ജോഫിന് ചാക്കോ. മലയാള സിനിമാ സംവിധായകരുടെ മേഖലയില്‍ തീര്‍ത്തും അപരിചിതമായ പേര്. എന്നാല്‍ മലയാള സിനിമയില്‍ ഇതു വരെ പരീക്ഷിക്കാത്ത 'ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി' എന്ന തട്ടകത്തില്‍ നിന്നു കൊണ്ട് 'രേഖാചിത്രം' എന്ന സൂപ്പര്‍ സിനിമയൊരുക്കി തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആക്കാന്‍ കഴിഞ്ഞിരിക്കുകയാണ് ഈ യുവസംവിധായകന്‍. വേറിട്ട പരീക്ഷണം, ട്രീറ്റ്‌മെന്റ് എന്നൊക്കെ പറഞ്ഞാല്‍ വെറു ക്‌ളീഷേ ആയിപ്പോകും. അത്രമാത്രം പുതുമയോടെ വേറിട്ട അവതരണശൈലിയുടെ പ്രയോഗത്തില്‍ തന്നെ മലയാളത്തില്‍ ആദ്യമായിട്ടെന്നു വിശേഷിപ്പിക്കാന്‍ കഴിയും വിധം കൃത്യമായി ചെത്തിമിനുക്കി ഒട്ടും ദുര്‍മേദസില്ലാതെ ഒരുക്കിയ സിനിമ. പ്രേക്ഷകര്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിനുമപ്പുറം നിഗൂഢതകളുടെ മഞ്ഞുപാളികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്ന സത്യവും അതിന്റെ അന്വേഷണവും. സ്‌ക്രീനില്‍ നിന്നു കണ്ണെടുക്കാന്‍ കഴിയാത്ത വിധം പ്രേക്ഷകനെ കസേരയില്‍ തളച്ചിടുകയാണ് സംവിധായകന്‍.
ഡ്യൂട്ടിക്കിടയില്‍ ഓണ്‍ലൈന്‍ റമ്മി കളിച്ച് സസ്‌പെന്‍ഷനിലായ പോലീസുകാരനാണ് വിവേക്. തുടര്‍ന്ന് അയാളെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നു. എന്നാല്‍ വിവേക് സ്റ്റേഷനില്‍ ചാര്‌ജ്ജെടുത്ത ദിവസം അവിടെ വനത്തില്‍ രാജേന്ദ്രന്‍ എന്നൊരാള്‍ ആത്മഹത്യ ചെയ്യുന്നു. കേരളത്തെ ഞെട്ടിക്കുന്ന ഒരു കൊലപാതക വിവരം വ്യക്തമാക്കിക്കൊണ്ടാണ് അയാള്‍ ആത്മഹത്യ ചെയ്യുന്നത്. രാജേന്ദ്രന്റെ വെളിപ്പെടുത്തല്‍ പ്രകാരം കൊല നടന്നത് 1985ലാണ്. ആരാണ് കൊല്ലപ്പെട്ടത്? കൊലയ്ക്ക് പിന്നിലുണ്ടായിരുന്ന ലക്ഷ്യം? നിരവധി ചോദ്യങ്ങളാണ് വിവേക് എന്ന പോലീസുകാരന്റെ മുന്നിലെത്തുന്നത്. മുന്‍പ് കാര്യമായ പ്രവര്‍ത്തനമികവൊന്നുമില്ലാത്ത, സസ്‌പെന്‍ഷനില്‍ പെട്ട് നില്‍ക്കുന്ന വിവേകിനെ സംബന്ധിച്ച് തന്റെ സല്‍പ്പേര് വീണ്ടെടുക്കാന്‍ അയാള്‍ക്ക് ലഭിക്കുന്ന ഒരു കച്ചിത്തുരുമ്പാണ് രാജേന്ദ്രന്റെ ആത്മഹത്യയും ഒരു കൊലപാതകം സംബന്ധിച്ച് അയാള്‍ നടത്തിയ വെളിപ്പെടുത്തലും. അയാള്‍ അതില്‍ മുറുകെ പിടിച്ച് മുന്നോട്ടു പോകുന്നു.
ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുകളില്‍ നാം ഇതു വരെ കണ്ടു പരിശീലിച്ച അന്വേഷണ രീതിയെ പാടേ മാറ്റി വച്ചുകൊണ്ടാണ് പിന്നീട് കഥ മുന്നോട്ടു പോകുന്നത്. ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന നവീന ശൈലി ഉപയോഗിച്ചു കൊണ്ടുള്ള കുറ്റാന്വേഷണം. രാജേന്ദ്രന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദുരൂഹതകള്‍ നിറഞ്ഞ ഒര ശവക്കുഴിയിലേക്ക് വീണ വിവേക് അവിടുന്നങ്ങോട്ട് സത്യം കണ്ടെത്താനുള്ള യാത്രയിലാണ്. അജ്ഞാതമായ ആ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ അയാള്‍ എത്തിച്ചേരുന്നത്, അവിശ്വസനീയവും അപ്രിയവുമായ ചില ക്രൂര സത്യങ്ങളിലേക്കാണ്.ചതിയും വഞ്ചനയും നെറികേടും ചൂഴ്ന്നു നില്‍ക്കുന്ന ചില സത്യങ്ങള്‍.
എണ്‍പതുകളില്‍ ഏറെ ഹിറ്റായ ഒരു മലയാള സിനിമയും അതിന്റെ ലൊക്കേഷനുമാണ് ചിത്രത്തിലെ കുറ്റാന്വേഷണത്തിന്റെ പ്രധാന പശ്ചാത്തലം. നാലു പതിറ്റാണ്ടുകള്‍ മുമ്പു നടന്ന ഒരു കൊലപാതകത്തിന്റെ പിന്നിലെ ചുരുള്‍ അഴിക്കാനുള്ള യാത്ര. അതാണ് തിരക്കഥയെ വ്യത്യസ്തമാക്കുന്നത്. ഇതിനായി അന്നത്തെ ഷൂട്ടിങ്ങ് ലൊക്കേഷന്‍, നാലു പതിറ്റാണ്ടു മുമ്പത്തെ കാലത്തിന്റെ അടയാളങ്ങള്‍, ആളുകള്‍, അവരുടെ വേഷം, ,ഷൂട്ടിങ്ങ് സെറ്റ് ഇതെല്ലാം പുനസൃഷ്ടിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചു. സിനിമയുടെ സ്വാഭാവികതയ്ക്കും ഒറിജിനാലിറ്റിക്കും വേണ്ടി അന്ന് ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ വരെ ജോഫിന്‍ ഈ സിനിമയുടെ ഭാഗമാക്കി. വര്‍ത്തമാനകാലത്തെയും ഭൂതകാലത്തെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ടാണ് കഥ പറയുന്നത്. നാല്‍പ്പതു വര്‍ഷം മുമ്പുള്ള കഥാപാത്രത്തിന്റെ ഇന്നത്തെ ശബ്ദത്തില്‍ ഉണ്ടാകുന്ന വ്യതിയാനം പോലും സസൂക്ഷ്മം ശ്രദ്ധിച്ചാണ് ഓരോ സീനും ഒരുക്കിയിട്ടുള്ളത്.
വളരെ പതുക്കെ, കാതടപ്പിക്കുന്ന ബി.ജി.എമ്മിന്റെ അകടമ്പടിയില്ലാതെ, ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളില്ലാതെ, ഇന്റര്‍വെല്‍ പഞ്ചോ, സസ്‌പെന്‍സോ, ട്വിസ്റ്റോ ഒന്നുമില്ലാതെയാണ് കുറ്റാന്വേഷണം മുന്നോട്ടു പോകുന്നത്. രാമു സുനിലും ജോണ്‍ മന്ത്രിക്കലും ചേര്‍ന്നെഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. അതിന്റെ ശക്തമായ ചട്ടക്കൂടിലാണ് സിനിമ പണിതുയര്‍ത്തിയിരിക്കുന്നത്. ഏറെ ഗവേഷണവും പഠനവും നടത്തി തന്നെ തയ്യാറാക്കിയ തിരക്കഥയുടെ ഗുണം ഓരോ സീനിലും ലഭിച്ചിട്ടുണ്ട്. നാല്‍പ്പതു വര്‍ഷം മുമ്പ് റിലീസായ ഒരു സിനിമയുടെ ഒരു ചെറിയ അംശമെടുത്ത് അതിനെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിച്ച് മെല്ലെ മെല്ലെ വികസിപ്പിച്ചു കൊണ്ടു വരുന്ന പ്രമേയഭംഗി എടുത്തു പറയേണ്ടതാണ്. ഓരോ സീനിലും പതഞ്ഞുയരുന്ന ആവേശവും അതോപ്പം ചുരുളഴിയാന്‍ മടിക്കുന്ന നിഗുഢതയും ഉദ്വേഗവും എല്ലാം ചേര്‍ന്ന് പ്രേക്ഷകന് ഊഹിക്കാന്‍ കഴിയാത്ത രീതിയില്‍ കഥാന്ത്യമൊരുക്കാന്‍ സംവിധായകനും ടീമിനും കഴിഞ്ഞു.
അത്യധികം സങ്കീര്‍ണ്ണമായ തിരക്കഥ നന്നായി ഗൃഹപാഠം ചെയ്തു കൊണ്ട് വിജയത്തിലെത്തിക്കാന്‍ സംവിധായകന്‍ ജോഫിന് കഴിഞ്ഞു. തന്റെ ആദ്യ ചിത്രമായ പ്രീസ്റ്റില്‍ നായകനായ മമ്മൂട്ടിയെ ഈ ചിത്രത്തില്‍വളരെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ ജോഫിന് കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ ടോട്ടാലിറ്റിക്ക് ഏറെ ഗുണം ചെയ്ത പ്രസന്‍സാണ് മെഗാസ്റ്റാറിന്റേത്. അത് ഗംഭീരമായൊരു ക്‌ളൈമാക്‌സിലേക്ക് നയിക്കുന്നു.
2024-ലെ കിഷ്‌ക്കിന്ധാകാണ്ഡത്തിനു ശേഷം 2025-ന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കുകയാണ് ആസിഫ് അലി. ഓരോ ചിത്രം കഴിയുമ്പോഴും നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനത്തിന് കൈവരുന്ന ഇരുത്തവും പക്വതയും എടുത്തു പറയേണ്ടതാണ്. പ്രകടന മികവു കൊണ്ട് ഞെട്ടിച്ച മറ്റൊരു താരം അനശ്വര രാജനാണ്. വിജയചിത്രങ്ങളിലെ നായിക എന്ന വിശേഷണം അനശ്വരയ്ക്ക് ഇണങ്ങും വിധം ഈ ചിത്രവും സൂപ്പര്‍ഹിറ്റു തന്നെ സമ്മാനിക്കുന്നു. വളരെ നിഷ്‌ക്കളങ്കയും എന്നാല്‍ ഏറെ ദുരൂഹതകള്‍ ഒളിപ്പിക്കുകയും ചെയ്യുന്ന കഥാപാത്രമായി അനസ്വര കസറിയിട്ടുണ്ട്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, മനോജ് കെ.ജയന്‍, സായി കുമാര്‍, ശ്രീകാന്ത് മുരളി, ഭാമ അരുണ്‍, സുധി കോപ്പ, മേഘ തോമസ്, ടി.ജി രവി, ശ്രീജിത്ത് രവ്, ഷഹീന്‍ സിദ്ദിഖ്, പഴയകാല നടി സലീമ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി.
ക്രൈം ത്രില്ലര്‍ഗണത്തില്‍ പെടുത്താവുന്നതും അസാധാരണ മേക്കിങ്ങ് കൊണ്ട് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം ഒരിക്കലും മിസ്സ് ചെയ്യരുത്. തിയേറ്ററില്‍ തന്നെ കാണണം.