Image

ഇന്ന്.. നന്ദിതയുടെ ഓർമദിനം : ലാലു കോനാടിൽ

Published on 17 January, 2025
ഇന്ന്.. നന്ദിതയുടെ ഓർമദിനം : ലാലു കോനാടിൽ

" കാറ്റ്‌ ആഞ്ഞടിക്കുന്നു...
കെട്ടുപോയ എന്നിലെ
കൈത്തിരിനാളം ഉണരുന്നു...
ഞാന്‍ ആളിപ്പടരുന്നു...
മുടികരിഞ്ഞ മണം
അസ്ഥിയുടെ പൊട്ടലുകള്‍,
ചീറ്റലുകള്‍, ഉരുകുന്ന
മാംസം,
ചിരിക്കുന്ന തലയോട്ടി 
ഞാന്‍ ചിരിക്കുന്നു 
സ്വന്തം വന്ധ്യത
മൂടിവയ്‌ക്കാന്‍ ശ്രമിക്കുന്ന
ഭൂമിയെ നോക്കി ഞാന്‍
ചിരിക്കുന്നൂ..
ഭ്രാന്തമായി...."

എത്രയെത്ര കവിതകൾ എഴുതി കഴിഞ്ഞിട്ടാകാം അതിലൊന്ന് ഒടുവിൽ
ഒരു കവി അവന്റേതായി വായനക്കാർക്ക് വിട്ടു നൽകാൻ ഉറപ്പിക്കുന്നത്..! മറ്റൊരാൾ വായിക്കുമ്പോൾ അവന്റെ ദുഃഖങ്ങൾ അത്രമാത്രം അക്ഷരങ്ങളായി വായനക്കാരൻ പകുത്തെടുക്കുന്നു... അതിനാൽ തന്നെ കവിയുടെ ദുഃഖം ലഘൂകരിക്കപ്പെടുന്നു.. പക്ഷെ സ്വയം ഒരു മറയ്ക്കുള്ളിലിരുന്നു എഴുതി വച്ച അക്ഷരങ്ങളെ അവനവന്റേതു മാത്രമാക്കി മാറ്റി വയ്ക്കുമ്പോൾ നന്ദിതയ്ക്ക് സ്വന്തം ദുഃഖം സ്വയം അനുഭവിച്ചു തീർക്കണമെന്ന് വാശിയുണ്ടായിരുന്നോ..? നന്ദിതയുടെ ഒപ്പം നടന്നവർ.. അവരെ കുറച്ചെങ്കിലും അറിയുന്നവർ പറയുന്നത് പോലെ പുറമേയ്ക്ക് എത്ര മനോഹരിയായ 
നന്നായി സംസാരിക്കുന്ന
നല്ല ക്ലാസ്സുകൾ എടുക്കുന്ന ഒരു അസാധാരണത്വം തുളുമ്പുന്ന സ്ത്രീയായിരുന്നു അവർ....!

പ്രണയത്തിന്റെ ചിന്തേരിട്ട വരികളിൽ എന്നോ നഷ്ടമായ തൂലിക തുമ്പിലെ അഗ്നി തന്നെയാണ് നോവിന്റെ കാരണമെന്നും കണ്ടെടുക്കപ്പെടാം...
ജീവൻ നഷ്ടമായി കഴിഞ്ഞു വായനക്കാർക്കും ശേഷിക്കുന്ന മനുഷ്യർക്കും എന്ത് നിഗമനങ്ങളിൽ വേണമെങ്കിലും എത്താമല്ലോ... പക്ഷെ നന്ദിതയുടെ മരണം ഇപ്പോഴും നിഗൂഢതകൾ അവശേഷിപ്പിക്കുന്നു.. കാരണം അജ്ഞാതമായി തന്നെ തുടരുന്നു... ആത്മഹത്യ ചെയ്ത എഴുത്തുകാരിയുടെ പിന്നാലെ കാരണങ്ങൾ തിരഞ്ഞു അല്ലെങ്കിലും പോയാൽ കൃത്യമായ
ഉത്തരം ലഭിക്കില്ല...
കാരണം മരണം നേരത്തെ തന്നെ തലച്ചോറിൽ രേഖപ്പെടുത്തി വച്ചതാണ്.. കാരണം മാത്രമേ അവ്യക്തമായി തുടരുന്നുള്ളു, അതൊരു പ്രധാനമല്ലാത്ത വിഷയമാണ് താനും...
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക