ബംഗളൂരു: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ. നെഹ്രുവിന് ഗാന്ധി വധത്തില്‍ ബന്ധമുണ്ടെന്ന് സംശയമെന്ന് എംഎല്‍എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ പറഞ്ഞു. മൂന്ന് ബുള്ളറ്റുകളേറ്റാണ് ഗാന്ധിജി മരിച്ചത്. ഇതില്‍ ഒരു ബുള്ളറ്റ് മാത്രമാണ് ഗോഡ്‌സെയുടെ തോക്കില്‍ നിന്ന് വന്നത്. ബാക്കി രണ്ട് ബുള്ളറ്റുകള്‍ വന്നതെവിടെ നിന്നെന്നത് ദുരൂഹമെന്നും യത്‌നാല്‍ പറഞ്ഞു.
ഇന്ത്യയുടെ ഏകാധിപതിയാകണം എന്ന ആഗ്രഹം നെഹ്‌റുവിന് ഉണ്ടായിരുന്നെന്നാണ് യത്‌നാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഗാന്ധിവധം നെഹ്രു ആസൂത്രണം ചെയ്തതെന്ന് കരുതണമെന്നും അദ്ദേഹം പറഞ്ഞു. നാളെ ബെലഗാവിയില്‍ നടക്കാനിരിക്കുന്ന ജയ് ബാപു, ജയ് ഭീം, ജയ് സംവിധാന്‍ റാലി വ്യാജ ഗാന്ധിമാര്‍ നടത്തുന്നതെന്നും യത്‌നാല്‍ ആരോപിച്ചു
കര്‍ണാടക ബിജെപിയില്‍ പോര് തുടരുന്നതിനിടെയാണ് യത്‌നാലിന്റെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്രയ്‌ക്കെതിരെയും പരസ്യമായ വിമര്‍ശനവുമായി നേരത്തെ യത്‌നാല്‍ രംഗത്തെത്തിയിരുന്നു. കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം ശക്തമായ നേതൃത്വം ഇല്ലാത്തതാണെന്നും സത്യസന്ധതയും മൂല്യബോധവുമുള്ള ഒരാളെ സംസ്ഥാനചുമതലയില്‍ നിയമിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു