ഭാഗം -ഒന്ന്
കല്ലിൽ കൊട്ടൂളി പതിയുന്ന ശബ്ദം , വിയർപ്പിൽ മുങ്ങിയ ശരീരം കല്ലിൽ അതിവേഗം പതിയുന്ന കൈകൾ പക്ഷെ ഇന്ന് എന്തുകൊണ്ടോ മനസിന്റെ വേഗം കൈകളിൽ എത്തുന്നില്ല . അയാൾ അരയിൽ കെട്ടിയിരുന്ന തോർത്തഴിച്ചു മുഖത്തെയും കഴുത്തിലെയും വിയർപ്പു തുടച്ചു. അരികിൽ വെച്ചിരുന്ന ചെറിയ മൺകൂജയിൽ നിന്നും വെള്ളം വായിലേക്ക് കമഴ്ത്തി. പഴയ മരക്കസേരയിലേക്ക് ഇരുന്നു . ഇന്നെന്തോ നെഞ്ചിനകത്തൊരു വിങ്ങൽ. തനിക്കൊട്ടും സമയമില്ല പക്ഷെ ഇന്നേതോ തീരെ പറ്റുന്നില്ല . അയാൾ മെല്ലെ കസേരയിലേക്ക് ചാഞ്ഞു മിഴികൾ മെല്ലെ അടച്ചു.
ഇത് കാളീശ്വരം ഗ്രാമം . കണ്ണുകൾ പതിയുന്നിടമെല്ലാം മനോഹരം . ആചാരങ്ങളും ഇരുളിൽ മറതീർത്ത ദുരാചാരങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കൂടിക്കലർന്ന ഒരിടം. ഗ്രാമത്തിലെ ഏക ക്ഷേത്ര ശില്പി ഗോവിന്ദാരുടെ പണിപ്പുരയാണിത്. തൊട്ടടുത്തു തന്നെ വീടും . ഒരിക്കൽ മുറ്റം നിറയെ പൂക്കളും മരങ്ങൾ നിറയെ കിളികളും പാദസരകിലുക്കവും നിറഞ്ഞു നിന്ന ആ വീടിനെ ഇന്ന് ഭരിക്കുന്നത് കനത്ത നിശബ്ധതയാണ് .
ഗോവിന്ദാരുടെ ഭാര്യ വാസുകി ഒരന്നൊന്നര ഉരുപടിയാണെന്നു നാട്ടിലെ പാമരനും പണ്ഡിതനും ഒരുപോലെ രഹസ്യം പറഞ്ഞിരുന്നു. മകൾ താമരയുടെ മേലും കണ്ണുകൾ പതിഞ്ഞു തുടങ്ങിയിരുന്നു. എന്നാൽ പരസ്യമായി നോക്കാൻ എല്ലാവരും പേടിച്ചു. കാരണം കല്ലിൽ കൊത്തി കൊത്തി ഗോവിന്ദാരുടെ കൈക്കും മനസിനും ഒരുപോലെ തഴമ്പായിരുന്നു. കല്ലിൽ കൊത്തുന്നവന്റെ മനസും കല്ലായിയെന്നു പറഞ്ഞു നടക്കുന്നവർക്കറിയില്ലല്ലോ ഇനിയും കല്ലായിമാറാത്ത ചങ്കിന്റെ ഒരു ചീള് ഉള്ളിലിപ്പോഴും ചോരപൊടിയുന്നുണ്ടെന് . ഓർമ്മകൾ അതിരുവിട്ടപ്പോൾ
അയാൾ എഴുനേറ്റു . ഇല്ല തനിക്ക് ഒട്ടും സമയമില്ല . ഈ ശിൽപ്പം പണിതീർത്തു കൊടുക്കാമെന്നേറ്റ നാളിങ്ങടുത്തിരിക്കുന്നു. കുറച്ചായി ശിൽപ്പം പണിയാനുള്ള കല്ല് ഇവിടെ എത്തിച്ചു തന്നിട്ട് . പണ്ടൊക്കെ താൻ നേരിട്ടായിരുന്നു കല്ലുകൾ നോക്കിയെടുത്തിരുന്നത്. എന്നാലിപ്പോള് ഈ പണിപ്പുരയിൽ കാലുകൾ സ്വയം തടവറ തീർത്തിരിക്കുന്നു.
തുടരും...