തെല്ലു വൈകിയാണ് രാവിലെയുണർന്നത്. ജനാലക്കർട്ടന്റെ വിടവിലൂടെ ആകാശത്തിന്റെ ഒരു തുണ്ടു കാണാം. അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് , എന്തൊക്കെയോ ചിന്തിച്ചുകൂട്ടി . കിടക്ക വിട്ടെഴുന്നേൽക്കാൻ പിന്നെയും വൈകി .
ഒരു കപ്പ് കാപ്പി ഉണ്ടാക്കി അതുമായി ബാൽക്കണിയിലേക്ക് പോയി.
അങ്ങു ദൂരെ ഒരു പൊട്ടു പോലെ നീലക്കടൽ കാണാം. ദൂരെ നിന്നാണെങ്കിലും അടുത്തു നിന്നാണെങ്കിലും കടൽ കാണുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് . എത്ര നിഗൂഢതകളാണ് ആഴക്കടൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. എത്ര കണ്ടാലും മതി വരാത്ത കാഴ്ച.
സ്ഥിരം പ്രഭാത കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി എതിർ വശത്തെ ഫ്ലാറ്റിൻ്റെ ബാൽക്കണിയിലെ ചെടിക്കൾക്കിടയിൽ ഒരു അണ്ണാൻ കൂട് കൂട്ടുന്ന തത്രപ്പാടിലാണ്.
അടുത്ത വീട്ടിലെ പ്രഷർ കുക്കറിൽ നിന്നും ഉയരുന്ന പതിവ് ചൂളംവിളി.
താഴത്തെ വീട്ടിൽ നിന്നും കർണ്ണാടക സംഗീതത്തിൻ്റെ ആരോഹണം അവരോഹണം . അണ്ണാൻ്റെ വീടു പണി ഒഴിച്ച് എല്ലാം പതിവുകാഴ്ചകൾ.
ഇതെല്ലം നോക്കി നിൽക്കുന്നത് കപ്പിലെ കാപ്പി കഴിയുന്നതുവരെയേ ഉള്ളു അതിൽകൂടുതൽ സമയം ഇവിടെ ചിലവഴിച്ചാൽ സ്കൂളിൽ എത്താൻ വൈകും .
പെട്ടെന്ന് കുളിച്ചു , ബാഗിൽ ലാപ്ടോപ്പ് , ഫോൺ ചാർജർ എല്ലാം നിറച്ചു
പോകാൻ തുടങ്ങുകയായിരുന്നു , അപ്പോഴാണ് സംപ്രീതിയുടെ ഫോൺ വന്നത് .
"മിത്ര ഇന്നാണ് മിസ്റ്റർ അഭിനന്ദനെ കാണേണ്ട ദിവസം , “ വെയർ സംതിങ് ട്രെൻഡി ആൻറ് ക്ലാസിക്, ദയവായി പ്രസെൻറബൽ ആയിട്ട് വരണേ"
"പ്രസെൻറബൽ എന്നു പറഞ്ഞാൽ ?"
"നിന്റെ നരച്ച ചുരിദാർ മാറ്റി , നല്ല കളർഫുൾ ആയിട്ട് എന്തെങ്കിലും , പിന്നെ കഴിഞ്ഞദിവസം ഒരു ചെരുപ്പ് വാങ്ങിയില്ലേ, അത് ഇടാൻ മറക്കരുത് , പിന്നെ കുറച്ചു ലിപ്സ്റ്റിക്കും”
"വൈകുന്നേരം അപോയന്റ്മെന്റ് തന്ന ആളുമായി കല്യാണം ആലോചിക്കാനല്ലല്ലോ പോകുന്നത് ? എനിക്ക് അങ്ങനെയുള്ള ഡ്രസ്സ് ഒന്നും ഇല്ല, ലിപ്സ്റ്റിക് കാണും. നിനക്ക് നാണക്കേട് ഉണ്ടാക്കാത്ത വിധം വരാം. ഇനിയും വാചകം അടിച്ചു നിന്നാൽ സമയം പോകും" “എന്നൊരു മറുപടിയും കൊടുത്തു ഫോൺ തിരികെ ബാഗിലിട്ട് മറ്റൊരു ബാഗിൽ വൈകുന്നേരം ഇടാനുള്ള ഒരു ചുരിദാറും , ചെരുപ്പും എടുത്തു വെച്ചു .
ലിഫ്റ്റിന് കാത്തു നിൽക്കാതെ താഴേക്ക് നടകളിലൂടെ വേഗമിറങ്ങി.
താഴെ എത്തിയതും അവൾ പിന്നെയും വിളിച്ചു .
" ഷാർപ് അഞ്ചുമണിക്ക് ഞാൻ എത്തും കേട്ടോ "
സ്കൂളിന്റെ നടത്തിപ്പിന് ആവശ്യമായ ധന സഹായത്തിന് സി എസ് ആർ ഫണ്ട് ലഭിക്കാൻ ഒരു കമ്പനിയുടെ സി.ഇ.ഒ യെ കാണുന്ന കാര്യമാണ് അവൾ ഓർമ്മിപ്പിച്ചത് . വൈകുന്നേരം ഒരുങ്ങുന്ന കാര്യത്തെക്കുറിച്ചു സംപ്രീതിയോട് അങ്ങനെ പറഞ്ഞെങ്കിലും ഈ ഫണ്ട് കിട്ടേണ്ടത് അത്യാവശ്യമാണ് . നല്ലൊരു പവർ പോയിന്റ് പ്രസന്റേഷൻ തയ്യാറാക്കിയിട്ടുണ്ട് , അവൾ പറഞ്ഞത് നേരാണ് .
തമിഴിൽ ഒരു ചൊല്ലുണ്ട് "ആൾ പാതി ആടെ പാതി"
തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്ഥിരം മീറ്റിങ്ങുണ്ട്. ഈ ആഴ്ചയിലെ കാര്യങ്ങളെക്കുറിച്ച് പതിവ് ചർച്ച , വേഗത്തിൽ സ്കൂളിൽ എത്തണം.
ഹെൽമറ്റിൽ വെക്കുന്ന തുണി ശരിയാക്കി തലയിൽവെച്ചു , സ്കൂട്ടി സ്റ്റാർട്ട് ചെയ്തു , സ്കൂളിലേക്ക് പുറപ്പെട്ടു.
സംഘമിത്രയും സംപ്രീതിയും അടുത്ത സുഹൃത്തുക്കൾ , കോളേജിൽ പേരിന്റെ ആദ്യാക്ഷരം കൊണ്ട് , ഒരേ ബെഞ്ചിൽ ഇരുന്ന് ആത്മിത്രങ്ങൾ ആയവർ.
പ്രീതി സ്വന്തമായി ഒരു സോഫ്റ്റ് വെയർ കമ്പനി നടത്തുന്നു .
സംഘമിത്ര ചെന്നൈ ഐ ഐ ടി യിൽ നിന്നും സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ് പാസ്സായിട്ട് അഞ്ചു വർഷം
എൻജിനീയർ ആയി ജോലി ചെയ്തു , അതിൽ മൂന്ന് വർഷം അമേരിക്കയിൽ ആയിരുന്നു. ആ ജോലി ഉപേക്ഷിച്ചവൾ സ്പെഷ്യൽ ബി.എഡ് പഠിച്ചു . ഇപ്പോൾ ചെന്നൈയിൽ ഒരു സ്കൂളിൽ കോ-ഓർഡിനേറ്റർ ആയി ജോലി നോക്കുന്നു .
വലിയ ശമ്പളം ഉള്ള ഉദ്യോഗം വിട്ടിട്ട് , ഇങ്ങനെ ഒരു ജോലി , വരുമാനം കുറവ്, എല്ലാവരും അവളെ കുറ്റപ്പെടുത്തി . പക്ഷെ സംഘമിത്രക്ക് അവളുടേതായ കാരണങ്ങൾ ഉണ്ട് .
തിങ്കളാഴ്ചയുടെ പ്രഭാതമായിട്ടും ഭാഗ്യത്തിന് വഴിയിൽ തിരക്ക് കുറവായിരുന്നു .
സ്കൂളിൽ എത്തിയതും കുട്ടികളുടെ ആക്റ്റിവിറ്റീസ് കാര്യങ്ങൾ നോക്കുന്ന ശ്രീജി ഓടി വന്നു
" മിത്ര ആർട്ട് റൂം ഒന്ന് അറ്റൻഡ് ചെയ്യുമോ? പദ്മക്ക ഇന്ന് കുറച്ചു ലേറ്റ് ആയിട്ടെ വരൂ."
"അപ്പോൾ പത്തു മണിക്ക് മീറ്റിംഗ് നടക്കില്ല , എല്ലാവരോടും ഉച്ചകഴിഞ്ഞു കാണാമെന്നു പറഞ്ഞേക്ക്, പദ്മക്ക വരുന്നവരെ ഞാൻ ആര്ട്ട് റൂം നോക്കാം "
ഈ സ്കൂൾ ആരംഭിച്ചു പത്തു വർഷം കഴിഞ്ഞാണ് മിത്ര ഇവിടെ ചേർന്നത് ,
ഇവിടെ ജോലിക്കു ചേരുന്നതിനെക്കുറിച്ച് രണ്ടാമതൊന്ന് അവൾക്ക് ആലോചിക്കേണ്ടി വന്നില്ല .
മക്കൾക്കുവേണ്ടി അമ്മമാർ ആരംഭിച്ച സ്കൂൾ - ഗോഡ്സ് ഹോം , അതെ ദൈവമക്കൾ വസിക്കുന്നിടം ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ച കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആശ്രയകേന്ദ്രം.
ഇവിടെ ജോലി ആരംഭിക്കുമ്പോൾ മുപ്പതു കുട്ടികൾ ആയിരുന്നു , ഇന്നവർ അമ്പതു പേരുണ്ട്, സ്ഥല പരിമിതി മൂലം കുറെ കുട്ടികളെ ഇവിടെ ചേർക്കാൻ സാധിക്കാത്തതിൽ വിഷമം ഉണ്ട് , ഇരുപതു പേർക്ക് താമസസൗകര്യമുണ്ട് , അതിൽ പത്തു കുട്ടികളുടെ അമ്മമാർ കൂടെ താമസിക്കുണ്ട് അവരാണ് മറ്റു കുട്ടികൾക്കും വളർത്തമ്മമാർ .
പദ്മക്കയുടെ മകനും ഈ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ബാധിച്ച പന്ത്രണ്ടു വയസ്സുകാരൻ ദിവാകർ . മകന് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടെന്നു തിരിച്ചറിഞ്ഞ ദിവസം അവൻ്റെ അച്ഛൻ ദൂരേക്ക് ജോലി മാറി പോയി. അയാൾക്ക് അത് കൈകാര്യം ചെയ്യാൻ ശക്തിയില്ലത്രേ . എല്ലാ ശക്തികളും ദൈവം പ്രദാനം ചെയ്തത് അമ്മമാർക്ക് ആണല്ലോ ,( അങ്ങനെയും തീർത്തു പറയാൻ സാധിക്കില്ല , ചുരുക്കം ചില അച്ഛന്മാരും ഉണ്ട്) .
ആർട്ട് തെറാപ്പി മുറിയിൽ കുട്ടികൾ അക്ഷമരായിരുന്നു , ചിലർ നിലത്തു കിടക്കുന്നു , മറ്റു ചിലർ വഴങ്ങാത്ത വിരലുകൾ ചായത്തിൽ മുക്കി ചിത്രരചനയിൽ മുഴുകിയിരിക്കുന്നു .
മിത്ര ഒരു നിമിഷം അവരെ നോക്കി നിന്നു, ദൈവമക്കൾ , അവർ ചുറ്റും നടക്കുന്നതിനെക്കുറിച്ച് വേവലാതിപ്പെടാറില്ല , നമ്മൾ മനുഷ്യർക്ക് മനസ്സിലാകാത്ത ഭാഷയിൽ അവർ സംസാരിക്കുന്നു , ശബ്‍ദമുണ്ടാക്കുന്നു. വിഷ്ണുവും മായയും മാത്രം ചിത്രരചന ചെയ്യുന്നു അവർ രണ്ടു പേരും നന്നായി ചിത്രം വരക്കും രണ്ടാൾക്കും ആസ്പെർഗ്ഗേർസ് സിൻഡ്രോം( Asperger's Syndrome ) ആണ് .ഓട്ടിസത്തിൻ്റെ ഏറ്റവും നേരിയ രൂപമാണിത്. അങ്ങനെയുള്ളവർക്കു എന്തെങ്കിലും ഒരു വിഷയത്തിൽ സാധാരണയായി ശരാശരിയോ അതിലധികമോ ബുദ്ധിശക്തി ഉണ്ടായിരിക്കും, അതു കൊണ്ടാണ് ഇതിനെ ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഓട്ടിസം' എന്ന് വിളിക്കുന്നത്. ഇവരിൽ കുറച്ചുപേർ ബാഗ് നിർമ്മിക്കാൻ സഹായിക്കുന്നു . ചിലർ കോഫി ഷോപ്പിൽ കുക്കീസ് കൊടുക്കാനുള്ളത് ഉണ്ടാക്കുന്നു . ചെറിയ ഒരു വരുമാനവും കൂടെ അവരെ എൻഗേജ്ഡ് ആക്കാനുള്ള വഴിയും.
എല്ലാവരും ഒരേ പ്രായക്കാരല്ല.
ഒരു മണിക്കൂറാണ് ആർട്ട് തെറാപ്പി , അതിനു ശേഷം എന്തെങ്കിലും കുടിക്കാൻ കൊടുക്കണം .
മിത്ര അടുക്കളയിലേക്കു ഫോൺ ചെയ്തു റാഗിക്കഞ്ഞി ആയോ എന്ന് തിരക്കി . അപ്പോൾ ജനാലയിൽ കൂടി കുറച്ചു മുതിർന്ന കുട്ടികളെ ആയമാർ കൈ പിടിച്ചു പ്ലേയ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്നത് കണ്ടു .
ഏറ്റവും പുറകിലായി നടന്നു നീങ്ങുന്ന ഇരുപതു വയസ്സുകാരൻ സുമേദ് വേദനിക്കുന്ന പോലെ കാലു താങ്ങിയാണ് നടന്നു നീങ്ങുന്നത്..
തുടരും ....