അടുത്ത നേരത്തെ
ആഹാരത്തിനുള്ള അനിശ്ചിതത്വത്തിൽ
അര വയറിൽ മുണ്ടു മുറുക്കുന്ന നിസ്സഹായൻ,
അവനിൽ കെടാതെ വിശപ്പിന്റെ കനൽ നീറ്റൽ !
പ്ലാവിൽ പഴുത്ത ചക്കയുണ്ടെന്നു വിളിച്ചറിയിച്ച
സഹ ചകോരത്തിന്റെ പ്രലോഭനത്തിൽ
മുള്ളും മുരിക്കും മൂർഖൻ പാമ്പും താണ്ടി
മുൻപിൻ നോക്കാതെ. ഇങ്ങോട്ട് !
അതിരുകളുടെയും നിയമങ്ങളുടെയും
അജ്ഞാത ചക്രങ്ങൾക്കിടയിൽ കുടുങ്ങി ചതഞ്ഞരഞ്ഞ്
അവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിമയെപോലെ
ഭയത്തിന്റെ ചങ്ങലയിൽ തളയ്ക്കപ്പെട്ടു ജീവിതം ?
ആട്ടിയോടിക്കപ്പെടുന്നവരുടെ അങ്കലാപ്പിൽ
ജീവൻ തുടിക്കുന്ന മുട്ടയും നെഞ്ചിൽ താങ്ങി
കൂടൊഴിയുന്ന കൂനൻ ഉറുമ്പുകളെപ്പോലെ
അതിരുകൾ തേടി ഒടുക്കം എങ്ങോട്ടോ മടക്കം ?
പിന്നിൽ ഉലയുന്ന കുഞ്ഞു കൂട്ടിൽ
പിരിയുന്ന പിഞ്ചോമനകളുടെ
മൃദു കുറുകലുകൾ ,
ഇക്കരെ ഒറ്റപ്പെടുന്ന ഇണപ്പക്ഷിയുടെ
ഇടനെഞ്ചിൻ വീണു മയങ്ങുമ്പോൾ
ആരാരും അറിയാതെ പോകുന്ന മനുഷ്യാവകാശങ്ങൾ
ആരുടേതുമല്ലാത്ത ആകാശത്തിന്നടിയിൽ
അതിരുകൾ വരച്ചു വച്ചവന്റെ നീതിശാസ്ത്രം
ആഗോള മനുഷ്യന്റെ
അവകാശങ്ങളുടെ ശവക്കോട്ടകളിൽ
അടക്കം ചെയ്ത സ്വപ്നങ്ങളുടെ ചാരം നക്കികൾ