Image

കാട്ടുതീ (കവിത:അബ്ദുൾ പുന്നയൂർക്കുളം)

Published on 16 January, 2025
കാട്ടുതീ (കവിത:അബ്ദുൾ പുന്നയൂർക്കുളം)

കാടെരിയുന്നു
കരളെരിയുന്നു

കാട്ടുതീ പടർത്തും കാററ്
കത്തിയെരിയുന്ന സൂര്യൻ 
ആകാശത്തെ കരിമ്പടം പുതപ്പിക്കുന്ന ധൂമപടലങ്ങൾ 
അകലെ എവിടെയോ ചെന്നായ്ക്കൾ ഓരിയിടുന്നു... 
കാനനാഗ്നിയിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട പാമ്പ് 
കാനനാഗ്നിയിലകപ്പെട്ട പൊന്നോമനകളെ 
രക്ഷിപ്പാനായി പാ‌രെ തേടുന്നു... 
കണ്ണുനീർമുത്തുക്കൾ പൊഴിച്ചു, തൊഴുതു നില്ക്കും 
നാഗത്തെ കണ്ടമാത്രയിൽ വിരണ്ടോടുന്ന പഥികർ 
നിശയുടെ നിശ്ശബ്ദതയിൽ നിരാശയോടെ 
ചുരുണ്ടു കിടക്കുമ്പോൾ, ദാവാഗ്‌നിയിലകപ്പെട്ട 
അരുമകളുടെ മോചനത്തിനായി... 
വനവഹ്നി കെട്ടടങ്ങിയെങ്കിൽ, 
മഴയൊന്ന് പെയ്തെങ്കിൽ, 
മാലാഖമാർ ഒന്നിറങ്ങിവന്നു, 
പ്രിയരെ പുൽകിയെങ്കിൽ..

.
ഒരു വിളിപ്പാടകലെ വിഹ്വലരായിഴയും 
വാത്സല്യഭാജനങ്ങൾക്കാശ്വാസമായി 
ഗാനകോകിലമൊന്നു പാടിയെങ്കിൽ 
കാടെരിയുന്നു... കരളെരിയുന്നു..

.
Ps: ഈ കവിത ലോസ് ഏഞ്ചലസിലെ ഭയാനകമായ കാട്ടുതീയെ ഓമ്മിപ്പിക്കുന്നു

Join WhatsApp News
Sudhir Panikkaveetil 2025-01-16 19:23:21
ഈ കവിതയിൽ ഖാണ്ഡവദഹനത്തിന്റെ സൂചനയുണ്ട്. മഹാഭാരതത്തിലെ ആദി പർവത്തിൽ പറയുന്ന കഥ (?) ഭഗവാൻ കൃഷ്ണനും അർജുനനും യമുനയുടെ തീരത്ത് ഒരു വേനൽകാലത്ത് ഒരു മനോഹര പ്രദേശത്തു എത്തുന്നു. അതിനടുത്താണ് ഖാണ്ഡവ വനം. അപ്പോൾ അഗ്നി അവരെ സമീപിച്ച് പറയുന്നു മഹർഷിമാർ നിരന്തരം നടത്തുന്ന യാഗങ്ങളിൽ അഗ്നിയിൽ ഒഴിക്കുന്ന നെയ്യ് കഴിച്ച് എന്റെ വയറു വേദനിക്കുന്നു. അതുകൊണ്ട് ഈ വനം ദഹിപ്പിക്കാൻ എന്നെ സഹായിക്കണം. എങ്കിലേ എന്റെ ഉദരവേദന ശമിക്കു. പക്ഷെ ഇന്ദ്രൻ സമ്മതിക്കില്ല അതുകൊണ്ട് നിങ്ങൾ സഹായിക്കണം. അവർ രണ്ടു പേരും സമ്മതിച്ചു. ഒഴിയാത്ത ആവനാഴിയുള്ള ഗാണ്ടീവം അർജുനനും സുദർശന ചക്രം ശ്രീ കൃഷ്ണനും നന്ദിസൂചകമായി അഗ്നി നൽകി.പിന്നെ വനം ഭസ്മമാക്കി.അതേപോലെ മനോഹരമായ ഹോളിവുഡും ചുറ്റുപാടുംകണ്ടു അഗ്നിക്ക് വീണ്ടും വയര് വേദന വന്നോ?എന്തായാലും കവി വിലപിക്കുന്നു.ഒരു മഴ പെയ്തെങ്കിൽ പക്ഷെ മഴ പെയ്യിക്കുന്ന ഇന്ദ്രനെ ആരോ തടയുന്നു. ഭൂമിയിൽ അനർത്ഥങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ അധർമ്മ ചിന്തകൾ കാരണം എന്ന് മതവിശ്വാസികൾ. കവി ആശിക്കുന്നപോലെ തീ കെട്ടുപോയി വീണ്ടും മരങ്ങൾ തളിർത്ത് അവിടെ കോകിലങ്ങൾ പാടാൻ എത്തട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക