിലെ ആദ്യത്തെ 'ടാഗൂർ നീയേറ്റർ' കൂടിയാണ്.തിങ്കുറിശിയും സത്യനും നസീറും ഉമ്മറും സോമനും പി.ജെ. ആൻ്റണിയും ഭരത് ഗോപിയും കാവാലവും നെടുമുടിവേണുവും പി.കെ. വിക്രമൻ നായരും ടി. ആർ. സുകുമാരൻ നായരും മുരളിയും തിലകനും നരേന്ദ്രപ്രസാദും തുടങ്ങി അരങ്ങിലും സിനിമയിലും വെന്നിക്കൊടി പാർപ്പിച്ചവരുടെ ആദ്യ തട്ടകങ്ങളിൽ പ്രഥമസ്ഥാനമാണ് ഈ തിയറ്ററിൻ്റേത്.

1970-കളുടെ തുടക്കത്തിൽ ടാഗൂർ തീയറ്ററിൻ്റെ അല്പം പിന്നിലുള്ള ശിശുവിഹാർ സ്കൂളിലാണ് പ്രൈമറി ക്ലാസിൽ പഠിച്ചത്. അന്ന് സ്കൂൾ യൂണിഫോമിൽ ഞങ്ങൾ നടന്നു വരുമ്പോൾ ടാഗൂർ തിയറ്ററിൻ്റെ ഇരുവശങ്ങളിലേക്കുമുള്ള പടിക്കെട്ടിൻ്റെ ഓരത്ത് ചുമപ്പ് നിറത്തിലും നീലനിറത്തിലും ഓരോ ഫ്രിഡ്ജ് ഉണ്ടായിരുന്നു. അതിൽ നിന്ന് തണുത്ത വെള്ളം കുടിക്കാൻ കിട്ടും.  തലസ്ഥാനനഗരിയിലെ വെള്ളം മാത്രം കുടിക്കാൻ കിട്ടുന്ന ആദ്യ ഫ്രിഡ്ജ്
ആയിരിക്കണം. ഒരു പക്ഷെ കേരളത്തിലേതും. ഇതിൽ നിന്നു തണുത്ത വെള്ളം വലതുകൈ കൂർപ്പി കുട്ടികളായ ഞങ്ങൾ തണുത്ത വെള്ളം ആവേശത്തോടെ കുടിക്കും. 80-കളുടെ തുടക്കത്തിൽ തുരുമ്പടിച്ച ആ ഫ്രിഡ്ജ് ഒരു വശത്തേക്ക് മാറ്റി ചുവരിനോട് ചാരിയിരിക്കുന്നതു കണ്ടു. അല്പനേരം ഞാനത് നോക്കിനിന്നു. എന്നിട്ട് അതിനടുത്തു ചെന്ന് 50 വർഷം പുറകിലേക്ക് പോയി കൈകൾ കൂപ്പി .
ഏറെക്കാലം തിരിഞ്ഞു നോക്കാനാളില്ലാതെ തുരുമ്പെടുത്ത് അതെവിടെ ഉപേക്ഷിക്കപെട്ടിരിക്കുന്നതു കണ്ട് എൻ്റെ കണ്ണുകൾ നിറഞ്ഞു പോയി. കൈയിലിരുന്ന കർചീഫ് കൊണ്ട് ദാഹജലം തന്ന ഫ്രിഡ്ജിനെ  തുടച്ചു ഞാൻ. 80-കളുടെ മധ്യത്തിൽ പിന്നിട് ആ തണുത്ത ദാഹജലവാഹിനി കാണാതായപ്പോൾ അന്നവിടെ ജോലി ചെയ്തിരുന്ന നേപ്പാളിയോട് ഞാൻ തിരക്കി. ആക്രിവിലക്ക്  അതു കൊടുത്തതായി
അദ്ദേഹം പറഞ്ഞു. ഇന്നലെയും തലേന്നും സ്കൂൾ നാടകോത്സവം കാണാൻ വന്ന ഞാൻ ഫ്രിഡ്ജ് ഇരുന്ന സ്ഥലത്തു വന്നു നിന്നു. അങ്ങോട്ടൊന്നും ആരും വരുന്നില്ല. എന്നോടെപ്പം ഓടിച്ചാടിവന്ന് തണുത്ത വെള്ളം കുടിച്ചവരിൽ ആരെയും പിന്നീട് ഞാൻ കണ്ടിട്ടില്ല. ജീവിതയാത്രയ്ക്കിടയിൽ ഓരോരുത്തരും പല വഴിക്ക് യാത്രയായി.

പണ്ടത്തെ ടാഗൂർ തീയറ്റർ വേദിയിലാണ് പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ ആദ്യമായി
സമ്മാനം വാങ്ങുന്നത്. 1972- ആണത്. നീല കസേരകൾക്ക് പുറകുവശത്ത് സീറ്റ് നമ്പർ എഴുതിയിട്ടുണ്ടായിരുന്നു. സ്കൂളിൽ മോണോ ആക്ട് കാണിച്ചതിന് ഒന്നാം സ്ഥാനം കിട്ടിയതുകൊണ്ട് സമ്മാനം വാങ്ങാനാണ് അച്ഛനോടും അമ്മയോടും സഹോദരങ്ങളോടൊപ്പം വന്നിരുന്നത്. ഞാനിരുന്ന സീറ്റിൻ്റെ നമ്പർ ഇന്നും ഓർമ്മയുണ്ട്. 265 എന്ന കസേര നമ്പർ രണ്ടാമത്തെ വാതിലിനോടു ചേർന്ന കസേരയ്ക്കായിരുന്നു. വെള്ള നിറമുള്ള വാതിലുകളായിരുന്നു അന്ന് ടാഗൂർ തിയറ്റേറിൻ്റേത്. കെട്ടിടത്തിനും വെള്ള നിറം തന്നെ. ഒന്നാം ക്ലാസിലെ വിദ്യാർത്ഥിയായ എന്നെയും ക്കൊണ്ട് അച്ഛൻ വേദിയുടെ അടുത്തു ചെന്നു കാത്തു നിന്നു. പേര് വിളിച്ചതും സഹപാഠികൾ കൈയടിച്ചു. നീലനിറത്തിലുള്ള സോപ്പുപെട്ടിയായിരുന്നു സമ്മാനം. വർഷങ്ങളോളം ആ സോപ്പുപെട്ടി ഞാൻ സൂക്ഷിച്ചു വെച്ചിരുന്നു. ഒരിക്കൽ പനി വന്ന് ആശുപത്രിവാസം കഴിഞ്ഞു മടങ്ങിവന്നപ്പോൾ എൻ്റെ സോപ്പുപെട്ടി കാണാനില്ല. അന്നു ഞാൻ വാവിട്ടു കരഞ്ഞത് ഓർമ്മയുണ്ട്. മഴ പെയ്തപ്പോൾ ഞാനുറങ്ങിപ്പോയി.

സമ്മാനം വാങ്ങാൻ ചെന്നപ്പോൾ 
മത്സരിച്ച ഇനം അവതരിപ്പിക്കാമോയെന്ന് ഹെഡ്മിസ്ട്രസ് മറിയാമ്മ ടീച്ചർ ചോദിച്ചു. ക്ലാസ് ടീചർ സുചിത്ര ടീചർ 'കാണിക്കും കാണിക്കും' എന്നു പറഞ്ഞതും ആവേശം കൊണ്ട് തലകുത്തിമറിഞ്ഞ് കൂട്ടുകാരെ ചിരിപ്പിച്ചു.
അന്ന് സമ്മാനം തന്നവരും കൂട്ടിക്കൊണ്ടുവന്ന അച്ഛനും അമ്മയും ഭാഗജലം തന്ന ഫ്രിഡ്ജും എല്ലാം കാലയവനികയ്കുള്ളിലായി.
എൻ്റെ സഹോദരനും ( അനന്തഭദ്രം സിനിമ എഴുതിയ സുനിൽ പരമേശ്വേരൻ ) സമ്മാനം ഉണ്ടായിരുന്നു. കസേരകളിക്കാണ് സമ്മാനം.
ഒരു ടീച്ചർ തലവഴിയേ പുതപ്പിട്ട് മണികിലുക്കും. കുട്ടികൾ കസേരകൾക്ക് ചുറ്റും ഓടണം. ഒരു കസേര കുറച്ചിട്ടിരിക്കും. ഓരോരുത്തർ തോറ്റുപോകുമ്പോൾ അവസാനം ഒരു കസേര ഉണ്ടാകും. രണ്ടുപേരും. ഇന്ന് സ്കൂളിൽ കസേരകളിയുണ്ടോ എന്നറിയില്ല.

1979 - 80 സ്കൂൾ കലോത്സവത്തിൽ നാടകത്തിന് മത്സരിച്ചതും പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ എൻ്റെ മകൾ മത്സരിച്ചതും എ ഗ്രേഡ് കിട്ടിയതും കിട്ടാതെ പോയതും ഒക്കെ ഓർക്കാനും ഓർക്കാതിരിക്കാനുമുള്ള വിരുന്നായി തലസ്ഥാനനഗരിയിലെ കലോത്സവം.

ഇന്നലെ എല്ലാം ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാനോർത്തു. നിറഞ്ഞ കണ്ണുകൾ തുടച്ചത് അരങ്ങേറിയ നാടകങ്ങളുടെ അവതരണത്തിലൂടെയായിരുന്നു.
പല നാടകങ്ങളും പേര് പറയാതെയാണ് തുടങ്ങിയതും അവസാനിപ്പിച്ചതും. നാടകങ്ങളുടെ പേര് പറഞ്ഞു തുടങ്ങാൻ എല്ലാ നാടകക്കാരും ശ്രദ്ധിക്കണം. പലരും മറന്നുപോകുന്നതാണ്. പേരിനോട് ഒരു നാടകം എത്ര മാത്രം കടന്നുപോയിരിക്കുന്നുയെന്നറിയാൻ ഇത് സഹായിക്കും.
ശ്വാസം, വല, തൊഴിലാളി, പൊട്ടക്കുളം,വെള്ളപ്പൊക്കം തുടങ്ങിയ നാടകങ്ങൾ തന്ന അനുഭവങ്ങൾ ചെറുതല്ല.
എല്ലാ മക്കളെയും അഭിനന്ദിക്കുന്നു.

സംസ്ഥാന മത്സരത്തിൽ വരുമ്പോൾ 'എ' ഗ്രേഡ് എന്നത് ആ കുട്ടിയുടെ മാത്രം ആഗ്രഹമല്ല.. ഒരു സ്കൂളിലെ മൂവായിരത്തോളം വരുന്ന വിദ്യാർത്ഥികളും ഒരു ഗ്രാമവും എ ഗ്രേഡുമായി വരുന്ന 14 വയസുകാരനെ അഭിനന്ദിക്കാൻ കാത്തിരിക്കയാണ്. ആ കുട്ടിയോടൊപ്പം ഒരു കുടുംബം കൂടി വന്നെത്തുകയാണ്. ഉപജില്ല, ജില്ല മത്സരങ്ങൾ കഴിഞ്ഞാണ് കുഞ്ഞുങ്ങൾ സംസ്ഥാന മത്സരത്തിനെത്തുന്നത്. 80 മാർക്കാണ് എ ഗ്രേഡ്. കുട്ടികളുടെ മത്സരം വിലയിരുത്താൻ ഇരിക്കുമ്പോൾ ആ മേഖലയിലെ പണ്ഡിതൻ്റെ മനസ്സല്ല വിധികർത്താവിന് വേണ്ടത്. കുട്ടികളുടെ നാടകം വിലയിരുത്താൻ ഇരിക്കുന്നവർക്ക് കുട്ടികളുടെ മനസ് ഉണ്ടാകണം. കുട്ടികളുടെ കാഴ്ച ഉണ്ടാകണം. കാഴ്ചപ്പാട് ഉണ്ടാകണം. നിർഭാഗ്യവശാൽ ചില ജൂറിമാർ '80' മാർക്ക് നൽകാൻ മടിക്കുന്നത്  എന്തു കൊണ്ടെന്നു മനസിലാകുന്നില്ല. 70-ൽ തുടങ്ങി 70-ൽ അവസാനിപ്പിക്കും ചിലരെങ്കിലും. 79-കൊടുക്കും. എന്നാലും 80 കൊടുക്കില്ല. 15 പേർ മത്സരിക്കുന്നിടത്ത് ഒരു കുട്ടി മാത്രം ബി ഗ്രേഡിലേക്ക് ഒരു ജൂറി കാരണം പോകാം. ആ കുട്ടിയുടെ കണ്ണീരും ഒപ്പം വന്ന കുടുംബത്തിന്റെ കണ്ണീരും ഒരു ഗ്രാമത്തിൻ്റെ കണ്ണീരുമാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ഉപജില്ലയും ജില്ലയും കഴിഞ്ഞ് ശക്തമായ പോരാട്ടം കഴിഞ്ഞും അപ്പീൽ വഴി നീതി കിട്ടുന്നതിനു വേണ്ടി വൻ തുക അടച്ചുമാണ് സംസ്ഥാന മത്സരത്തിനെത്തുന്നത്. മൂന്നു ജൂറി മാരിൽ ഒരു ജൂറി വളരെ കുറച്ചു മാർക്കിട്ടാൽ മറ്റു രണ്ടു ജൂറി മാരുടെ മാർക്കിലും ഒരു മത്സരാർത്ഥിക്ക് ഒരു പക്ഷെ എ ഗ്രേഡ് കിട്ടണമെന്നില്ല.
ഒരാളുടെ 'പാപ 'ത്തിന് മറ്റു രണ്ടു പേരും 
ഇരയാകുന്നു. നമ്മുടെ ബാല്യകാല അരങ്ങുകളിൽ നാം ഇത്രമാത്രം പെർഫോം ചെയ്യുമായിരുന്നോയെന്നും ഓരോ ജൂറിയും ചിന്തിക്കേണ്ടതല്ലേ?
നമ്മുടെ ചില മത്സരങ്ങളിലെങ്കിലും ഇത്തരമൊരു വീഴ്ച കാണാൻ കഴിയുന്നത് വേദനാജനകമാണ്.

തലസ്ഥാനനഗരിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ വന്ന എല്ലാ മക്കളേയും പരിശീലകരെയും അധ്യാപക - അനധ്യാപകരേയും പ്രോത്സാഹിപ്പിച്ച കാണികളേയും ഒരുപോലെ അഭിനന്ദിക്കട്ടെ.
- സുധീർ പരമേശ്വരൻ
തിരുവനന്തപുരം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക