Image

വയനാടിനു വേണ്ടി മുംബൈ മാരത്തൺ ഓടി ഡോ.കെ.എം. ഏബ്രഹാം

സനില്‍ പി. തോമസ് Published on 20 January, 2025
വയനാടിനു വേണ്ടി മുംബൈ മാരത്തൺ ഓടി ഡോ.കെ.എം. ഏബ്രഹാം

ഞായറാഴ്ച നടന്ന ഇരുപതാമത് ടാറ്റാ മുംബൈ മാരത്തണിൽ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമും പങ്കെടുത്തു. മുന്‍ ചീഫ് സെക്രട്ടറിയും മാനേജ്‌മെന്റ് വിദഗ്ദധനുമായ ഡോ.കെ.എം. ഏബ്രഹാം 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണാണ് ഓടി പൂർത്തിയാക്കിയത്. കഴിഞ്ഞ വർഷവും ഡോ.ഏബ്രഹാം മുംബൈ മാരത്തൺ ഓടിയിരുന്നു. അത് യു കെ.യിലെ ബ്രെയ്ൻ സർച്ചിനു വേണ്ടിയായിരുന്നു. തായ്ക്വാൺഡോ താരവും റഫറിയും സംഘാടകനുമായ കെ.എം. ഏബ്രഹാമിന് സ്‌പോര്‍ട്‌സുമായി സുദൃഢബന്ധമാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈ 30ന് വയനാട്ടില്‍ പ്രളയത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരോടും കിടപ്പാടം നഷ്ടപ്പെട്ടവരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു കെ.എം. ഏബ്രഹാമിന്റെ പങ്കാളിത്തം. റണ്‍ ഫോര്‍ വയനാട് എന്ന ബാനറും അദ്ദേഹം ഉയര്‍ത്തി. ക്യാബിനറ്റ് റാങ്കുള്ള ഉദ്യോഗസ്ഥനായ കെ.എം.ഏബ്രഹാമിന് ജേഴ്‌സിയും ബാനറും കൈമാറിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ്. മറ്റു മന്ത്രിമാരും ചീഫ് സെക്രട്ടറിയും ചടങ്ങില്‍ സംബന്ധിച്ചു.

ഡോ.കെ.എം.ഏബ്രഹാം റൺ ഫോർ വയനാട് ബാനറുമായി മുംബൈ മാരത്തണിൽ പങ്കെടുത്തപ്പോൾ

അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തായ് ക്വാണ്‍ഡോ അഭ്യസിച്ച കെ.എം.ഏബ്രഹാം 1999ല്‍ഫസ്റ്റ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടി, പിന്നീട് അടുത്ത ഡിഗ്രികളും സ്വന്തമാക്കി. വയനാട്ടിലെ പുനരധിവാസത്തിന്റെ ഫണ്ട് ശേഖരിക്കാനും അദ്ദേഹം തന്റെ മാരത്തണ്‍ ഓട്ടം ഉപയോഗിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികളില്‍ നിന്ന് സം സംഭാവന ചോദിച്ചുകൊണ്ടായിരുന്നു ഓട്ടം(www.donation.cmdrf.kerala.gov.in)
മുംബൈയില്‍ ഛത്രപതി ശിവജി മഹാരാജാ ടെര്‍മിനസില്‍ നിന്നു തുടങ്ങുന്ന മുംബൈ മാരത്തണിന്റെ ഇരുപതാം പതിപ്പാണ് ഞായറാഴ്ച നടന്നത്. ഫുള്‍ മാരത്തണ്‍, ഹാഫ് മാരത്തണ്‍, 10 കി.മി., ഡ്രീം റണ്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലായുള്ള മാരത്തണ്‍ എല്ലാ വര്‍ഷവും ജനുവരിയിലെ മൂന്നാം ഞായറാഴ്ചയാണു നടക്കുന്നത്. ഇക്കുറി ഏതാണ്ട് 65,000 പേര്‍ പങ്കെടുത്തു. ഡ്രീം റണ്ണില്‍ 25,0000ത്തിലധികം പേര്‍ പങ്കാളികളായി.
മഹാരാഷ്ട്ര, ന്യൂഡല്‍ഹി, ത്രിപുര തുടങ്ങിയ ഇടങ്ങളില്‍ നിന്ന് ഒട്ടേറെ സിവില്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷ്‌നല്‍ ചീഫ് സെക്രട്ടറി ഐ.എസ്. ചാഹല്‍ 2004 മുതല്‍ 21 കി.മി. ഓട്ടത്തില്‍ സ്ഥിരം പങ്കാളിയാണ്. റാം പ്രകാശ്(രാജസ്ഥാന്‍), സോണല്‍ ഗോയല്‍(ത്രിപുര) തുടങ്ങിയ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ മാരത്തണ്‍ ഓടി.

സെന്‍ട്രല്‍ റയില്‍വേ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ ഇരുനൂറിലേറെപ്പേര്‍ റിയില്‍വേസിനെ പ്രതിനിധാനം ചെയ്തു. റയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ നിന്ന് ഡയറക്ടര്‍ ജനറല്‍ മനോജ് യാദവിന്റെ നേതൃത്വത്തില്‍ യാത്രക്കാരുടെയും, സ്ത്രീകളുടെയും സുരക്ഷ ഉയര്‍ത്തിക്കാട്ടിയാണ് പങ്കെടുത്തത്. റയില്‍വേയുടെ സോണികാ പാര്‍മര്‍ വെള്ളിയും എല്‍.എം.ലക്ഷ്മി നാലാം സ്ഥാനവും നേടി.

രാജ്യാന്തരതല മത്സരത്തില്‍, ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ എറിട്രിയയില്‍ നിന്നുള്ള ബെര്‍ഹെയ്ന്‍ ടെസ്‌ഫേ സ്വര്‍ണ്ണം നേടി(2:11:44). ഇന്ത്യക്കാരില്‍ അനീഷ് താപ്പെ ആയിരുന്നു ജേതാവ്(2:17:23). വനിതകളില്‍ ജോയിസ് ചെപ്‌കെമോയി(2:24:56) സ്വര്‍ണ്ണം കരസ്ഥമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക