തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ വധശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധി പ്രതി ഗ്രീഷ്മ നിര്‍വികാരയായിട്ടാണ് കേട്ടത്. വിധി പ്രസ്താവിച്ചുകൊണ്ടുള്ള, നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജിയുടെ നിരീക്ഷണങ്ങളെല്ലാം തലകുനിച്ച് നിര്‍വികാരതയോടെ ഗ്രീഷ്മ കേട്ടുനില്‍ക്കുകയായിരുന്നു. കേസില്‍ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ച മൂന്നാം പ്രതി നിര്‍മലകുമാരന്‍ നായരും നിര്‍വികാരതയോടെയാണ് വിധി കേട്ടത്.
വിധി പ്രസ്താവത്തിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളെ കോടതി അടുത്തേക്ക് വിളിപ്പിച്ചിരുന്നു. കോടതി വിധി പ്രസ്താവിച്ചതോടെ, തൊഴുകൈകളോടെ ഷാരോണിന്റെ മാതാപിതാക്കള്‍ പൊട്ടിക്കരഞ്ഞു. ജപമാലയോടെ പ്രാര്‍ത്ഥനയോടെയാണ് ഷാരോണിന്റെ അമ്മ കോടതിയില്‍ ഇരുന്നത്. പൊന്നുമോന് നീതി കിട്ടിയെന്ന് ഷാരോണിന്റെ അമ്മ പ്രിയ പ്രതികരിച്ചു. നീതിപീഠത്തിനും പൊലീസിനും നന്ദി പറയുന്നതായി ഷാരോണിന്റെ സഹോദരൻ പറഞ്ഞു. തൂക്കുകയര്‍ വിധിച്ചത് കേട്ട് പ്രതി ഗ്രീഷ്മയുടെ കുടുംബം പൊട്ടിക്കരഞ്ഞു.
സംസ്ഥാനത്ത് വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതിയാണ് ഗ്രീഷ്മ. സംസ്ഥാനത്ത് വധശിക്ഷ വിധിക്കപ്പെട്ട് ജയിലിലുള്ള രണ്ടാമത്തെ സ്ത്രീയാണ് ഗ്രീഷ്മ.
നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ ജഡ്ജി എ.എം.ബഷീര്‍ തന്നെയാണ് ഈ രണ്ട് കേസുകളിലും ശിക്ഷ വിധിച്ചത്. വിഴിഞ്ഞം ശാന്തകുമാരി കൊലക്കേസിലെ പ്രതിയായ റഫീക്ക ബീവിയ്ക്കാണ് ഇതിന് മുന്‍പ് തൂക്കുകയര്‍ ലഭിച്ചത്. 2024 മെയ് മാസത്തിലായിരുന്നു ശാന്തകുമാരി കേസിലെ വിധിവന്നത്. സ്വര്‍ണാഭരണങ്ങള്‍ കവരാനാണ് വയോധികയായ ശാന്തകുമാരിയെ റഫീക്ക ബിവി കൊലപ്പെടുത്തിയത്. കൂട്ടുപ്രതികളായ വള്ളിക്കുന്നത്തു വീട്ടില്‍ അല്‍ അമീന്‍, മൂന്നാം പ്രതി റഫീക്കയുടെ മകന്‍ ഷെഫീക്ക് എന്നിവര്‍ക്കും വധശിക്ഷ ലഭിച്ചു. ഒരുകേസിലുള്‍പ്പെട്ട എല്ലാവര്‍ക്കും വധശിക്ഷ വിധിച്ച കേരളത്തിലെ ഏക കേസായിരുന്നു ഇത്.
കേരളത്തില്‍ മുപ്പത്തിയൊമ്പത് പേരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ഷാരോണ്‍ കേസിലെ വിധി ഇന്ന് വന്നതോടെ ഗ്രീഷ്മ നാല്‍പ്പതാമത്തെ പ്രതിയായി. കേരളത്തിൽ വധശിക്ഷ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രതികൂടിയാണിവർ. ഏറെ കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിധുകുമാരന്‍ തമ്പി വധക്കേസില്‍ 2006ല്‍ ഭാര്യ ബിനിതയ്ക്ക് കൊല്ലം ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഹൈക്കോടതി അത് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. നിലവില്‍ റഫീക്കാ ബീവിയും ഗ്രീഷ്മയും മാത്രമാണ് വധശിക്ഷ കാത്തിരിക്കുന്ന സ്ത്രീകൾ