ഈ അടുത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കവി ശ്രീ.കൽപ്പറ്റ നാരായണൻ്റെ ഒരു കവിത വായിച്ചു.
ഏറെ ആകർഷിച്ച ഒരു കവിത.
കവിതയുടെ പേര് ....
"എങ്ങനെയൊക്കെ പറ്റിക്കാം"?
കവിത ഒരേ സമയം നമ്മെ ചിന്തിപ്പിക്കുകയും, രസിപ്പിക്കുകയും ചെയ്യുന്നു.പറ്റിക്കലിൻ്റെ നാനാ തലത്തിലുള്ള അർത്ഥങ്ങൾ, അദ്ദേഹം നമുക്ക് മുൻപിൽ വരച്ചു കാണിക്കുന്നു.കുട്ടികളെ പോലും വായിച്ചു രസിപ്പിക്കുന്ന ലളിത മനോഹരമായ ശൈലിയിലാണ് കവിത.
എങ്ങനെയൊക്കെ പറ്റിക്കാം?
നാലാം ക്ലാസ്സിലെ കുട്ടികളോട് സ്മിത ടീച്ചർ ചോദിച്ചു...
ഒരു നിമിഷം പോലും വൈകാതെ മുൻ ബെഞ്ചിലെ തെറിച്ച വിത്ത് വിളിച്ചു പറഞ്ഞു.
" തുപ്പൽ"...
ടീച്ചർ ഓർത്തു,ശരിയാണ്. എല്ലാവരിലുമുള്ള ജനകീയമായ പശ.തുപ്പൽ കൂട്ടി പുസ്തകം മറിച്ച് വായിക്കാം. ഇൻലണ്ടും,റവന്യൂ സ്റ്റാമ്പും നാവു നീട്ടാനാണ് പറയുക...
പറ്റിപ്പിൻ്റെ വിവിധ അർത്ഥങ്ങൾ...
അടുത്ത ആൾ..
ടീച്ചർ ചോദിച്ചു.
ഒരു സംശവുമില്ലാതെ രണ്ടാമൻ പറഞ്ഞു "പശ "..
മൂന്നാമൻ " സിമൻ്റ് "
ദീർഘകാലത്തേക്ക് പറ്റിക്കാൻ മറ്റൊന്നിനും പറ്റില്ല.
നാലാമൻ പറഞ്ഞത് " തീ " എന്നായിരുന്നു.
" തീയോ "..?
ടീച്ചർ ചോദിച്ചു.വഴിവക്കിലെ വെൽഡറെയും, വീടിനടുത്തുള്ള കൊല്ലനെയും ഓർത്താണ് അവൻ ഉത്തരം പറഞ്ഞത്.
അഞ്ചാമൻ :" നുണ "..
ടീച്ചർ ഓർത്തു..
സത്യം ആണ്.പറ്റിച്ചതിൻ്റെ പാട് പോലും ഉണ്ടാവില്ല.
ആറാമൻ ജോസഫ് ചോദ്യോത്തര പംക്തിയിൽ ഒന്നും താൽപ്പര്യമില്ലാത്ത പോലെ ആടി ഉലഞ്ഞു എണീറ്റു.
എന്നിട്ട് പറഞ്ഞു ."തിരഞ്ഞെടുപ്പ് ".
ക്ലാസ്സാകെ നിശ്ശ്ബ്ദമായി.
ഇല്ലാത്ത ഉറപ്പുണ്ടാക്കി മോഹനവാഗ്ദാനങ്ങൾ നൽകി തിരഞ്ഞെടുപ്പിന് ശേഷം ജനങ്ങളെ തിരിഞ്ഞു നോക്കാതെ വായിൽ തോന്നിയത് വിളിച്ചു പറയാനുള്ള ലൈസൻസ് മാത്രമായി അധികാരത്തെ കണ്ട് ,പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്ത് ,അന്ധൻമാരോട് വെളിച്ചത്തെ കുറിച്ച് പറഞ്ഞു കൊടുക്കുന്നത് പോലെ അടിമകളായ അണികളെയും പറ്റിച്ച് സ്വന്തം വികസനം മാത്രം ലക്ഷ്യമാക്കി കൊണ്ടുള്ള യാത്ര...
പറ്റിപ്പിൻ്റെ ശരിയായ അർത്ഥം...
സാങ്കൽപ്പികമെങ്കിലും വിവരവും,ബോധവുമുള്ള ജോസഫിനെ പോലുള്ള പുതിയ തലമുറയ്ക്ക് അഭിവാദ്യങ്ങൾ ..