ന്യൂഡല്‍ഹി; ഹേമ കമ്മിറ്റി റിപോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സുപ്രീം കോടതി. ഹേമ കമ്മിറ്റി റിപോര്‍ട്ട് ലഭിച്ചിട്ടും അഞ്ച് വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലല്ലോയെന്ന് വിമര്‍ശിച്ച കോടതി തെളിവില്ലാതെ എന്തിനാണ് കേസെടുക്കുന്നതെന്നും ചോദിച്ചു. പ്രാഥമിക അന്വേഷണം നടത്താതെയാണോ കേസെടുത്തതെന്ന ചോദ്യവും സുപ്രീം കോടതി ഉന്നയിച്ചു.
മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന നടിയുടെ ഹര്‍ജിയിലാണ് സര്‍ക്കാരിനെതിരായ വിമര്‍ശം. മൊഴി നല്‍കാന്‍ എസ് ഐ ടി ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിച്ചു. ഹര്‍ജി നല്‍കാന്‍ എന്താണ് അവകാശമെന്ന് ഹര്‍ജിക്കാരന്‍ സജിമോന്‍ പാറയിലിനോട് സുപ്രീം കോടതി ചോദിച്ചു. താങ്കള്‍ക്കെതിരെ ഹൈക്കോടതിയുടെ എന്ത് ഉത്തരവാണ് ഉള്ളതെന്നും താങ്കളെ എന്തിന് കേള്‍ക്കണമെന്നുമായിരുന്നു സജിമോന്‍ പാറയിലിനോടുള്ള സുപ്രീം കോടതിയുടെ ചോദ്യം.