Image

തമ്മിലടി മുറുകുമ്പോള്‍ കേരള ഭരണം പിടിക്കാന്‍ വി.ഡി സതീശന്റെ 'പ്ലാന്‍ 63' (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 22 January, 2025
തമ്മിലടി മുറുകുമ്പോള്‍ കേരള ഭരണം പിടിക്കാന്‍ വി.ഡി സതീശന്റെ 'പ്ലാന്‍ 63'  (എ.എസ് ശ്രീകുമാര്‍)

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള പടലപ്പിണക്കം ഇപ്പോള്‍ പരസ്യ വേദികളിലെത്തിയിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും തുടര്‍ന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പും അടുത്തെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ട് തവണ പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫി ന് ഇക്കുറി അധികാരത്തില്‍ മടങ്ങിയെത്താന്‍ സാധിച്ചില്ലെങ്കില്‍ പിന്നെയെന്നായിരിക്കുമെന്ന് ഒരു തീര്‍ച്ചയും മൂര്‍ച്ചയുമില്ല.

മൂന്നാം വട്ടവും ആധികാരത്തിലേറാനുള്ള സി.പി.എമ്മിന്റെ അടവുനയങ്ങളുമായി കച്ചകെട്ടുന്ന ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. കാരണം, കേരളത്തിലെ പൊതു സമൂഹം പിണറായിയുടെ രണ്ടാം വരവിനെയും ഭരണത്തെയും വെറുത്തുവെന്നല്ല, മടുത്തിരിക്കുകയാണെന്ന സൂചനകള്‍ കണ്ടുതുടങ്ങിയിട്ട് കുറച്ച് നാളുകളായി. മുഖ്യമന്ത്രിയുടെ ശരീരഭാഷയും പോലീസ് രാജും ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ബ്രൂവറി ഉള്‍പ്പെടെയുള്ള അഴിമതികളുമെല്ലാം ഒരു കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന് ഭൂഷണമല്ല എന്ന വിലയിരുത്തലുകളാണുള്ളത്.

പിണറായി വിരുദ്ധ വികാരം മുതലെടുത്ത് രാഷ്ട്രീയ വിജയം നേടാന്‍ കളമൊരുക്കുന്നതിന് പകരം മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നേതാക്കള്‍ പരസ്യമായി വിഴുപ്പലക്കിക്കൊണ്ടിരിക്കുകയാണ്. 9 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തില്‍ നിന്ന് ഒരു മാറ്റം ജനം ആഗ്രഹിക്കുന്നു. അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ അനൈക്യത്തില്‍ പ്രബുദ്ധതയുള്ള കോണ്‍ഗ്രസുകാര്‍ക്കും മുറുമുറുപ്പുണ്ട്. അപ്പോള്‍പ്പിന്നെ പെതുജനങ്ങളുടെ കാര്യം പറയേണ്ടതില്ല. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എക്കാലവും ഭരണം നിശ്ചയിക്കുന്ന നിഷ്പക്ഷ വിഭാഗം മാറി ചിന്തിച്ചാല്‍ അത് ബി.ജെ.പിക്ക് തുണയാകാനാണ് സാധ്യത.

കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയേ മതിയാകൂവെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ശക്തമായ ആവശ്യം. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ആദ്യം സതീശന്‍ ഈ ആവശ്യമുന്നയിച്ചത്. പിന്നീട് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയെയും അദ്ദേഹം തന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ബോധ്യപ്പെടുത്തി. അതേസമയം പ്രതിപക്ഷ നേതാവിന്റെ സമ്മര്‍ദത്തിന് വഴങ്ങി അപമാനിച്ച് ഇറക്കി വിട്ടാല്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് കെ സുധാകരനും ദീപ ദാസ് മുന്‍ഷിയോട് പറഞ്ഞു.

സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയില്‍ കടുത്ത അതൃപ്തിയുള്ള ദീപ ദാസ് മുന്‍ഷി പറഞ്ഞത്, സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്നാണ്. കെ.പി.സി.സി അധ്യക്ഷനെ വിശ്വാസത്തില്‍ എടുക്കാതെ പുനസംഘടനയുമായി മുന്നോട്ടുപോകരുതെന്ന് എ.ഐ.സിസി നേതൃത്വത്തോട് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരന് ഉള്ള പിന്തുണയും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെന്നിത്തല പരസ്യമാക്കുകയുണ്ടായി.

ഇതിനിടെ തമ്മിലടിയില്‍ മനം മടുത്ത് കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രകടനത്തെപ്പറ്റി ജനങ്ങളോട് അന്വേഷിച്ചിറങ്ങിയ ദീപാ ദാസ് മുന്‍ഷിക്ക് ലഭിച്ചത് പാര്‍ട്ടിയുടെ കേരള ഘടകത്തിലെ ദയാനീയാവസ്ഥപ്പറ്റിയുള്ള അഭിപ്രായങ്ങളാണ്. പിണറായി സര്‍ക്കാര്‍ മൂന്നാം വട്ടവും അധികാരത്തില്‍ എത്തുമെന്നും കേരളത്തിലെ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണെന്നുമാണ് പലരില്‍ നിന്നും ദീപാ ദാസ് മുന്‍ഷിക്ക് കിട്ടിയ മറുപടി. കച്ചവട സ്ഥാപനങ്ങളിലടക്കം കയറിയിറങ്ങിയായിരുന്നു ദീപ ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസ് തമ്മിലടിച്ച് തകരുകയാണെന്നും ആളുകള്‍ പറഞ്ഞു.

നേതാക്കള്‍ തമ്മിലുള്ള ഭിന്നത മൂലം ഐക്യ നീക്കവും പാളിയിരുന്നു. കഴിഞ്ഞ ദിവസം വി.ഡി സതീശനും കെ സുധാകരനും ചേര്‍ന്നുള്ള സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവച്ചതിന് പിന്നിലും അഭിപ്രായ ഭിന്നത തന്നെയായിരുന്നു. സതീശനും സുധാകരനും ദീപ ദാസ് മുന്‍ഷിയും തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ത്താ സമ്മേളനം നടന്നില്ല. രാഷ്ട്രീയകാര്യ സമിതിയില്‍ നേതാക്കള്‍ക്കിടയില്‍ ഉണ്ടായ അഭിപ്രായ ഭിന്നതയാണ് സമ്മേളനം മാറ്റിവയ്ക്കാന്‍ കാരണമായത്. ഇരു നേതാക്കളും ഒരുമിച്ചു വാര്‍ത്താ സമ്മേളനം നടത്തണമെന്ന് എ.ഐ.സി.സി നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ ഒരുമിച്ചിരിക്കാന്‍ ഇരു നേതാക്കളും കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് വാര്‍ത്താ സമ്മേളനം മാറ്റിവച്ചത്.

നേതാക്കള്‍ക്കിടയിലെ തര്‍ക്കത്തിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കെ.പി.സിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്‌കരിച്ചിരുന്നു. ഇതിനു പകരമായി യു.ഡി.എഫ് യോഗം കെ സുധാകരനും ബഹിഷ്‌കരിച്ചു. തുടര്‍ന്ന് രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റിവെച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ മേതൃമാറ്റം വേണമെന്ന് ഹൈക്കമാന്‍ഡിനും താത്പര്യമുണ്ട്. എന്നാല്‍ സുധാകരനെ പെട്ടെന്ന് ഒഴിവാക്കിയാല്‍ സാമുദായിക സമവാക്യങ്ങളില്‍ വിള്ളല്‍ വീഴുമെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വെള്ളാപ്പള്ളിയും ഈഴവ സമുദായവും ഇടഞ്ഞാല്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ആശങ്കയും നേതൃത്വത്തിനുണ്ട്. അതിനിടെ ക്രൈസ്തവ സഭാ നേതൃത്വത്തിന്റെ പിന്തുണയോടെ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് എത്താന്‍ ആന്റോ ആന്റണിയും നീക്കം സജീവമാക്കി. വി.ഡി സതീശന്റെ പിന്തുണയോടെയാണ് ഈ നീക്കം എന്നാണ് സൂചന.

ഇപ്പോള്‍ വി.ഡി സതീശന്റെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്ലാനിന് പാര്‍ട്ടിയില്‍ പിന്തുണ കൂടുന്നുവെന്നാണ് വിവരം. ഭരണം പിടിക്കാനുള്ള 'പ്ലാന്‍ 63' എന്ന ആശമാണിത്. കോണ്‍ഗ്രസ് മത്സരിക്കുന്ന 90-ലേറെ സീറ്റുകളില്‍ നിന്ന് 63 സീറ്റുകള്‍ പ്രത്യേകമായി തിരഞ്ഞെടുത്ത് ചിട്ടയായി പ്രവര്‍ത്തിച്ച് ഭരണമുറപ്പിക്കുക എന്നതാണ് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ വി.ഡി സതീശന്‍ മുന്നോട്ടുവച്ച പ്ലാന്‍.

കഴിഞ്ഞ (2021) നിയമസഭാ തിരഞ്ഞെടുപ്പില്‍ 93 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റിലാണു ജയിച്ചത്. ഇതുള്‍പ്പെടെ 63 സീറ്റുകളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നായിരുന്നു സതീശന്റെ നിര്‍ദേശം. പട്ടികയും കയ്യിലുണ്ട്. ഇപ്പോള്‍ ജയിച്ച മണ്ഡലങ്ങള്‍ ഏതു പ്രതികൂല കാലാവസ്ഥയിലും കോണ്‍ഗ്രസ് ജയിക്കുന്നവയാണ്. മറ്റു 42 മണ്ഡലങ്ങള്‍ ഓരോ പ്രധാന നേതാവും ഏറ്റെടുക്കണമെന്ന ആശയമാണ് സതീശന്റേത്. ഇത് ഏതെങ്കിലും സര്‍വേയുടെ അടിസ്ഥാനത്തിലല്ല, സമീപകാല തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ച് രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ കണക്കാണത്രേ.

ഏതായാലും തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, അഭിപ്രായവ്യത്യാസം പരിഹരിച്ച് നേതാക്കള്‍ ഒന്നിച്ചുനിന്നേ മതിയാകൂവെന്നാണ് നേതൃത്വത്തിന്റെ കര്‍ശന നിലപാട്. എന്നാല്‍ എല്ലാം തന്റെ മാത്രം പ്രശ്നമായി ചിത്രീകരിക്കുന്നതില്‍ സുധാകരന് നീരസമുണ്ട്. മാറ്റുന്നെങ്കില്‍ രണ്ട് പേരെയുമെന്ന് ചിലര്‍ ദീപ ദാസ്മുന്‍ഷിയുമായുള്ള കൂടിക്കാഴ്ചയില്‍ നിര്‍ദേശിശിക്കുക വരെ ചെയ്തു. കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ സഹിതമുള്ള റിപ്പോര്‍ട്ട് ദീപ ദാസ്മുന്‍ഷി ദേശീയ നേതൃത്വത്ത അറിയിക്കും. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡിന്റെ തീരുമാനം നിര്‍ണായകമാവുകയും ചെയ്യും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക