“ഇവിടത്തെ ആ വലിയ പുന്നമരം എവിടെയാണ്?”
ചേർത്തല പള്ളിപ്പുറം ഒറ്റപ്പുന്നയിൽ കാർ നിർത്തി ഞാൻ അന്വേഷിച്ചു.
നാട്ടുകാർ മുഖത്തോട് മുഖം നോക്കി.
“റോഡ് വികസനത്തിൽ അത് പണ്ടേ വെട്ടിക്കളഞ്ഞു. ഇന്ന് ഇവിടെയെങ്ങും ഒരു പുന്നമരവുമില്ല.”
ഒരാൾ പറഞ്ഞു.
“എന്റെ ഓർമ്മകളിൽ ഇവിടെ വളരെ വലിയ ഒരു പുന്നമരം ഉണ്ടായിരുന്നു”.
ഞാൻ പറഞ്ഞു.
“എനിക്കും ചെറിയ ഓർമ്മയുണ്ട്. ഇപ്പോൾ ആ മരം കൊണ്ട് എന്ത് പ്രയോജനം?”
മറ്റൊരാൾ നിസംഗനായി പറഞ്ഞു.
“എന്റെ കൊച്ചുമോനെ ഒന്ന് കാണിക്കാൻ വേണ്ടിയായിരുന്നു”.
കൂടെയുള്ള കുട്ടിയെ ചൂണ്ടി ഞാൻ പറഞ്ഞു.
അയാൾ ചിരിച്ചു കൊണ്ട് സ്ഥലം വിട്ടു.
എന്റെ മുത്തശ്ശി ഈ നാട്ടുകാരി ആയിരുന്നു. അമ്മമ്മ എന്നോട് പറഞ്ഞ കഥകൾ ഞാൻ കൊച്ചുമക്കളോട് പറയുമായിരുന്നു. അതു കേട്ടപ്പോഴാണ് പുന്നക്കാമരം കാണണമെന്ന് കൊച്ചുമോൻ പറഞ്ഞത്.
അമ്മമ്മയുടെ അച്ഛനു പുന്നയ്ക്ക, ചക്കില്‍ ആട്ടി എണ്ണയെടുക്കുന്ന കച്ചവടം ആയിരുന്നു.
അന്ന് പള്ളിപ്പുറത്തും സമീപ പ്രദേശങ്ങളിലും ധാരാളം പുന്നമരങ്ങൾ ഉണ്ടായിരുന്നു. കായലിനക്കരെ വൈക്കം പ്രദേശത്തും പുന്നമരങ്ങൾ ഉണ്ടായിരുന്നു.
ആളുകൾ വീടുകൾതോറും നടന്ന് പുന്നയ്ക്കാ ശേഖരിക്കുമായിരുന്നു. വാവലുകൾ കടിച്ചിട്ട പുന്നയ്ക്ക, പറമ്പുകളിൽ നിന്ന് പെറുക്കി വിറ്റ് അന്നത്തെ കുട്ടികൾ പെരുന്നാളും ഉത്സവങ്ങളും കൂടുവാൻ പൈസ സ്വരൂപിക്കുമായിരുന്നു.
നാനാ ഇടങ്ങളിൽ നിന്നും ശേഖരിക്കുന്ന പുന്നയ്ക്ക, പള്ളിപ്പുറത്തെ നാടൻ ചക്കിൽ ആട്ടി എണ്ണയെടുക്കും. അത് ആഴ്ചയിലൊരിക്കൽ കേവ് വള്ളത്തിൽ മട്ടാഞ്ചേരിയിൽ കൊണ്ടുപോയി വിൽക്കും.
ലൂബ്രിക്കന്റ് ഓയിൽ ആയി യന്ത്രങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി അത് ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോകും.
അന്ന് അതുകൊണ്ടുതന്നെ അമ്മമ്മയുടെ അച്ഛൻ നാട്ടിലെ ധനികനും പ്രമാണിയും ആയിരുന്നു.
എന്നാൽ ബ്രിട്ടീഷുകാർ രാജ്യം വിട്ടതോടെ ഈ പുന്നക്കാ എണ്ണ ആർക്കും വേണ്ടാതായി. അങ്ങനെ അടുത്ത തലമുറയിലേക്ക് എത്തുമ്പോഴേക്കും കച്ചവടം അവസാനിപ്പിച്ച് അവർ പാപ്പരായി
കഴിഞ്ഞിരുന്നു. കുട്ടികളില്ലാതെ മരിച്ച പൈലോ ചേട്ടനോടു കൂടി ആ കുടുംബം നാമാവശേഷമായി…
പുന്നമരങ്ങൾ പിന്നീട് കമ്പോവല (ചീനവല) കെട്ടുന്നതിനായി ഉപയോഗിച്ചു. കുറേക്കാലത്തിനുശേഷം അതിനും ആവശ്യമില്ലാതെയായി. പാഴ് മരം എന്ന കാരണത്താൽ പിന്നീട് ആരും അതിനെ വളരാൻ അനുവദിച്ചില്ല.
തൊണ്ണുറുകളിൽ ടിവിയിൽ വന്ന ഒരു ഹാസ്യ ലഘു ചിത്രത്തിന്റെ പേര് “പുന്നക്കാ വികസന കോർപ്പറേഷൻ” എന്നായിരുന്നു!
തെങ്ങിനും റബറിനും കമുകിനും തുടങ്ങി എല്ലാ വികസന കോർപ്പറേഷനും പാർട്ടികൾക്ക് കൊടുത്തു കഴിഞ്ഞു. ഇനി ഒരാൾക്കു കൂടി കൊടുക്കണം. അതിന് എന്ത് ചെയ്യണമെന്ന് ആലോചിച്ചപ്പോഴാണ് പുന്നക്കായെ പറ്റി ഒരാൾ പറഞ്ഞത്.
അങ്ങനെ പുന്നയ്ക്കാ വികസന കോർപ്പറേഷൻ ചെയർമാനായി പുതിയ പാർട്ടിക്കാരനെ നോമിനേറ്റ് ചെയ്തു. എന്നതാണ് കഥാ തന്തു!
ഒറ്റപ്പുന്നയിലെ പുന്നമരം മുറിച്ചിട്ട് അത്രയേറെ കാലം ആയിട്ടില്ല. എന്റെ ഓർമ്മയിലും ആ പുന്നമരം വ്യക്തമായി തലയുയർത്തി നിൽക്കുന്നുണ്ട്.
പള്ളിപ്പുറത്ത് എവിടെയെങ്കിലും ഒക്കെ പുന്നകൾ വളർന്നുനിൽപ്പുണ്ടാകാം. അന്വേഷിച്ച് കണ്ടുപിടിച്ച് അതിലൊന്ന് ഒറ്റപ്പുന്നയിൽ നട്ടു വളർത്തി വംശനാശം വരാതെ സംരക്ഷിക്കാം. ഒപ്പം ഒറ്റപ്പുന്ന എന്ന പേരിനെ അന്വർത്ഥമാക്കുകയും ചെയ്യാം. നാട്ടിലെ സാംസ്കാരിക സംഘടനകൾ ഈ ദൗത്യം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.