2025 ന്റെ തുടക്കത്തില്‍ തന്നെ ഒരു സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാനുള്ള പുറപ്പാടിലാണ് 'എന്ന് സ്വന്തം പുണ്യാള'ന്റെ വരവ്. പുതുമുഖ സംവിധായകനായ മഹേഷ് മധു കോമഡിയും സസ്‌പെന്‍സും സമാസമം ചേര്‍ത്തൊരുക്കിയ ചിത്രമെന്ന് 'എന്ന് സ്വന്തം പുണ്യാള'നെ വിശേഷിപ്പിക്കാം. കഴിഞ്ഞ കുറേ നാളായി വയലന്‍സും പലവിധ ത്രില്ലര്‍ സിനിമകളും കൊണ്ട് നിറഞ്ഞാടിയ മലയാള സിനിമയുടെ സ്‌ക്രീനില്‍ പ്രേക്ഷകനെ കുടുകുടെ ചിരിപ്പിക്കാനെത്തുന്ന ചിത്രമാണ് 'എന്ന് സ്വന്തം പുണ്യാളന്‍'. 2025 ചിരിച്ചുകൊണ്ട് തുടങ്ങട്ടെ എന്നാകും സംവിധായകന്റെ മനസിലിരിപ്പ്.
അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗ്ഗീസ് തുടങ്ങിയവരുടെ കിടിലന്‍ പെര്‍ഫോമന്‍സ് കൊണ്ട് സമ്പന്നമായ ചിത്രമാണിത്. കോമഡിയും സസ്‌പെന്‍സും ട്വിസ്റ്റുകളും ചിത്രത്തില്‍ ആവോളമുണ്ട്. അഞ്ചാറു പെണ്‍മക്കള്‍ക്ക് ശേഷം ഏറെ പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും ശേഷം പിറന്നതാണ് തോമസ്. പക്ഷേ രക്ഷിതാക്കള്‍ തോമസിനോട് ഒരു പണി ചെയ്തു. ആറ്റുനോറ്റുണ്ടായ സന്തതിയെ സെമിനാരിയില്‍ അയച്ചേക്കാം എന്ന് അവര്‍ നേര്‍ന്നിരുന്നു. കൗമാര കാലത്ത് കുറേ പെണ്‍കുട്ടികളെ പ്രേമിക്കാന്‍ തോമസ് ശ്രമിച്ചെങ്കിലും അതൊന്നും പച്ച തൊട്ടില്ല. സെമിനാരിയിലേക്ക് നേര്‍ന്ന പയ്യനെ പെണ്‍കുട്ടികളാരും കടാക്ഷിച്ചില്ല. ഒടുവില്‍ മറ്റൊരു വഴിയും കാണാതെ തോമസ് സെമിനാരിയിലെത്തി. അവിടെ തികഞ്ഞ അച്ചടക്കത്തോടെ എല്ലാവര്‍ക്കും പ്രിയപ്പെട്ട കൊച്ചച്ചനായി തോമസ് കഴിഞ്ഞു വരികയായിരുന്നു.
ഒരു ദിവസം രാത്രി തികച്ചും അപ്രതീക്ഷിതമായി തോമസ് അച്ചന്റെ വാതിലില്‍ ആരോ മുട്ടി. കതകു തുറന്നു നോക്കുമ്പോള്‍ രണ്ട് കമിതാക്കള്‍. ഒളിച്ചോടിയെത്തിയതാണ്. പെണ്‍കുട്ടിയെ അച്ചന്റെ സംരക്ഷണത്തില്‍ വിട്ട് കാമുകന്‍ സുഹൃത്തിന്റെ സഹായം തേടിപ്പോയി. എന്നാല്‍ കാമുകന്‍ പിന്നീട് മീരയെന്ന പെണ്‍കുട്ടിയെ തിരക്കി വന്നില്ല. മറ്റാരും ആശ്രയമില്ലാത്ത മീരയെ ഇറക്കി വിടാനും അച്ചന് കഴിയുന്നില്ല. കൊച്ചച്ചന്റെ മുറിയില്‍ ഒരു പെണ്ണിനെ കണ്ടാലുള്ള അവസഥ ആലോചിച്ച് തോമസ് എരിപൊരി സഞ്ചാരം കൊളളുകയാണ്. നാട്ടുകാര്‍ എങ്ങാനും അറിഞ്ഞാലുള്ള അവസ്ഥ ആലോചിച്ച് സമാധാനമില്ലാതെ കഴിഞ്ഞു കൂടുന്നതിനിടെയാണ് ഇടിവെട്ടിയവന്റെ തലയില്‍ പാമ്പു കടിച്ചതു പോലെ മറ്റൊരു വയ്യാവേലി കൂടി അച്ചന് നേരിടേണ്ടി വരുന്നത്.
തോമസ് അച്ചനെ വീണ്ടും കെണിയിലാക്കാന്‍ പളളീല്‍ കള്ളന്‍ കയറുന്നു. പള്ളിയിലെ പൊന്‍കുരിശായിരുന്നു കള്ളന്റെ ലക്ഷ്യം. എന്നാല്‍ പള്ളിമേടയില്‍ യുവതിയെ കണ്ട കള്ളന്‍ പൊന്‍കുരിശു തന്നില്ലെങ്കില്‍ മുറിയില്‍ പെണ്ണിനെ ഒളിപ്പിച്ചു വച്ചിരിക്കുന്ന വിവരം നാട്ടില്‍ പാട്ടാക്കുമെന്ന് പറഞ്ഞ് അച്ചനെ ഭീഷണിപ്പെടുത്തുന്നു. കാമുകന്‍ വരാതെ തനിക്ക് പോകാന്‍ കഴിയില്ലെന്ന് മീര കടുത്ത നിലപാടെടുത്തതോടെ അച്ചന്‍ വെട്ടിലാകുന്നു. അച്ചനെ കാണാനെത്തുന്നവരും മുറി അടിച്ചു വാരാന്‍ എത്തുന്ന വേലക്കാരിയും എല്ലാവരും കാരണം അച്ചന്‍ ടെന്‍ഷന്റെ മുള്‍മുനയിലാണ്. ഈ പ്രസ്‌നം പരിഹരിക്കാന്‍ ഫാദര്‍ തോമസ് നടത്തുന്ന നെട്ടോട്ടവും അതേ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ഓരോ ചിത്രം കഴിയുമ്പോഴും അനശ്വരയെന്ന താരത്തിന്റെ പ്രകടനം കൂടുതല്‍ മിഴിവ് നേടുന്നുണ്ട്. അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും ഹിറ്റുകളോ സൂപ്പര്‍ഹിറ്റുകളോ ആകുന്ന ഭാഗ്യ നായിക കൂടിയായ അനശ്വരയ്ക്ക് ഇതും ഒരു സൂപ്പര്‍ ഹിറ്റ് സമ്മാനിച്ചേക്കും. നിഗുഢതകള്‍ ഒളിപ്പിച്ച കള്ളന്റെ വേഷം അര്‍ജ്ജുന്‍ അശോകന്‍ ഗംഭീരമാക്കി. ഫാദര്‍ തോമസ് ആയെത്തുന്ന ബാലു വര്‍ഗ്ഗീസ് കോമഡി കഥാപാത്രത്തെ ശരിക്കും ഉള്‍ക്കൊണ്ടു ചെയ്തിട്ടുണ്ട്. പ്രേക്ഷകനെ ചിരിപ്പിക്കുന്നതില്‍ നല്ലൊരു പങ്കും ബാലുവിന്റേതാണ്. വളരെ നാച്വറലായി തന്നെ ബാലു ഫാദര്‍ തോമസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ കൂടാതെ അല്‍ത്താഫ്, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, മീനാരാജ് പള്ളുരുത്തി, വിനീതി വിശ്വം, സിനോജ് വര്‍ഗ്ഗീസ്, സുര്‍ജിത്ത് എന്നിവരാണ് മറ്റു താരങ്ങള്‍.
സാംജി. എം ആന്റണിയുടെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. കോമഡിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു മികച്ച സസ്‌പെന്‍സ് ത്രില്ലര്‍ ആണ് ഈ ചിത്രം. ആദ്യന്തം സസ്‌പെന്‍സ് തന്നെ. ഇടയ്ക്ക് അപ്രതീക്ഷിതമായെത്തുന്ന ട്വിസ്റ്റുകള്‍. പുട്ടിന് പീര പോലെ കൃത്യമായ ഇടവേളകളില്‍ ചിരിയോ ചിരി. ഒപ്പം സാം സി.എസിന്റെ സംഗീതവും. പടം കണ്ടു കഴിയുമ്പോള്‍ പ്രേക്ഷകനും പറയും ഇതു നമ്മുടെ സ്വന്തം പുണ്യാളന്‍ എന്ന്.