ചെന്നൈ: തമിഴ്‌നാട്ടിൽ പൊങ്കൽ ദിനത്തിൽ നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. കാണികളിൽപ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്. പുതുക്കോട്ടയിൽ പരിപാടിക്കിടെ ഒരു കാളയും ശിവഗംഗയിലെ സിറവയൽ മഞ്ഞുവിരട്ടിൽ മറ്റൊരു കാളയും ചത്തതായി പൊലീസ് പറഞ്ഞു.
സിറവയലിലെ ‘മഞ്ഞുവിരട്ടിൽ’ പങ്കെടുക്കാൻ കാളയെ കൊണ്ടുവന്ന ആവന്ധിപ്പട്ടി ഗ്രാമത്തിലെ തനീഷ് രാജ എന്ന ആളും മരണപ്പെട്ടു. കിണറ്റിൽ വീണ കാളയെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ രാജയും കാളയും മുങ്ങിമരിക്കുകയായിരന്നു. 150 ചൂണ്ടക്കാരും 250 കാളകളും പങ്കെടുത്ത മഞ്ഞുവിരട്ടിൽ 130ഓളം പേർക്ക് പരിക്കേറ്റു.
മധുരയിലെ അളങ്കനല്ലൂരിൽ വാടിപ്പട്ടിക്ക് സമീപമുള്ള മേട്ടുപ്പട്ടി ഗ്രാമത്തിലെ പെരിയസാമി(55) എന്ന കാഴ്ചക്കാരന്റെ കഴുത്തിൽ കാള ഇടിക്കുകയും 70 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ വെച്ചാണ് പെരിയസാമി മരിച്ചത്. തിരുച്ചിറപ്പള്ളി, കരൂർ, പുതുക്കോട്ട ജില്ലകളിൽ നടന്ന നാല് വ്യത്യസ്ത ജെല്ലിക്കെട്ട് മത്സരങ്ങളിൽ രണ്ട് കാണികൾ കൊല്ലപ്പെടുകയും കാള ഉടമകൾ ഉൾപ്പെടെ 148 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുതുക്കോട്ട ജില്ലയിലെ മഹാദേവപട്ടിയിൽ 607 കാളകളും 300 മെരുക്കൻമാരും പങ്കെടുത്തു.