കോലാഹലത്തോടെ ലോകം ചരിക്കുമ്പോൾ
ആരാനിരിക്കുന്നു മൗനം.
വായിക്കയാണയാളാർത്തിയോടെപ്പൊഴും
സമയമില്ലാത്തപോലെ,
വിജ്ഞാനസിന്ധു കുടിച്ചുവറ്റിക്കുവാൻ
പോരുന്ന ദാഹമോടെ--
കടലാകെയും തൻ കമണ്ഡലുവിലാക്കിയ
ദ്രാവിഡ മാമുനിപോലെ. *
നീളുകയായ് യജ്ഞമതിതീവ്വ്രം, സുഖം,
ദുഃഖമേതുമേശാതെ.
ദൈവകൃപയെ ചെറുക്കുമറിവിന്റെ
കഠിനതപം താമസം!
ഒന്നേ ജീവിത,മതുമിവിടെമാത്ര-
മെന്നറിയുന്നൊവോ വിരാഗി!
സർവ്വം ന്യസിച്ചു വിജനസ്ഥലികളിൽ
തപസിരുന്ന ഋഷികൾ
വാക്കിനാൽ വർണ്ണിച്ചയജ്ഞേയമിന്നായി
പരശതമീശ്വരന്മാർ.
പോരിലൊരു ഗോത്രം ജയിക്കേ
ജയിക്കും മൂർത്തിക്കു യാഗവും വാഴ്വും!
“താണുവണങ്ങി സ്തുതിപാടുക, വാളി-
ന്നിരയാകതെയിരിപ്പാൻ,
പൊരുതാൻ ത്രാണി പോരെങ്കിലൊതുങ്ങുക,
മരിപ്പാൻ ധൈര്യമില്ലാതെ.”
സർവ്വദോഷങ്ങളും മാറി ശാന്തി വാഴുന്ന
കാലമെന്നു വരുമോ?
എങ്ങു നിസാർത്ഥമാം സ്നേഹം, സഹിഷ്ണുത?
നേതി, നേതിയെന്നുത്തരം.
ഉത്തരമോക്കെയും കേട്ടതിൻശേഷവും
ആദ്യത്തെ ചോദ്യമേ ബാക്കി.
എന്താണു മോക്ഷം? എന്തിനു നന്മ, വിജയം,
പുരുഷാർത്ഥങ്ങ,ളാശ്രമങ്ങൾ?
ഒരു ജന്മമോർമ്മയാകും, മെല്ലെ മറയും,
മറ്റു ജന്മങ്ങളിങ്ങാകും.
ഒരു വീർപ്പിലവസാനശ്വാസമലിയാം,
ആശകൾ ബാക്കിനില്ക്കാം;
അവയപ്പുറത്താനന്ദമാകിൽ,
സാർത്ഥകമേ ഭൗമദുഃഖം.
അല്ലെങ്കിലാ വിശ്വാസം വ്യർത്ഥമാം;
എങ്കിലോ നാസ്തിയിൽ സ്വസ്തി■