ചൈനീസ് ഉടമയിലുളള ടിക്ടോക്കിന്റെ ഭാവി അടുത്ത പ്രസിഡന്റ് തീരുമാനിക്കട്ടെ എന്നു പ്രസിഡന്റ് ജോ ബൈഡൻ. അധികാരം ഒഴിയും മുൻപ് ടിക്ടോക്കിനെ ചൈനീസ് ഉടമസ്ഥതയിൽ നിന്നു വേർപെടുത്താനുള്ള ശ്രമം ബൈഡൻ ഉപേക്ഷിച്ചുവെന്നു യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ടിക്ടോക്ക് ആപ്പിന്റെ ഉടമാവകാശം യുഎസ് കമ്പനിക്കു കൈമാറണം എന്നു ബൈഡൻ നിഷ്കര്ഷിച്ചത് അതിന്റെ ഉടമകളായ ബൈറ്റ്ഡാൻസിനു ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുണ്ട് എന്നതിനാലാണ്.
കോൺഗ്രസിന്റെ ഇരു സഭകളും അംഗീകരിച്ച നിയമം അനുസരിച്ചു ജനുവരി 19നു മുൻപ് ബൈറ്റ്ഡാൻസ് ഓഹരികൾ യുഎസ് കമ്പനിക്കു കൈമാറണം. അല്ലെങ്കിൽ നിരോധനം ഉണ്ടാവും.
യുഎസിൽ 170 മില്യൺ ആളുകൾ ഉപയോഗിക്കുന്ന ടിക്ടോക്ക് ഞായറാഴ്ച്ച അടച്ചു പൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഡൊണാൾഡ് ട്രംപിന്റെ കാഴ്ചപ്പാട് ടിക് ടോക്ക് വഴി അദ്ദേഹത്തിനു ഏറെ പിന്തുണ ലഭിച്ചെന്നാണ്. അതു കൊണ്ട് കുറേക്കാലം കൂടി അവർ തുടരട്ടെ എന്നദ്ദേഹം പറഞ്ഞിരുന്നു. 90 ദിവസത്തേക്ക് കാലാവധി നീട്ടിക്കൊടുക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
ട്രംപിന്റെ വലംകൈയ്യായ എലോൺ മസ്‌ക് ആവട്ടെ, ടിക് ടോക്ക് വാങ്ങുന്ന കാര്യം പരിഗണിക്കുന്നു.
ടിക് ടോക്കിനെ നിലനിർത്താൻ വഴികൾ അന്വേഷിക്കുന്നുവെന്നു ട്രംപിന്റെ നാഷനൽ സെക്യൂരിറ്റി അഡ്വൈസറായി വരുന്ന മൈക്ക് വാൾസ് വ്യാഴാഴ്ച്ച പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ആണ് ടിക് ടോക്ക് ഉയർത്തിപ്പിടിക്കുന്നതെങ്കിൽ നിരവധി യുഎസ് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു ലഭിക്കുന്നുണ്ടെന്ന് വിമർശകർ വാദിക്കുന്നു. സുപ്രീം കോടതി ഇക്കാര്യത്തിൽ വെള്ളിയാഴ്ച്ച വിധി പറയും എന്നാണ് കരുതപ്പെടുന്നത്. ട്രംപ് അധികാരം ഏൽക്കുന്നത് വരെ വിധി മാറ്റി വയ്ക്കണമെന്ന് അദ്ദേഹത്തിന്റെ സോളിസിറ്റർ ജനറലായി വരുന്ന ജോൺ സോയർ കോടതിയോട് അഭ്യർഥിച്ചു.
ട്രംപിനെ കഴിഞ്ഞ മാസം ഫ്ലോറിഡ മാർ-എ-ലാഗോ വസതിയിൽ ചെന്നു കണ്ട ടിക് ടോക്ക് സി ഇ ഓ: ഷൂ സി ച്യു തിങ്കളാഴ്ച്ച സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. എലോൺ മസ്‌ക്, സക്കർബർഗ്, ടിം കുക്ക്, ജെഫ് ബെസോസ് തുടങ്ങിയ സാങ്കേതിക രംഗത്തെ പ്രമുഖന്മാർക്കൊപ്പം അദ്ദേഹം വേദി പങ്കിടും.
Biden passes TikTok to Trump