വടുതല ഡോൺ ബോസ്കോ സ്കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. സ്പോട്സ് ജേണലിസ്റ്റും പ്രശസ്ത എഴുത്തുകാരനുമായ സനിൽ. പി. തോമസ് അവാർഡ് ദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോൺ ബോസ്കോ റെക്ടർ ആൻറ് മാനേജർ ഫാ. ഷിബു ഡേവിസ്, പ്രിൻസിപ്പാൾ റവ.ഫാ .കുര്യാക്കോസ് ശാസ്താംകാല, അഡ്മിനിസ്ട്രേറ്റർ ഫാ.സനൽ കൊടപ്പനംകുന്നേൽ ,LP ഇൻചാർജ് ഫാ.മാനുവൽ ഗിൽട്ടൻ , പി.ടി.എ പ്രസിഡൻ്റ് പ്രവീൺ ജോളി , അധ്യാപകരായ ശ്യാംനാഥ് , മേരി സിമി ഫൊൺസേക്ക എന്നിവർ പങ്കെടുത്തു.സ്കൂൾ മാനേജ്മെൻ്റ്, അധ്യാപകർ, മാതാപിതാക്കൾ , വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ് തിളക്കമാർന്ന നേട്ടം സ്കൂളിന് സമ്മാനിച്ചത്. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
സ്പോർട്സിലും കലയിലും പഠനത്തിലും മികവു കാട്ടിയ കുട്ടികൾക്ക് ഒരേ വേദിയിൽ മെമൻ്റോ സമ്മാനിച്ചു. വാർഷിക ദിനത്തിൻ്റെ ഭാഗമായി നടത്തിയിരുന്ന ചടങ്ങ് ആദ്യമായാണ് പ്രത്യേക പരിപാടിയാക്കിയതെന്ന് റെക്ടറും മാനേജരുമായ ഫാ. ഷിബു ഡേവിസ് പറഞ്ഞു. കുട്ടികൾക്കൊപ്പം മാതാപിതാക്കളെയും സ്റ്റേജിൽ അണിനിരത്തിയത് നല്ല മാതൃകയായി തോന്നി. 2016ൽ തുടങ്ങിയ ഡോൺ ബോസ്കോ ഫുട്ബോൾ അക്കാദമി ഇതിനകം ദേശീയ ശ്രദ്ധ നേടി.2023 ൽ പ്രീ സുബ്രതോ ട്രോഫി ദേശീയ ഇൻ്റർ സ്കൂൾ ടൂർണമെൻറ് ഡോൺ ബോസ്കോ വിജയിച്ചു.ഐ.എസ്.എ ലിലും അണ്ടർ 20 ഇന്ത്യൻ ടീമിലുമൊക്കെ ഇവിടെ വളർന്ന കുട്ടികൾ സ്ഥാനം നേടി. നീന്തലിൽ ഒട്ടേറെ താരങ്ങൾ വളർന്നുവരുന്നു. ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ബാഡ്മിൻറൻ കോർട്ടുകൾക്കു പുറമെ നല്ലൊരു അക്വാറ്റിക്സ് കോംപ്ളെക്സുമുണ്ട്. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനത്തിന് സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഫാ.എസ്.കുര്യാക്കോസ് പറഞ്ഞു. ഏതു സ്കൂളിനും മാതൃകയാക്കാവുന്ന പദ്ധതി.
SGFl , CISCE ദേശീയ സ്കൂളിൻ്റെ കീഴിൽ നടന്ന ഫുട്ബോൾ ,ബാസ്ക്കറ്റ് ബോൾ ,റോളർ സ്കേറ്റിംഗ് , ചെസ്സ്, കരാട്ടെ ,ബാഡ്മിൻ്റൺ തുടങ്ങി കായിക മത്സരങ്ങളിലും കലാരംഗത്തും മികച്ച പ്രകടനമാണ് ഡോൺബോസ്കോ വിദ്യാർത്ഥികൾ കാഴ്ച്ചവച്ചത്. കായികപരിശീലകരുടെനിരന്തരമായ പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പ്രയത്നവും വിജയത്തിൻ്റെ മാറ്റു കൂട്ടുന്നു .
പാഠ്യേതര രംഗത്തുമാത്രമല്ല പഠനരംഗത്തും വിദ്യാർത്ഥികൾ ഏറെ മുന്നിലാണ്. ഓരോ അധ്യയനവർഷത്തിലും വലിയ വിജയമാണ് വടുതല ഡോൺബോസ്കോ കരസ്ഥമാക്കുന്നത്. 10, 12 ക്ലാസുകളിലെ സമ്പൂർണ്ണ ജയം ഡോൺ ബോസ്കോയുടെ അക്കാദമിക് മികവ് ചൂണ്ടിക്കാട്ടുന്നു.