Image

കമലയുടെ കഥ - 2 - അന്നാ പോൾ

Published on 22 January, 2025
കമലയുടെ കഥ - 2 - അന്നാ പോൾ

എത്ര നിയന്ത്രിച്ചിട്ടും ഞാനും കരഞ്ഞു പോയ ആ രാത്രി.... ഞാനന്ന് ഹൈസ്ക്കൂളിൽ പഠിക്കുന്നു. കമല ചേച്ചിയ്ക്കു ഒരു യാത്ര പോകണം. ബസ്സിന്റെ ബോർഡ് വായിക്കാൻ സഹായിയായി എന്നേയും കൂട്ടി.
അമ്മയുടെ അനുവാദം കമല ചേച്ചി ഒത്തിരി പാടുപെട്ടു നേടിയെടുത്തു. ഞങ്ങളുടെ നാട്ടിൽ നിന്ന് പത്തോ പതിനൊന്നോ കിലോമീറ്ററുകൾക്കപ്പുറമുള്ള ഒരു സ്ഥലമാണെങ്കിലും എഴുപതുകളിലെ നാട്ടിൻ പുറത്തുകാർക്കു അതു വലിയ ദൂരമാണു. പാതി പകലിന്റെ പാതി കഴിഞ്ഞപ്പോൾ ഞങ്ങളവിടെത്തി. ഒരു കവലയിൽ ബസ്സിറങ്ങി അരനാഴിക നടന്നു കാണും.ഒരു ചെറിയ കുന്നിൻ മുകളിൽ, നീളൻ വരാന്തയുള്ള ഒരു പഴയ വീട്.
കുഴമ്പിന്റേയും എണ്ണകളുടേയും ഗന്ധം തികട്ടി നിൽക്കുന്ന, ഉള്ളിലെ വിടെയോ  ഒരു മുറി.... പഴമയുടെ ഗന്ധം ചൂഴ്ന്നു നിൽക്കുന്ന ആ വീടിന്റെ ഗർഭത്തിലെവിടെയോ അയാൾ തളർന്നു കിടപ്പാണ്... പിടിച്ചെഴുന്നേൽക്കാൻ ഒരു കയർ അയാളുടെ നെഞ്ചിന്റെ മുകളിലായി തൂങ്ങിക്കിടപ്പുണ്ട്. ആ വീടിൻറെ അകത്തളങ്ങളിലേയ്ക്കു കയറുമ്പോൾ ഒരു ചിരപരിചിതയുടെ ഭാവമായിരുന്നു ചേച്ചിയുടെ മുഖത്തു തെളിഞ്ഞു കണ്ടതു.
അൻപതിനോടടുത്തു പ്രായമുള്ള മെല്ലിച്ച ഒരാൾ ആ ഗന്ധങ്ങളിൽ കുഴഞ്ഞു കിടക്കുന്നു.
അന്നു മാത്രമാണു കമല ചേച്ചിയെ തരളിതയായി ഞാൻ കണ്ടിട്ടുള്ളത്...  ലജ്ജയും ദുഃഖവും മിന്നിമറിയുന്ന മുഖവുമായി കമല ച്ചേച്ചി കട്ടിലിനോട് ചേർന്നു നിന്നു.

ആ ഉരുക്കു മനസ്സ് അലിയുന്നതും കണ്ണുകൾ നിറയുന്നതും വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്നതും ഞാൻ  കണ്ടു..
മുറിയിൽ നിന്നും പുറത്തിറങ്ങി അവർ കണ്ണുകൾ വേഗം തുടച്ചു. അയാളുടെ കണ്ണുകളും നിറഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു.... ഒരു ചെറുപ്പക്കാരി കടന്നുവന്നു ചോദിച്ചു..."  ആരാ? പരിചയക്കാരാ" കമലച്ചേച്ചിയുടെ കടുപ്പിച്ചുള്ള മറുപടി.... റോഡിലെത്തി അവസാനമായിട്ടെന്ന പോലെ ചേച്ചി ആ വീട്ടിലേയ്ക്കു ഒരിക്കൽക്കൂടി നോക്കി... തന്റെ അമ്മ ജനിച്ചു വളർന്ന വീട് !!
" അമ്മാവന്റെ മകനാ...കൃഷ്ണൻ... എന്നേക്കാൾ മൂന്നു വയസ്സിനു മൂത്തതാ . . നന്നായി പടം വരയ്ക്കുമായിരുന്നു. കവലയിലെസ്റ്റുഡിയോ ഇപ്പോൾ മകനാണു നോക്കി നടത്തുന്നത്.
ഭാര്യ മരിച്ചു പോയി. സ്നേഹക്കല്ല്യാണമായിരുന്നു. ഒട്ടൊരു ആത്മഗതം പോലെ തോന്നിയ സംഭാഷണം..'' പിന്നെ നിശബ്ദയായിരുന്നു യാത്രയിലുടനീളം......ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കാതെ ഞങ്ങൾ വീട്ടിലെത്തി.
അന്നു കമലച്ചേച്ചി സ്വന്തം വീട്ടിലേയ്ക്കു പോയില്ല. ത്ത രാത്രി എന്റെ മുറിയിലാണവർ ഉറങ്ങിയത് .
കട്ടിലിനു താഴെ പായവിരിച്ച് കിടന്നു.
ഉറക്കത്തിലെപ്പോഴോ ഒരു തേങ്ങൽ എന്നെ ഉണർത്തി.... തുറന്നിട്ട ജനലഴിയിൽ മുഖം ചേർത്തു ഏങ്ങലടിച്ചു കരയുന്ന കമലച്ചേച്ചി!!: ഞാൻ മെല്ലേ അരികിലെത്തി തോളിൽ കൈകൾ വെച്ചു.... അവരതു പ്രതീക്ഷിച്ച പോലെ എൻറ ശരീരത്തിലേയ്ക്കു ചാഞ്ഞു:
ഞാനവരെ ചേർത്തുപിടിച്ചു... തുറന്നിട്ട ജനാലയിലൂടെ കടന്നുവന്ന നിലാവെളിച്ചത്തിൽ മുഖമാകെ പടർന്നു ഒഴുകുന്ന കണ്ണീർച്ചാലുകൾ കണ്ട് എനിയ്ക്കും കരച്ചിലടക്കാനായില്ല. പുകയിലയുടെ രൂക്ഷ ഗന്ധം എന്നെ അലട്ടിയില്ല ..ഞാനവരെ ചേർത്തുപിടിച്ച് എത്ര നേരമിരുന്നെന്നു എനിയ്ക്കറിയില്ല
കാലം കടന്നുപോയി
പഴയതു പോലെ സംസാരമില്ല.... എന്നെക്കണ്ടാലും ചിരിയ്ക്കാതായി. പഠനത്തിരക്കിൽ ഞാനും അവരെ അന്വേഷിയ്ക്കാതായി. ഞാൻ കോളേജിൽ പഠിക്കുമ്പോൾ അവർ തീർത്തും ക്ഷീണിതയായി... പണിയെടുക്കാനോ പുറത്തേയ്ക്കിറങ്ങിനടക്കാനോ ആവാ തേ കിടപ്പിലായി.... എന്നെ ഹരം കൊള്ളിച്ചിരുന്ന അവരുടെ തന്റേടവും കൂസലില്ലായ്മയും അവരിൽ നിന്നും മാഞ്ഞു പോയി... മുഖത്തും കൈകാലുകളിലും നീരുവന്നു വീർത്തു ... നിസഹായ നോട്ടവുമായി ഉമ്മറത്തിരിയ്ക്കും... വിദൂരതയിൽ കണ്ണുംനട്ട്... ഓർമ്മകളും ശൗര്യവുമില്ലാത്ത നിസഹായയായ കമലച്ചേച്ചി....
എൻറ വിവാഹത്തിനു ശേഷം ഞാനവരെ അപൂർവ്വമായേ കണ്ടിട്ടുള്ളൂ.'' ഒരിക്കൽ അമ്മ വീട്ടിൽ വന്നപ്പോൾ പറഞ്ഞറിഞ്ഞു : കന്യാസ്ത്രീകൾ നടത്തുന്ന ഒരാതുരാലയത്തിലാണിപ്പോൾ കമലച്ചേച്ചിയെന്ന്....
കഥകൾ പറഞ്ഞെന്നെ വിഭ്രമിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്ത,ഒന്നിച്ചു നടന്ന നടവരമ്പുകൾ വലവീശിയിട്ടുള്ള വയലിറമ്പുകൾ ... എല്ലാം കാലത്തിന്റെ മാറാലകൾക്കുള്ളിൽ അനാഥമായിക്കിടന്നു.
ഒട്ടൊക്കെ ആരോഗ്യം വീണ്ടെടുത്തപ്പോൾ വീട്ടിലേയ്ക്കു മടങ്ങിയ കമലച്ചേച്ചി പഴയ താളങ്ങളിലേയ്ക്കു മടങ്ങാൻ വിഫലമായി ശ്രമിച്ചു കൊണ്ടിരുന്നു. ഒരു കാലത്ത് എന്നെ ഹരം കൊള്ളിച്ചിരുന്ന അവരുടെ പെരുമാറ്റങ്ങൾ വൈകല്യങ്ങളായി എനിക്കു തോന്നിത്തുടങ്ങി. വീരനായികയുടെ പരിവേഷം നൽകി മനസ്സിൽ പ്രതിഷ്ഠിച്ചിരുന്ന കമലച്ചേച്ചിയും അവരുടെ ഓർമ്മകളും മനസ്സിൽ നിന്ന് പടിയിറങ്ങി. ഈ തിരിച്ചറിവാകാം കമല ചേച്ചി എന്നോടും അകലം പാലിച്ചു
അങ്ങിനെ ഇരിക്കെ പുതിയൊരു അതിഥി എത്തി.
ലോകം വിറങ്ങലിച്ചു പോയ ആ നാളുകൾ... കോവിഡ്കാലം!! അനേകായിരങ്ങൾവിട പറഞ്ഞ ആ നാളുകളിലൊന്നിൽ... കമലച്ചേച്ചിയും യാത്രയായി... ഞാനന്നു അമ്മയെക്കാണാൻ വീട്ടിലെത്തിയപ്പോഴാണ് ആ വാർത്ത അറിഞ്ഞത്..
പൊളിഞ്ഞു വീഴാറായ ആ വീട്ടിൽ മരിച്ചു കിടക്കുന്നു.

യാത്രയാക്കാനാരുമില്ലായിരുന്നു. കോവിഡ് എല്ലാവർക്കും മറയായി നിന്നു. തെങ്ങിൻ തലപ്പുകളിൽ ഇരുൾ കൂടഞ്ഞപ്പോൾ ആംബുലൻസുമായി അവരെത്തി. യമ ദൂതന്മാരുടെ ഓർമ്മയുണർത്തുന്ന കിറ്റുകൾ ധരിച്ച,ആരെന്നറിയാത്ത സന്നദ്ധ ഭടന്മാർ കമലച്ചേച്ചിയെ കൊണ്ടുപോയി.ആംബുലൻസിന്റെ ശബ്ദ കോലാഹലങ്ങൾ കെട്ടടങ്ങി . ചുവന്ന വെളിച്ചം വളവുതിരിഞ്ഞ് അപ്രത്യക്ഷമായി. 

 'കുഞ്ഞുമോളേ...'  പരിചിതമായ വിളി കേട്ട് ഞാൻ ഞെട്ടിത്തിരിഞ്ഞു, ഒരു കയ്യിൽ മുനിഞ്ഞു കത്തുന്ന റാന്തലും മറുകയ്യിൽ വീശുവലയുമായി വെറ്റിലക്കറ പിടിച്ച ചിരിയുമായി...
ഭീതിദമായ രാവും നിശബ്ദതയും എന്നെ പൊതിഞ്ഞു തുടങ്ങുമ്പോൾ ഞാനകത്തേയ്ക്കു കയറി, തിരിഞ്ഞു നോക്കാതെ.

 

അവസാനിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക